ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ച സമയം. 2020-ൽ കോവിഡ് ലോക്ക്ഡൗൺ കാലത്താണ് സ്റ്റേജ്-4 അർബുദം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കുശേഷം അദ്ദേഹം കൂടുതൽ ശക്തനായി തിരിച്ചുവരവും നടത്തി. രോഗം തിരിച്ചറിഞ്ഞപ്പോഴുള്ള ദുഷ്‌കരമായ അനുഭവത്തെപ്പറ്റി അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

To advertise here,

കാൻസറിനെ അതിജീവിച്ച നിർമാതാവ് രാകേഷ് റോഷനാണ് നല്ലൊരു ഡോക്ടറെ കണ്ടെത്താൻ തന്നെ സഹായിച്ചതെന്നും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു. അന്നത്തെ അനുഭവത്തെപ്പറ്റി സഞ്ജയ് പറഞ്ഞതിങ്ങനെ. “ലോക്ക്ഡൗണിലെ ഒരു സാധാരണ ദിവസമായിരുന്നു അത്. പടികൾ കയറിയപ്പോൾ എനിക്ക് ശ്വാസംമുട്ടി.

ഞാൻ കുളിച്ചു, എന്നിട്ടും ശ്വാസമെടുക്കാൻ കഴിഞ്ഞില്ല, എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയുമില്ലായിരുന്നു, ഞാനെന്റെ ഡോക്ടറെ വിളിച്ചു. എക്സ്-റേയിൽ, ശ്വാസകോശത്തിന്റെ പകുതിയിലധികവും വെള്ളം നിറഞ്ഞിരുന്നു. അവർക്ക് ആ വെള്ളം പുറത്തെടുക്കേണ്ടി വന്നു. ക്ഷയരോഗമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ കാൻസറാണെന്ന് പിന്നീട് തെളിഞ്ഞു."

ഇക്കാര്യം തന്നോടെങ്ങനെ പറയുമെന്നത് മറ്റുള്ളവർക്ക് വലിയ വെല്ലുവിളിയായിരുന്നെന്നും സഞ്ജയ് പറയുന്നു. ഞാൻ ഒരുപക്ഷേ ആരുടെയെങ്കിലും മുഖം ഇടിച്ചുപൊളിച്ചേനെ. അങ്ങനെ എന്റെ സഹോദരിയാണ് പറയാൻ വന്നത്. ഞാൻ പറഞ്ഞു, ‘ശരി, എനിക്ക് കാൻസർ ഉണ്ട്, ഇനി എന്ത്?’ ഞാൻ രണ്ടോ മൂന്നോ മണിക്കൂറിലധികം കരഞ്ഞു, എന്റെ കുട്ടികളെയും ജീവിതത്തെയും ഭാര്യയെയും എല്ലാത്തിനെയും കുറിച്ച് ചിന്തിക്കുകയായിരുന്നു. തളരാൻ പോകുന്നില്ലെന്ന് മനസ്സിൽ പറഞ്ഞു.

കീമോതെറാപ്പി പൂർത്തിയാക്കി, തിരികെ വന്നപ്പോൾ, എല്ലാ ദിവസവും ചെയ്യുന്നതുപോലെ ഒരു മണിക്കൂർ സൈക്കിൾ ഓടിച്ചു. ഓരോ കീമോയ്ക്കുശേഷവും ഞാൻ അത് ചെയ്തു. അതൊരു ഭ്രാന്തായിരുന്നു. ഞാൻ ദുബായിൽ ചികിത്സയ്ക്ക് പോകുമായിരുന്നു, ബാഡ്മിന്റൺ കോർട്ടിൽ പോയി രണ്ടോ മൂന്നോ മണിക്കൂർ കളിക്കുമായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi