'കോഫി വിത്ത് കരൺ-സീസൺ 9'-ലെ ഏറ്റവും പുതിയ എപ്പിസോഡിൽ നടി അനന്യ പാണ്ഡെയും ബിസിനസ് വുമണായ അനന്യ ബിർളയുമാണ് അതിഥികളായെത്തിയത്. ഡീപ് പർപ്പിൾ നിറത്തിലുള്ള ബോഡി ഹഗ്ഗിങ് മിഡി ഡ്രസ്സ് ധരിച്ചാണ് അനന്യ എത്തിയത്. ഈ ഡ്രസ് ധരിക്കുന്നതിനായി ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് (lymphatic drainage massage) ചെയ്തതായി താരം വെളിപ്പെടുത്തി. ''ഈ വസ്ത്രം കൃത്യമായി പാകമാകുന്നതിനായി ഞാൻ ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് ചെയ്തിരുന്നു'' എന്നാണ് അനന്യ പറഞ്ഞത്. ഈ മസാജ് കാരണം തനിക്ക് 'ബ്രെയിൻ ഫോഗ്' (മാനസികമായ അവ്യക്തതയോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടോ) അനുഭവപ്പെടുന്നുണ്ടാകാമെന്നും അനന്യ പാണ്ഡെ കൂട്ടിച്ചേർത്തു. അതോടെ ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് എന്താണെന്നുള്ള ചർച്ചകളിലാണ് ആരാധകർ.

To advertise here,

ശരീരത്തിന് കൂടുതൽ ഒതുക്കവും ആകർഷകമായ രൂപവും ലഭിക്കാൻ വേണ്ടിയാണ് പലരും ലിംഫാറ്റിക് ഡ്രെയിനേജ് മസാജിനെ ആശ്രയിക്കുന്നത്. നേരത്തെ ആലിയ ഭട്ടും ഈ മസാജ് ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കാൻ ഫെസ്റ്റിവലിൽ ആയിരുന്നപ്പോൾ, തന്റെ പ്രഭാതചര്യയുടെ ഭാഗമായി മുഖത്ത് ലിംഫാറ്റിക് മസാജ് ചെയ്തിരുന്നതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഹെയ്‌ലി ബീബർ, കിം കർദാഷിയൻ, സെലീന ഗോമസ് തുടങ്ങിയവരും മുഖത്തിന് ആകൃതി നൽകുന്നതിന് ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് ചെയ്യാറുണ്ടെന്ന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

എന്താണ് ലിംഫാറ്റിക് ഡ്രെയിനേജ് മസാജ്?സൗന്ദര്യവർധനത്തിനുള്ള ഒരു മാർഗമായിട്ടാണ് പലരും ഇതിനെ കാണുന്നത്. ശരീരകലകളിൽ (body tissues) നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നത് ലിംഫാറ്റിക് സിസ്റ്റത്തിലെ ദ്രാവകമാണ്. ലിംഫ് ദ്രാവകത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയാണ് ലിംഫാറ്റിക് മസാജിന്റെ ലക്ഷ്യം. ഇത് നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം ലിംഫ് ദ്രാവകം ശരീരത്തിൽ കെട്ടിക്കിടക്കാൻ ഇടയാകാം. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ലിംഫ് ദ്രാവകം ഫലപ്രദമായി നീക്കം ചെയ്യപ്പെടാതെ കെട്ടിക്കിടക്കുന്ന അവസ്ഥയായ ലിംഫെഡീമ പോലുള്ള അസുഖങ്ങൾ ചികിത്സിക്കാൻ ഇത് സഹായിക്കും.

പരിശീലനം ലഭിച്ച മസാജ് തെറാപ്പിസ്റ്റാണ് പൊതുവെ ഇത് ചെയ്യുന്നത്. ലളിതമായിട്ടുള്ളവയാണെങ്കിൽ വീട്ടിൽ തന്നെ ചെയ്യാനും കഴിയും.

ശ്രദ്ധിക്കേണ്ടത്
ഇത് ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശത്തോടു കൂടി മാത്രമേ ചെയ്യാൻ പാടുള്ളൂ. വളരെ മൃദുവായി വേണം മസാജ് ചെയ്യാൻ. പേശികൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്ന രീതിയിൽ ശക്തമായി അമർത്തരുത്. വീക്കമോ അണുബാധയോ ഉള്ള ഭാഗങ്ങളിൽ മസാജ് ചെയ്യുകയും അരുത്. ഓരോ തവണ മസാജ് ചെയ്ത ശേഷവും കൂടുതൽ വെള്ളം കുടിക്കുക. മസാജ് ചെയ്യുമ്പോൾ വേദനയോ ചർമ്മത്തിന് ചുവപ്പുനിറമോ ഉണ്ടാകാൻ പാടില്ല. ലോഷനുകളോ മറ്റ് ഉത്പന്നങ്ങളോ ഉപയോഗിക്കരുത്.
കടപ്പാട്: medicalnewstoday

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi