വ്യായാമം ചെയ്താല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമോ? ഫിറ്റ്നസ് ഫ്രീക്കന്‍മാരും സാധാരണക്കാരുമെല്ലാം കണ്‍ഫ്യൂഷനിലാണ്. മറ്റൊന്നുമല്ല, വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച വാര്‍ത്തകളാണ് ആശങ്കയ്ക്ക് കാരണം. കന്നഡ സിനിമാതാരം പുനിത് രാജ്കുമാര്‍, ഫിറ്റ്നസ് ഇന്‍ഫ്‌ളുവെന്‍സറായ ജോ ലിന്‍ഡ്നര്‍, കന്നഡ നടി സ്പന്ദന, മിസ്റ്റര്‍ തമിഴ്നാട് വിജയി അരവിന്ദ് ശേഖര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഇങ്ങനെ ജീവന്‍ നഷ്ടമായവരാണ്. ഈ മരണങ്ങള്‍ വ്യായാമത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ക്ക് കാരണമായിട്ടുണ്ട്. വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ?
വ്യായാമം ഒഴിവാക്കല്ലേ
ഹാര്‍ട്ട് അറ്റാക്കോ മറ്റ് പ്രയാസങ്ങളോ പേടിച്ച് വ്യായാമം ഒഴിവാക്കുന്നത് ശരിയല്ലെന്ന് ഹൃദ്രോഗവിദഗ്ധനും സര്‍ജനുമായ ഡോ.മുരളി വെട്ടത്ത് വ്യക്തമാക്കുന്നു. ''ജിമ്മില്‍ പോകുന്നതും വ്യായാമം ചെയ്യുന്നതും നല്ലതാണ്. ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാത്രം. പ്രത്യേകിച്ച് 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍''.
വ്യായാമത്തിന് മുന്‍പ് ജനറല്‍ ഫിസിഷ്യനെക്കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഹൃദയപ്രവര്‍ത്തനം അറിയാനായി എക്കോ, ട്രെഡ്മില്‍ ടെസ്റ്റ് എന്നിവ ചെയ്യാം. ബി.പി., ഷുഗര്‍, കൊളസ്ട്രോള്‍ അളവുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണം. രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാവുന്നത് പ്രായമാവുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന പ്രക്രിയയാണ്. രോഗങ്ങളും മറ്റ് ദുശ്ശീലങ്ങളും അതിന്റെ ആക്കംകൂട്ടും. വ്യായാമം ചെയ്തുഎന്നുകരുതി ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാവില്ലെന്ന് പറയാന്‍ കഴിയില്ല.
ശരീരത്തെ അറിയാം
സ്വന്തം ആരോഗ്യസ്ഥിതി തിരിച്ചറിയുക എന്നതാണ് പ്രധാനം. ഉദാഹരണത്തിന് ചെറുപ്പത്തില്‍ നന്നായി അധ്വാനിച്ചിരുന്ന വ്യക്തിക്ക് പ്രായം കൂടുന്തോറും പഴയ ആരോഗ്യം നിലനില്‍ക്കണമെന്നില്ല. ശരീരത്തിന് മാറ്റം സംഭവിച്ചിരിക്കാം. അസുഖങ്ങളും മോശം ജീവിതശൈലികളും ആരോഗ്യസ്ഥിതി മോശമാക്കിയിരിക്കാം. ഇത് മനസ്സിലാക്കാതെ പെട്ടെന്നൊരു ദിവസം വ്യായാമം തുടങ്ങുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്.
എത്രദിവസം, എത്രസമയം
ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം വ്യായാമം ചെയ്താല്‍ മതിയാകും. പരമാവധി മുക്കാല്‍ മണിക്കൂര്‍ നേരം. കൂടുതല്‍ സമയം വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ റിസല്‍ട്ട് ലഭിക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ വിബിന്‍ സേവ്യര്‍ അഭിപ്രായപ്പെടുന്നു. ദിവസവും ചെയ്യാതെ എല്ലാംകൂടി ഒരുമിച്ച് ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഹൃദയത്തിന് സമ്മര്‍ദമേല്‍ക്കുന്നത്.
ഹൃദയം നല്‍കും സൂചനകള്‍
ഹൃദയം അതിന്റെ പ്രയാസങ്ങളെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. വ്യായാമത്തിനിടെ അകാരണമായുള്ള ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവ വന്നാല്‍ ശ്രദ്ധിക്കണം. വൈദ്യപരിശോധന നടത്തി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കണം. അതുപോലെ വേദനയോ പിടിത്തമോ അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമം നിര്‍ത്തണം. വിശ്രമിച്ച് പ്രശ്‌നമില്ലെന്ന് ഉറപ്പാക്കിയശേഷം തുടരാം.
റസ്റ്റിങ് ഹാര്‍ട്ട് റേറ്റ് എന്നുപറയുന്നത് മിനിറ്റില്‍ 70-80 ആണ്. ഇത് പതിയെ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതിയില്‍ (മിനിറ്റില്‍ 85-95) വേണം വ്യായാമങ്ങള്‍ ചെയ്യാന്‍.
വാം അപ്പും കൂള്‍ ഡൗണും
കാര്‍ഡിയോ ആണെങ്കിലും വെയ്റ്റ് ട്രെയിനിങ് ആണെങ്കിലും വാംഅപ് ചെയ്യാതെ വ്യായാമങ്ങളിലേക്ക് കടക്കരുത്. അങ്ങനെചെയ്താല്‍ ബി.പി.നില ഉയരാനും രക്തയോട്ടം വര്‍ധിച്ച് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ക്കും ഇടയാക്കും. അഞ്ചോ പത്തോ മിനിറ്റ് വാംഅപ് മതിയാകും. അതുപോലെ പതിയെ കൂള്‍ഡൗണ്‍ ചെയ്തുവേണം വ്യായാമം അവസാനിപ്പിക്കാന്‍.
പുതുതായി വ്യായാമം ചെയ്തുതുടങ്ങുന്നവര്‍ക്ക് നടത്തം, സൈക്ലിങ്, ജോഗിങ് എന്നിവയാണ് ഉത്തമം. ശരീരത്തിന്റെ പ്രതികരണം മനസ്സിലാക്കിയശേഷം മാത്രം വെയ്റ്റ് ട്രെയിനിങ് ആരംഭിക്കാം.
ഏതെങ്കിലും കാരണത്താല്‍ വര്‍ക്കൗട്ട് മുടങ്ങി പിന്നീട് തുടരുന്നവരും ഈയൊരുരീതി പിന്തുടരുന്നതാണ് ഉത്തമം.
വിശ്രമം വേണം
വ്യായാമത്തിനൊപ്പം വിശ്രമവും ആവശ്യമാണെന്ന് ഫിറ്റ്നസ് ട്രെയിനറും ന്യൂട്രിഷനിസ്റ്റുമായ സജിത് വി.എം. പറയുന്നു. ''ആവശ്യത്തിന് വിശ്രമിക്കാതെ, ഉറക്കമില്ലാതെ വ്യായാമം ചെയ്യുന്നത് ആന്തരികാവയവങ്ങള്‍ക്ക് കേടുവരുത്തും. രക്തയോട്ടം ഉയരാനും ഹൃദയാഘാതം പോലുള്ള സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുകയുംചെയ്യും''.
പ്രോട്ടീന്‍ പൗഡര്‍ കഴിച്ചാല്‍
ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാത്തവര്‍ക്കാണ് പ്രോട്ടീന്‍ പൗഡര്‍ നിര്‍ദേശിക്കാറുള്ളത്. പാലില്‍നിന്നും മറ്റ് ധാന്യങ്ങളില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്നതാണ് ഇത്. പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. ആഹാരത്തിലൂടെ ലഭിക്കേണ്ട പ്രോട്ടീനിന്റെ അളവ് കുറയുമ്പോള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് കഴിച്ചതുകൊണ്ടുമാത്രം ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ വരുമെന്ന് പറയാന്‍ കഴിയില്ല.
എന്നാല്‍ സ്റ്റിറോയ്ഡുകള്‍, ഗ്രോത്ത് ഹോര്‍മോണുകള്‍ തുടങ്ങിയവ അങ്ങനെയല്ല. ബോഡിബില്‍ഡര്‍മാര്‍ക്കുവേണ്ടി പ്രത്യേകമായി തയ്യാറാക്കുന്നവയാണ് ഇവ. ഇതിന്റെ ഉപയോഗം ഭാവിയില്‍ പലവിധ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാവും. സാധാരണ ഫിറ്റ്നസ് ലക്ഷ്യമിടുന്നവര്‍ക്ക് ഇതൊന്നും ആവശ്യമില്ല. കൃത്യമായ വര്‍ക്ക്ഔട്ടും ഡയറ്റും ശീലിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
- പാരമ്പര്യമായി ഹൃദ്രോഗമോ മറ്റ് പ്രയാസങ്ങളോ ഉള്ളവര്‍, 25 വയസ്സിന്ശേഷം കൃത്യമായ ഇടവേളകളില്‍ ശാരീരികപരിശോധന നടത്തേണ്ടതുണ്ട്.
- പുഷ്അപ്സ് പോലുള്ള വ്യായാമങ്ങള്‍ കുറഞ്ഞ എണ്ണം ചെയ്താല്‍ മതിയാകും. ഇരുപതോ മുപ്പതോ ഒന്നിച്ച് ചെയ്യുന്നതിന് പകരം പത്തെണ്ണം വീതമുള്ള രണ്ടോ മൂന്നോ സെറ്റുകളാക്കി ചെയ്യാം.
- ഭാരം ഉയര്‍ത്തുന്ന വ്യായാമങ്ങളും കരുതലോടെ ചെയ്യണം. അമിതഭാരം ഉയര്‍ത്തിയുള്ള വ്യായാമങ്ങള്‍ ഗുണംചെയ്യില്ല.
- കഫീന്‍ അടങ്ങിയ ആഹാരം പ്രീ വര്‍ക്കൗട്ട് മീല്‍സ് ആയി ഉപയോഗിക്കുന്നത് നിയന്ത്രിക്കണം.
- ഗ്രോത്ത് ഹോര്‍മോണ്‍, സ്റ്റിറോയ്ഡ്സ് എന്നിവ ഒഴിവാക്കാം.
- വര്‍ഷത്തില്‍ രണ്ടോ മൂന്നോതവണ വൈദ്യപരിശോധന നടത്തി ബി.പി, ഷുഗര്‍, കൊളസ്ട്രോള്‍ അളവുകള്‍ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുക.
- വ്യായാമങ്ങള്‍ പതിയെ ആരംഭിക്കുകയും (വാം അപ്) സാവധാനത്തില്‍ അവസാനിപ്പിക്കുകയും (കൂള്‍ഡൗണ്‍) ചെയ്യുക.
- അറിവും പരിചയവുമുള്ള ട്രെയ്നറുടെ കീഴില്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് നല്ലത്.
- കാര്‍ഡിയോ പള്‍മണറി റസിസിറ്റേഷന്‍ (സി.പി.ആര്‍.) ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് ട്രെയിനര്‍മാര്‍ക്ക് അറിവുണ്ടെന്ന് ഉറപ്പാക്കണം.
- ബാലന്‍സ് ഡയറ്റ് പിന്തുടരുക. ഏതെങ്കിലും ഒന്ന് പൂര്‍ണമായി ഒഴിവാക്കി മറ്റൊന്ന് ധാരാളം കഴിക്കുന്ന രീതി നല്ലതല്ല.
ഹൃദയപരിശോധന നിര്‍ബന്ധം-ഡോ. മുരളി വെട്ടത്ത്, കാര്‍ഡിയാക് സര്‍ജന്‍
'വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഹൃദയത്തിന്റെ ആരോഗ്യംഅറിയണം. ഇതിനായി എക്കോ, ട്രെഡ്മില്‍ ടെസ്റ്റ് എന്നിവ ചെയ്യാം. ബി.പി., ഷുഗര്‍, കൊളസ്ട്രോള്‍ അളവുകള്‍ കൃത്യമാണെന്നും ഉറപ്പുവരുത്തണം.'
വിശ്രമം പ്രധാനം-സുജിത് വി.എം., ഫിറ്റ്‌നസ്സ് ട്രെയ്‌നര്‍, ന്യൂട്രിഷനിസ്റ്റ്
'വര്‍ക്ക്ഔട്ട് പോലെ പ്രധാനമാണ് ഉറക്കവും. ആവശ്യത്തിന് വിശ്രമമില്ലാതെ വ്യായാമംചെയ്യുന്നത് ഹൃദയത്തിനും മറ്റ് അവയവങ്ങള്‍ക്കും ദോഷംചെയ്യും'
കൂടുതല്‍ സമയം വേണ്ട-വിബിന്‍ സേവ്യര്‍, സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍
' പരമാവധി മുക്കാല്‍ മണിക്കൂര്‍ വ്യായാമം ചെയ്താല്‍ മതിയാകും. കൂടുതല്‍ സമയം വര്‍ക്ക്ഔട്ട് ചെയ്താല്‍ കൂടുതല്‍ റിസല്‍ട്ട് ലഭിക്കുമെന്നത് തെറ്റിദ്ധാരണയാണ്'
Content Highlights: fear of heart attack while exercising, heart attack causes
Published: 23 Nov 2023, 04:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented