കഴിഞ്ഞ നവംബറിലാണ് നടി മീരാ വാസുദേവൻ വിവാഹമോചിതയായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു സെൽഫി പോസ്റ്റ് ചെയ്തുകൊണ്ട് വിവാഹമോചനവിവരം അവർ പ്രഖ്യാപിച്ചത്. 'നൗ അയാം സിംഗിൾ' എന്നാണ് ആ ചിത്രത്തിനൊപ്പം അവർ കുറിച്ചത്.

മൂന്നാമത്തെ വിവാഹമോചനത്തിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര ഇപ്പോൾ. താനിപ്പോൾ വൈകാരികസ്ഥിരത (emotional stability) ഉള്ളവളാണെന്നും ജീവിതത്തിലെടുത്ത തിരഞ്ഞെടുപ്പുകളിൽ സമാധാനമുണ്ടെന്നും മീര പറയുന്നു.

മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുകയായിരുന്നു മീര. ''ഇതൊക്കെ സംഭവിക്കുമെന്ന് ഞാൻ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഞാൻ തെറ്റുകൾ ചെയ്തിട്ടുണ്ട്, എനിക്ക് ഒന്നും മറച്ചുവെക്കാനില്ല. ഇനി, എനിക്ക് എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഞാൻ ഇപ്പോൾ എന്റെ കരിയറുമായി വളരെ തിരക്കിലാണ്, ജീവിതത്തിൽ വളരെ സന്തോഷവതിയാണ്. ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ.

അനുഭവങ്ങളിലൂടെയാണ് നമ്മൾ ജീവിതത്തിൽ വ്യക്തത കൈവരിക്കുന്നത്. നമ്മുടെ സ്വന്തം സ്‌പേസിൽ നമ്മൾ കംഫർട്ടബിൾ അല്ലെങ്കിൽ, നമ്മൾ മറ്റുള്ളവരിൽ നിന്ന് സാധൂകരണം തേടേണ്ടിവരും. അങ്ങനെ സംഭവിക്കുമ്പോൾ, മറ്റുള്ളവർ പറയുന്നത് നമ്മുടെ 'സത്യ'മായി മാറാൻ തുടങ്ങും. അതിനർത്ഥം നമ്മൾ ആരെയും വേദനിപ്പിക്കണമെന്നല്ല, മറിച്ച് നമ്മുടെ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം''.

2024-ലായിരുന്നു ക്യാമറാമാൻ വിപിൻ പുതിയങ്കത്തെ മീര വിവാഹം കഴിച്ചത്. മീര നായികയായ 'കുടുംബവിളക്ക്' സീരിയലിന്റെ ക്യാമറാമാൻ ആയിരുന്നു വിപിൻ. ആ അടുപ്പമാണ് വിവാഹത്തിലെത്തിയത്. തന്നേക്കാൾ പ്രായം കുറഞ്ഞ ആളുമായുള്ള വിവാഹത്തെ തുടർന്ന് മീരയ്‌ക്കെതിരെ ട്രോളുകളുമുണ്ടായി. ഛായാഗ്രഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെയാണ് മീര ആദ്യമായി വിവാഹം ചെയ്തത്. 2005-ൽ വിവാഹിതരായ ഇരുവരും മൂന്നുവർഷത്തിനുശേഷം പിരിഞ്ഞു. 2012-ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. നാലുവർഷത്തിനുശേഷം ആ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു.

മുംബൈയിലാണ് മീര ജനിച്ചത്. സൈക്കോളജിയിലും ഇംഗ്ലീഷ് ലിറ്ററേച്ചറിലും ബിരുദമെടുത്തശേഷം, മോഡലിങ്ങിലേക്ക് തിരിഞ്ഞു മീര. അവിടുന്നാണ് സിനിമയിലേക്ക് കടക്കുന്നത്. തെലുഗു, ഹിന്ദി, തമിഴ്, മലയാളം സിനിമകളിൽ സജീവമായി. 2025-ൽ പുറത്തിറങ്ങിയ ഗെറ്റ് സെറ്റ് ബേബി, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്നിവയാണ് മീരയുടെ അവസാന റിലീസുകൾ. ഇപ്പോൾ സീരിയലുകളിൽ സജീവമാണ് താരം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi