തമിഴ്‌നാട് മുഖ്യമന്ത്രിയായി സി.ജോസഫ് വിജയ് ചുമതലയേറ്റശേഷം അദ്ദേഹത്തിന്റെ ആരാധകർ ഒന്നടങ്കം ചോദിച്ചിരുന്നത്, 'ജനനായകൻ' (Jana Nayagan) എപ്പോൾ റിലീസാവുമെന്നാണ്. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്റെ അവസാനചിത്രമെന്ന നിലയിൽ ആദ്യമേ ചർച്ചകളിലിടം പിടിച്ചിരുന്നു 'ജനനായകൻ'.

സെപ്റ്റംബർ 2024-ൽ അനൗൺസ് ചെയ്ത ചിത്രം, ഓഗസ്റ്റ് 2025-ൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 2026 ജനുവരി 9-ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ അത് നീണ്ടുപോയി. ഒടുവിൽ ഏപ്രിലിൽ സിനിമ പൂർണമായും ഓൺലൈനിൽ ലീക്കായിരുന്നു. നിർമാതാക്കൾ ഇതിനെതിരെ രംഗത്തെത്തുകയും ആറുപേർ സംഭവത്തിൽ അറസ്റ്റിലാവുകയും ചെയ്തു.

500 കോടി രൂപയ്ക്കാണ് സിനിമ നിർമിച്ചത്. സംവിധാനം ചെയ്തത് എച്ച്.വിനോദ്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ.

അതിനിടെ സിനിമ ഇതുവരെ തിയേറ്ററിൽ റിലീസാവാത്തത് നിർമാതാക്കളെ വല്ലാതെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. സെൻസറിങ് നീളുന്നതുകാരണം ഒ.ടി.ടി.ക്ക് സിനിമ വിൽക്കാനും കഴിഞ്ഞിട്ടില്ല. ഇപ്പോൾ അഞ്ചുമാസത്തിലേറെയായി സെൻസർ ബോർഡിനുമുന്നിലാണ് സിനിമയുള്ളത്.

അതിനിടെ ഒരു പരിപാടിയിൽവെച്ച് സംവിധായകൻ എച്ച്.വിനോദിനോട് ഈ സിനിമയെക്കുറിച്ച് ചോദിച്ചു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണിപ്പോൾ വൈറലാവുന്നത്. പരിപാടിക്കിടെ അവതാരകൻ ചോദിച്ചതിങ്ങനെ, ''തമിഴ്‌നാട് നിങ്ങളോട് ഈ ചോദ്യം ചോദിച്ചു കഴിഞ്ഞു; ഇപ്പോൾ ഞാനും അത് ചോദിക്കുകയാണ്. ജന നായകൻ എപ്പോൾ റിലീസ് ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം?'' ചോദ്യം കേട്ട് പ്രേക്ഷകർ ആർപ്പുവിളിച്ചു. ആ ബഹളത്തിനിടയിലൂടെ വിനോദ് മറുപടി നൽകി, ''അതിനുള്ള ഉത്തരം എന്റെ കൈയിലില്ല. സത്യം പറയാനുള്ള ധൈര്യം പോലും എനിക്കില്ല. അഥവാ എനിക്ക് ധൈര്യമുണ്ടെങ്കിൽ പോലും, അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങൾക്കുമുണ്ടാവില്ല''.

അതിനിടെ BookMyShow-ൽ സിനിമ ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. ജൂൺ 19-നാണ് റിലീസ് എന്ന രീതിയിലാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതോടെ വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമ റിലീസാവുമോയെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi