റിട്ടയേർഡ് അധ്യാപകനായ രാമാനുജൻ മാസ്റ്റർ തന്റെ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. മകൻ വിദേശത്താണ്. മരുമകളും പേരക്കുട്ടികളും ടൗണിലെ ഫ്‌ളാറ്റിലും. മാസ്റ്റർ തന്റെ തറവാട് വീട് വിടാൻ കൂട്ടാക്കാത്തതുകൊണ്ട് അവിടെ ഒറ്റയ്ക്കാണ് താമസം. അയൽപക്കത്തെ വീട്ടിൽ പുതിയൊരു കുടുംബം താമസത്തിന് വന്നു. ഒരു അച്ഛനും അമ്മയും അവരുടെ പത്തു വയസ്സുകാരൻ മകൻ അമലും.
ആദ്യമൊക്കെ അമൽ രാമാനുജൻ മാസ്റ്ററെ ദൂരെ നിന്ന് നോക്കിനിൽക്കും. ഗൗരവക്കാരനായ ഒരു വൃദ്ധൻ എന്നായിരുന്നു അവന്റെ വിചാരം. ഒരു ദിവസം വൈകുന്നേരം മാസ്റ്റർ തന്റെ തോട്ടത്തിൽ ചെടികൾ നനയ്ക്കുകയായിരുന്നു. കൈതപ്പൂവിന്റെ മണം ആസ്വദിച്ചു നിന്ന മാസ്റ്ററുടെ അടുത്തേക്ക് അമൽ സാവധാനം നടന്നു ചെന്നു. ‘’അപ്പൂപ്പാ, ഈ പൂവിന് നല്ല മണമാണല്ലോ’’ അവൻ പറഞ്ഞു. മാസ്റ്ററുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ‘’ഇത് കൈതപ്പൂവാണ് മോനേ. പണ്ട് ഞങ്ങളുടെ തോട്ടം നിറയെ ഇതുണ്ടായിരുന്നു.’’ അന്ന് തുടങ്ങിയതാണ് അമലിന്റെയും മാസ്റ്ററുടെയും സൗഹൃദം.
വൈകുന്നേരങ്ങളിൽ അമൽ സ്‌കൂൾവിട്ടു വന്നാൽ മാസ്റ്ററുടെ അരികിലെത്തും. മാസ്റ്റർ അവന് പഴയ കാലത്തെ കളികളെക്കുറിച്ചും നാട്ടുവിശേഷങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കും. അമൽ സ്‌കൂളിലെ വിശേഷങ്ങളും പുതിയ ഗെയിമുകളെക്കുറിച്ചും മാസ്റ്ററോട് പങ്കുവെക്കും.
ഒരു ദിവസം മാസ്റ്റർ പറഞ്ഞു: ‘’മോനേ, നിന്റെ കൊച്ചുവർത്തമാനങ്ങളാണ് എന്റെ ഈ തനിച്ചുള്ള ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. വീട്ടിൽ ഫോൺ വിളിക്കുമ്പോൾ എല്ലാവരും തിരക്കിലാണ്. ''സുഖമാണോ?'' എന്ന് ചോദിച്ചാൽ 'സുഖം'. അതു പറഞ്ഞ് തീർക്കേണ്ടി വരും. ഒന്നും ആരോടും ദീർഘമായി സംസാരിക്കാൻ പറ്റാറില്ലല്ലോ ഇപ്പോൾ.
അമൽ തന്റെ അച്ഛനോട് ഈ കാര്യം പറഞ്ഞു. ആ അച്ഛന് അതൊരു വലിയ പാഠമായിരുന്നു. അദ്ദേഹം മാസ്റ്ററുടെ മകനെ വിളിച്ച് സംസാരിച്ചു. അതിനുശേഷം മാസ്റ്ററുടെ മകൻ എല്ലാ ദിവസവും അല്പനേരം മാസ്റ്ററുമായി വീഡിയോ കോളിൽ സംസാരിക്കാൻ സമയം കണ്ടെത്തി.
നമ്മൾക്ക് വേണ്ടത് ആഡംബരങ്ങളല്ല, മറിച്ച് മനസ്സ് തുറക്കാൻ ഒരാളെയാണ്. കേൾക്കാനും പറയാനും ഒരാൾ. മറുപടി പറയാനൊരാൾ. സംസാരം മധുരമാകുന്ന നിമിഷം. 
ഇതൊരു അനുഭവകഥയായി എടുക്കാം. ഈ കഥയിലൂടെ  എന്താണ് മനസ്സിലാക്കേണ്ടതെന്ന് നോക്കാം.
 1. പ്രിയപ്പെട്ടവരിൽ നിന്നുള്ള അവഗണന
 രാമാനുജൻ മാസ്റ്ററുടെ മകനും കുടുംബവും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിലും അവരുടെ തിരക്കിനിടയിൽ, അദ്ദേഹത്തിന് നൽകേണ്ട സമയത്തെപ്പറ്റി മറന്നുപോകുന്നു. ‘സുഖമാണോ?’ എന്ന ഒരൊറ്റ ചോദ്യത്തിൽ ഒതുങ്ങുന്ന സംഭാഷണം. ഒരു വാക്കിനപ്പുറം എന്തുണ്ട് ചേർത്തു നിർത്താൻ. വയോജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ശൂന്യതയാണ് ചുറ്റും. അവശതയുടെ കാലത്തും തങ്ങളുടെ വിശേഷങ്ങൾ ആവേശത്തോടെ പറയാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ. അത് അവരെ മാനസികമായി വല്ലാതെ തളർത്തും.
2. സ്മരണകളിലെ ആശ്വാസം 
പ്രായമായവർ എപ്പോഴും അവരുടെ പഴയ കാലത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. രാമാനുജൻ മാസ്റ്റർ അമലിനോട് കൈതപ്പൂവിനെക്കുറിച്ചും പണ്ടത്തെ കളികളെക്കുറിച്ചും പറയുന്നത് ശ്രദ്ധിച്ചോ? വെറുമൊരു സംസാരമല്ല, മറിച്ച് സ്മരണകളുടെ സൗന്ദര്യമാണത്. വ്യക്തിത്വം അടയാളപ്പെടുത്താനുള്ള ശ്രമം. ഓർമ്മകൾ പങ്കുവെക്കുമ്പോൾ  വീണ്ടും ചെറുപ്പമായതുപോലെ തോന്നും.
3. ഒറ്റപ്പെടൽ 
പൊതുസ്ഥലത്തോ വീട്ടിലോ ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുമ്പോൾ തങ്ങൾ സമൂഹത്തിന് ആവശ്യമില്ലാത്തവരാണെന്ന തോന്നൽ വയോജനങ്ങളിൽ ഉണ്ടാകുന്നു. അമൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ മാസ്റ്ററുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി, പരിഗണന ലഭിക്കുമ്പോൾ ഉണ്ടാകുന്ന വലിയ ആശ്വാസമാണ് കാണിക്കുന്നത്.
4. ഏകാന്തതയുടെ ഭയം
മക്കളും കൊച്ചുമക്കളും കൂടെയുണ്ടെങ്കിലും പലപ്പോഴും വയോജനങ്ങൾ ഡിജിറ്റൽ ലോകത്തിന് പുറത്താണ്. എല്ലാവരും ഫോണിലും ലാപ്‌ടോപ്പിലും മുഴുകുമ്പോൾ, അവർ ഒറ്റപ്പെടുന്നു. ആരോടെങ്കിലും ഒന്ന് മിണ്ടാൻ, തങ്ങളുടെ അറിവുകൾ പകർന്നു നൽകാൻ അവർ വെമ്പുന്നു.
ചേർത്തു പിടിക്കാം, കൂടെ നിൽക്കാം  
വയോജനങ്ങളെ ചേർത്തുപിടിക്കാനും അവർക്ക് സന്തോഷം നൽകാനും നമുക്ക് സാധിക്കും. അതിനെന്തു വേണം:
1. ശ്രദ്ധയോടെ കേൾക്കുക
അവർ പറയുന്ന കാര്യങ്ങൾ അത് എത്ര തവണ കേട്ടതാണെങ്കിലും താല്പര്യത്തോടെ കേൾക്കാൻ ശ്രമിക്കുക. ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നൽ അവരിലുണ്ടാക്കും. ഫോൺ മാറ്റിവെച്ച് അവരോട് സംസാരിക്കാൻ ദിവസവും കുറച്ചു സമയം നീക്കിവെക്കുക.
2. ഡിജിറ്റൽ ലോകത്തെ പരിചയപ്പെടുത്തുക
അവർക്ക് പ്രിയപ്പെട്ടവരെ വിളിക്കാനോ പഴയ പാട്ടുകൾ കേൾക്കാനോ ഒക്കെയായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ പഠിപ്പിക്കുക. ഇത് ഏകാന്തത കുറയ്ക്കും.
3. തീരുമാനങ്ങളിൽ പങ്കാളികളാക്കുക
വീട്ടിലെ ചെറിയ കാര്യങ്ങളിലും വലിയ തീരുമാനങ്ങളിലും അഭിപ്രായം ചോദിക്കുക. ഇത് തങ്ങൾ ഇപ്പോഴും കുടുംബത്തിന്റെ ഭാഗമാണെന്നും തങ്ങളുടെ അറിവിന് വിലയുണ്ടെന്നും അവർക്ക് തോന്നിപ്പിക്കും.
4. നടത്തവും പുറത്തുപോക്കും
ഒരുമിച്ച് ചെറിയ നടത്തത്തിന് പോകുകയോ പാർക്കിലോ ബന്ധുവീടുകളിലോ കൊണ്ടുപോകുകയോ ചെയ്യുക. നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
5. സ്പർശം 
കൈകൾ പിടിക്കുന്നതോ ചേർത്തുപിടിക്കുന്നതോ വലിയ സുരക്ഷിതബോധം നൽകും. പ്രായമാകുമ്പോൾ പലരും അനുഭവിക്കുന്ന ഒന്നാണ് സ്പർശനദാഹം. ഒരു ചെറിയ തലോടൽ പോലും ചിലപ്പോൾ വലിയ ആശ്വാസമാണ്.
6. പ്രോത്സാഹനം
ഹോബികൾ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക. വായന, പൂന്തോട്ട നിർമാണം, ഗാനാലാപനം, ഗെയിംസ് എന്നിവയിൽ അവരെയും പ്രോത്സാഹിപ്പിക്കുക. കുട്ടികളെ അവരുടെ കൂടെ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുക; മുത്തശ്ശിക്കഥകൾ കുട്ടികൾക്കും അറിവ് നൽകും. അനുഭവങ്ങളും.
6. ആരോഗ്യത്തിൽ ശ്രദ്ധ
ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. മരുന്നുകൾ കൃത്യസമയത്ത് നൽകുന്നതിനൊപ്പം ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ പോലും ഗൗരവമായി കാണുക. കേൾക്കുക. 'ഇതൊക്കെ പ്രായത്തിന്റെ അസുഖങ്ങളല്ലേ' എന്നുപറഞ്ഞ് തള്ളിക്കളയാതിരിക്കുക. ഡോക്ടറുടെ ഉപദേശം തേടുക.

To advertise here,

ഏകാന്തത മറികടക്കാൻഎന്തുചെയ്യണം?

(ജോസിലി അച്ചാമ്മ മാത്യു, കൗൺസിലിങ് സൈക്കോളജിസ്റ്റ്, ചങ്ങനാശ്ശേരി)
‘പലപ്പോഴും വയോധകരിൽ കാണുന്ന പല മാനസിക പ്രയാസങ്ങളും നാം അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ ബുദ്ധിമുട്ടുകളെ കുറിച്ച് അവരും മനസിലാക്കണമെന്നില്ല. തുറന്ന സംസാരവും എപ്പോഴും ആവശ്യമാണ്. പറയാനും കേൾക്കാനും ആരെങ്കിലും വേണം. അല്ലാത്ത പക്ഷം ഒറ്റപ്പെടൽ സാരമായി നമ്മെ ബാധിക്കും. ഏകാന്തതയിൽ ആണ്ടുപോകും’

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi