ശരീരത്തിലെ ദുർഗന്ധം പലപ്പോഴും വലിയൊരുപ്രശ്‌നമാണ്. ആൾക്കൂട്ടത്തിലോ മറ്റോ ഇരിക്കുമ്പോൾ ഇത്തരം ദുർഗന്ധങ്ങൾ സ്വന്തം ശരീരത്തിൽ നിന്നു വരുന്നത് പലരുടെയും ആത്മവിശ്വാസം കൊടുത്തും. ഹോർമോൺ വ്യതിയാനങ്ങൾ, സമ്മർദ്ദം, ശരിയായ ശുചിത്വമില്ലായ്മ, ജനിതകപരമായ പ്രവണത എന്നിവയുൾപ്പെടെയുള്ള പല ഘടകങ്ങളും ശരീര ദുർഗന്ധത്തിന്റെ തീവ്രതയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ഇത് കണ്ടെത്തുന്നതു വഴി വളരെ ഫലപ്രദമായി നമുക്ക് ദുർഗന്ധം ഇല്ലാതാക്കാനും കഴിയും. ശരീര ദുർഗന്ധത്തിന്റെ മൂലകാരണം മനസ്സിലാക്കാൻ, അത് എങ്ങനെ ഉണ്ടാകുന്നു എന്ന് ആഴത്തിൽ പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ദർ പറയുന്നു.

കക്ഷങ്ങളിലെ ശരീര ദുർഗന്ധത്തിന്റെ പ്രധാന കാരണം വിയർപ്പും ചർമ്മത്തിലെ ബാക്ടീരിയയും തമ്മിലുള്ള പ്രതിപ്രവർത്തനമാണ്. മനുഷ്യശരീരത്തിൽ എക്രൈൻ, അപ്പോക്രൈൻ എന്നിങ്ങനെ രണ്ട് തരം വിയർപ്പ് ഗ്രന്ഥികളുണ്ട്. എക്രൈൻ ഗ്രന്ഥികൾ വെള്ളം പോലെയുള്ള ഗന്ധമില്ലാത്ത വിയർപ്പാണ് ഉത്പാദിപ്പിക്കുന്നത്. ശരീര താപനില നിയന്ത്രിക്കുന്നതിനാണിത്. കക്ഷങ്ങളിലും ഞരമ്പുകളിലും കാണപ്പെടുന്ന അപ്പോക്രൈൻ ഗ്രന്ഥികൾ പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കട്ടിയുള്ള വിയർപ്പാണ് പുറപ്പെടുവിക്കുന്നത്. ഈ വിയർപ്പ് ചർമ്മത്തിൽ എത്തി ബാക്ടീരിയയുമായി ചേരുമ്പോൾ അത് വിഘടിച്ച് ദുർഗന്ധം ഉണ്ടാക്കുന്നു.

ശരീരദുർഗന്ധം കുറയ്ക്കാൻ ഇത്തരം ബാക്ടീരിയകളെ നിയന്ത്രിക്കുക എന്നതാണ് ഒരു വഴി. ശുചിത്വം പാലിക്കുന്നതിലൂടെ അത് ഒരു പരിധി വരെ സാധ്യമാകും. ടീ ട്രീ ഓയിൽ, ചാർക്കോൾ അല്ലെങ്കിൽ യൂക്കാലിപ്റ്റസ് അടങ്ങിയ ആൻറിമൈക്രോബിയൽ ബോഡി വാഷുകളും സോപ്പുകളും തിരഞ്ഞെടുക്കുന്നതും നല്ലതാണ്. ആൻറിബാക്ടീരിയൽ സോപ്പുകൾ ശരീര ദുർഗന്ധത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്. ബാക്ടീരിയകൾ പറ്റിപ്പിടിക്കുന്നത് നിർജീവ കോളങ്ങളിലാണ്. മൃദുവായ സ്‌ക്രബുകളിലൂടെ നമുക്ക് നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാൻ കഴിയും. അതുപോലെ നമ്മൾ ശീലിക്കേണ്ട കുറച്ചു കാര്യങ്ങളുമുണ്ട്.

അമിതമായ രോമങ്ങൾ വിയർപ്പും ബാക്ടീരിയയും തങ്ങിനിൽക്കുന്നതിന് കാരണമാവുന്നു. ഷേവിങ് അല്ലെങ്കിൽ ട്രിമ്മിങ് ശരീരത്തിലെ ബാക്ടീരിയകൾക്ക് തങ്ങിനിൽക്കാനുള്ള ഇടം കുറയ്ക്കുകയും ശരീരത്തെ എപ്പോഴും ഫ്രഷായി നിലനിർത്തുകയും ചെയ്യുന്നു. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും വിയർപ്പ് അടിഞ്ഞുകൂടി ബാക്ടീരിയകൾ വളരുന്നത് തടയാൻ സഹായിക്കുന്നു. ഇതിന് വസ്ത്രങ്ങൾ പതിവായി മാറ്റണം. ഒരേ വസ്ത്രം തന്നെ കൂടുതൽ നേരം ഉപയോഗിക്കുന്നതും നല്ലതല്ല. 

സിന്തറ്റിക് തുണിത്തരങ്ങൾക്ക് പകരം പരമാവധി പ്രകൃതിദത്ത തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതും ഉചിതമായിരിക്കും. ഇവയല്ലാതെ പുറത്തേക്ക് പോകുമ്പോൾ ഡിയോഡറന്റുകൾ പോലുള്ളവയും  ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മത്തിനനുസരിച്ച് വേണം അവ തിരഞ്ഞെടുക്കാൻ. ചില ആഹാരരീതികളും പലപ്പോഴും ദുർഗന്ധത്തിന് കാരണമാവുന്നുണ്ട്. വെളുത്തുള്ളി, ഉള്ളി, കറികൾ പോലുള്ള ഭക്ഷണങ്ങൾ വിയർപ്പിലൂടെ പുറന്തള്ളുന്ന ചില സംയുക്തങ്ങൾ കാരണം ശരീരത്തിന് കൂടുതൽ ദുർഗന്ധം ഉണ്ടാക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് വിയർപ്പിന്റെ സാന്ദ്രത കുറയ്ക്കുകയും ശരീര ദുർഗന്ധത്തിന്റെ തീവ്രത ലഘൂകരിക്കുകയും ചെയ്യും.

(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ആരോഗ്യവിദഗ്ദന്റെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോവുക.)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi