
പ്രതീകാത്മക ചിത്രം| ഫോട്ടോ: freepik
12 വയസ്സ് പ്രായം ഉണ്ടായിരുന്നു അവള്‍ക്ക്. അമ്മയുടെ കൈയും പിടിച്ചാണ് എന്റെ മുമ്പില്‍ വന്നിരുന്നത്. മുഖത്ത് ഒരുതരം നിസ്സംഗ ഭാവം. അര മണിക്കൂറിനടുപ്പിച്ച് അവള്‍ എന്റെ തൊട്ടുമുന്‍പില്‍ ഇരുന്നെങ്കിലും ഒരുതവണപോലും എന്റെ മുഖത്ത് നോക്കിയില്ല. തലകുനിച്ച് ഒന്നും മിണ്ടാതെ ഇരുന്നു. മറ്റുള്ളവരെ അഭിമുഖീകരിക്കാനും അവരോട് സംസാരിക്കാനും വല്ലാതെ ഭയപ്പെടുന്നതായി തോന്നി. ആ കുഞ്ഞു മനസ്സ് ഇത്രയേറെ ഒറ്റപ്പെടലിലേക്കും ഭയത്തിലേക്കും തെന്നിവീണതിനു പിന്നിലെ കാരണം അവളുടെ അമ്മയുടെ വാക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അച്ഛനും അമ്മയ്ക്കും ഒപ്പം വളരെ സന്തോഷകരമായ ഒരു ജീവിതാന്തരീക്ഷത്തിലായിരുന്നു ഒരു വര്‍ഷം മുന്‍പ് വരെ ആ കുഞ്ഞ് കഴിഞ്ഞിരുന്നത്. പെട്ടെന്നൊരു ദിവസം ജീവിതമാകെ മാറിമറിഞ്ഞു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. ഇരുവരും രണ്ടു വീടുകളിലായി താമസം. അതോടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് കൃത്യമായ ഇടവേളകളില്‍ മാറിമാറി കഴിയേണ്ടിവന്നു. ആ മാറ്റം അരക്ഷിതാവസ്ഥ മാത്രമാണ് അവള്‍ക്ക് നല്‍കിയത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കുട്ടികളുടെ പലതരത്തിലുള്ള മാനസിക സമര്‍ദ്ദങ്ങളെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും, പരസ്പരം വേര്‍പിരിഞ്ഞ മാതാപിതാക്കളുള്ള കുട്ടികള്‍ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഗൗരവകരമായി പരിഗണിക്കേണ്ട വിഷയമാണിത്.
വേര്‍പിരിഞ്ഞ മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്ക് വൈകാരികവും സാമൂഹികവും അക്കാദമികവുമായ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഇത് അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും കാര്യമായി സ്വാധീനിക്കും.
പ്രധാനമായും, കുട്ടികള്‍ക്ക് തീവ്രമായ വൈകാരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. സങ്കടം, ദേഷ്യം, നിരാശ, ആശയക്കുഴപ്പം, ഉത്കണ്ഠ, ഭയം എന്നിവയെല്ലാം ഇതില്‍പ്പെടും. മാതാപിതാക്കളുടെ വേര്‍പിരിയലിന് തങ്ങളാണ് കാരണം എന്ന് ചില കുട്ടികള്‍ തെറ്റിധരിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്‌തേക്കാം. ഇതവരുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കും. ഭാവി അനിശ്ചിതത്വത്തിലാണെന്ന തോന്നലും സുരക്ഷിതത്വമില്ലായ്മയും അവരെ അലട്ടിയേക്കാം.
കുടുംബഘടനയിലെ മാറ്റങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തിന്റെ സ്ഥിരതയെ തകിടം മറിക്കും. രണ്ട് വീടുകള്‍ക്കിടയില്‍ മാറിത്താമസിക്കുന്നതും ഓരോ വീട്ടിലെയും വ്യത്യസ്ത നിയമങ്ങളുമായി പൊരുത്തപ്പെടുന്നതും കുട്ടികള്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കും. ഈ അസ്ഥിരത കാരണം സ്‌കൂളിലെ പഠനത്തില്‍ ശ്രദ്ധ കുറയുക, കൂട്ടുകാരുമായുള്ള ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ വരിക, സാമൂഹികമായി ഒറ്റപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.
മാതാപിതാക്കളുടെ വഴക്കുകള്‍ക്കിടയില്‍ കുട്ടികള്‍ അകപ്പെട്ടുപോകുന്നതും വലിയ പ്രശ്‌നമാണ്. ഏതെങ്കിലുമൊരു പക്ഷം ചേരാന്‍ അവര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ വരാം, ഇത് രണ്ട് മാതാപിതാക്കളോടും ഒരേ സമയം സ്‌നേഹം കാണിക്കാന്‍ അവരെ അനുവദിക്കാതെയാക്കും. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് തന്റെ യഥാര്‍ഥ വികാരങ്ങള്‍ തുറന്നുപറയാന്‍ ഭയമായിരിക്കും.
ഈ പ്രശ്‌നങ്ങളെല്ലാം കുട്ടികളുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തും. ചില കുട്ടികള്‍ ഉള്‍വലിഞ്ഞവരായി മാറിയേക്കാം. ഇത്തരം കുട്ടികള്‍ എല്ലാവരോടും അകാരണമായ ദേഷ്യം പ്രകടിപ്പിക്കുന്നതും സാധാരണമാണ്. അവര്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ചെയ്യും. മറ്റു ചിലര്‍ കൂടുതല്‍ വാശിക്കാരോ അനുസരണയില്ലാത്തവരോ ആയി മാറിയേക്കാം.
ഉറക്കക്കുറവ്, വിശപ്പില്ലായ്മ, അമിതമായി ഭക്ഷണം കഴിക്കല്‍ തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്. ചില കുട്ടികള്‍ തങ്ങളുടെ പ്രായത്തിനപ്പുറമുള്ള കാര്യങ്ങളില്‍ അമിത ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റു ചിലര്‍ ഒന്നിനും താല്പര്യം കാണിക്കില്ല. സ്‌കൂളില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുക, സാമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക, അല്ലെങ്കില്‍ അനാവശ്യമായ ശ്രദ്ധ നേടാന്‍ പ്രശ്‌നങ്ങളുണ്ടാക്കുക എന്നിവയെല്ലാം കുട്ടികളിലുണ്ടാകുന്ന സ്വഭാവ മാറ്റങ്ങളില്‍ ഉള്‍പ്പെടാം.
മാതാപിതാക്കള്‍ അറിയാന്‍
ദമ്പതികള്‍ പരസ്പരം വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും കുട്ടികള്‍ക്ക് അവര്‍ മാതാപിതാക്കള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ അവരുടെ കാര്യത്തില്‍ അമ്മയ്ക്കും അച്ഛനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയില്‍ ഇരുവരും ഒരുപോലെ പങ്കാളികളാകണം. ശരിയായ പിന്തുണ ലഭിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കും. അനാവശ്യ വഴക്കുകളിലേക്ക് കുട്ടികളെ വലിച്ചിടരുത്. എപ്പോഴും പ്രാധാന്യം നല്‍കേണ്ടത് കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കായിരിക്കണം.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സാഹചര്യങ്ങളില്‍, ഒരാള്‍ കുട്ടിക്ക് ബോധപൂര്‍വ്വം അമിത സ്‌നേഹം നല്‍കുകയും, മറ്റൊരാള്‍ വേണ്ടത്ര സ്‌നേഹം നല്‍കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവാറുണ്ട്. ഇത്തരത്തില്‍ വളരുന്ന കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദത്തിനും സ്വഭാവ വൈകല്യങ്ങള്‍ക്കുമുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മാതാപിതാക്കള്‍ ഇനി പറയുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം
മാതാപിതാക്കളില്‍ ഒരാളില്‍നിന്ന് അമിത സ്‌നേഹവും മറ്റൊരാളില്‍ നിന്ന് അത് കുറവും അനുഭവപ്പെട്ടാല്‍, കുട്ടിയില്‍ 'ആരാണ് എന്നെ കൂടുതല്‍ സ്‌നേഹിക്കുന്നത്?' എന്ന ആശയക്കുഴപ്പം വളരും. പലപ്പോഴും വേര്‍പിരിയുന്ന ദമ്പതികളില്‍ ഒരാള്‍ കുട്ടികളെ സ്വന്തം പക്ഷത്ത് ചേര്‍ക്കാന്‍ ബോധപൂര്‍വ്വം അമിതമായ സ്‌നേഹപ്രകടനം നടത്താറുണ്ട്. ഇത് ഭാവിയില്‍ കുട്ടിയെ പലതരത്തിലുള്ള സ്വഭാവ വൈകല്യങ്ങളിലേക്ക് തള്ളിവിടാന്‍ കാരണമാകും. അമിത സ്‌നേഹം നല്‍കുന്ന മാതാവിനോട് അല്ലെങ്കില്‍ പിതാവിനോട് കുട്ടി കൂടുതല്‍ അടുപ്പം കാണിക്കുകയും, നിയന്ത്രണം പാലിക്കുന്ന മറ്റൊരാളെ കുട്ടി 'വില്ലന്‍' ആയി കാണുകയും ചെയ്യും.
ബാല്യത്തില്‍ കുട്ടിയുടെ പ്രീതി നേടിയെടുക്കാന്‍ ഇഷ്ടങ്ങളെല്ലാം സാധിച്ചു കൊടുക്കുന്നത്, കുട്ടി ഭാവിയില്‍ യഥാര്‍ഥ ജീവിതത്തില്‍ അസാധാരണമായ പ്രതീക്ഷകള്‍ പുലര്‍ത്തുന്നതിന് കാരണമാകും, അത് ബന്ധങ്ങളില്‍ നിരാശ സൃഷ്ടിക്കും.
കുറഞ്ഞ സ്‌നേഹം ലഭിച്ചതിന്റെ അനുഭവം, കുട്ടിയില്‍ സ്വയം വിലകുറയ്ക്കുന്ന മനോഭാവവും മറ്റുള്ളവരോടുള്ള വിശ്വാസക്കുറവും വളര്‍ത്താം.
കൂടാതെ ഇത് ഭാവിയിലെ ബന്ധങ്ങളില്‍ അധിക ആശ്രയമോ അല്ലെങ്കില്‍ അനാവശ്യ അകലമോ പുലര്‍ത്തുന്ന പ്രവണത സൃഷ്ടിക്കും. അതിനാല്‍ മാതാപിതാക്കള്‍ ഇരുവരും കുട്ടിയുമായി സുരക്ഷിതവും സ്ഥിരതയുള്ളതുമായ ബന്ധം പുലര്‍ത്താനാണ് ശ്രമിക്കേണ്ടത്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- തുറന്ന ആശയവിനിമയം: കുട്ടികളോട് സത്യസന്ധമായി, അവരുടെ പ്രായത്തിനൊത്ത ഭാഷയില്‍, സാഹചര്യം വിശദീകരിക്കുക.
- സ്‌നേഹത്തിന്റെ ഉറപ്പ്: ഇരുവരും കുട്ടിയെ ഒരുപോലെ സ്‌നേഹിക്കുന്നുവെന്ന ബോധ്യം നല്‍കുക.
- സ്ഥിരതയുള്ള ദിനചര്യ: പഠനവും വിനോദവും ഉള്‍പ്പെടുന്ന സ്ഥിരമായ ജീവിതക്രമം പിന്തുടരുക.
- വിദഗ്ധരുടെ സഹായം: കൗണ്‍സിലിംഗ്, മാനസികാരോഗ്യ സഹായം മുതലായവ ഉപയോഗിക്കുക.
- സാമൂഹിക അന്തരീക്ഷം: സ്‌കൂള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പോസിറ്റീവ് പിന്തുണ ഉറപ്പാക്കുക
കൊച്ചി പ്രയത്‌ന ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപകനാണ് ലേഖകന്‍
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshm
Content Highlights: How parental separation impacts children's mental health, causing emotional, social, academic challenges. Expert advice on supporting kids during this difficult time
Published: 16 Aug 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented