കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഭക്ഷണമാണ് പൊട്ടറ്റോ ചിപ്‌സും ഫ്രെഞ്ച് ഫ്രൈസും. ഉരുളക്കിഴങ്ങ് വറുത്തോ വേവിച്ചോ തയ്യാറാക്കിയ വിഭവങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകര്‍ നിരവധിയാണ്. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളിലും,കഫേകളിലും ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് ഫ്രെഞ്ച് ഫ്രൈസ്. മലയാളികള്‍ ഇരു കൈനീട്ടി സ്വീകരിച്ച ലോഡഡ്ഡ് ഫ്രെസും അവിടുത്തെ താരമാണ്.
എന്നാല്‍, പ്രിയപ്പെട്ട ഈ സ്‌നാക്ക്സ് നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം സുരക്ഷിതമാണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതേക്കുറിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ആശങ്ക ജനിപ്പിക്കുന്നതാണ്.
ഒരു ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഫ്രെഞ്ച് ഫ്രൈസ് അല്ലെങ്കില്‍ പൊട്ടാറ്റോ ചിപ്സ് കഴിക്കുന്നത് 'ടൈപ്പ് ടു' ഡയബിറ്റീസ് വരാനുള്ള സാധ്യത 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നു. ഒരാഴ്ചയില്‍ അഞ്ച് പ്രാവശ്യം കഴിച്ചാല്‍ അത് 27 ശതമാനമായി ഉയരും. കാരണം ഉരുളക്കിഴങ്ങ് കാര്‍ബോഹൈഡ്രേറ്റിന്റെ വലിയ ഉറവിടമാണ്. അത് വറുത്ത് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാനുള്ള സാധ്യത ഇരട്ടിയാവും.
ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കാര്‍ബിന്റെ ഗുണമേന്മയാണ് പ്രധാനമെന്ന് വിദഗ്ധര്‍ പറയുന്നു. ഉരുളക്കിഴങ്ങ് ഒഴിവാക്കി തവിടുളള അരിയോ(Brown rice), ഗോതമ്പു കൊണ്ടുണ്ടാക്കുന്ന പാസ്തയോ(Wholewheat pasta) ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അപകടസാധ്യത എട്ട് ശതമാനം വരെ കുറയ്ക്കും. പ്രത്യേകിച്ച് ഫ്രെഞ്ച് ഫ്രൈസ് ഒഴിവാക്കിയാല്‍ അപകടസാധ്യത 19 ശതമാനം വരെ കുറയും.
ദിവസേന ഫാസ്റ്റ്ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോഴും, കുട്ടികള്‍ വാശിപ്പിടിക്കുമ്പോള്‍ വാങ്ങിക്കൊടുക്കുന്ന ചിപ്‌സ് പാക്കറ്റിലും, സുലഭമായി ഇവ നമ്മുടെ വീട്ടിലേക്കും ശരീരത്തിലേക്കും കടന്നുവരുന്നു. ഫ്രെഞ്ച് ഫ്രെസ് മലയാളിയുടെ ഇഷ്ട ഭക്ഷണമായി മാറിക്കഴിഞ്ഞു. അവയുടെ സ്വാധീനം പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നതുപോലെ ഗുരുതരമാകുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉരുളക്കിഴങ്ങ് വീടുകളില്‍ വേവിച്ചോ ബേക്ക് ചെയ്‌തോ കഴിക്കുന്നതാണ് നല്ലത്.
ചുരുക്കി പറഞ്ഞാല്‍ ചിപ്സിനും ഫ്രെഞ്ച് ഫ്രൈസിനോടുമുളള ആസക്തി നമ്മുടെ ആരോഗ്യത്തോടുള്ള വിരക്തിയായി തീര്‍ന്നേക്കാം. അതുകൊണ്ട് അടുത്ത തവണ ഭക്ഷണ സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, ശരീരത്തോട് നീതി പുലര്‍ത്തുന്നുണ്ടോ എന്നു പരിശോധിക്കാം.
(ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങള്‍ മാത്രമാണിത്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഡോക്ടറുടെ ഉപദേശം തേടുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Study shows link between frequent french fry/potato chip consumption and type 2 diabetes. Learn healthier alternatives and reduce your risk.
Published: 16 Aug 2025, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented