ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനുശേഷം പല രീതിയിലുള്ള മാനസികപീഡനങ്ങളിലൂടെയും വ്യഥകളിലൂടെയും കടന്നുപോയിട്ടുണ്ട് നടി റിയ ചക്രബർത്തി. റിയയ്‌ക്കൊപ്പം അവരുടെ കുടുംബവും ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ഇതിനെക്കുറിച്ച് തന്റെ പോഡ്കാസ്റ്റിലൂടെ മുമ്പ് റിയ തുറന്നുപറഞ്ഞിട്ടുമുണ്ട്.

To advertise here,

''വേദന, ഉത്കണ്ഠ, മാനസികസമ്മർദം അങ്ങനെ പലതും ഉണ്ടായിരുന്നു. നിങ്ങൾ ആരോടെങ്കിലും സംസാരിക്കുന്നുണ്ടാകാം, പക്ഷേ അതിനിടയിലും അറിയാതെ ദുഃഖത്തിലേക്ക് വീണുപോകും. അന്നൊന്നും ആളുകളെ കാണുന്നതുപോലും ഇഷ്ടമല്ലായിരുന്നു. പുറത്തിറങ്ങുന്നതും വെറുത്തു. വിഷാദമായിരുന്നു അന്ന് മനസ്സിനെ നിയന്ത്രിച്ചിരുന്നത്. പക്ഷേ പതുക്കെ എല്ലാം ശരിയായി. പുതിയ കാര്യങ്ങൾ ചെയ്യാൻ തോന്നി''.

പക്ഷേ അഞ്ചുവർഷത്തെ അനുഭവങ്ങളിലൂടെ റിയ പലതും പഠിച്ചു. ഇന്ന് മാനസികാരോഗ്യത്തിനുവേണ്ടി ശക്തമായി നിൽക്കുന്നൊരാളാണ് റിയ. ലോക മാനസികാരോഗ്യദിനത്തിൽ താൻ കടന്നുവന്ന വഴികളിലൂടെ റിയ തിരിഞ്ഞുനടന്നു.

''എനിക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോർഡർ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും എനിക്ക് പേടിയും പരിഭ്രാന്തിയുമുണ്ടായിരുന്നു. അതൊരു ചെറിയ കാര്യമായിരിക്കാം ചിലപ്പോൾ. ഉദാഹരണത്തിന് ഒരാൾ വാതിൽ തുറക്കാൻ ഓടിവന്നുവെന്നിരിക്കട്ടെ, ഞാൻ പരിഭ്രാന്തയാകും. അതൊക്കെ എന്റെ ശരീരത്തെയും ആരോഗ്യത്തെയും ബാധിച്ചു. അങ്ങനെ എന്റെ ജീവിതശൈലി ഞാൻ പൂർണമായും മാറ്റാൻ തുടങ്ങി. സസ്യാഹാരം മാത്രം കഴിക്കാൻ തുടങ്ങി'', ഹിന്ദുസ്ഥാൻ ടൈംസിനോട് റിയ മനസ്സ് തുറന്നു.

''മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഒരു പകർച്ചവ്യാധിയാണെന്നും എല്ലാവരും അതിലൂടെ കടന്നുപോകുന്നുണ്ടെന്നും എനിക്ക് തോന്നുന്നു. വളരെ തിരക്കുപിടിച്ച ജീവിതം കാരണം 15-16 വയസ്സുള്ളൊരു കുട്ടി പോലും, 'എനിക്ക് ഉത്കണ്ഠയുണ്ട്' എന്നുപറയുന്നതുകേൾക്കാം. എപ്പോഴും ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള സമ്മർദ്ദമാണ് അവർക്ക് നേരിടേണ്ടിവരുന്നത്''.

എന്നാലും മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ആളുകൾക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുവെന്ന് അവർ പറയുന്നു. ''മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരു കളങ്കമുണ്ട്. ഒരാൾ ഉത്കണ്ഠ, വിഷാദം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോഴും അത് അവഗണിക്കപ്പെടുന്നു. ഇതിനെ ഏതൊരു രോഗത്തെയും പോലെ പരിഗണിക്കണം. ആർക്കെങ്കിലും കാൻസർ ഉണ്ടെങ്കിൽ, നമ്മൾ അതിനെ വിധിക്കില്ല. ഒരു തരത്തിൽ, ഇത് മനസ്സിന്റെ കാൻസറാണ്. ആളുകൾ ഇതിനെ ഈ രീതിയിൽ കാണാൻ തുടങ്ങിയാൽ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറും'', റിയ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi