കഠിനശ്രമത്തിലൂടെയാണ് പലരും വണ്ണം കുറയ്ക്കുന്നത്. പ്രത്യേക ഡയറ്റുകളും സ്ഥിരമായ വ്യായാമവും ജീവിതശൈലീ മാറ്റങ്ങളുമൊക്കെയായി ലക്ഷ്യഭാരം കൈവരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്. എന്നാൽ ആ സന്തോഷത്തിനിടയിലേക്ക് പലപ്പോഴും കടന്നുവരുന്ന ഒരു പ്രശ്‌നമാണ് തൂങ്ങിയ ചർമം. പ്രത്യേകിച്ച് വയർ, കൈകൾ, കഴുത്ത്, മുഖം എന്നിവിടങ്ങളിലെ അയഞ്ഞ ചർമം ശരീരത്തിന്റെ രൂപഭംഗിയെ ബാധിക്കുമെന്നത് മാത്രമല്ല, യഥാർഥ വയസ്സിനേക്കാൾ പ്രായം തോന്നിക്കാനും കാരണമായേക്കാം.

ശരീരഭാരം കുറയുമ്പോൾ ചർമം തൂങ്ങുന്നത് പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിന്റെ തോത് കുറയ്ക്കാനും ചർമത്തിന്റെ ആരോഗ്യവും ഇലാസ്തികതയും സംരക്ഷിക്കാനും സാധിക്കും.

എന്തുകൊണ്ടാവാം ചർമം തൂങ്ങുന്നത്? ചർമത്തിന് സ്വാഭാവികമായ ഇലാസ്തികതയുണ്ട്. എന്നാൽ, ദീർഘകാലം നീണ്ടുനിൽക്കുന്ന അമിതവണ്ണം കാരണം അത് അധികമായി വലിഞ്ഞുകിടക്കുമ്പോൾ, ചർമത്തെ ഉറപ്പുള്ളതും മൃദുലവുമാക്കുന്ന കൊളാജൻ, ഇലാസ്റ്റിൻ എന്നീ പ്രോട്ടീനുകളുടെ അളവും ഗുണനിലവാരവും കുറയുന്നു.

പിന്നീട് ഭാരം കുറയുമ്പോൾ, ചർമത്തിന് പഴയ നിലയിലേക്ക് മടങ്ങാൻ പ്രയാസമാകും. പ്രായം, ജനിതക ഘടകങ്ങൾ, അമിതഭാരത്തിന്റെ കാലയളവ് എന്നിവയൊക്കെ ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എത്ര ഭാരം കുറയ്ക്കുന്നു എന്നതിലുപരി, എങ്ങനെ, എത്ര വേഗത്തിൽ, എത്ര കാലയളവിൽ ഭാരം കുറയ്ക്കുന്നു എന്നതും നിർണായകമാണ്.
ശരീരഭാരം പതിയെ കുറയ്ക്കാം
പെട്ടെന്നുള്ള ഡയറ്റുകളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ വേഗത്തിൽ ഭാരം കുറയ്ക്കുന്നത് ചർമത്തിന് കൂടുതൽ സമ്മർദം സൃഷ്ടിക്കും. ആരോഗ്യകരമായ രീതിയിൽ ആഴ്ചയിൽ അര കിലോ മുതൽ ഒരു കിലോ വരെ ഭാരം കുറയ്ക്കുന്നതാണ് ഉചിതം. ഇതിലൂടെ ചർമത്തിന് ശരീരത്തിന്റെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കൂടുതൽ സമയവും ലഭിക്കും.

ഭാരം കുറച്ചശേഷം ചർമം സ്വാഭാവികനിലയിലെത്താനെടുക്കുന്ന സമയം ഓരോരുത്തരിലും വ്യത്യസ്തമാണ്. ചിലരിൽ മാസങ്ങൾക്കുള്ളിൽ മാറ്റം കാണാമെങ്കിലും, വേഗത്തിൽ ഭാരം കുറച്ചവരിലോ വളരെ കൂടുതൽ ഭാരം നഷ്ടപ്പെട്ടവരിലോ ചർമം ദീർഘകാലം അയഞ്ഞ നിലയിൽ തുടരാനിടയുണ്ട്.

സ്ട്രെങ്ത് ട്രെയിനിങ്, റെസിസ്റ്റൻസ് വ്യായാമങ്ങൾ എന്നിവ പേശികളെ ടോൺ ചെയ്യുകയും കൊഴുപ്പ് നഷ്ടപ്പെട്ട ഭാഗങ്ങൾക്ക് കൂടുതൽ ഉറപ്പ് നൽകുകയും ചെയ്യും. ആഴ്ചയിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും ഇത്തരം വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്താൻ സഹായിക്കും.

പ്രായം കൂടുന്തോറും കൊളാജൻ, ഇലാസ്റ്റിൻ എന്നിവയുടെ ഉൽപാദനം കുറയുന്നതിനാൽ ചർമത്തിന്റെ ഇലാസ്തികതയും കുറയും. അതിനാൽ ചെറുപ്പക്കാരിൽ ചർമം കൂടുതൽ വേഗത്തിൽ പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള സാധ്യതയുണ്ട്.
ആരോഗ്യമുള്ള ചർമത്തിന് ശരിയായ പോഷകാഹാരം അനിവാര്യമാണ്.

പ്രോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൊളാജൻ, ഇലാസ്റ്റിൻ എന്നിവയുടെ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിനും ഇലാസ്തികതയ്ക്കും വളരെ പ്രധാനമാണ്.
ചികിത്സ ആവശ്യമെങ്കിൽ…
എല്ലാ മുൻകരുതലുകളും എടുത്തിട്ടും ചർമം തൂങ്ങിക്കിടക്കുകയാണെങ്കിൽ ചില ചികിത്സാ മാർഗങ്ങൾ പരിഗണിക്കാം. എന്നാൽ വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ചികിത്സകൾ സ്വീകരിക്കാവൂ. വളരെ ഗുരുതരമായ പ്രശ്‌നമുള്ളവർക്ക്‌ ടമ്മി ടക്ക്, ലോവർ ബോഡി ലിഫ്റ്റ് തുടങ്ങിയ ബോഡി-കോണ്ടൂറിങ് ശസ്ത്രക്രിയകളാണ് ഏറ്റവും ഫലപ്രദമായ പരിഹാരം. എന്നാൽ ശരീരഭാരം സ്ഥിരത കൈവരിച്ച ശേഷമേ ഇത്തരം ശസ്ത്രക്രിയകൾ പരിഗണിക്കാവൂ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi