കുട്ടികളിലെ അമിതവണ്ണം ലോകം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികളുടെ വളർച്ചയെയും ശാരീരികാരോഗ്യത്തെയും മാത്രമല്ല, മാനസികാരോഗ്യത്തെയും സാമൂഹികജീവിതത്തെയും അമിതവണ്ണം ബാധിക്കാം. ഈ സാഹചര്യത്തിൽ കുട്ടികളിലെ അമിതവണ്ണം ചികിത്സിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒക്ടോബർ ഏഴിന് പുറത്തിറക്കിയ മാർഗനിർദേശമനുസരിച്ച്, പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിതവണ്ണം ചികിത്സിക്കാൻ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളോ ബാരിയാട്രിക് ശസ്ത്രക്രിയയോ വണ്ണം നിയന്ത്രിക്കുന്ന ഉപകരണങ്ങളോ ശുപാർശ ചെയ്യുന്നില്ല.
അമിതവണ്ണം തടയുന്നതിനു മാത്രമല്ല, ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് എങ്ങനെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാം എന്നതിനും മാർഗനിർദേശങ്ങൾ പ്രാധാന്യം നൽകുന്നു.
Also Read
പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ: ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായ ശാരീരികപ്രവർത്തനങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സമീപനമാണ് കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. പൂജ്യം മുതൽ ഒൻപത് വയസ്സുവരെയുള്ള കുട്ടികളിൽ അമിതവണ്ണത്തിനായി മരുന്നുകൾ, ബാരിയാട്രിക് ശസ്ത്രക്രിയ, ശരീരഭാരം നിയന്ത്രിക്കുന്ന ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നാണ് മാർഗനിർദേശം.
ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കുട്ടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സമഗ്രമായ ക്ഷേമത്തിനും പ്രാധാന്യം നൽകണം. കുട്ടിയുടെ പ്രായത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കണം. ഇതിൽ കുടുംബത്തിന്റെ പങ്കാളിത്തവും നിർണായകമാണ്.
അമിതവണ്ണം സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല. ദീർഘകാലം നിലനിൽക്കുകയും വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതുമായ ഒരു രോഗാവസ്ഥയായാണ് ലോകാരോഗ്യ സംഘടന അമിതവണ്ണത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലത്തുതന്നെ ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കാം. അമിതവണ്ണമുള്ള കുട്ടികൾക്ക് പരിഹാസവും വിവേചനവും നേരിടേണ്ടിവരുന്നതും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം.
കൗമാരക്കാർ ശ്രദ്ധിക്കേണ്ടത്: 10 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരുടെ കാര്യത്തിൽ ചില അധിക ചികിത്സാമാർഗങ്ങൾ പരിഗണിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ജീവിതശൈലീ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ള ചികിത്സാപരിപാടിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സാഹചര്യത്തിൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ അംഗീകൃത അമിതവണ്ണ ചികിത്സാമരുന്നുകൾ പരിഗണിക്കാം. എന്നാൽ അമിതവണ്ണമുള്ള എല്ലാ കൗമാരക്കാർക്കും മരുന്നുകൾ നൽകണമെന്നല്ല ഇതിനർഥം.
കടുത്ത അമിതവണ്ണമുള്ള ചില കൗമാരക്കാരിൽ ബാരിയാട്രിക് ശസ്ത്രക്രിയയും പരിഗണിക്കാം. എന്നാൽ വ്യക്തിയുടെ ആരോഗ്യസ്ഥിതി, ചികിത്സയുടെ ഗുണങ്ങൾ, അപകടസാധ്യതകൾ എന്നിവ വിശദമായി വിലയിരുത്തിയശേഷം മാത്രമേ തീരുമാനമെടുക്കാവൂ. അതായത്, പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ മരുന്നുകളും ശസ്ത്രക്രിയയും വണ്ണം നിയന്ത്രിക്കുന്ന ഉപകരണങ്ങളും ശുപാർശ ചെയ്യുന്നില്ല. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ, വിദഗ്ധപരിശോധനയ്ക്കുശേഷം ചില കൗമാരക്കാർക്ക് കൂടുതൽ ചികിത്സാമാർഗങ്ങൾ ലഭ്യമായേക്കാം.
കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം വർധിക്കുന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. 2024-ൽ അഞ്ചു മുതൽ 19 വയസ്സുവരെയുള്ള ഏകദേശം 40 കോടി കുട്ടികളും കൗമാരക്കാരും അമിതഭാരമുള്ളവരായിരുന്നു. ഇവരിൽ 17 കോടി പേർ അമിതവണ്ണം നേരിടുന്നവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഈ പ്രായവിഭാഗത്തിൽ അമിതവണ്ണത്തിന്റെ വ്യാപനം 1990-ൽ രണ്ടു ശതമാനമായിരുന്നത് 2024-ൽ എട്ടു ശതമാനമായി ഉയർന്നു. അതായത്, മൂന്നു പതിറ്റാണ്ടിലേറെയായി കുട്ടികളിലെ അമിതവണ്ണം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.
കുട്ടിക്കാലത്ത് ആരംഭിക്കുന്ന അമിതവണ്ണം പ്രായപൂർത്തിയായ ശേഷവും തുടരാം. ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ സാധ്യതയും ഇതിലൂടെ വർധിക്കുന്നു. പഠനം, സൗഹൃദങ്ങൾ, സാമൂഹിക ഇടപെടലുകൾ, മാനസികാരോഗ്യം എന്നിവയിലും അമിതവണ്ണത്തിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാകാം.
ചികിത്സകൊണ്ടു മാത്രം ഈ പ്രവണതയ്ക്ക് മാറ്റം വരുത്താനാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ആരോഗ്യകരമായ ഭക്ഷണം എല്ലാവർക്കും എളുപ്പത്തിലും താങ്ങാനാവുന്ന ചെലവിലും ലഭ്യമാക്കുകയും ശാരീരികപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും വേണം. ഇതിനായി സർക്കാരുകളും സമൂഹവും ഒരുപോലെ ഇടപെടേണ്ടതുണ്ട്.
ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും
കുട്ടികളിലെ അമിതവണ്ണം കൈകാര്യം ചെയ്യുമ്പോൾ മാനസികാരോഗ്യത്തിനും തുല്യപ്രാധാന്യം നൽകണമെന്നതാണ് പുതിയ മാർഗനിർദേശത്തിലെ പ്രധാന നിർദേശങ്ങളിലൊന്ന്.
അമിതവണ്ണമുള്ള കുട്ടികൾക്ക് കളിയാക്കലും പരിഹാസവും വിവേചനവും നേരിടേണ്ടിവരാം. ഇത് ആത്മവിശ്വാസം കുറയ്ക്കുന്നതിനും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങൾക്കും കാരണമാകാം. ഭക്ഷണത്തോടും ശാരീരികപ്രവർത്തനങ്ങളോടുമുള്ള കുട്ടികളുടെ സമീപനത്തെയും ഇത്തരം അനുഭവങ്ങൾ സ്വാധീനിക്കാം.
കുട്ടികളുടെ പ്രായത്തിനും വളർച്ചയുടെ ഘട്ടത്തിനും അനുയോജ്യമായ രീതിയിലായിരിക്കണം ചികിത്സയും പരിചരണവും. കുടുംബത്തിന്റെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സമീപനമാണ് വേണ്ടത്. ശാരീരികാരോഗ്യത്തിൽനിന്ന് വേറിട്ട ഒന്നായി മാനസികാരോഗ്യത്തെ കാണാതെ, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് പരിഹരിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.
കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാൻ സമയബന്ധിതവും തുടർച്ചയുള്ളതുമായ പിന്തുണ ആവശ്യമാണ്. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിക്കും ശീലങ്ങളിലെ മാറ്റങ്ങൾക്കും മുൻഗണന നൽകുമ്പോൾ, പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് കൗമാരക്കാരിൽ മരുന്നുകളും ശസ്ത്രക്രിയയും പരിഗണിക്കേണ്ടത്. ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ഒതുങ്ങാതെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Oct 2026, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented