നിശബ്ദമായ ക്ലാസ്മുറിയിലോ മീറ്റിങ്ങിനിടയിലോ ഇരിക്കുമ്പോഴായിരിക്കും വയറിനുള്ളിൽനിന്ന് 'ഗുളു ഗുളു' എന്ന ശബ്ദമുണ്ടാകുന്നത്. ആ നിശബ്ദതയിൽ അത് മുഴങ്ങിക്കേൾക്കും. ഉടനെ നമ്മൾ സ്വയം ഓർമിപ്പിക്കും, 'ഓ, വിശന്നിട്ട് കുടൽ ശബ്ദമുണ്ടാക്കാൻ തുടങ്ങി'. ശരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ ശബ്ദമുണ്ടാകുന്നത്? (Stomach Growling). ബോർബറിഗ്മി (Borborygmi) എന്നും ഇത് വിളിക്കപ്പെടുന്നു.

To advertise here,

അതിന് പല കാരണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. വിശക്കുമ്പോഴും, ദഹനപ്രക്രിയ നടക്കുമ്പോഴും, ചില അസുഖങ്ങളുണ്ടാവുമ്പോഴും ഈ ശബ്ദമുണ്ടാവും. ഭക്ഷണം ചെറുകുടലിലെത്തുമ്പോൾ, ശരീരം ചില എൻസൈമുകൾ പുറപ്പെടുവിക്കുന്നു. ഭക്ഷണപദാർത്ഥങ്ങളെ വിഘടിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് സുഗമമാക്കാനും സഹായിക്കുന്നത് ഈ എൻസൈമുകളാണ്.

വയറ്റിൽ നിന്നുണ്ടാകുന്ന 'ഗുളുഗുളു' ശബ്ദം സാധാരണയായി ദഹനപ്രക്രിയയുടെ ഭാഗമാണ്. ഭക്ഷണം, ദ്രാവകങ്ങൾ, എൻസൈമുകൾ, വായു എന്നിവ കുടലിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇത്തരം ശബ്ദമുണ്ടാകുന്നത്. ഭക്ഷണം ദഹിക്കുന്നതിനായി കുടലിലൂടെ നീക്കാനും അവയെ നന്നായി യോജിപ്പിക്കാനും കുടലിന്റെ ഭിത്തികൾ തരംഗരൂപത്തിലുള്ള താളത്തിൽ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. 'പെരിസ്റ്റാൾസിസ്' എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇത് വയറ്റിൽ ശബ്ദമുണ്ടാകാൻ കാരണമായേക്കാം. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷമോ, അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ ശ്രമിക്കുമ്പോഴോ പോലും ഇത്തരം ഗുളുഗുളു ശബ്ദം അനുഭവപ്പെട്ടേക്കാം.

കുറേ മണിക്കൂറുകൾ ഭക്ഷണം കഴിക്കാതിരുന്നാലും, ശരീരം പെരിസ്റ്റാൽസിസ് എന്ന പ്രക്രിയ തുടരും. ഭക്ഷണം സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിനായി ആമാശയവും കുടലും ആസിഡും എൻസൈമുകളും ഉത്പാദിപ്പിക്കുകയും ചെയ്യും. പേശികളുടെ ഈ ചലനങ്ങളും ഒപ്പം ശൂന്യമായ ദഹനനാളവും ചേർന്ന് ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.

എന്നാൽ, എല്ലായ്‌പ്പോഴും ഇതുതന്നെയാവണമെന്നില്ല ഇത്തരം ശബ്ദങ്ങൾക്കുപിന്നിൽ. ഫുഡ് അലർജി, ദഹനം ശരിയാവാത്ത അവസ്ഥ, ചില പ്രത്യേകതരം ഭക്ഷണത്തോടുള്ള അസഹിഷ്ണുത, ദഹനവ്യവസ്ഥയെ ബാധിക്കുന്ന അണുബാധകൾ, കുടലിന്റെ പ്രവർത്തനത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയും ഇതിന് കാരണമായേക്കാം.

വിശക്കുമ്പോൾ, തലച്ചോറിലെ ഹോർമോൺ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഉണർത്തുന്നു. തുടർന്ന് ഇവ ആമാശയത്തിലേക്കും കുടലിലേക്കും സന്ദേശങ്ങൾ അയയ്ക്കുന്നു. ഇതിന്റെ ഫലമായി ദഹനവ്യവസ്ഥയിലെ പേശികൾ ചുരുങ്ങുകയും ആ ശബ്ദങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

എങ്ങനെ തടയാം?
ഭക്ഷണം തീരെ കഴിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ശബ്ദമുണ്ടാകുന്നതെങ്കിൽ, ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്നതിനൊപ്പം വയറു നിറയ്ക്കാനും സഹായിക്കുന്നു. കൂടാതെ വയറ്റിൽനിന്നുള്ള ശബ്ദം തടയാനോ അല്ലെങ്കിൽ ആ ശബ്ദത്തിന്റെ തീവ്രത കുറയ്ക്കാനോ സഹായിക്കുന്നു.

വയർ കുറച്ചുനേരം ഒഴിഞ്ഞുകിടന്നാൽ, വീണ്ടും ഭക്ഷണം കഴിക്കാനുള്ള സമയമായെന്ന് സൂചിപ്പിച്ചുകൊണ്ട് ശബ്ദമുണ്ടാകാം. അതുകൊണ്ട് കൈയിലുള്ള ചോക്ലേറ്റോ, മറ്റെന്തെങ്കിലും ലഘുഭക്ഷണമോ അപ്പോൾ കഴിക്കാം. അത് ഈ ശബ്ദത്തെ താത്കാലികമായി ഇല്ലാതാക്കിയേക്കാം.

ഭക്ഷണം കഴിക്കുമ്പോൾ തന്നെ ദഹനപ്രക്രിയയും ആരംഭിക്കുന്നു. ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുന്നത് വഴി, ദഹനക്കേടുമായി ബന്ധപ്പെട്ട് വയറിനുള്ളിൽനിന്നുണ്ടാകുന്ന ശബ്ദങ്ങൾ ഒഴിവാക്കാം. ഭക്ഷണം ശരിയായി ചവച്ചരയ്ക്കുന്നത് വഴി ഗ്യാസ്, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ തടയുന്നു.

മദ്യം, മധുരമുള്ള ഭക്ഷണങ്ങൾ, അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്നിവയെല്ലാം വയറ്റിൽ നിന്ന് ശബ്ദമുണ്ടാകുന്നതിന് കാരണമായേക്കാം. സിട്രസ് പഴങ്ങൾ പോലുള്ള അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങളും വയറ്റിൽ നിന്ന് ശബ്ദമുണ്ടാക്കുന്നതിന് കാരണമാകാറുണ്ട്.

വലിയ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ, പ്രത്യേകിച്ച് കൊഴുപ്പ്, പഞ്ചസാര, റെഡ് മീറ്റ് തുടങ്ങിയവയും ദഹിക്കാൻ പ്രയാസമുള്ള മറ്റ് ഭക്ഷണങ്ങളും കഴിക്കുമ്പോൾ വയറ്റിൽ നിന്നുള്ള ശബ്ദങ്ങൾ കൂടുതൽ വ്യക്തമായി കേൾക്കും. കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയിൽ ഗ്യാസ് അഥവാ വാതകം രൂപപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കും; ഇത് ദഹനപ്രക്രിയയ്ക്കിടെയുണ്ടാകുന്ന ശബ്ദങ്ങൾ കുറയ്ക്കാനും ഉപകരിക്കും.

വളരെ ഉറക്കെയുള്ള ശബ്ദത്തിനൊപ്പം പനി, കഠിനമായ വയറുവേദന, അല്ലെങ്കിൽ കാരണമില്ലാതെ ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ അധികം വൈകാതെ ഡോക്ടറെ കാണുന്നതാണ് നല്ലത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi