ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങിനിന്നയാളാണ് നടനും മോഡലുമായ അർജുൻ രാംപാൽ. 'പ്യാർ ഇഷ്‌ക് ഓർ മൊഹബത്ത്' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുമ്പോൾ, അടുത്ത താരോദയം എന്നാണ് ആളുകൾ വിശേഷിപ്പിച്ചത്. പക്ഷേ, പിന്നീട് വന്ന പല സിനിമകളും ബോക്‌സോഫീസിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അതിനിടെ ഡോൺ, ഓം ശാന്തി ഓം, റോക്ക് ഓൺ എന്നീ സിനിമകളിലൂടെ തന്റെ കരിയർ അദ്ദേഹം ഉറപ്പിച്ചു. പക്ഷേ, അതിനുശേഷവും ആ സ്ഥിരത കരിയറിൽ നിലനിർത്താൻ കഴിഞ്ഞില്ല.

വർഷങ്ങൾക്കുശേഷം 'ധുരന്ധർ' (Dhurandhar) എന്ന സിനിമയിലൂടെ അർജുൻ രാംപാൽ മികച്ച കഥാപാത്രവുമായി തിരിച്ചുവരികയാണ്. അതിനൊപ്പം വെബ് സീരീസുകളിലും സജീവമാണ് താരം. 53-ാം വയസ്സിലെ താരത്തിന്റെ ഫിറ്റ്‌നെസും ഡയറ്റുമാണിപ്പോൾ ചർച്ചയാവുന്നത്.

കഴിഞ്ഞവർഷം 'റാണ നായിഡു' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിനുവേണ്ടി അദ്ദേഹത്തിന് ശരീരഭാരം കൂട്ടേണ്ടിവന്നു. 14 കിലോയാണ് കൂട്ടിയത്. പക്ഷേ അതുകഴിഞ്ഞയുടനെ 12 കിലോ കുറയ്‌ക്കേണ്ടതായും വന്നു. വെറും ആറാഴ്ച കൊണ്ടാണ് അദ്ദേഹം ഭാരം കുറച്ചത്. അത് ആരാധകരെ ഞെട്ടിച്ചു.

കഠിനമായ വ്യായാമങ്ങളോ അമിതമായ ഡയറ്റോ തിരഞ്ഞെടുക്കുന്നതിനുപകരം, ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിച്ചും, കൃത്യമായ ദിനചര്യ പരിശീലിച്ചുമാണ് അദ്ദേഹം ഭാരം കുറച്ചത്. അതിനൊപ്പം ഓട്ടവും ഭാരം കുറയ്ക്കാൻ സഹായിച്ചുവെന്നാണ് അർജുൻ വെളിപ്പെടുത്തിയത്. ''ആഴ്ചയിൽ നാലുദിവസം 10 കിലോമീറ്റർ ഓടും ഞാൻ. മൂന്നുദിവസം അഞ്ചുകിലോമീറ്റർ ഓട്ടവും. അങ്ങനെ ആഴ്ചയിൽ 55 കിലോമീറ്റർ.''

ചെറുപ്പംമുതലേ അത്‌ലറ്റിക്‌സിനോട് താത്പര്യമുള്ളയാളാണ് അർജുൻ. അഭിനയം തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ അർജുൻ രാംപാൽ ഒരു ഓട്ടക്കാരനാകുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് ട്രെയിനർ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''അദ്ദേഹം ഒരു ഓട്ടക്കാരനായിരുന്നു. ഒരു നടനല്ലായിരുന്നെങ്കിൽ, താൻ ഒരു ഓട്ടക്കാരനാകുമായിരുന്നുവെന്ന് അർജുൻ രാംപാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംസ്ഥാന, ദേശീയ തലമത്സരങ്ങളിൽ മുമ്പ് അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്''.

പ്രത്യേകഡയറ്റുകളൊന്നും പിന്തുടരാത്തയാളാണ് അർജുൻ. ''ഭക്ഷണകാര്യത്തിൽ എനിക്കങ്ങനെ നിബന്ധനകളോ ചിട്ടകളോ ഒന്നുമില്ല. പക്ഷേ കരിയറിന് ആവശ്യമായി വരുമ്പോൾ, ഞാൻ കൃത്യമായി ഡയറ്റ് നോക്കും. അതിലെനിക്ക് പ്രശ്‌നവുമില്ല''.

ഒരു സിനിമയിൽ മെലിഞ്ഞ ലുക്കാണ് വേണ്ടതെങ്കിൽ, അദ്ദേഹം കുറച്ചുദിവസത്തേക്ക് തന്റെ ഭക്ഷണത്തിൽനിന്ന് കാർബോഹൈഡ്രേറ്റ്‌സ് ഒഴിവാക്കും. പുഴുങ്ങിയ മുട്ടയുടെ വെള്ള, തൈര്, കോളിഫ്‌ളവർ, കാരറ്റ് എന്നിവയാണ് ആ സമയത്ത് കൂടുതലായും കഴിക്കുക. ഏറ്റവും ഇഷ്ടപ്പെട്ട സ്‌നാക്‌സ് പഴങ്ങളാണ്. ഡിന്നറിന് സൂപ്പും സലാഡുമാണ് അർജുന്റെ ഭക്ഷണം. ലഘുവായി, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിലാണ് അർജുൻ വിശ്വസിക്കുന്നത്. കട്ടൻകാപ്പിയാണ് ഏറ്റവും ഇഷ്ടപ്പെട്ട പാനീയം.

''ഫിറ്റ്‌നെസ് എന്ന കാര്യം നമ്മുടെ ഉള്ളിൽനിന്ന് വരേണ്ടതാണ് എന്നാണ് ഞാൻ ചിന്തിക്കുന്നത്. നിങ്ങൾ സ്വന്തം ശരീരത്തെ ബഹുമാനിക്കണം. എങ്കിൽ മാത്രമേ അതിനെ നന്നായി നോക്കാനുള്ള ആഗ്രഹം തോന്നൂ. എപ്പോഴും ഫിറ്റായിരിക്കുക എന്നത് എന്റെ ജീവിതശൈലിയുടെ ഭാഗമാണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi