പ്രായമയതിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഏവര്‍ക്കും ടെന്‍ഷനാണ്. നിറം കൂട്ടാനും പ്രായം കുറയ്ക്കാനും എന്ത് പൊടിക്കൈകളും പ്രയോഗിക്കുന്നവരാണ് കൂടുതലും. കഴിഞ്ഞ കുറെ നാളുകളായി ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നത് ഗ്ലൂട്ടത്തിയോണാണ്. ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണവുമായി ബന്ധപ്പെട്ട് ആന്റി-ഏജിംഗ് ചികിത്സയും ഗ്ലൂട്ടത്തിയോണുമെല്ലാം ശാസ്ത്രീയമാണോ ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടമെന്ത് തുടങ്ങിയ ചര്‍ച്ചകള്‍ വ്യാപകമാവുകയാണ്. സൗന്ദര്യവര്‍ധകമരുന്നുകളും ചികിത്സകളും ദിനംപ്രതി കൂടിവരുന്ന കാലത്ത് സെലിബ്രിറ്റികള്‍ക്കും ഇന്‍ഫ്‌ളുവന്‍സറുമാര്‍ക്കുമിടയില്‍ ജനപ്രീതി നേടിയ ഗ്ലൂട്ടത്തിയോണ്‍ സുരക്ഷിതമാണോ
എന്ന് പരിശോധിക്കാം.
എന്താണ് ഗ്ലൂട്ടത്തിയോണ്‍?
ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടത്തിയോണ്‍. ഇതില്‍ പ്രധാനമായും ഗ്ലൂട്ടാമൈന്‍, ഗ്ലൈസിന്‍, സിസ്‌റ്റൈന്‍ എന്നീ മൂന്ന് അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. കോശത്തിന്റെ ആരോഗ്യത്തിനും കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു. പ്രായത്തിനനുസരിച്ച് ഗ്ലൂട്ടത്തിയോണിന്റെ അളവ് കുറഞ്ഞുവരുന്നു. പോഷകാഹാരക്കുറവ്, സമ്മര്‍ദം തുടങ്ങിയ ഘടകങ്ങള്‍ മൂലവും ഇവയുടെ അളവ് ഗണ്യമായി കുറഞ്ഞേക്കാം.
ഗ്ലൂട്ടത്തിയോണും സൗന്ദര്യചികിത്സയും
ഗ്ലൂട്ടാത്തിയോണ്‍ ശരീരത്തിലെ 'ടൈറോസിനേസ്' എന്ന എന്‍സൈമിനെ തടയുന്നതുമൂലം മെലാനിന്റെ അളവ് കുറയുന്നു. ഇതിലൂടെ ചര്‍മത്തിന് കൂടുതല്‍ തിളക്കവും നിറവും ലഭിക്കുന്നു. ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തെ ചെറുക്കുന്നു. പിഗ്മെന്റേഷനും കുറയ്ക്കും.
ഓറല്‍, ടോപ്പിക്കല്‍, ഇന്‍ജക്ഷന്‍
ഓറല്‍ സപ്ലിമെന്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണെങ്കിലും അവയ്ക്ക് ആഗിരണനിരക്ക് കുറവാണ്. എന്നാല്‍ ഗ്ലൂട്ടാത്തിയോണ്‍ കുത്തിവയ്പ്പുകള്‍ വേഗതയേറിയതും കൂടുതല്‍ ഫലം നല്‍കുന്നവയുമാണ്. ഒരു കോസ്മറ്റോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം മാത്രം ചെയ്യാവുന്ന ഒന്നാണിത്. ചര്‍മത്തിലേക്ക് ആഴത്തില്‍ ചെല്ലുന്നതിനാല്‍ ടോപ്പിക്കല്‍ ഫോമുകള്‍ ഫലപ്രദമല്ല. പൊതുവേ, സൗന്ദര്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കുത്തിവയ്പ്പുകളും ഓറല്‍ സപ്ലിമെന്റുകളുമാണ് സാധാരണയായി ഡെര്‍മറ്റോളജിസ്റ്റുകള്‍ നിര്‍ദേശിക്കാറുളളത്.
എന്തുകൊണ്ട് വിറ്റാമിന്‍ സി
ഗ്ലൂട്ടാത്തിയോണിന്റെ ഗുണം നല്ലരീതിയിൽ കിട്ടാനായി വിറ്റാമിന്‍ സിയുമായി സംയോജിപ്പിച്ചാണ് ഉപയോഗിക്കാറുള്ളത്.
ശരിയായ അളവ്
ഒരുദിവസം 250 മില്ലിഗ്രാം മുതല്‍ 1000 മില്ലിഗ്രാം ഗ്ലൂട്ടത്തിയോണ്‍ കഴിക്കാമെന്നാണ് വിദഗധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ഇത് കഴിക്കാനും പാടുള്ളൂ.
പാര്‍ശ്വഫലങ്ങള്‍
ഗ്ലൂട്ടാത്തിയോണ്‍ സൗന്ദര്യചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്നെങ്കിലും അതിന്റെ അമിതമായ ഉപയോഗം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഗ്ലൂട്ടാത്തിയോണ്‍ അമിതമായി കഴിക്കുന്നത് ദഹനക്കേട്, അലര്‍ജി, ചര്‍മത്തില്‍ തടിപ്പ് എന്നിവയ്ക്കുപുറമെ വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നു. മാത്രമല്ല ശരീരത്തിലെ സ്വാഭാവിക മെലാനിന്‍ ഉല്‍പ്പാദനത്തെ ഇത് തടസ്സപ്പെടുത്തിയേക്കാം. ഉയര്‍ന്ന ഗ്ലൂട്ടാത്തിയോണ്‍ ഡോസുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
പഠനങ്ങള്‍
ചർമത്തിന് തിളക്കം നല്‍കുന്നുമെന്നതിന് ക്ലിനിക്കല്‍ തെളിവുകളില്ലാത്തതിനാൽ ഗ്ലൂട്ടാത്തിയോണിന്റെ അമിതഉപയോഗം ന്യായീകരിക്കാനാവില്ലെന്ന് ഡെര്‍മറ്റോളജി പ്രാക്ടിക്കല്‍ ആന്റ് കണ്‍സെപ്ച്വല്‍ ജേണലില്‍, 2018-ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മിക്ക രാജ്യങ്ങളിലും, ഗുരുതരമായ കരള്‍ തകരാറുകള്‍ക്കും കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ന്യൂറോടോക്സിസിറ്റി തടയുന്നതിനും മാത്രമേ ഗ്ലൂട്ടാത്തിയോണ്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.
മുന്‍കരുതലുകള്‍
- ഏതെങ്കിലും സൗന്ദര്യ ചികിത്സയ്ക്കോ സപ്ലിമെന്റിനോ മുമ്പ് എപ്പോഴും പരിചയസമ്പന്നരായ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെയോ കോസ്മറ്റോളജിസ്റ്റിന്റെയോ നിര്‍ദേശം തേടുക.
- ഇന്റര്‍നെറ്റിലെ ട്രെന്‍ഡോ കൂട്ടുകാരുടെ ഉപദേശമോ അടിസ്ഥാനമാക്കി ഒരിക്കലും സ്വയം മരുന്നുകള്‍ പ്രയോഗിക്കരുത്
- മറ്റേതൊരു ചികിത്സയെയും പോലെ സൗന്ദര്യ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ് നിങ്ങളുടെ മെഡിക്കല്‍ ചരിത്രം, മരുന്നുകളുടെ അലര്‍ജി, നിലവിലെ അവസ്ഥ എന്നിവ പരിഗണിക്കേണ്ടതുണ്ട്.
- ഉല്‍പ്പന്നത്തിന്റെ ഉറവിടം, ബ്രാന്‍ഡ് ആധികാരികത എന്നിവ എല്ലായ്‌പ്പോഴും ഉറപ്പാക്കുക.
- ഒരേസമയം വളരെയധികം സജീവ ഉല്‍പ്പന്നങ്ങളോ സപ്ലിമെന്റുകളോ സംയോജിപ്പിക്കുന്നത് ഒഴിവാക്കുക.
- ശരിയായ വിലയിരുത്തല്‍ കൂടാതെ ഉയര്‍ന്ന ഡോസ് ഫോര്‍മുലേഷനുകള്‍ ഒഴിവാക്കുക.
- അലര്‍ജി, പിഗ്മെന്റേഷന്‍, അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനം എന്നീ ലക്ഷണങ്ങള്‍ നിരീക്ഷിക്കുക, അവ ഉണ്ടായാല്‍ ഉടനടി ഉപയോഗം നിര്‍ത്തുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹ ലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: glutathione`s benefits for skin, its side effects, and safe usage
Published: 07 Jul 2025, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented