ആരോഗ്യത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന നടിമാരിലൊരാളാണ് സൊനാലി ബേന്ദ്രെ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഭക്ഷണശീലങ്ങൾ, ഫിറ്റ്‌നസ്, കാൻസറിനെ അതിജീവിച്ച അനുഭവങ്ങൾ എന്നിവയെക്കുറിച്ച് അവർ വെളിപ്പെടുത്തിയിരുന്നു.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് (Intermittent Fasting) ജീവിതശൈലിയുടെ ഭാഗമാക്കിയിട്ടുണ്ടെന്ന് സോനാലി പറഞ്ഞു. സാധാരണയായി 18 മുതൽ 20 മണിക്കൂർ വരെ ഉപവസിക്കാറുണ്ടെന്നും ദിവസത്തിൽ 'ഒന്നര നേരം' മാത്രമാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും അവർ വ്യക്തമാക്കി.
Also Read
ചില ദിവസങ്ങളിൽ രണ്ട് നേരം ഭക്ഷണം കഴിക്കുമെങ്കിലും മിക്ക ദിവസങ്ങളിലും 18-20 മണിക്കൂർ ഉപവസിച്ച ശേഷം വളരെ നിയന്ത്രിത അളവിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്നതിനേക്കാൾ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനും അളവിനും പ്രാധാന്യം നൽകുകയാണ് തന്റെ ശീലമെന്നും അവർ പറഞ്ഞു.
ഭയപ്പെടുത്തിയ കാൻസർ രോഗനിർണയം
2018-ൽ സ്റ്റേജ് IV മെറ്റാസ്റ്റാറ്റിക് കാൻസർ സ്ഥിരീകരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് സോനാലി ഓർത്തെടുത്തു. രോഗം മസ്തിഷ്‌കത്തിലേക്കും വ്യാപിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. രോഗവിവരം അറിഞ്ഞ നിമിഷം സ്വാഭാവികമായി ഭയമുണ്ടായിരുന്നുവെങ്കിലും ആ ഭയത്തിൽ തുടർന്നുനിൽക്കുന്നത് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി സോനാലി പറഞ്ഞു. ഭയത്തെ അംഗീകരിച്ച ശേഷം ചികിത്സയിലും ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചതെന്നും, തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ നൽകിയതാണെന്നും അവർ കൂട്ടിച്ചേർത്തു.
മുമ്പ് സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലും 'ഓട്ടോഫജി' (Autophagy) എന്ന ആശയം തന്റെ രോഗമുക്തിയാത്രയിൽ പ്രധാന പങ്കുവഹിച്ചുവെന്ന് സോനാലി വ്യക്തമാക്കിയിരുന്നു. പ്രകൃതിചികിത്സാ വിദഗ്ധന്റെ നിർദേശത്തെ തുടർന്ന് ഇതിനെക്കുറിച്ച് പഠിക്കുകയും അതനുസരിച്ചുള്ള ജീവിതശൈലി പിന്തുടരുകയും ചെയ്തു. ഇന്നും അതേ ശീലം തുടരുകയാണെന്നും അവർ പറഞ്ഞിരുന്നു.
1990കളിൽ ബോളിവുഡിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു സോനാലി ബേന്ദ്രെ. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയ അവർ 'ആഗ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'ദിൽജലേ', 'സർഫറോഷ്', 'മേജർ സാബ്', 'ഹം സാത്ത്-സാത്ത് ഹൈൻ', 'ഡ്യൂപ്ലിക്കേറ്റ്', 'കൽ ഹോ നാ ഹോ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടി.
സ്വാഭാവികമായ അഭിനയശൈലിയിലൂടെയാണ് സോനാലി ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയത്. പിന്നീട് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായും വിവിധ സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയും അവർ സജീവമായി. 2018-ൽ കാൻസർ ബാധിതയായ വിവരം വെളിപ്പെടുത്തിയ ശേഷം ചികിത്സ പൂർത്തിയാക്കി ശക്തമായ തിരിച്ചുവരവ് നടത്തിയ സോനാലി, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പങ്കുവെച്ച് നിരവധി പേർക്ക് പ്രചോദനമായി മാറിയിട്ടുണ്ട്.
ശ്രദ്ധിക്കുക: 18-20 മണിക്കൂർ ഉപവാസമോ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങോ എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ല. പ്രത്യേകിച്ച് കാൻസർ ചികിത്സയിലുള്ളവർ, പ്രമേഹം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയുള്ളവർ ഡോക്ടറുടെയോ വിദഗ്ധ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം മാത്രമേ ഇത്തരം ഭക്ഷണരീതികൾ പിന്തുടരാവൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sonali-bendre-intermittent-fasting-cancer-journey
Published: 13 Jul 2026, 11:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented