ദ്യത്തെ കുഞ്ഞുപിറന്ന ശേഷം അടുത്ത കുഞ്ഞിനായി തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ തന്നെ മാതാപിതാക്കളുടെ മനസ്സില്‍ ആശങ്കകളുയരും. മൂത്തയാള്‍ ഇതിനെ എങ്ങനെ കാണും, രണ്ടുപേരെയും ഒരുപോലെ നോക്കാനാകുമോ, രണ്ടുപേരും തമ്മില്‍ സ്‌നേഹത്തില്‍ വളരുമോ എന്നൊക്കെയുള്ള പേടികള്‍ അറിയാതെ അവരുടെ മനസ്സിലും വളരാം. ഒപ്പം കുഞ്ഞനിയനോ അനിയത്തിയോ വന്നാല്‍ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് മൂത്തയാളും ഭയക്കാം. എന്നാല്‍ കരുതലോടെ ചേര്‍ത്തുപിടിച്ചാല്‍ എല്ലാ ആശങ്കകളും അകറ്റാനാവും. 

To advertise here,

പ്രായം പ്രധാനം
മൂത്ത കുട്ടിയും ഇളയ കുട്ടിയുമായുണ്ടാകുന്ന വഴക്ക്, സഹോദ സ്പര്‍ധ അഥവാ sibling rivalry എന്ന തലത്തിലേക്ക് വളരുന്നത് പലപ്പോഴും സാധാരണമാണ്. മൂത്തകുട്ടിയും ഇളയകുട്ടിയും തമ്മില്‍ മൂന്ന് മുതല്‍ എട്ട് വയസുവരെ പ്രായവ്യത്യാസമുള്ളപ്പോഴാണ് സഹോദര സ്പര്‍ധ എന്ന അവസ്ഥ കൂടുതലായുണ്ടാവുക. കാരണം മൂന്ന് മുതല്‍ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ജീവിതരീതിയെയാണ് ഇളയകുട്ടിയുണ്ടാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക. അതുവരെ കിട്ടിക്കൊണ്ടിരുന്ന സ്‌നേഹവും പരിഗണനയും തനിക്ക് നഷ്ടമാകുന്നു എന്ന തോന്നല്‍ ഇവരിലാണ് ശക്തമാകുക. മൂന്ന് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ ഇത്തരം കാര്യങ്ങളെപ്പറ്റി അത്ര ബോധവാന്മാരായിരിക്കില്ല. അതുപോലെ എട്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സുഹൃത്തുക്കളും മറ്റുമായി അവരുടെ ലോകം അമ്മയെന്നതിന് ചുറ്റുവട്ടത്ത് നിന്ന് പുറത്തേക്ക് വളര്‍ന്നിട്ടുമുണ്ടാവും. വീട്ടിലെ സ്‌നേഹവും പരിഗണനകള്‍ക്കുമൊപ്പം പുറംലോകത്തെ സന്തോഷങ്ങളിലേക്കും ഈ പ്രായത്തിലെ കുട്ടികള്‍ വളര്‍ന്നിട്ടുണ്ടാവും. അവരെയും ഇളയകുട്ടിയുടെ വരവ് അത്രക്കങ്ങ് ബാധിക്കില്ല. അതുകൊണ്ടു തന്നെ രണ്ടാമത്തെ കുഞ്ഞിനായി തയ്യാറെടുക്കുമ്പോള്‍ മൂത്ത കുട്ടി മൂന്ന് വയസ്സിന് താഴെയോ അല്ലെങ്കില്‍ എട്ട് വയസ്സ് കഴിഞ്ഞ ശേഷമോ ആകുന്നതാണ് നല്ലത്. 

കൂടെനില്‍ക്കാം
1. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭംധരിക്കാന്‍ തയ്യാറെടുക്കുന്നതിനൊപ്പം തന്നെ ഇളയകുഞ്ഞിനെ വരവേല്‍ക്കാന്‍, മൂത്തകുട്ടിയെ തയ്യാറാക്കണം, മാനസികമായും ശാരീരികമായും. നിനക്ക് കൂട്ടിനൊരാളെ വേണ്ടേ
എന്നരീതിയില്‍ സംസാരിച്ച് അവരുടെ മനസ്സില്‍ ഒരാള്‍കൂടിവേണമെന്ന സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറയ്ക്കണം. ഇതിനായി ചിത്രങ്ങളുള്ള ബുക്കുകളും മറ്റും ഉപയോഗിക്കാം. കുഞ്ഞ് അമ്മയുടെ ഉള്ളില്‍ ഉറങ്ങുന്ന ചിത്രങ്ങളും കുഞ്ഞുങ്ങള്‍ ഒന്നിച്ച്‌ കളിക്കുന്ന ചിത്രങ്ങളുമൊക്കെ കാണിക്കാം.

2. കുഞ്ഞ് പിറക്കുംമുമ്പ് തന്നെ മൂത്തകുഞ്ഞിന് ടോയിലെറ്റ് ട്രയിനിങ്ങ് പോലുള്ളവ നല്‍കാം. തൊട്ടിലില്‍ ഉറങ്ങിയിരുന്ന ആളെ ബെഡ്ഡിലുറങ്ങാന്‍ പഠിപ്പിക്കാം. ഭക്ഷണം വാരിത്തിന്നാനും ഒക്കെ അത്യാവശ്യം പരിശീലനം നല്‍കുന്നത് നല്ലതാണ്. 

3. ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ കുഞ്ഞ് വന്നുകഴിയുമ്പോള്‍ മൂത്തസഹോദരന്‍ അല്ലെങ്കില്‍ സഹോദരിയെന്ന നിലയ്ക്ക്‌ എന്തൊക്കെ ചെയ്യാം എന്നതൊക്കെ അവരോട് എന്നും സംസാരിക്കാം. ആ പ്രതീക്ഷകള്‍ അവരുടെ മനസ്സില്‍ വളര്‍ത്താം. അവര്‍ നിങ്ങളുടെ സ്വന്തമാണ്, നിങ്ങള്‍ക്കാണ് അവരുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളത് എന്നൊക്കെയുള്ള കാര്യങ്ങള്‍ അവരുടെ മനസ്സില്‍ വളര്‍ത്താം. ഇത്തരം പാകപ്പെടുത്തലുകളോടെ മുതിര്‍ന്ന കുഞ്ഞ്  ഇളയകുഞ്ഞിനെ വരവേല്‍ക്കാന്‍  മാനസികമായി ഒരുങ്ങിയിട്ടുണ്ടാവും

4. കുഞ്ഞ് പിറന്നശേഷം ഇളയകുട്ടിയുടെ പരിചരണത്തില്‍ മൂത്തകുഞ്ഞിനെക്കൂടി പങ്കാളിയാക്കുക. കുഞ്ഞിനെ ഉറക്കുമ്പോള്‍, കുളിപ്പിക്കുമ്പോള്‍ അവിടെയൊക്കൈ മൂത്തകുട്ടിക്കുകൂടി ഇടം നല്‍കണം. അവരെ മാറ്റിനിര്‍ത്തരുത്. 

5. ഇളയകുഞ്ഞ് പിറന്നുകഴിഞ്ഞാല്‍ ചില മാതാപിതാക്കള്‍ മൂത്തകുട്ടിയെ പൂര്‍ണമായി അവഗണിക്കാറുണ്ട്. അവര് പറയുന്നത് കേള്‍ക്കാനോ കളിക്കാനോ കൂടെയിരുന്ന് ഉറക്കാനോ ഒന്നും പലരും സമയം കണ്ടെത്തില്ല. ഇത്തരം കുട്ടികള്‍ വലിയ വാശിക്കാരും വഴക്കാളികളുമായി മാറാറുണ്ട്. അങ്ങനെ ചെയ്യരുത്. ഇളയകുഞ്ഞിനൊപ്പം തന്നെ മൂത്തകുട്ടിക്കും ഇടം നല്‍കണം. അവര്‍ക്ക് നല്‍കിയിരുന്ന സമയം ഇത്തിരിപോലും കുറവില്ലാതെ അവര്‍ക്ക് തന്നെ നല്‍കാം. അങ്ങനെ പറ്റാത്തപ്പോള്‍ പറഞ്ഞു മനസിലാക്കാം, ചേര്‍ത്തുപിടിക്കാം. 

6. കുട്ടികളുടെ അമ്മയ്ക്ക് ചിലപ്പോള്‍ ഇളയകുഞ്ഞിന് പാലുകൊടുക്കാനും മറ്റും സമയം ചെലവഴിക്കേണ്ടി വന്നാല്‍ ആ സമയം അച്ഛന്‍ മൂത്തകുട്ടിയുടെ കാര്യങ്ങളിലേക്ക് തിരിയണം. കുഞ്ഞിനെ അച്ഛന്‍ ഉറക്കുകയാണെങ്കില്‍ മൂത്തകുട്ടി അമ്മയുടെ മടിയിലിരുന്ന് ഉറങ്ങട്ടെ. താന്‍ അവഗണിക്കപ്പെടുന്നു എന്നതോന്നല്‍ അവരില്‍ ഉണ്ടാകരുത്. 

7. വീട്ടിലെ മറ്റ് ബന്ധുക്കള്‍ ഇനി നിന്നെ വേണ്ട, ഞങ്ങള്‍ക്ക് വാവയെ മതി എന്നമട്ടില്‍ തമാശയ്ക്ക് പറയുന്ന കാര്യങ്ങള്‍ അവരെ മുറിപ്പെടുത്താം. കുട്ടികള്‍ ഇത് പരാതിയായി മാതാപിതാക്കളോട് പറഞ്ഞാല്‍ അങ്ങനെയല്ലെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം. അത്തരം സംസാരം ഒഴിവാക്കാന്‍ മറ്റുള്ളവരോട് സമാധാനത്തില്‍ ആവശ്യപ്പെടാം. 

8. ഇളയകുട്ടി വളര്‍ന്നുവരുമ്പോള്‍ അവരെ ചെറിയ ചെറിയ കാര്യങ്ങള്‍ പഠിപ്പിക്കാനും മറ്റും മൂത്തകുട്ടിയെ ഏല്‍പ്പിക്കാം. കൈപിടിച്ചു നടത്തുക, പല്ലു തേക്കുക, മുടി ചീവുക, അക്ഷരങ്ങളും വാക്കുകളും പറയാന്‍ പഠിപ്പിക്കുക... അങ്ങനെ ഒരു മൂന്നാമത്തെ രക്ഷകര്‍ത്താവായി മൂത്തകുട്ടിയെ പാകപ്പെടുത്താം. ഇതുവഴി ഇളയകുട്ടിയോട് ഒരു കരുതലും സ്‌നേഹവും ഉത്തരവാദിത്തവും വളര്‍ത്താനാവും. ഇളയകുട്ടിക്ക് മൂത്തകുട്ടിയോട് സ്‌നേഹവും ബഹുമാനവും മാനസികമായ അടുപ്പവുമെല്ലാം വളരാന്‍ ഇത് സഹായിക്കും. ഒരു സുരക്ഷിതത്വബോധം അവരില്‍ വളരും. ആഴമേറിയ ആത്മബന്ധം രൂപപ്പെടാം. 

9. ഇളയകുഞ്ഞിനൊപ്പം കളിക്കുമ്പോഴും ഇടപഴകുമ്പോഴും സോഫ്റ്റ് ടച്ച് എന്ന രീതി പിന്തിടുരാന്‍ മൂത്തകുഞ്ഞിനെ പഠിപ്പിക്കാം. ഉറങ്ങുമ്പോള്‍ എവിടെ എത്ര ശക്തിയില്‍ തട്ടികൊടുക്കണം, കയ്യിലെടുക്കുമ്പോള്‍ എത്ര മുറുക്കി പിടിക്കാം, ചുംബനം നല്‍കുമ്പോള്‍ എവിടെ നല്‍കാം, എത്ര ശബ്ദത്തില്‍ സംസാരിക്കാം...എന്നിങ്ങനെയുള്ള കാര്യങ്ങളും മൂത്തകുഞ്ഞിന് പറഞ്ഞു നല്‍കണം. 

10. ഇളയകുഞ്ഞിനെ അടിക്കാനോ ഉപദ്രവിക്കാനോ ശ്രമിച്ചാല്‍ അവരെ വഴക്കുപറഞ്ഞ് ഭയപ്പെടുത്താതെ സമാധാനത്തില്‍ സാവധാനം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. നമുക്ക് വേദനിക്കുന്നതുപോലെ കുഞ്ഞിനും വേദനിക്കുമെന്നൊക്കെ പറഞ്ഞ് മൂത്തകുട്ടിയെ ശാന്തരാക്കാം. 

11. ഇളയകുഞ്ഞിന് വേണ്ടി എത്ര ചെറിയകാര്യമാണ് മൂത്തകുട്ടി ചെയ്യുന്നതെങ്കിലും അതിനെ അഭിനന്ദിക്കാന്‍ മടിക്കേണ്ട. ഉദാഹരണത്തിന് തന്റെ കളിപ്പാട്ടം ഇളയകുഞ്ഞിന് നല്‍കുക, അല്ലെങ്കില്‍ അമ്മ എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ കുഞ്ഞിന് അരികില്‍ ഇരിക്കുക.. അങ്ങനെ എന്തും. അവരെ കെട്ടിപ്പിടിച്ച്‌ നീ ചെയ്തത് വലിയ കാര്യമാണെന്നും പറഞ്ഞ് അവര്‍ക്ക് ആത്മവിശ്വാസം പകരാം. 

12. മുതിര്‍ന്ന കുട്ടിയോടുള്ള സംസാരത്തിലും ശ്രദ്ധവേണം. അത്രയുംനാള്‍ വാത്സല്യം കലര്‍ന്ന രീതിയില്‍ സംസാരിച്ചിരുന്ന അമ്മയും അച്ഛനും തന്നെ പെട്ടെന്ന്‌ മാറ്റിനിര്‍ത്തുന്നതായി അവര്‍ക്ക് തോന്നരുത്. തന്റെ എല്ലാക്കാര്യങ്ങളും കുഞ്ഞ് വന്നതോടെ അച്ഛനും അമ്മയും മാറ്റിവയ്ക്കുന്നു എന്ന തോന്നലും ഉണ്ടാക്കരുത്. ഉദാഹരണത്തിന് എല്ലാ ആഴ്ചയും പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടുപോയിരുന്ന മാതാപിതാക്കള്‍ കുഞ്ഞ് വന്നതോടെ കുഞ്ഞ് ഉറങ്ങുകയാണ് പിന്നെ പോകാം എന്ന് പറയുന്നു. അല്ലെങ്കില്‍ മൂത്തകുട്ടിക്ക് ഇഷ്ടപ്പെട്ട ഒരു ടിവി പരിപാടി അവനൊപ്പം എന്നും കണ്ടിരുന്ന മാതാപിതാക്കള്‍ കുഞ്ഞിനെ പരിപാലിക്കുകയാണ് നീ തനിയെ കാണൂ എന്ന് ആവശ്യപ്പെടുന്നു... അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും കുഞ്ഞിന് വേണ്ടി തന്നെ മാറ്റിനിര്‍ത്തുന്നതായി മൂത്തകുട്ടിക്ക് തോന്നാം. ഇതിന് പകരം ഇന്ന് വാവ ഉറങ്ങുന്നകൊണ്ട് അച്ഛന്‍ കൂടെ വരും നാളെ എല്ലാവര്‍ക്കും കൂടി പോകാം എന്ന് പറയാം. അല്ലെങ്കില്‍ ഒരു അഞ്ച് മിനിറ്റ് ഇപ്പോള്‍ വരാം, നമുക്ക് ഒന്നിച്ച് ടി.വി കാണാം എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിക്കാം. ഒരിക്കലും ഇളയകുഞ്ഞിന് വേണ്ടി തന്നെ മാറ്റിനിര്‍ത്തുന്നതായി മൂത്തകുട്ടിക്ക് തോന്നരുത്. 

13. ഇളയകുട്ടിവന്നാല്‍ മൂത്തകുട്ടിക്ക് അല്പം സ്‌നേഹം കൂടുതല്‍ കൊടുക്കാം. സ്‌നേഹം പ്രകടിപ്പിക്കാം. കൂടെകിടത്തി ഉറക്കുക, പറ്റുമെങ്കില്‍ ഇടയ്ക്ക് മടിയിലിരുത്തി ഉറക്കാം, ഭക്ഷണം വാരികൊടുക്കാം, അവര്‍ക്കൊപ്പം കളിക്കാം.

അമ്മമാര്‍ക്കും കരുതല്‍
അമ്മമാര്‍ക്കും ഈ സമയത്ത് ഏറെ മാനസികപിന്തുണ ആവശ്യമാണ്. ജോലി ചെയ്യുന്ന അമ്മമാരാണെങ്കില്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നതും അവരുടെ ഉത്തരവാദിത്തങ്ങളും വീട്ടുജോലിയുടെ ഭാരവും തൊഴി
ലിടങ്ങളിലെ തിരക്കും എല്ലാം കൂടി ഒറ്റയ്ക്ക് താങ്ങാന്‍ പലര്‍ക്കും കഴിയണമെന്നില്ല. കുഞ്ഞുങ്ങള്‍ക്ക് അമ്മാരുടെ മെന്റല്‍പ്രസന്‍സ് ആവശ്യമാണ്. ഇത്തരം തിരക്കുകളില്‍ പല അമ്മാര്‍ക്കും മനസ്സറിഞ്ഞ് കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവാക്കാന്‍ കഴിയണമെന്നില്ല. ഇത് അവരെ കുറ്റബോധത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടാം. അതുകൊണ്ടു തന്നെ വീട്ടുത്തരവാദിത്തങ്ങള്‍ കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം പങ്കുവെച്ച് ചെയ്യാന്‍ പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ശ്രദ്ധിക്കണം. 

രണ്ടാമത്തെ കുഞ്ഞ് ജനിച്ചശേഷവും മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ തമ്മില്‍ ഒരു ധാരണവേണം. രണ്ടാമത്തെ കുട്ടിക്കുവേണ്ടി അമ്മയ്ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുമ്പോള്‍ മൂത്തകുട്ടിയെ ഒറ്റപ്പെടാതെ നോക്കാന്‍ അച്ഛന്‍ തയ്യാറാവണം. മൂത്തയാള്‍ക്ക് ഓരോ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ അമ്മയും അച്ഛനും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.  

പ്രസവം കഴിഞ്ഞ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ വൈകാരികവും മാനസികവുമായ ധാരാളം മാറ്റങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാവാറുണ്ട്. പോസ്റ്റ് നേറ്റല്‍ ബ്ലൂംസ് എന്ന ഈ അവസ്ഥയ്ക്ക്‌ ചികിത്സയുടെ ആവശ്യമില്ല. ഈ സമയത്ത് കൃത്യമായ മാനസികപിന്തുണ നല്‍കി ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കിയാല്‍ മതി. എന്നാല്‍ ഈ മാനസികപ്രശ്‌നങ്ങള്‍ അല്പം കൂടി വളര്‍ന്ന് കുഞ്ഞിന്റെയും സ്വന്തം കാര്യങ്ങളിലും ശ്രദ്ധയില്ലാതാകുക, ദേഷ്യം, അക്രമസ്വഭാവം, ആത്മഹത്യാപ്രവണത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളിലേക്ക് കടന്നാല്‍ അത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് എന്നീ അവസ്ഥകളാണെന്ന് മനസ്സിലാക്കണം. ആവശ്യമെങ്കില്‍ വിദഗ്ധസഹായം ലഭ്യമാക്കുകയും വേണം.  

കടപ്പാട്- 
ഡോ. അരുണ്‍ ബി. നായര്‍
പ്രൊഫസര്‍ ഓഫ് സൈക്യാട്രി
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജി