താൻ വൈകാരികപ്രശ്നങ്ങൾ നേരിടുന്നുവെന്നും അവയെ മറച്ചുവെച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് ചലച്ചിത്രകാരനും നിർമ്മാതാവുമായ കരൺ ജോഹർ. 'സോൾ സഫർ വിത്ത് ഭാവ്' എന്ന പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിലാണ് കരൺ കാര്യങ്ങൾ വെളിപ്പെടുത്തിയത്. താൻ വൈകാരിക പ്രശ്നങ്ങളെ റീട്ടെയിൽ തെറാപ്പിയിലൂടെയാണ് മറച്ചുവെച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിനിമാറ്റിക് ജീവിതശൈലിക്കും ആഡംബര ജീവിതത്തിനും പേരുകേട്ടയാളാണ് കരൺ ജോഹർ. എന്നാൽ ഇതിന്റെ ഒക്കെ പുറകിൽ മനുഷ്യവികാരങ്ങളുടെ സങ്കീർണവശമുണ്ടെന്ന് തന്റെ ജീവിതം ഉദാഹരണമാക്കി അദ്ദേഹം പങ്കുവെക്കുകയാണ്.

To advertise here,

ദുഃഖവും ഏകാന്തതയും മറയ്ക്കാൻ താൻ എങ്ങനെയാണ് ഷോപ്പിങ് ഉപയോഗിച്ചിരുന്നതെന്നും, തന്റെ പ്രശ്നങ്ങളെ നേരിടാൻ റീട്ടെയിൽ തെറാപ്പിക്ക് കഴിയില്ലെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും സംവിധായകൻ പറയുന്നു. “വളരെക്കാലം റീട്ടെയിൽ എനിക്കൊരു തെറാപ്പിയാണെന്ന് തോന്നിയിരുന്നു. ഞാൻ എപ്പോഴും സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്നു. യഥാർത്ഥത്തിൽ ഞാൻ എന്റെ ഉള്ളിലെ ദുഃഖത്തെയും ഏകാന്തതയെയും മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ട് ഞാനത് നിറയ്ക്കുകയായിരുന്നു. അതൊരു രോഗമാണെന്നും, ഞാൻ വികാരങ്ങളെ വസ്തുക്കൾ കൊണ്ട് പകരം വെക്കുകയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു”. ഒരു ശൂന്യതയെ മറികടക്കാൻ നിരന്തരം സാധനങ്ങൾ വാങ്ങുന്നതാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ഒരു ഓൺലൈൻ പർച്ചേസ് കൊണ്ട് അതിനെ മറയ്ക്കുന്നതിന് പകരം ആ ശൂന്യത എന്തുകൊണ്ടുണ്ടായി എന്നതിന്റെ കാരണം കണ്ടെത്തുകയും അത് എങ്ങനെ നികത്താമെന്ന് മനസ്സിലാക്കുകയുമാണ് ചെയ്യേണ്ടതെന്നും കരൺ വിശദീകരിക്കുന്നു.

എന്താണ് റീട്ടെയിൽ തെറാപ്പി?
വിഷാദമോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഷോപ്പിങ് നടത്തുന്നതിനെയാണ് റീട്ടെയിൽ തെറാപ്പി എന്ന് പറയുന്നത്. റീട്ടെയിൽ തെറാപ്പിയിൽ സാധാരണയായി നിങ്ങൾക്ക് 'ആവശ്യമുള്ള' സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ, നിങ്ങൾക്ക് 'ആഗ്രഹമുള്ള' സാധനങ്ങൾ വാങ്ങുകയാണ് ചെയ്യുന്നത്. നിങ്ങൾക്കായി എന്തെങ്കിലും വാങ്ങുന്നത് ഡോപാമൈൻ, സെറോടോണിൻ, എൻഡോർഫിനുകൾ പോലുള്ള ഹാപ്പി ഹോർമോണുകൾ പുറത്തുവിടാൻ കാരണമാവുന്നു.

ഒരു ഉത്പന്നം തിരഞ്ഞെടുക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ഒരു തോന്നലുണ്ടാക്കാനും സഹായിക്കും. ഇതുമൂലം നമ്മുടെ സങ്കടം കുറയുന്നു. ഒരു കടയിൽ പോകുന്നത് നമ്മുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കും. ആ ഉത്തേജനം ദൈനംദിനജീവിതത്തിലെ സമ്മർദ്ദങ്ങളിൽനിന്ന് നമ്മളെ വ്യതിചലിപ്പിക്കും. ഇടയ്ക്കിടെയുള്ള ശ്രദ്ധമാറ്റലുകൾ ഒരു നല്ല കാര്യമാണ്. എന്നാൽ ഒഴിഞ്ഞുമാറൽ അത്ര നല്ലതല്ല. 

റീട്ടെയിൽ തെറാപ്പി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും അതൊരു താൽക്കാലിക പരിഹാരം മാത്രമാണ്. ഒരു വ്യക്തി സമ്മർദ്ദം മറികടക്കാൻ ഷോപ്പിങ് ഉപയോഗിക്കുമ്പോൾ വ്യക്തിപരമായി അവരെ അലട്ടുന്ന പ്രശ്‌നങ്ങളെ നേരിടാൻ അത് സഹായിക്കില്ല. ദീർഘകാല ഫലങ്ങൾ നൽകാൻ കഴിയുന്ന പ്രൊഫഷണൽ തെറാപ്പിക്ക് ഇത് പകരമാവുകയുമില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi