വിഷാദരോഗവുമായുള്ള തന്റെ പോരാട്ടത്തിന്റെ ജീവിതാനുഭവം പങ്കുവെച്ച് മാനസികാരോഗ്യ പ്രവർത്തകയും ആമിർ ഖാന്റെ മകളുമായ ഇറ ഖാൻ. 'പേരന്റിംഗ് ആജ് കൽ' എന്ന ചാറ്റ് ഷോയിലാണ് അവർ തുറന്നു സംസാരിച്ചത്. ഇന്ത്യയിലെ രക്ഷാകർതൃത്വത്തിന്റെയും മാനസികാരോഗ്യത്തിന്റെയും സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന പോഡ്കാസ്റ്റ് ആണ് 'പേരന്റിംഗ് ആജ് കൽ'. ഇന്ത്യയിലെ ഡെവലപ്മെന്റൽ പീഡിയാട്രീഷ്യൻമാരിൽ ഒരാളായ ഡോ. വിഭ കൃഷ്ണമൂർത്തിയാണ് ഇതിന്റെ അവതാരക. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് വൈകാരികമായി ആരോഗ്യമുള്ള കുട്ടികളെ വളർത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യഥാർത്ഥ കുടുംബങ്ങളെയും വിദഗ്ദ്ധ ശബ്ദങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു ഇടം കൂടിയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
മാനസികാരോഗ്യ പ്രവർത്തകയായ ഇറ ഖാൻ, ഡോ. വിഭ കൃഷ്ണമൂർത്തി, ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രിസ്റ്റായ ഡോ. പെർവിൻ ദാദാചാൻജി എന്നിവർ തമ്മിലുള്ള തീവ്രവും വൈകാരികവുമായ ഒരു സംഭാഷണത്തോടെയാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്. വിഷാദരോഗം, സാമൂഹികമായ അപമാനം, ഇന്ത്യൻ കുടുംബങ്ങളിലെ തുറന്ന വൈകാരിക ആശയവിനിമയത്തിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ സമൂഹത്തിൽ നിരന്തരമായി ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്ന് അവർ അടിയുറച്ച് പറയുന്നു. വിഷാദരോഗവുമായി ബന്ധപ്പെട്ട തന്റെ അനുഭവത്തെക്കുറിച്ച് ദീർഘനേരം ഇറ സംസാരിക്കാറുണ്ട്.
താനും മകളുമൊരുമിച്ച് തെറാപ്പിക്കു പോകുന്നുണ്ട് എന്ന് ഈ അടുത്ത് ബോളിവുഡ് നടൻ ആമിർ ഖാനും പറഞ്ഞിരുന്നു. മാനസികാരോഗ്യ മേഖലയിൽ പിന്തുണ നൽകാൻ വേണ്ടി പ്രവർത്തിക്കുന്ന അഗത്‌സു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാൻ. തന്റെ ജീവിതാനുഭവം പങ്കുവെക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ ഊന്നിപ്പറയുന്നു. വിശപ്പില്ലായ്മയും ഒന്നിനോടുമുള്ള താൽപ്പര്യമില്ലായ്മയുമാണ് ഒടുവിൽ സഹായം തേടാൻ എന്നെ പ്രേരിപ്പിച്ചത്. പക്ഷേ അത് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ എത്തിയതിന് ശേഷം മാത്രമായിരുന്നെന്നും അവർ ഓർത്തെടുത്തു.
ചുറ്റും പിന്തുണയ്ക്കാൻ ആളുകളുണ്ടായിരുന്നിട്ടും തനിക്ക് പലപ്പോഴും അനുഭവപ്പെട്ടിരുന്ന ഒരുതരം ഒറ്റപ്പെടലിനെക്കുറിച്ച് ഇറ ഓർക്കുന്നു. 'എനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെടുമായിരുന്നു. പക്ഷേ ഞാൻ എന്റെ സുഹൃത്തുക്കളെ കാണാറുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്നത് നിർത്തുന്നത് വരെ ഞാൻ സഹായം ചോദിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല.' ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നതുവരെ ആളുകൾ മാനസികാരോഗ്യ പ്രശ്‌നങ്ങളെ ഒരു അസുഖമായി തിരിച്ചറിയുന്നില്ലെന്നും അവർ സൂചിപ്പിച്ചു. അടുത്തിടെ അമ്മയുമായി നടത്തിയ വൈകാരികമായ ഒരു സംഭാഷണത്തെക്കുറിച്ച് ഇറ ഓർക്കുന്നു.
27 വർഷത്തിനിടയിൽ അമ്മ കരയുന്നത് ഞാൻ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോഴുള്ള അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. 'എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ എന്റെ തെറാപ്പിസ്റ്റ് എന്നോട് പറഞ്ഞു. പക്ഷേ അത് കണ്ട് നീ വീണ്ടും ഭയപ്പെടുമോ എന്ന് ഞാൻ പേടിച്ചു.'
ഇന്ത്യൻ മാതാപിതാക്കൾക്കും മക്കൾക്കും ഇടയിലുള്ള മാനസികമായ അന്തരത്തെയും അന്യം നിന്നു പോകുന്ന തുറന്നുപറച്ചിലുകളെയുമാണ് ഈ സംഭാഷണം വരച്ചുകാട്ടുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan`s daughter, Ira Khan, shares her mental health journey on Parenting Age Kal, a podcast discussing parenting and mental health in India.
Published: 18 Jul 2025, 04:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented