ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനിടയാക്കുന്ന ഒന്നാണ് ഹൃദയ-രക്തക്കുഴൽ രോഗങ്ങൾ (കാർഡിയോ വാസ്‌കൂലർ ഡിസീസ്). വർഷത്തിൽ 1.86 കോടി ആളുകളാണ് ഇത്തരം രോഗങ്ങൾ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. 80 ശതമാനം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും (സ്ട്രോക്കുകളും) മുൻകൂട്ടി കണ്ടെത്തി തടയാനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. അതേസമയം, രോഗം വരാതെ പ്രതിരോധിക്കുന്നതിൽ തന്നെയാണ് ഹൃദയാരോഗ്യത്തിന്റെ ഭാവി.
ഹൃദ്രോഗങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ ജീനോമിക്സ്, AI-അധിഷ്ഠിത സംവിധാനങ്ങൾ, ശരീരത്തിൽ ധരിച്ച ഉപകരണങ്ങൾ വഴി തത്സമയ വിവരശേഖരണം എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സകൾ ഇപ്പോൾ സാധ്യമാണ്. 35-കാരനായ ഒരാൾക്ക് അപകടസാധ്യതാ സ്കോർ കൂടുതൽ ആണെങ്കിൽ ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന് മുമ്പ് തന്നെ അനുയോജ്യമായ കൊഴുപ്പ് നിയന്ത്രണം, ജീവിതശൈലി പരിശീലനം, നൂതന ആർഎൻഎ ചികിത്സകൾ എന്നിവ ഉപയോഗിച്ച് നേരത്തെ ചികിത്സ നൽകാൻ ആധുനിക വൈദ്യശാസ്ത്രത്തിന് ഇപ്പോൾ സാധിക്കും.
എന്നാൽ ഹൃദയസംരക്ഷണത്തിന് സാങ്കേതികവിദ്യകൾ മാത്രം മതി എന്ന് കരുതി ഇരിക്കാൻ ആവില്ല. ഇക്കാര്യത്തിൽ സാമൂഹ്യ അസമത്വങ്ങൾ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. നഗരങ്ങളിലെ ഉന്നതർ മികച്ച ആശുപത്രികളിൽ ജീൻ എഡിറ്റിംഗ് പരീക്ഷണങ്ങൾ ചെയ്യുമ്പോൾ ഗ്രാമീണരായ രോഗികൾ സാധാരണ മരുന്നുകൾ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ട്. അതിനൊരു പരിഹാരം വേണം.
"ഒരു സ്പന്ദനവും നഷ്ടപ്പെടുത്തരുത്" എന്ന ഈ വർഷത്തെ ലോക ഹൃദയ ദിനാചരണം മുദ്രാവാക്യം ആ രീതിയിൽ പ്രസക്തമാണ്. ഓരോ ഹൃദയസ്പന്ദനത്തിന്റെയും മൂല്യം തിരിച്ചറിഞ്ഞു കൊണ്ട് അവയെ സംരക്ഷിക്കാനുള്ള ആഹ്വാനമാണിത്.
നിർദേശങ്ങൾ
രക്തസമ്മർദ്ദ നിയന്ത്രണത്തിനുള്ള മരുന്നുകൾ സാർവത്രികമാക്കുക, താങ്ങാനാവുന്ന വിലയുള്ള PCSK9 ഇൻഹിബിറ്ററുകൾ ലഭ്യമാക്കുക, കമ്മ്യൂണിറ്റി അധിഷ്ഠിത കാർഡിയാക് പുനരധിവാസം തുടങ്ങിയവയാണ് ആരോഗ്യ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങളിൽ ചിലത്.
“കുറച്ച് കഴിക്കുക, കൂടുതൽ നടക്കുക” തുടങ്ങിയ നിർദ്ദേശങ്ങൾക്ക് ഉപരിയായി ചിന്തിക്കാൻ സമയമായി. ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ധമനികളുടെ ആരോഗ്യത്തിന് ശക്തി നൽകുന്ന വ്യായാമം, ഉറക്കം എന്നിവ മരുന്നുകളെ പോലെ തന്നെ ഫലപ്രദമാണ്.
ഹൃദ്രോഗ പ്രതിരോധത്തിൽ അമിത മാനസിക സമ്മർദ്ദം (Stress) പരിഹരിക്കേണ്ടതിന് വളരെയേറെ പ്രാധാന്യമുണ്ട്. യോഗ, ധ്യാനം തുടങ്ങിയ പരമ്പരാഗത രീതികൾ കൂടാതെ ഇന്റർനെറ്റിൽ ലഭ്യമായ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ, 'മൈൻഡ് ഫുൾ ആപ്പുകൾ' തുടങ്ങിയവയും ഉപയോഗപ്പെടുത്താവുന്നതാണ്. അമിതമായ മാനസിക സമ്മർദ്ദം നിയന്ത്രിക്കേണ്ടതിന്റെയും കൂടുതൽ സമയം കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ഒപ്പം ചെലവിടുന്നതിന്റെയും പ്രാധാന്യം ഇപ്പോൾ കൂടുതലായി മനസ്സിലാക്കപ്പെടുന്നുണ്ട്. എന്നാലും പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജൈവശാസ്ത്രപരമായി ഡിഎൻഎയിൽ വിധിക്കപ്പെട്ട കാര്യങ്ങൾ മാറ്റിയെടുക്കാനാവില്ലെങ്കിലും നമ്മുടെ ദൈനംദിന ഭക്ഷണം, വ്യായാമം തുടങ്ങിയവയുടെ കാര്യങ്ങളിൽ കരുതൽ കൊണ്ടുവന്നാൽ ഒരു പരിധിവരെ ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടാം.
(തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും കാർഡിയോളജിസ്റ്റുമാണ് ലേഖകൻ)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Learn how to prevent heart disease by managing stress, adopting healthy lifestyle habits, and utilizing modern medical advancements. Prioritize your cardiovascular health.
Published: 30 Sept 2025, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented