
വാക്കുകൊണ്ട് മുറിവേല്‍ക്കുന്നവരുടെ നോവുകള്‍ പറഞ്ഞറിയിക്കാനാകില്ല. അത്തരമൊരു മരണം കഴിഞ്ഞ ഏതാനും നാളുകളായി കേരളം ചര്‍ച്ച ചെയ്യുകയാണ്. നേരിട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെയോ നമുക്ക് നേരെ വരുന്ന ആരോപണങ്ങളെയും ആക്ഷേപങ്ങളെയും എങ്ങനെ പ്രതിരോധിക്കാം എന്നുനോക്കാം.
- വേദനിപ്പിക്കുന്ന വാക്കുകളോ, കുറ്റപ്പെടുത്തലുകളോ എവിടെ നിന്നെങ്കിലും വന്നാല്‍ അടുപ്പമുള്ള ഏതെങ്കിലും വ്യക്തിയോട് മനസ്സുതുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് സുഹൃത്താകാം, ജീവിത പങ്കാളിയാകാം, കുടുംബാംഗമാകാം, ആരുമാകാം.
- നമ്മുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരം എന്തെങ്കിലും വാക്കുകളോ വാദങ്ങളോ പരക്കുന്നതായി തോന്നുന്നെങ്കില്‍ അതിന്റെ സത്യാവസ്ഥ ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തണം. സാമൂഹ്യമാധ്യമങ്ങളിലൂടെ വന്ന ആരോപണമാണെങ്കില്‍ അതിനു താഴെത്തന്നെ മറുപടി പറയണമെന്നില്ല. നിങ്ങളുടെ പേജിലൂടെ വാസ്തവം ബോധിപ്പിക്കാം.
- പൊതുവേദിയിലെ നേരിട്ടുള്ള വിമര്‍ശനമാണെങ്കില്‍ അപ്പോള്‍തന്നെ മറുപടി നല്‍കാം. ആ വിമര്‍ശനം വസ്തുതാവിരുദ്ധമാണെന്ന് സഭ്യമായ ഭാഷയില്‍ സദസ്സിനോട് വിശദീകരിക്കാം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് ഒരിക്കല്‍ മറുപടി കൊടുത്തിട്ടും ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ അതിനെ തീര്‍ത്തും അവഗണിച്ച് മുന്നോട്ടുപോകാം.
- തൊഴില്‍മേഖലയിലുള്ളവര്‍ക്കിടയില്‍ പലതരം അകല്‍ച്ചകള്‍ വരാം. അത് വ്യക്തിപരമായ വാക് തര്‍ക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും നയിക്കുകയും ചെയ്യാം. അവിടെയാണ് തൊഴിലിടത്തിനു പുറമെയുള്ള സൗഹൃദം പ്രധാനമാകുന്നത്.
- സോഷ്യല്‍മീഡിയയിലൂടെ ആരെയും എന്തും പറഞ്ഞ് താറടിച്ചു കാട്ടുന്ന പ്രവണതയുണ്ട്. അപകര്‍ഷബോധമുള്ള, മാനസിക വൈകൃതം ബാധിച്ചവരാണ് അന്യനെ മാനസികമായി തകര്‍ത്തുകളയാന്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഫേക്ക് അക്കൗണ്ടുകളിലൂടെ അവര്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കും. കാര്യങ്ങള്‍ അതിരുവിടുന്നെന്ന് തോന്നിയാല്‍ നിയമവഴികള്‍ തേടുക. ഏത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണോ ഉപയോഗിക്കുന്നത് അതിന്റെ അധികാരികളെ ബന്ധപ്പെട്ട് പരാതിപ്പെടുക. സൈബര്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സൈബര്‍ പോലീസിനെ സമീപിക്കുക.
- സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ശ്രമിച്ചാല്‍ അതിന്റെ തെളിവുകള്‍ സൂക്ഷിക്കണം. നാളെ ഒരു ആരോപണമോ നിയമപ്രശ്‌നമോ വന്നാല്‍ ഈ തെളിവുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും.
സ്വന്തം സങ്കടങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന സൗഹൃദങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ വര്‍ധിപ്പിക്കുന്നത് കുട്ടിക്കാലത്തും ചെറുപ്പത്തിലെ വികസിപ്പിക്കുന്ന വ്യക്തി ബന്ധങ്ങളുടെ ഗുണനിലവാരവുമാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ ഹാര്‍വാര്‍ഡ് മനുഷ്യവികസന പഠനം പറയുന്നുണ്ട്. സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, സഹപാഠികള്‍, ബാല്യകാല സുഹൃത്തുക്കള്‍ സാമൂഹിക സാമുദായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ടവര്‍ ഇങ്ങനെയുള്ള സുഹൃദ്ബന്ധങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇവരിലാരോട് വേണമെങ്കിലും മനസ്സുതുറക്കാം.
(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Protect mental health from false accusations
Published: 06 Nov 2024, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented