ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സൊണാലി ബന്ദ്രെ. നിർമ സോപ്പിന്റെ പരസ്യത്തിലൂടെ ടി.വി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറിയ പെൺകുട്ടി. തികച്ചും പുതുമയുള്ള മുഖം തന്നെയായിരുന്നു അവരുടെ ആകർഷണീയത. 90's കിഡ്സിന്റെ ക്രഷായി മാറിയ സൊണാലി ബന്ദ്രെ. ഇക്കഴിഞ്ഞ ദിവസമാണ് സൊണാലി 50-ാം ജൻമദിനം ആഘോഷിച്ചത്. എന്നാൽ, ചിട്ടയായ ജീവിതശൈലികളിലൂടെ ഇന്നും ആരാധകരുടെ പ്രിയപ്പെട്ട 'നിർമ ഗേൾ' തന്നെയാണവർ.

2018-ൽ കാൻസർ രോഗം ബാധിച്ചെങ്കിലും, ചികിത്സയിലൂടെ രോഗവിമുക്തി നേടി. വീണ്ടും സിനിമയിലും വെബ്‌സീരീസിലും സജീവമാവുകയും ചെയ്തു. തന്റെ ചിട്ടയായ ശീലങ്ങളെക്കുറിച്ച് സംസാരിക്കുകയാണവർ. ''പ്രസവശേഷം എന്റെ ഭാരം വല്ലാതെ കൂടി. എനിക്ക് പരിഭ്രാന്തി തോന്നി, ഒരു നല്ല പരിശീലകനോടൊപ്പം ജിമ്മിൽ പോയി ഒരു മാസം വ്യായാമം ചെയ്തു. പക്ഷേ വ്യായാമം തുടരാൻ എനിക്ക് മടിയാണ്. മാത്രമല്ല, നടുവിനും കാൽമുട്ടിനും പ്രശ്‌നമുണ്ട്, അതിനാൽ ഞാൻ യോഗ പരിശീലിക്കാൻ തുടങ്ങി''.

''ആരോഗ്യമുള്ള ഭക്ഷണമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. ധാരാളം പോഷകസമൃദ്ധമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവ കഴിക്കുന്നു. കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് കൂടുതൽ. അത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും. ജങ്ക് ഫുഡ് ഞാൻ പൂർണമായും ഒഴിവാക്കും. രാത്രിഭക്ഷണം വളരെ നേരത്തെ കഴിക്കും. ഡിന്നർ വൈകീട്ട് ആറര-ഏഴ് മണിയെന്നതാണ് എന്റെ ശീലം. ഇത് ഭക്ഷണം പെട്ടെന്ന് ദഹിക്കാൻ സഹായിക്കും. ചെറുപ്പത്തിൽ എന്റെ ടിഫിൻ ബോക്‌സിൽ ആൽമണ്ട് കുതിർത്തത് അമ്മ മറക്കാതെ വെക്കും. അതുകഴിക്കുന്ന ശീലം ചെറുപ്പംമുതലേയുണ്ട്. അതിപ്പോഴും തുടരുന്നു'', സൊണാലിയുടെ വാക്കുകൾ.

കാൻസർ ബാധിതയായശേഷം ഡയറ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയെന്ന് സൊണാലി. ''മഞ്ഞൾപൊടിയും ആൽമണ്ടും കൂടുതലായി കഴിച്ചുതുടങ്ങിയതും അതിനുശേഷമാണ്. ''പഴങ്ങളും നട്‌സും സീഡുകളും ചേർത്ത സ്മൂത്തി ദിവസവും ഒരുതവണ കുടിക്കും. ആൽമണ്ട്, സൺഫ്‌ളവർ സീഡ്, ഫ്‌ളാക്‌സ് സീഡ് എന്നിവയാണ് ആ സ്മൂത്തിക്കായി ഉപയോഗിക്കുന്നത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi