ഇന്ന് ലോകസ്‌കീസോഫ്രീനിയ (schizophrenia day) ദിനമാണ്. ഞാൻ ശ്രീഗീത. ഈ ദിവസത്തിൽ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതിനുപിന്നിൽ ചില കാരണങ്ങളുണ്ട്. സമൂഹത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഈ രോഗാവസ്ഥയുമായി എനിക്കുള്ള ബന്ധംതന്നെയാണ് പ്രധാനകാരണം. രോഗം എനിക്കല്ലെന്നുമാത്രം. കഴിഞ്ഞ പത്തൊൻപത് വർഷമായി സ്‌കീസോഫ്രീനീയാ ബാധിതനായ ഒരാളോടൊത്താണ് എന്റെ ജീവിതം. പാലക്കാടാണ് സ്വദേശം. അച്ഛൻ രാമചന്ദ്രൻ ചെറുവള്ളി ഭാഗവതാചാര്യനാണ്. അമ്മ സരസ്വതി. പുരാണങ്ങളുടെ ആത്മീയ സത്ത അറിഞ്ഞുവളർന്ന കുട്ടിക്കാലം. സ്‌നേഹത്തെയും ത്യാഗത്തെയും പറ്റി ഉൾക്കാഴ്ചനേടിയാണ് വളർന്നത്. അച്ഛനമ്മമാരുടെ ഏകമകളായ ഞാൻ വിവാഹത്തോടെ ജീവിതം കൊച്ചിയിലേക്ക് പറിച്ചുനടുകയായിരുന്നു.

To advertise here,

നല്ല കുടുംബപശ്ചാത്തലവും ജോലിയുമുള്ള സുമുഖനായ ആ ചെറുപ്പക്കാരനുമായുള്ള വിവാഹം ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുമെന്നൊരു മുന്നറിവ് എനിക്കുണ്ടായിരുന്നില്ല. വിവാഹത്തോട് അടുത്ത നാളുകളിലാണ് അദ്ദേഹം വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്. എനിക്കതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല. ഇതൊക്കെ ജീവിതത്തിൽ ഏതുസമയത്തും ആർക്കും വരാവുന്നതേയുള്ളൂ. ഒപ്പം നിൽക്കാൻ ഒരാളുണ്ടാവുകയാണ് പ്രധാനം. എനിക്കതിൽ മടിയുണ്ടായിരുന്നില്ല.

പക്ഷേ, വിവാഹം കഴിഞ്ഞ് ഒപ്പം ജീവിച്ചുതുടങ്ങിയപ്പോൾ ഇത് വിഷാദരോഗമല്ല എന്ന് എനിക്ക് മനസ്സിലായി. വളരെ സ്‌നേഹസമ്പന്നനാണ്. പക്ഷേ, അപ്രതീക്ഷിതമായി സ്വഭാവം മാറും. മുന്നറിയിപ്പൊന്നുമില്ലാതെ വിഷാദവാനാകും. കാരണം എന്തെന്ന് ചോദിച്ചാൽ മറുപടിയുണ്ടാകില്ല. അനിയന്ത്രിതമായ ദേഷ്യം. പ്രവചിക്കാനാവാത്ത മനോനില. ആരെങ്കിലും രണ്ടുപേർ സംസാരിക്കുന്നതുകണ്ടാൽ അവർ തനിക്കെതിരായി എന്തോ പറയുകയാണെന്നും തന്നെ അപായപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നുമുള്ള തോന്നൽ. അനാവശ്യമായ സംശയങ്ങൾ. ഭർത്താവിന്റെ അച്ഛനമ്മമാരോട് ചോദിച്ചിട്ടും വ്യക്തമായ ഉത്തരമൊന്നും കിട്ടിയില്ല. പുറത്തുനിന്ന് വരുത്തുന്ന മരുന്നാണ് അദ്ദേഹം പതിവായി കഴിക്കുന്നത്. കാര്യങ്ങൾ സങ്കീർണമായിക്കൊണ്ടിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ജീവിതത്തിൽ ഞാൻ അടിമുടി അരക്ഷിതയാവുകയായിരുന്നു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന സ്ഥിതി. ഇത്ര തീവ്രതയേറിയ രോഗമാണെന്ന വിവരം മറച്ചുവെച്ചാണ് വിവാഹം നടത്തിയതെന്ന് എനിക്ക് മനസ്സിലായി.

കൈകാര്യംചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയതോടെ ഞാൻ വീട്ടിലേക്ക് മടങ്ങി. ഏതുസാഹചര്യത്തിലാണ് ഞാനങ്ങനെ ചെയ്തതെന്ന ബോധ്യം ഉണ്ടായിരുന്നിട്ടും അദ്ദേഹം പലരോടും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതിനായി കഥകളുണ്ടാക്കി. അതുപ്രകാരം ഞാൻ വഞ്ചകിയും പണം തട്ടിയെടുത്തവളുമായി. അതൊക്കെയും എന്നെ വേദനിപ്പിച്ചു. ആ അവസ്ഥയിൽ തുടരുമ്പോൾ ഒരുദിവസം എന്റെ അച്ഛന്റെ ഫോണിലേക്ക് അദ്ദേഹം വിളിച്ചു. ഇത്തവണ സ്വന്തം അച്ഛനെ പ്രതിയാക്കിയാണ് അദ്ദേഹം സംസാരിച്ചത്. അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയപ്പോൾ എനിക്ക് എത്രയും പെട്ടെന്ന് അവിടെയെത്തണമെന്ന് തോന്നി. അച്ഛനെയുംകൂട്ടി ഞാൻ പോയി. പക്ഷേ, അവിടെച്ചെന്നതും ഞങ്ങളായി പ്രതി. പലതരം ആരോപണങ്ങൾ.

മറ്റു വഴികളില്ലാതെ അദ്ദേഹത്തെ ഒരു മനോരോഗാശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, അവിടുത്തെ കാഴ്ചകൾ കണ്ടപ്പോൾ അദ്ദേഹത്തെ അവിടെയാക്കാൻ എനിക്ക് തോന്നിയില്ല. ആ നേരത്തൊക്കെയും കടുത്ത രീതിയിലുള്ള ശാരീരിക ഉപദ്രവം ഉണ്ടായിക്കൊണ്ടിരുന്നു. തൃശ്ശൂരിലെ ഒരു ആശുപത്രിയിലെത്തിച്ച് ഷോക്ക്ട്രീറ്റ്‌മെന്റ് നൽകിയതോടെയാണ് സ്ഥിതി ശാന്തമായത്. അവിടെവച്ചാണ് രോഗം സ്‌കീസോഫ്രീനിയ ആണെന്ന് മനസ്സിലായത്. ഇനിയങ്ങോട്ട് അദ്ദേഹത്തെ ഏതെങ്കിലും മനാരോഗാശുപത്രിയിൽ താമസിപ്പിക്കാം എന്ന തരത്തിലായി ഉറ്റവരുടെ സംസാരം. പലവഴി നിർദ്ദേശങ്ങളുമായി പലരുമെത്തി. വിവാഹം കഴിഞ്ഞ് അത്രയധികം കാലമൊന്നും ആയിട്ടില്ലല്ലോ. ബന്ധം അവസാനിപ്പിക്കാവുന്നതല്ലേയുള്ളൂ എന്നതായിരുന്നു കൂട്ടത്തിൽ ആവർത്തിച്ചുകേട്ട വാചകം. പക്ഷേ, ഇതൊന്നും എന്നെ സംബന്ധിച്ചൊരു പോംവഴി ആയിരുന്നില്ല. അച്ഛനോ, അമ്മയ്‌ക്കോ, കൂടെപ്പിറപ്പുകൾക്കോ സ്വന്തം കുഞ്ഞിനോ ഇങ്ങനൊരു അവസ്ഥ വന്നാൽ നമ്മൾ അവരെ ഉപേക്ഷിച്ചുകളയുമോ. ഞാൻ ചിന്തിച്ചത് അങ്ങനെയാണ്. ഇനിയുള്ള ജീവിതം അദ്ദേഹത്തിനൊപ്പംതന്നെയെന്ന തീരുമാനം എന്നോ എടുത്തുകഴിഞ്ഞിരുന്നു. അതിനൊരു തിരുത്ത് ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാനതിൽ ഉറച്ചുനിന്നു. എന്റെ മാതാപിതാക്കളുടെ പിന്തുണയായിരുന്നു ബലം. 'രോഗം ഒരു കുറ്റമല്ല' അച്ഛൻ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

അദ്ദേഹത്തിനൊപ്പം വീട്ടിലേക്ക് പോയി. നിംഹാൻസിലെ ചികിത്സാക്കാലത്താണ് ഞാൻ സ്‌കിസോഫ്രീനിയയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നത്. അവിടെവച്ചാണ് ഈ രോത്തിന്റെ രൂക്ഷത തിരിച്ചറിയുന്നതും. അത്രയും തീവ്രാവസ്ഥയിലുള്ള സ്‌കിസോഫ്രീനിയബാധിതരെ ഞാൻ അവിടെ കണ്ടു. പിന്നീടുള്ള എന്റെ ശ്രമം ഈ രോഗത്തെ പറ്റി വിശദമായി പഠിക്കുക എന്നതായിരുന്നു. ഈ രോഗമുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് ഞാൻ മനസ്സിലാക്കി. ഒരമ്മ കുഞ്ഞിനെയന്നപോലെ ഞാനെന്റെ പങ്കാളിയെ പരിചരിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ മനസ്സിന്റെ കയറ്റിറക്കങ്ങളിൽ സംയമനത്തോടെ നിറഞ്ഞ സ്‌നേഹത്തോടെ ഞാനൊപ്പംനിന്നു. രോഗം ആരുടെയും കുറ്റമല്ല എന്ന അച്ഛന്റെ വാക്കുകൾ ഞാനെപ്പോഴും മനസ്സിൽ നിറച്ചു. എന്റെ പരിശ്രമം വെറുതെയായില്ല. അദ്ദേഹത്തിന് ശാന്തമായൊരു ജീവിതം വന്നുചേർന്നു. ഒരുമിച്ചായിരുന്നു ഞങ്ങളുടെ അതിജീവനം. ആ യാത്രയ്ക്കിടെ എന്തൊക്കെ നഷ്ടമായെന്നുചോദിച്ചാൽ, ഉത്തരം വളരെ വലുതായിരിക്കും. പക്ഷേ, സ്‌നേഹമെന്നാൽ ചിലതെല്ലാം നഷ്ടപ്പെടുത്തുകകൂടിയാണ്. ആ പ്രക്രിയെ ത്യാഗം എന്നു വിളിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.

വെളിച്ചമാവുക, തണലാവുക. വേര് കടപുഴകാതെ രോഗിയെ ഒരു പൂമരമാക്കി മാറ്റുക. അതാണ് വേണ്ടത്. പിന്നിൽ ഞാനുണ്ട്. എന്റെ കണ്ണും കാതും കൈയും എത്തുന്ന ദൂരത്ത് നീ സുരക്ഷിതനായിരിക്കും എന്നുള്ളതാണ് ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുള്ളത്. അതുതന്നെയാണ് എന്റെ ഉറച്ച നിലപാട്. നമ്മളിൽ ഒരാളായിക്കണ്ട് നമ്മളെപ്പോലെ നോക്കുക എന്നുള്ളതാണ് പ്രധാനം. അത് നമ്മുടെ ധാർമിക ഉത്തരവാദിത്വം തന്നെയാണ്. ഈ കരുതൽ ഉണ്ടായാൽത്തന്നെ ഒരുവിധം മനോഹരമായി അതാത് മേഖലകളിൽ അവർ ജീവിച്ചുകൊള്ളും. രോഗിയെ പരിചരിക്കുന്നത് സ്‌നേഹത്തോടുകൂടി ആവണം. കുടുംബത്തിലെല്ലാവരും കൂടിച്ചേർന്ന് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറിയാൽ അതവരിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. അതിന് ഉദാഹരണമാണ് എന്റെ ജീവിതം. എന്റെ അച്ഛനും അമ്മയ്ക്കും അദ്ദേഹം മരുമകനല്ല, മകനാണ്. ഞാൻ കൈവിടില്ലെന്ന പൂർണമായ ബോധ്യം അദ്ദേഹത്തിന് വന്നശേഷമാണ് അദ്ദേഹത്തിൽ ശുഭകരമായ മാറ്റങ്ങളെല്ലാം വന്നുചേർന്നത്. ആ ബോധ്യം ഒറ്റ ദിവസംകൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. നീണ്ട കുറേ വർഷക്കാലത്തെ ശ്രമത്തിന്റെ ഫലമാണ്. ഇന്ന് അദ്ദേഹം തന്റെ തൊഴിലിടത്തിൽ മനോഹരമായി മുന്നോട്ടുപോകുന്നതും എന്നെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നതും ഒക്കെ അക്കാരണത്താലാണ്.

ഉള്ളൂർ എസ്. പരമേശ്വര അയ്യർ 'പ്രേമസംഗീതം' എന്ന കാവ്യത്തിൽ പറഞ്ഞിട്ടുണ്ട്.

വേഷമെനിക്കെന്തെന്നത്

വിധിപ്പത് വിഭോ തവചിത്തം.

വിശ്വപ്രിയമായി

നടനം ചെയ്യുവത്

വിധേയനെൻ കൃത്യം.

ആ രീതിയാണ് എന്റെ മനസ്സ് പിന്തുടരുന്നത്. എന്റെ ഭർത്താവ് നിയോഗം പോലെ എന്നിലേക്ക് വന്നുചേർന്നതാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi