ത് പുതിയ തലമുറയുടെ യുഗം വന്നാലും തലമുതിര്‍ന്നവര്‍ പാസാക്കുന്ന അഭിപ്രായമുണ്ട്; 'ഒരു പണിയും എടുക്കൂല്ല, ഒക്കെ തലതെറിച്ച എണ്ണമാണ്'. നമ്മുടെ ജെന്‍ സി തലമുറയും ഇതേ ആരോപണങ്ങള്‍ കേള്‍ക്കുന്നവര്‍ തന്നെയാണ്. എപ്പോഴും ഫോണില്‍ തലകുമ്പിട്ടിരിക്കുന്ന, ആളുകളോട് ഇടപഴകാനറിയാത്ത, വിചിത്ര ഭാഷകളും രീതികളുമുള്ള ഒരു തലമുറയെന്ന് കാര്‍ന്നോന്മാര്‍ അവരെ കുറ്റം പറയുന്നുണ്ട്. എന്നാലീ പറയുന്നതില്‍ പലതും സത്യമാണ് താനും.

To advertise here,

ഇങ്ങനെ സാമൂഹിക ബന്ധങ്ങളോട് മുഖം തിരിക്കുന്ന ഈ തലമുറ വലിയ മാനസികപ്രശ്‌നങ്ങളുടെ പിടിയിലാണെന്നാണ് പഠനങ്ങള്‍. നമുക്കു ചുറ്റുമുള്ള 42 ശതമാനം ജെന്‍ സികളും വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നുണ്ട്. ലോക മാനസികാരോഗ്യ ദിനത്തില്‍ ജെന്‍ സികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയാണ് ചര്‍ച്ചകളേറെയും.

പ്രശ്‌നങ്ങള്‍ പലതരം

യു.കെ ആസ്ഥാനമായ സംഘടന റസല്യൂഷന്‍ ഫൗണ്ടേഷന്‍ മൂന്ന് വര്‍ഷം കൊണ്ട് നടത്തിയ പഠനത്തില്‍ 18- 24 വയസ്സുവരെ പ്രായമുള്ള ജെന്‍ സി തലമുറ വലിയ തോതില്‍ പലതരം മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായാണ് കണ്ടെത്തിയത്. ഡിപ്രഷന്‍, ആങ്‌സൈറ്റി ഡിസോര്‍ഡര്‍, എഡിഎച്ച്ഡി എന്നിങ്ങനെ നിരവധി മാനസികപ്രശ്‌നങ്ങള്‍ ഇവരില്‍ പലരും അനുഭവിക്കുന്നുണ്ട്. ലഹരി ഉപയോഗവും ആത്മഹത്യയും സഹജീവികളോടുള്ള അക്രമ സ്വഭാവവുമെല്ലാം ഇതിന്റെ ബാക്കിയായി പലരിലും പിന്നെയെത്തുന്നുണ്ട്.

ആന്റിഡിപ്രസെന്റ് മരുന്നുകളുടെ ഉപയോഗം ഈ പ്രായക്കാരില്‍ കൂടുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്കായി വിദഗ്ധസേവനം തേടിയെത്തുന്ന ജെന്‍ സികളുടെ എണ്ണവും ഏറുന്നുണ്ട്. ഉറക്കമില്ലായ്മയും കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയും സാമൂഹികബന്ധങ്ങളോടുള്ള വിമുഖതയും ആത്മവിശ്വസമില്ലായ്മയും ഭാവിയെപ്പറ്റി അമിതമായ ഉത്കണ്ഠയുമെല്ലാം ജെന്‍ സികളുടെ ഇടയില്‍ കൂടുന്നുണ്ട്.

വേഗം പ്രായമാകുന്ന തലമുറയെന്നാണ് വിദഗ്ധര്‍ ജെന്‍ സികളെ വിശേഷിപ്പിക്കുന്നത്. മില്ലേനിയല്‍സും അവര്‍ക്കുമുമ്പുള്ള തലമുറകളും തങ്ങളുടെ 30 കളിലോ 35 കളിലോ നേടിയിരുന്ന സാമ്പത്തിക സ്വാതന്ത്ര്യം, ജീവിതത്തെപ്പറ്റിയുള്ള ആശങ്കകള്‍, തൊഴില്‍ സമ്മര്‍ദ്ദം എന്നിവയെല്ലാം 25 വയസ്സിന് മുമ്പ് തന്നെ പുതുതലമുറയിലേക്ക് എത്തുന്നുണ്ട്. ഇതിനെല്ലാമപ്പുറം തങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങളെ നേരിടാനാവാതെ കുഴങ്ങുകയാണവര്‍. 85 ശതമാനം ജെന്‍സികളും തങ്ങളുടെ ഭാവിയെപ്പറ്റി അകാരണമായ ഭയം മനസ്സില്‍ സൂക്ഷിക്കുന്നവരാണെന്നും പഠനങ്ങള്‍.

ഒറ്റപ്പെടലാണ് ഇവരിലേറെപ്പേരും നേരിടുന്ന വലിയ പ്രശ്‌നം. പണ്ടത്തെപ്പോലെ കൂട്ടുകൂടി കളിക്കാനോ സന്തോഷിക്കാനോ സൗഹൃദം പങ്കിടാനോ ഇടങ്ങളോ ആളുകളോ അവര്‍ക്കു ചുറ്റുമില്ല. ഡിജിറ്റല്‍ ലോകത്താണ് അവരുടെ സൗഹൃദങ്ങളേറെയും. അവരില്‍ പലരും അപരിചിതര്‍. സാമൂഹികമായ ഇടപെടലുകള്‍ കുറവ്. അപരിചിതരുമായുള്ള സൗഹൃദങ്ങളില്‍ അവര്‍ ചെന്നുപെടുന്ന അപകടങ്ങളും വേറെ.

കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പ് തന്നെ ജെന്‍ സികള്‍ ഏതാണ്ട് ഡിജിറ്റല്‍ ലോകത്തിലകപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാല്‍ കോവിഡോടെ അത് പൂര്‍ണമായെന്നുമാത്രം. ഡിജിറ്റല്‍ അടിമത്തം ഇത്രയും വര്‍ധിക്കാന്‍ കാരണം കോവിഡ് ലോക്ഡൗണാണ്. അമേരിക്കയിലെ ഡേറ്റാമാനേജ്‌മെന്റ് സ്ഥാപനമായ ഹാര്‍മണി ഹെല്‍ത്ത് ഐടി നടത്തിയ സര്‍വേയില്‍, കോവിഡ് കാലം തങ്ങളുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിച്ചതായി 70 ശതമാനത്തോളം ജെന്‍ സികള്‍ തുറന്നു പറയുന്നുണ്ട്.

പഴയതലമുറയെ പറ്റി പുത്തന്‍ തലമുറയ്ക്കുള്ള ചില ചിന്തകളും പഠനങ്ങള്‍ പുറത്തുവിടുന്നുണ്ട്. 79 ശതമാനം ജെന്‍ സികളും കരുതുന്നത് മാനസികാരോഗ്യത്തെപ്പറ്റി ഇത്രയും കരുതലുള്ള തലമുറ തങ്ങളാണെന്നാണ്. അത് സത്യവുമാണല്ലോ. മാത്രമല്ല 82 ശതമാനം ജെന്‍ സി പിള്ളേരും കരുതുന്നത് മാനസികാരോഗ്യപ്രശ്‌നങ്ങളെ ഏറ്റവും മോശമായി കൈകാര്യം ചെയ്തതലമുറ ബേബി ബൂമേഴ്‌സാണ് ( 55-64 വരെ പ്രായമുള്ളവര്‍) എന്നാണ്. അവരേക്കാള്‍ ഭേദമാണ് മില്ലേനിയല്‍സ് ( 26 മുതല്‍ 41 വരെ) എന്നും.

ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സ്വയം വഴികള്‍ കണ്ടെത്തുന്നതിലും ജെന്‍ സികളാണ് മുന്നിലെന്ന് പറയുന്നു. ടിക്ക് ടോക്കില്‍, ഇന്‍സ്റ്റഗ്രാമില്‍ അങ്ങനെ എവിടെയും അവര്‍ തങ്ങള്‍ക്കുള്ള മരുന്നുകള്‍ കണ്ടെത്തുന്നു. അപകടങ്ങളില്‍ ചാടുന്നു. കിംഗ്സ് കോളേജ് ലണ്ടനിലെ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ പ്രൊഫസര്‍ ബോബി ഡഫിയും സംഘവും നടത്തിയ മറ്റൊരു പഠനം പറയുന്നത് യുവാക്കളുടെ മാനസികാരോഗ്യ തകര്‍ച്ചയുടെ മുഖ്യകാരണം സോഷ്യല്‍ മീഡിയയാണെന്നാണ്.

ബന്ധങ്ങളിലെ വിള്ളലുകള്‍ അതിഭയങ്കരമായി ബാധിക്കുന്ന തലമുറകൂടിയാണ് ജെന്‍ സികളെന്നും പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഒരു നോ പോലും താങ്ങാനാവാത്തവര്‍. സോഷ്യല്‍ മീഡിയ സൗഹൃദങ്ങളില്‍ നിന്നു നേരിടുന്ന ബുള്ളിയിങ്, അവഗണനകള്‍ എല്ലാം അവരെ മാനസികമായി ബാധിക്കാറുണ്ട്. അത്തരത്തില്‍ സമപ്രായക്കാരെ സോഷ്യല്‍ പ്ലാറ്റ് ഫോമുകളില്‍ അവഗണിക്കാനും മാനസികമായി തളര്‍ത്താനും ജെന്‍ സികള്‍ക്ക് ഒരു മടിയുമില്ലെന്നതാണ് മറ്റൊരു സത്യം.

തയ്യാറാക്കിയത്- റോസ് മരിയ വിൻസെന്റ്

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi