
മിനിമലിസം എന്ന വാക്ക് പടിഞ്ഞാറില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെങ്കിലും അതിന്റെ വേരുകള്‍ ഇന്ത്യയിലാണ്. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടുകാര്‍ക്ക് ഈ വാക്കിന്റെ അര്‍ത്ഥം കിട്ടാനായി ചരിത്രത്തിന്റെ പേജുകള്‍ വെറുതെ ഒന്ന് മറിച്ചാല്‍ മതി. നമ്മുടെ പൂര്‍വികരുടെ ലളിത ജീവിതം ദാരിദ്രംകൊണ്ട് മാത്രം ഉണ്ടായതല്ല, മറിച്ച് അത് പ്രകൃതിയോടുള്ള അവരുടെ കൂറിന്റേത് കൂടിയായിരുന്നു.ലോകത്തിന്റെ പല ഭാഗത്തും ജീവിക്കുന്ന മിനിമലിസ്റ്റുകള്‍ക്ക് വഴികാട്ടിയായി ഒരു മാനിഫെസ്റ്റോയോ മറ്റ് ഗ്രന്ഥങ്ങളോ ഇല്ല, മറിച്ച് ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഈ ജീവിത വഴി സ്വീകരിക്കുന്നു.പ്രായമോ, ജീവിത സാഹചര്യങ്ങളോ ഒന്നും ഇതിന് തടസ്സമല്ല.
ജീവിതത്തിലെ സകല സന്തോഷങ്ങളും വേണ്ട എന്ന് വെക്കുന്നതാണ് മിനിമലിസമെന്ന് തെറ്റായി അടയാളപ്പെടുത്തുന്നവരുമുണ്ട്. എന്നാല്‍ അവനവന് മനസ്സമാധാനം കിട്ടുന്ന, പ്രകൃതിക്കും സഹജീവികള്‍ക്കും യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കാത്തതുമായ ജീവിതമാണ് മിനിമലിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. കലയിലും വാസ്തുവിദ്യയിലും സംഗീതത്തിലും മിനിമലിസത്തിന്റെ രീതികളുണ്ട് എന്നാല്‍ ഇവയെക്കാള്‍ ഒക്കെ ഒരു പക്ഷേ ആധുനിക ജീവിതത്തില്‍ ഏറ്റവും പ്രയോജനപ്പെടുന്നത് ഡിജിറ്റല്‍ മിനിമലിസം ആണ്.
മിനിമലിസത്തിലേക്കുള്ള ആദ്യപടി
ജീവിക്കാന്‍ അവശ്യ സാധനങ്ങള്‍ മാത്രം മതി എന്ന തീരുമാനമാണ് ഡി ക്ലട്ടറിംഗ് എന്ന സ്‌റ്റേജ്. ഇതില്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒരുമിച്ചിരുന്ന് തീരുമാനം എടുക്കുന്നതാണ് നല്ലത്. ഡിക്ലട്ടറിംഗിനുള്ള മാനസികാവസ്ഥ ഉണ്ടാക്കാന്‍ അത്ര എളുപ്പമല്ല. പല കാലത്തായി നിങ്ങളുടെ കയ്യിലേക്ക് വന്ന പലതരം വസ്തുക്കള്‍ പെട്ടെന്ന് ഒരു ദിവസം വേണ്ടെന്ന് വയ്ക്കാന്‍ മനസ്സുവരില്ലല്ലോ.
ആവശ്യത്തില്‍ കൂടുതലുള്ള പാത്രങ്ങളെയും, അടുക്കള ഉപകരണങ്ങളെയും ഒഴിവാക്കി കൊണ്ട് ഡിക്ലട്ടറിംഗ് തുടങ്ങാം. ഓരോ ആഴ്ചയിലേക്കും വേണ്ട മെനു മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. ഇത് ഫ്രിഡ്ജിലും ഷെല്‍ഫിലും സാധനങ്ങള്‍ കുന്ന് കൂടി കിടക്കുന്നതും സാധനങ്ങള്‍ പാഴാക്കുന്നതും കുറയ്ക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഈ ഇടങ്ങള്‍ എല്ലാം ക്ലീന്‍ ചെയ്യുന്ന മിനിമലിസ്റ്റ് മാസത്തില്‍ ഒരിക്കല്‍ അടുക്കള ഡീപ് ക്ലീനിംഗ് ചെയ്യും. കഴുകിവൃത്തിയാക്കിയ ശേഷം, ഇഞ്ചിയും ഉരുളകിഴങ്ങുമൊക്കെ തൊലി കളയാതെ ഉപയോഗിക്കുന്ന പതിവ് മിനിമലിസത്തിന്റെ ഭാഗമാണ്.
മിനിമലിസവും സെന്റിമെന്റലിസവും
ജാപ്പനീസ് എഴുത്തുകാരിയും ഓര്‍ഗനൈസിങ് കണ്‍സള്‍ട്ടന്റുമായ മേരി കൊണ്ടോ തന്റെ 'ദി ലൈഫ് ചേഞ്ചിങ് മാജിക് ഓഫ് ടൈഡിങ്: ദി ജാപ്പനീസ് ആര്‍ട്ട് ഓഫ് ഡിക്ലട്ടറിങ് ആന്‍ഡ് ഓര്‍ഗനൈസിങ്' എന്ന പുസ്തകത്തില്‍ സെന്റിമെന്റല്‍ വസ്തുക്കളെ എങ്ങനെ ഒഴിവാക്കാം എന്ന് പരാമര്‍ശിക്കുന്നുണ്ട്. മിനിമലിസം സ്വീകരിച്ചാല്‍ ആദ്യം ഒഴിവാക്കേണ്ടത് ഇത്തരം സാധനങ്ങളെയാണ്. ഒരു ദിവസം ഒന്ന് എന്ന നിലക്ക് ഒരു വര്‍ഷം കൊണ്ട് 365 വസ്തുക്കളെ നിങ്ങള്‍ക്ക് വീടിനു പുറത്താക്കാന്‍ കഴിയും എന്നാണ് മേരി പറയുന്നത്.
സാധനങ്ങള്‍ ഒഴിവാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അവയെ മാറ്റി നിര്‍ത്തി ജീവിക്കുന്ന രീതിയാണ് ലെവലിംഗ്. ഉദാഹരണമായി ഡിജിറ്റല്‍ മിനിമലിസത്തെ ഫോളോ ചെയ്യാന്‍ തീരുമാനിച്ച ഒരാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണിലെ അത്യാവശ്യമല്ലാത്ത എല്ലാ ആപ്പുകളും ഒഴിവാക്കി ഏറ്റവും ചുരുങ്ങിയത് 29 ദിവസം ജീവിക്കാന്‍ ശ്രമിക്കുക. അടുക്കള മിനിമലൈസ് ചെയ്യാനാണ് താല്‍പ്പര്യമെങ്കില്‍, വളരെ കുറച്ച് പാത്രങ്ങളുമായി 29 ദിവസം പാചകം ചെയ്യുക.
ഡിക്ലട്ടറിങ് സമയത്ത് മിനിമലിസ്റ്റുകള്‍ സ്വയം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഒന്നാമതായി ഈ വസ്തു അല്ലെങ്കില്‍ സാധനത്തിന്റെ ആവശ്യം ഈ വീട്ടില്‍ ഉണ്ടോ? രണ്ടാമതായി ഇത് എന്തെങ്കിലും തരത്തിലുള്ള സന്തോഷം ഈ വീടിനോ വിട്ടുകാര്‍ക്കോ നല്‍കുന്നുണ്ടോ? രണ്ടിന്റെയും ഉത്തരം ഇല്ല എന്നാണെങ്കില്‍ കണ്ണും പൂട്ടി അതിനെ ഒഴിവാക്കുക. വിദേശ രാജ്യങ്ങളിലെ പോലെ ചാരിറ്റി ഷോപ്പുകള്‍ നമ്മുടെ നാട്ടില്‍ അധികമില്ലാത്തതിനാല്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ കൊടുക്കാം. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം ഉപേക്ഷിക്കുക.
ഒരു മിനിമലിസ്റ്റ് സ്വീകരണ മുറിയില്‍ വളരെ ലളിതമായ ഫര്‍ണ്ണിച്ചറുകളും, ഒന്നോ രണ്ടോ ഇന്‍ഡോര്‍ പ്ലാന്റുകളും ഇളം നിറങ്ങളുള്ള കര്‍ട്ടനുകളും ചുവരില്‍ ഒരു പെയിന്റിങും, മാത്രമെ കാണുകയുള്ളു. ഈ സ്വീകരണ മുറിയിലൂടെ ഒഴുകി നടക്കുന്ന കാറ്റും വെളിച്ചവുമാണ് നിങ്ങളുടെ മനസ്സിനെ തൊടുന്ന പോസിറ്റീവ് എനര്‍ജി. കിടപ്പുമുറികള്‍, വിശ്രമത്തിന് മാത്രമുള്ളതാണ്. സിന്തറ്റിക്ക് കിടക്കവിരികള്‍ക്ക് പകരം കോട്ടണ്‍ ഷീറ്റും, ഒരു സൈഡ് ടേബിളും മാത്രമുള്ള ഹൃദയം കൊണ്ട് തൊടാവുന്ന ഒരിടം. ആറ് മാസം നിങ്ങള്‍ ഒരു വസ്ത്രം ഉപയോഗിച്ചില്ലെങ്കില്‍ അത് പിന്നെ നിങ്ങള്‍ ഒരിക്കലും ധരിക്കില്ല എന്നാണ് മിനിമലിസ്റ്റ് പക്ഷം.
പ്രകൃതിജീവനം
മിനിമലിസ്റ്റുകള്‍ പ്രകൃതിയോട് അടുത്ത് ജീവിക്കുന്നവരാണ്. പ്ലാസ്റ്റിക്ക് എന്നത് അവരുടെ നിഘണ്ടുവില്‍ തന്നെയില്ല. തുണിസഞ്ചികളാണ് പ്രിയം. പ്ലാസ്റ്റിക് ജാറുകള്‍ക്ക് പകരം ഗ്ലാസ് ഭരണികള്‍, പാസ്റ്റിക് കട്ടിംഗ് ബോര്‍ഡിന് പകരം മരത്തിന്റെ ബോര്‍ഡ് എന്നിങ്ങനെ പരിസ്ഥിതി സൗഹൃദമാവണം എല്ലാം. പാത്രം കഴുകാന്‍, വീട് വൃത്തിയാക്കാന്‍, കുളിക്കാന്‍, അലക്കാന്‍... എല്ലാം ജൈവ ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നു. ചൂട് വെള്ളത്തിലെ കുളി, ഹെയര്‍ ഡ്രയര്‍ എന്നിവയൊക്കെ ഒഴിവാക്കുന്നവരാണ് പല മിനിമലിസ്റ്റുകളും.
ഇഷ്ട വാഹനം സൈക്കിള്‍ ആണ്. ഒന്നിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മുറ്റം നിറയ്ക്കുന്നതിന് പകരം ഇവര്‍ അവിടെ മനോഹരമായ പൂന്തോട്ടവും പച്ചക്കറി തോട്ടവും ഉണ്ടാക്കും. അടുക്കളയിലെ വേസ്റ്റ് കമ്പോസ്റ്റാക്കി, ഈ വളം പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കും. ഇവരുടെ ഒഴിവുദിവസങ്ങള്‍ഷോപ്പിംഗ് മാളുകളിലല്ല , മറിച്ച് കാടും മലകളും കടല്‍തീരവുമൊക്കെയാണ്. യാത്രകള്‍ പൊതുഗതാഗതത്തെ ആശ്രയിച്ചും.
ഡൗണ്‍സൈസിങ്
ആവശ്യമായ സാധനങ്ങള്‍ മാത്രം കൈവശം വച്ചുകൊണ്ട് ജീവിക്കുക എന്നതാണ് ഈ ശൈലിയുടെ അടിത്തറ. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഒരു പ്രായം കഴിഞ്ഞാല്‍ വലിയ വീടും ഭൗതികമായ വാരിക്കൂട്ടലുകളും എല്ലാം ഉപേക്ഷിച്ച് ചെറിയ ഇടങ്ങളിലേക്ക് ആളുകള്‍ താമസം മാറ്റുന്ന രീതിയുണ്ട് ഇപ്പോള്‍. സിനിയര്‍ ലിവിംഗ് കമ്യൂണിറ്റി എന്ന ആശയമാണ് ഇതിന് പിന്നില്‍. ആവശ്യത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കി, സമപ്രായക്കാരോടൊപ്പം രസകരമായ ജീവിതം. ഇവിടെ ഫ്‌ളാറ്റ്, വില്ല, ചെറിയ വീടുകള്‍ ഒക്കെയുണ്ട്. വാടകയ്ക്ക് വേണമെങ്കില്‍ അതുമാവാം. തങ്ങള്‍ ഉപക്ഷിച്ച് പോന്ന വലിയ വിടും , കാറും ഒന്നും ഇവരെ പ്രയാസപ്പെടുത്താറില്ല. ഒന്നിനെ കുറിച്ചും വേവലാതിപ്പെടാതെ പുസ്തകങ്ങള്‍ വായിച്ചും പാട്ടുകേട്ടും, പലതരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടും സന്തോഷത്തോടെയുള്ള ദിവസങ്ങള്‍... അതും സമപ്രായക്കാരോടൊപ്പം. ഡൗണ്‍സൈസിങ് എന്ന മിനിമലിസ്റ്റ് ആശയമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.
കേരളത്തില്‍ ഈ വാക്ക് ഇനിയും വേണ്ടത്ര പ്രചാരത്തില്‍ ആയിട്ടില്ല എന്നതിന് ഉദാഹരണമാണ് ദിവസവും ഉയര്‍ന്നുപൊങ്ങുന്ന വമ്പന്‍ വീടുകള്‍. പ്രാദേശികമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണത്തിനെയാണ് മിനിമലിസ്റ്റുകള്‍ പ്രേത്സാഹിപ്പിക്കുന്നത്. ഇതിന് മാതൃകയായി ഇവര്‍ സ്വീകരിക്കുന്നവയില്‍ ലാറി ബക്കര്‍ മോഡല്‍ വീടുകളുമുണ്ട്.
വീഗനിസം
ഭക്ഷണത്തിലെ അച്ചടക്കം എന്നതു തന്നെയാണ് ഈ ജീവിതശൈലി കൊണ്ട് അര്‍ത്ഥമാക്കുന്നത്. മൃഗങ്ങളില്‍ നിന്നെടുക്കുന്നവയൊന്നും, അതായത പാല്‍, മുട്ട്, നെയ്യ് എന്നിങ്ങനെയൊന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തില്ല ഈ ഡയറ്റ് പിന്തുടരുന്നവര്‍. ഇത് മാത്രമല്ല ജീവികളുടെ ശരീരത്തില്‍ നിന്നെടുത്ത തുകല്‍, രോമം, എല്ലുകള്‍, നെയ്യ്.. എന്നിങ്ങനെയുള്ളവ കൊണ്ടുള്ള നിത്യോപയോഗവസ്തുക്കളോ ആഡംബര വസ്തുക്കളോ ഉപയോഗിക്കില്ല. ജീവികളെ മനുഷ്യരുടെ സുഖസൗകര്യങ്ങള്‍ക്കായി കൊന്നൊടുക്കുന്നതിന് എതിരാണ് ഇത്തരക്കാര്‍. ഇത്തരം ജീവിതശൈലി പിന്തുടരുന്നവര്‍ ശാന്തസ്വഭാവമുള്ളവരായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ലളിത ജീവിതത്തിന്റെ ഗുണങ്ങള്‍
- സമാധാനവും സന്തോഷവും
- സാമ്പത്തികലാഭം
- മനസ്സിനും ശരീരത്തിനും ആരോഗ്യം
- പ്രകൃതിയെ പരമാവധി സംരക്ഷിക്കുന്നു.
- ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ കലഹങ്ങളില്ല, കരുണയാണ് കൂടുതല്‍
ചില മിനിമലിസ്റ്റിക്ക് നിര്‍ദേശങ്ങള്‍
- അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക
- വിമാനയാത്ര കഴിയുന്നതും ഒഴിവാക്കുക
- സസ്യാഹാരം ശീലമാക്കുക
- പ്രാദേശികമായ സാധനങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ ഉപയോഗിക്കാം.
- വൈദ്യുതി ഉപകരണങ്ങള്‍ ആവശ്യത്തിനുശേഷം ഓഫ് ചെയ്യുക
- പ്ലാസ്റ്റിക്കിനോട് നോ പറയുക
- വനനശീകരണത്തിന് കൂട്ട് നില്‍ക്കാതിരിക്കുക
- പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കുക
Content Highlights: minimalism and veganism for happy life
Published: 26 May 2023, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented