പ്ലാസ്റ്റിക് സർജറി എന്നാൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ ആണ് എന്നാണ് ഭൂരിഭാഗം പൊതുജനങ്ങളുടെയും ധാരണ. എന്നാൽ പ്ലാസ്റ്റിക് സർജറി എന്നു പറയുന്ന വിശാലമായ വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ. അപകടങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ ചികിത്സിക്കുന്നതിൽ പ്ലാസ്റ്റിക് സർജന് ഒരു പ്രധാനപങ്കുണ്ട്. ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങൾക്കിടയിൽ വിരൽത്തുമ്പിലുണ്ടാവുന്ന മുറിവുകൾ പോലും പ്ലാസ്റ്റിക് സർജനാണ് ചികിത്സിക്കുന്നത്.

To advertise here,

വിരൽത്തുമ്പുകൾ മുറിയുമ്പോൾ
അടുക്കളയിൽ കത്തി, മിക്സി എന്നിവ കൈകാര്യം ചെയ്യുമ്പോൾ, ജോലിയുടെ ഭാഗമായി തടി മുറിക്കുന്ന യന്ത്രം, കട്ടർ മിഷൻ, ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം, ഗ്രൈൻണ്ടർ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ, ബൈക്കുകൾ സ്റ്റാർട്ട് ആക്കി വച്ചുകൊണ്ട് ബൈക്ക് ചെയിൻ വൃത്തിയാക്കുമ്പോൾ, അടയുന്ന വാതിലിന്റെ ഇടയിൽ വിരലുകൾ പെട്ടുപോകുമ്പോൾ, ഇരുചക്രവാഹന അപകടങ്ങൾ, മോതിരം എവിടെയെങ്കിലും കോർത്ത് വലിയുമ്പോൾ, സാധാരണയായി ഈ അവസരങ്ങളിൽ വിരലുകൾ മുറിയാൻ സാധ്യതയുണ്ട്. ആ മുറിവിന് കൂടുതൽ വ്യാപ്തിയുണ്ടാവുമ്പോഴാണ് പ്ലാസ്റ്റിക് സർജന്റെ സേവനം ആവശ്യമായി വരുന്നത്.

ആദ്യം ചെയ്യേണ്ടത്
ഏതൊരു മുറിവിനെയും പോലെ വിരൽത്തുമ്പുകൾ മുറിയുമ്പോൾ ആദ്യം ചെയ്യേണ്ടത് മുറിഞ്ഞ ഭാഗം വൃത്തിയായി കഴുകുക, പിന്നീട് വൃത്തിയുള്ള തുണി വച്ച് പൊതിഞ്ഞ് രക്തപ്രവാഹം നിർത്തുവാനായി അമർത്തിപ്പിടിക്കുക എന്നിവയാണ്. വിരലിന്റെ ഭാഗം പൂർണ്ണമായി വേർപെട്ടുപോയി എങ്കിൽ, ആ ഭാഗം തിരിച്ചുപിടിപ്പിക്കുവാൻ സാധിക്കുമോ എന്നറിയാനായി ആസ്പത്രിയിൽ എത്തിക്കേണ്ടതാണ്.

വിരൽ സൂക്ഷിക്കേണ്ടതെങ്ങനെ
അറ്റുപോയ ഭാഗം വൃത്തിയായി കഴുകി ഒരു നനഞ്ഞ തുണികൊണ്ട് പൊതിയുക, ശേഷം അത് ഒരു കവറിൽ ഇട്ട് കവറിന്റെ വായ കെട്ടുക. മറ്റൊരു കവർ എടുത്ത് അതിലേക്ക് ഐസ് കട്ടയും വെള്ളവും ഇടുക. രണ്ടാമത്തെ കവറിലേക്ക് ആദ്യത്തെ കവർ വയ്ക്കുക. വിരലിന്റെ ഭാഗം നേരിട്ട് ഐസുമായി തൊട്ട് തൊട്ടിരിക്കുന്നത് ഒഴിവാക്കുക.

ഏതൊക്കെ ശസ്ത്രക്രിയകൾ
അറ്റുപോയ വിരലിന്റെ ഭാഗം തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ, നഖത്തിലെ മുറിവുകൾ തുന്നുക, എല്ലുകൾ തുറന്നു വന്ന മുറിവുകളിൽ എല്ലു മൂടാനായി ദശ നീക്കി വയ്ക്കുക, ഒരു വിരൽ താൽക്കാലികമായി മറ്റൊരു വിരലിനോട് ചേർത്തു വയ്ക്കുന്ന ശസ്ത്രക്രിയ, വിരൽ വയറിലോ നെഞ്ചിലോ താൽക്കാലികമായി ചേർത്തു വയ്ക്കുന്ന ശസ്ത്രക്രിയ എന്നിങ്ങനെ വിവിധ തരം ശാസ്ത്രക്രിയകളുണ്ട്.

പ്ലാസ്റ്റിക് സർജനെ സമീപിക്കേണ്ടത്
വിരലിലെ മുറിവുകളും മുഴകളും ചികിത്സിക്കാനായി നിങ്ങൾ എപ്പോഴും പ്ലാസ്റ്റിക് സർജനെ തന്നെ സമീപിക്കുക. കാരണം വിരൽത്തുമ്പുകൾ അത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണ്. ദൈനംദിന ജീവിതത്തിൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോഴും എഴുതുവാനും എല്ലാം തന്നെ വിരൽത്തുമ്പുകൾ ആരോഗ്യപരമായി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

വിരലുകൾ സംരക്ഷിക്കാൻ
മൂർച്ചയേറിയ സാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കട്ടിയുള്ള കൈയ്യുറകൾ ഉപയോഗിക്കണം. യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ജോലി ചെയ്യുന്ന സമയത്ത് ധൃതിയും ശ്രദ്ധക്കുറവും ഒഴിവാക്കാം. കുട്ടികൾ വാതിലുകൾ വലിച്ചടക്കാതിരിക്കാനായി ഡോർ സ്റ്റോപ്പറുകൾ ഉപയോഗിക്കാം. കായിക വിനോദങ്ങളിൽ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക.

പ്രത്യക്ഷത്തിൽ വലിയ പ്രശ്നങ്ങളോ, ജീവഹാനിയോ ഒന്നും ഉണ്ടാകുന്നില്ലെങ്കിലും വിരലിന്റെ മുറിവുകൾ നമ്മുടെ ജോലിയെയും സുഗമമായ ജീവിതത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ്. കൂടുതൽ വിരലുകൾ മുറിഞ്ഞാൽ ഭക്ഷണം കഴിക്കുവാനും പ്രാഥമിക ആവശ്യങ്ങൾക്കും നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും. കൃത്യമായ ചികിത്സ, ശസ്ത്രക്രിയ, ഫിസിയോതെറാപ്പി എന്നിവയിലൂടെ നമുക്ക് വിരലുകളുടെ പ്രവർത്തനം വീണ്ടെടുക്കാം.

(പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ പ്ലാസ്റ്റിക് ആന്റ് റീകൺസ്ട്രക്ടീവ് സർജനാണ് ലേഖിക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi