
ഡിസംബറിലെ നട്ടുച്ചവരെ നീണ്ടുനിന്ന തണുപ്പ് നമ്മൾ മലയാളികളെ ചില്ലറയൊന്നുമല്ല രസിപ്പിച്ചത്. എന്നാൽ ആ മഞ്ഞുകാലത്തിന്റെ ശേഷിപ്പൊന്നും മിച്ചം വെക്കാതെ, ജനുവരി പകുതിയോടെ തന്നെ വേനൽക്കാലത്തിന്റെ ചൂട് നമുക്ക് അനുഭവപ്പെട്ടു തുടങ്ങി. പെട്ടെന്നുണ്ടാകുന്ന ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല.
മുൻപ് കാലാവസ്ഥയ്ക്ക് അനുസരിച്ച് വരുന്ന അസുഖങ്ങൾക്ക് ഒരു കൃത്യത ഉണ്ടായിരുന്നുവെങ്കിൽ, ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു. ഏത് കാലാവസ്ഥയിലും മനുഷ്യന്റെ രോഗപ്രതിരോധശേഷിക്ക് കടുത്ത പോരാട്ടം നടത്തേണ്ടി വരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പനി മാറി വരുമ്പോൾ, അതിന്റെ കൂടെ 'ഓഫർ' ആയി കിട്ടുന്ന ഒന്നാണ് വരണ്ട ചുമ (Dry Cough). ഈ ചുമ അത്ര പെട്ടെന്നൊന്നും വിട്ടുമാറില്ല. ആയുർവേദം നിർദ്ദേശിക്കുന്ന ജീവിതശൈലികളിലൂടെ എങ്ങനെ വരണ്ട ചുമയെ പ്രതിരോധിക്കാം എന്ന് നോക്കാം.
എന്താണ് വരണ്ട ചുമ?
വരണ്ട ചുമ എന്നത് ശ്വാസനാളത്തിലോ തൊണ്ടയിലോ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയാണ്. ഇങ്ങനെയുള്ള ചുമയിൽ കഫം പുറത്തുവരില്ല. ശ്വാസകോശത്തിലോ ശ്വാസനാളത്തിലോ കഫത്തിന്റെ തടസ്സമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ശ്വാസനാളത്തിൽ വീക്കം ഉണ്ടാകുമ്പോഴോ, വൈറസുകൾ, ബാക്ടീരിയകൾ തുടങ്ങിയ അന്യവസ്തുക്കളെ പുറന്തള്ളാൻ ശരീരം ശ്രമിക്കുമ്പോഴോ ആണ് സാധാരണയായി വരണ്ട ചുമ ഉണ്ടാകുന്നത്.
കാരണങ്ങൾ
- അലർജികൾ, ആസ്ത്മ, ബ്രോങ്കൈറ്റിസ്.
- രാസവസ്തുക്കളുമായോ മറ്റോ ഉള്ള സമ്പർക്കം.
- ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് (GERD) അല്ലെങ്കിൽ അസിഡിറ്റി.
- മരുന്നുകളുടെ പാർശ്വഫലങ്ങൾ (ഉദാഹരണത്തിന്, ചില രക്തസമ്മർദ്ദ മരുന്നുകൾ).
- പുകവലി, വോക്കൽ കോർഡ് സംബന്ധമായ പ്രശ്‌നങ്ങൾ.
- COPD, ഹൃദയസ്തംഭനം, ന്യുമോണിയ, ക്ഷയം തുടങ്ങിയവ.
മൂന്നാഴ്ചയിൽ കൂടുതൽ ചുമ നീണ്ടുനിൽക്കുകയാണെങ്കിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടതാണ്.
ആയുർവേദ മുൻകരുതലുകൾ(ആഹാരക്രമം (Pathya-Apathya)
കഴിക്കേണ്ടവ: ചൂടുവെള്ളം, ചൂടുള്ള കഞ്ഞി, സൂപ്പുകൾ.
ഇഞ്ചി, തുളസി, കുരുമുളക് എന്നിവ ചേർത്ത കഷായം.
രാത്രിയിൽ മഞ്ഞൾ ചേർത്ത ചൂടുപാൽ.
ലഘുവായതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ.
ഒഴിവാക്കേണ്ടവ: തണുത്ത വെള്ളം, ഐസ്‌ക്രീം, സോഫ്റ്റ് ഡ്രിങ്ക്സ്.
വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ. രാത്രികാലങ്ങളിൽ തൈര് കഴിക്കരുത്.
ജീവിതശൈലി നിർദ്ദേശങ്ങൾ
- പൊടി, പുക, തണുത്ത കാറ്റ് എന്നിവയുമായുള്ള സമ്പർക്കം ഒഴിവാക്കുക.
- തൊണ്ട ഉണങ്ങാതിരിക്കാൻ ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക.
- മതിയായ വിശ്രമവും ഉറക്കവും ഉറപ്പാക്കുക.
- അമിതമായി സംസാരിക്കുന്നത് ഒഴിവാക്കുക.
- വേനൽക്കാലത്ത് തല വിയർത്താൽ ഉടൻ തുടയ്ക്കുക (തലനീരിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക).
- ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ വായ കഴുകുക (Gargling).
- തുളസിയോ അയമോദകമോ ചേർത്ത് ആവി പിടിക്കുക.
- തേനും ഇഞ്ചിനീരും ചെറിയ അളവിൽ ചേർത്ത് കഴിക്കുക.
ആയുർവേദ ഔഷധങ്ങൾ (വിദഗ്ധ നിർദ്ദേശപ്രകാരം)
ത്രികടു ചൂർണം: ¼ - ½ ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് ദഹനത്തിനും കഫ-വാത ശമനത്തിനും നല്ലതാണ്.
യഷ്ടിമധു ചൂർണം: തൊണ്ടയിലെ ഉണക്കവും ചൊറിച്ചിലും മാറാൻ തേൻ ചേർത്ത് ഉപയോഗിക്കാം.
ഏലാദി ചൂർണം: അലർജി മൂലമുള്ള ചുമയ്ക്കും തൊണ്ടയിലെ അസ്വസ്ഥതയ്ക്കും ഫലപ്രദമാണ്.
- പ്രാണായാമവും ലഘുവായ ശ്വസന വ്യായാമങ്ങളും (അനുലോമ-വിലോമം) ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. എന്നാൽ കഠിനമായ ചുമയുള്ളപ്പോൾ തീവ്രമായ ശ്വസന വ്യായാമങ്ങൾ ഒഴിവാക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Beat persistent dry cough with Ayurvedic tips and natural home remedies. Discover soothing treatments for your throat and respiratory health
Published: 25 Feb 2026, 11:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented