പലഹാരങ്ങളുടെ മണമാണ് ആ വീടിന്. കനൽച്ചൂടേറ്റും എണ്ണയിൽ മൊരിഞ്ഞും പാകമായ പലഹാരം പോലൊരു ജീവിതത്തിനും സാക്ഷിയാണ് ആ വീട്. തിരുവനന്തപുരം അമരവിള ദേവേശ്വരം ആനക്കുന്നിൽ വിശുദ്ധമേരിയുടെ ദേവാലയത്തിനും ശിവക്ഷേത്രത്തിനും അരികിലെ ശിവാലയം. അഞ്ചുസെന്റിൽ ഇരുനില വീട്. വീടിനു പിന്നിൽ ഷീറ്റ് മേഞ്ഞ വലിയൊരു അടുക്കള. അതിൽ പടുകൂറ്റൻ അടുപ്പുകൾ. കിലോക്കണക്കിന് പലഹാരങ്ങൾ തീച്ചൂടേറ്റ് കരകയറുന്ന വലിയ ഇരുമ്പ് പാത്രങ്ങൾ, കോരുതവികൾ. അടുപ്പ് പുകയ്ക്കാനുള്ള വിറക് വീട്ടുമുറ്റത്ത് കൂട്ടിയിട്ടിട്ടുണ്ട്. പലഹാരങ്ങൾക്ക് സഞ്ചരിക്കാൻ രണ്ട് വണ്ടികളും മുറ്റത്തുണ്ട്. അധ്വാനത്തിന്റെ ഈ കാഴ്ചകൾക്ക് പിന്നിൽ നിറചിരിയോടെ ഒരമ്മയുണ്ട്. ഒറ്റയ്ക്ക് നീന്തിക്കയറാനുള്ള കടലായി ജീവിതം മാറിയപ്പോൾ സധൈര്യം അതിൽ തോണിയിറക്കി ചുഴിയിലും തിരയിലുംപെടാതെ കരയിലേക്ക് തുഴഞ്ഞ രമാകുമാരി അമ്മ. 'ശിവാലയം പുലരി കുടുംബശ്രീ' പലഹാരക്കമ്പനിയുടെ ഉടമ. തീരാത്ത, തോരാത്ത കഷ്ടപ്പാടുകളെ, രോഗം അടിച്ചേല്പിച്ച അനിശ്ചിതത്വത്തെ ഒക്കെയും അധ്വാനത്തിന്റെ മാന്ത്രികവടിവീശി അദൃശ്യമാക്കി അവർ ചിലവിട്ട നാളുകളുടെ ഓർമ്മകളിലേക്ക്.

To advertise here,

കാറ്റും കോളും

അച്ഛനും അമ്മയും ആറ് കുട്ടികളും ഉൾപ്പെടുന്ന കുടുംബം. അതിൽ മൂന്നാമത്തെ കുട്ടിയായിരുന്നു രമാകുമാരി. അവർ പത്താംക്ലാസിൽ പഠിക്കുമ്പോൾ ആറാമത്തെ പ്രസവത്തിൽ അമ്മ മരിച്ചു. ജീവിതത്തിൽ കാറ്റും കോളും നിറഞ്ഞുതുടങ്ങുന്നത് അവിടെമുതലാണെന്നു പറയാം.

''അച്ഛന് പലചരക്ക് കടയായിരുന്നു. ഹോൾസെയിൽ വ്യാപാരം. നല്ല വരുമാനവും സ്വത്തുവകകളും ഉണ്ടായിരുന്നതാണ്. പക്ഷേ, അമ്മയ്ക്ക് അസുഖമായിരുന്നു. ശ്വാസംമുട്ടലും മറ്റും. ചികിത്സിക്കാൻ അച്ഛൻ ഒരുപാട് പണം ചിലവാക്കി. തുടർച്ചയായുള്ള ആശുപത്രിവാസം കാരണം കച്ചവടത്തിൽ ശ്രദ്ധിക്കാനാവാതെപോയി. അതിനിടെ അമ്മ മരിച്ചു. സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു. അച്ഛന്റെ കച്ചവടവും അവസാനിച്ചു. ദാരിദ്ര്യം കൊണ്ട് വീട്ടിലിരിക്കാനും വയ്യ അഭിമാനംകൊണ്ട് വെളിയിലിറങ്ങാനും വയ്യ എന്ന സ്ഥിതിയായിരുന്നു. പിന്നെ അച്ഛൻ തിരുവനന്തപുരത്ത് ഒരു ലോഡ്ജിൽ മാനേജറായി ജോലിക്ക് കയറി. വീട്ടിൽ ഞങ്ങൾ ആറ് മക്കൾ. മാസത്തിലോ ആഴ്ചയിലോ അച്ഛൻ വരും. വീട്ടുചെലവിനുള്ള പണം തരും. വീട്ടിലെ കഷ്ടപ്പാടുകൾ കണ്ടുവളർന്നതുകൊണ്ടാവാം സ്വന്തമായി വരുമാനം വേണമെന്ന തീരുമാനം ഞാൻ എന്നോ എടുത്തിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐയിൽ ചേർന്നു. പിന്നെ കെൽട്രോണിൽ അപ്രന്റീസായി. സർക്കാർ ജോലി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അതിനായി കാത്തിരുന്നു. പക്ഷേ, കിട്ടിയില്ല. ആ കാത്തിരിപ്പിൽ വിവാഹം കഴിക്കാനൊക്കെ മറന്നു. ഒടുവിൽ മുപ്പതാം വയസ്സിൽ അമരവിളയിൽ ഞാനൊരു ബേക്കറി തുടങ്ങി. കടയുടെ പുറകിൽ ബോർമ്മ കെട്ടി കേക്കും ബിസ്‌കറ്റും മിക്സ്ചറും പക്കാവടയുമടക്കം സകല പലഹാരങ്ങളും ഉണ്ടാക്കി. നല്ല കച്ചവടമായിരുന്നു...'' രമാകുമാരിയുടെ ജീവിതത്തിന്റെ ആദ്യഘട്ടം അങ്ങനെയൊക്കെയായിരുന്നു.

പുതിയ ജീവിതം

കടയും തിരക്കും അധ്വാനവും ഒക്കെയായി ജീവിതം മുന്നോട്ടുപോയി. അതിനിടെ മുപ്പത്തെട്ടാം വയസ്സിൽ ഒരു വിവാഹാലോചന വന്നു. അങ്ങനെ അമരവിളക്കാരൻതന്നെയായ ശ്രീകുമാരൻ നായരുമായി വിവാഹം. ''ഭർത്താവിന് ബോംബെയിൽ ഹോട്ടലുകളിൽ ജോലിചെയ്ത് പരിചയമുണ്ട്. അവിടെ നിന്ന് മടങ്ങിവന്ന് നാട്ടിൽ ചായക്കട നടത്തുകയായിരുന്നു. അങ്ങനെയൊരാളെ കൂട്ടിന് കിട്ടിയാൽ ബേക്കറിയിലും ഒരു സഹായമാകുമല്ലോ എന്നാണ് ആലോചന വന്നപ്പോൾ ഞാൻ ആദ്യം കരുതിയത്. ബേക്കറി കാര്യങ്ങളിൽ അദ്ദേഹവും ശ്രദ്ധിച്ചു. വൈകാതെ ഞങ്ങൾക്കൊരു മകൾ ജനിച്ചു.''

തകർച്ചയറിഞ്ഞ്

വിചാരിക്കാത്ത വഴികളിലൂടെ ജീവിതം സഞ്ചാരം തുടങ്ങിയ വേളയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി രോഗം എത്തുന്നത്.

''വൈകിയുള്ള പ്രസവവും ബേക്കറിയിലെ അധ്വാനവും ഒക്കെക്കാരണമാകാം ശരീരവേദന എപ്പോഴും കൂടെയുണ്ടായിരുന്നു. അതിനൊപ്പം മാറിലും ചെറിയൊരു വേദന ഉണ്ടായിരുന്നു. അമർത്തി തൊട്ടുനോക്കിയാൽ ഒരു തടിപ്പും ഉണ്ട്. വേദന തോന്നുമ്പോൾ വല്ലതും എടുത്ത് തേച്ച് ഞാനതങ്ങ് അവഗണിക്കും.

2000-ൽ നാല്പത്തിരണ്ടാം വയസ്സിൽ ഇളയമകളുടെ ജനനത്തിന് തൊട്ടുമുമ്പ് ഡോക്ടറെ കണ്ടപ്പോൾ ഭർത്താവ് ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. തുടർപരിശോധനയിൽ സ്തനാർബുദമാണെന്ന് ഉറപ്പിച്ചു. അതും നാലാം സ്റ്റേജ്. അതോടെ പെട്ടെന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പതിനാറ് ദിവസം ഞാനവളെ പാലൂട്ടി. പതിനാറാം ദിവസം മെഡിക്കൽകോളേജിൽ വച്ച് സ്തനങ്ങളിലൊന്ന് മുറിച്ചുമാറ്റി. തുടർന്നുള്ള ചികിത്സ ആർസിസിയിൽ ആയിരുന്നു.''

മനസ്സുറപ്പ്

എന്തിനെയും ഉൾക്കൊള്ളാനുള്ള മനസ്സുറപ്പ് ഒപ്പമുണ്ടായിരുന്നെന്നും അവർ പറയുന്നു. ''ആർസിസിയിൽ ഇളയ സഹോദരനൊപ്പമാണ് പോയത്. അവനെ മുറിക്ക് പുറത്തിരുത്തി ഞാൻ ഡോക്ടറുടെ മുറിയിൽ കയറി. ഫോർത്ത് സ്റ്റേജാണ്, ചികിത്സിച്ചാലും വലിയ പ്രതീക്ഷയ്ക്ക് വകയില്ല എന്നൊക്കെ ഡോക്ടർ, ജൂനിയറിനോട് ഇംഗ്ലീഷിൽ പറയുന്നുണ്ട്. കൈവിട്ട് കളയാനൊക്കില്ല, ദിവസങ്ങൾ പ്രായമുള്ളൊരു കുഞ്ഞുണ്ടെന്ന് ജൂനിയർ ഡോക്ടർ അപ്പോൾ പറഞ്ഞു. കുഞ്ഞോ, ഈ പ്രായത്തിലോ എന്ന് അതിശയിച്ച് അദ്ദേഹം എന്നെ നോക്കി. ഞാനപ്പോൾ 'ലേറ്റ് മാരേജ്' എന്ന് പറഞ്ഞു. കേട്ടതൊക്കെ എനിക്ക് മനസ്സിലായെന്ന് ഉറപ്പിച്ച ഡോക്ടർ എന്നെ പുറത്തേക്ക് പറഞ്ഞയച്ചു. അനിയനെ അകത്തേക്ക് വിളിച്ചു.

തുടർന്ന് ജീവിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. കീമോയും റേഡിയേഷനും ഒക്കെയായി ആറുമാസത്തോളം ചികിത്സ. മുടി കൊഴിഞ്ഞു. ശരീരം വിളറി. ധൈര്യത്തോടെ രോഗത്തെ നേരിട്ടു. പക്ഷേ, ചികിത്സ കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മനസ്സ് തകർന്നുപോയി. ഞങ്ങളുടെ ബേക്കറി പൂട്ടിപ്പോയിരുന്നു.''

ഇനിയെന്ത് എന്ന ചോദ്യം

പടുത്തുയർത്തിയ പ്രതീക്ഷയുടെ ഗോപുരം കൺമുന്നിൽ തകർന്നടിയുന്നതിന് സമമായിരുന്നു ആ അനുഭവമെന്ന് രമാകുമാരി. ''ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. ആരുടെ മുന്നിലും സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല. കടലോളം കണ്ണീരാണ് മനസ്സിൽ. അത് തടഞ്ഞുവച്ച് ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിട്ടു. ഭാഗവതം വായിക്കുന്ന ശീലം കുഞ്ഞുന്നാളു തൊട്ടേയുണ്ട്. അതുകൊണ്ടാവാം ആത്മഹത്യ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. മരണ ചിന്ത മനസ്സിൽ വരുമ്പോൾ ഞാനെന്റെ മക്കളെ ഓർക്കും. സങ്കടങ്ങളൊക്കെ ദൈവത്തോട് പറഞ്ഞു.

ഭർത്താവ് കെട്ടിടം പണിക്കാരുടെ കൈയാളായി പോയിത്തുടങ്ങി. വല്ലപ്പോഴും പണി കാണും. അതായിരുന്നു വരുമാനം. അതുവരെ കൈയിലുള്ളത് മറ്റുള്ളവർക്ക് കൊടുത്തായിരുന്നു ശീലം. ചെറിയ സഹായങ്ങൾ ഉറ്റവരിൽ നിന്നുണ്ടായി. പക്ഷേ, ഭഗവാനല്ലാതെ മറ്റാര് തന്നാലും തീരാത്ത ദാഹത്തിന്റെ കാലമായിരുന്നു അത്.''

പരിശ്രമങ്ങൾ

അടർന്നുവീണ മണൽത്തരികളെ കൂട്ടിവച്ചൊരു കൊട്ടാരം പണിയുന്നത്ര ശ്രദ്ധയോടെ ജീവിതത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങളുടെ കാലമായിരുന്നു പിന്നെ. ''അന്ന് ഞങ്ങളുടെ വീട് തീരെ ചെറുതായിരുന്നു. ബേക്കറിയിലെ ഉപകരണങ്ങളും പാത്രങ്ങളുമൊക്കെ വീട്ടിൽ കൊണ്ടുവന്ന് കൂട്ടിയിട്ടിട്ടുണ്ട്. അതുകണ്ടപ്പോൾ ഒരു തോന്നൽ. ഭർത്താവിനെ കൊണ്ട് മുറ്റത്ത് ഒരു അടുപ്പുണ്ടാക്കി. പലഹാരങ്ങൾ ഉണ്ടാക്കിത്തുടങ്ങി. അടുത്തുള്ള കടകളിൽ കൊണ്ടുപോയി വിൽക്കും. ചെറിയ വരുമാനം കിട്ടും.

അങ്ങനെയിരിക്കെ ഉദിയൻകുളങ്ങരയിൽ ഒരു ബേക്കറിയിൽ ഭർത്താവിന് ജോലി കിട്ടി. ഞാനുണ്ടാക്കുന്ന പലഹാരങ്ങൾ അവിടെ എത്തിച്ചു. എന്നെയും അവിടെ ജോലിക്കെടുത്തു. അൻപത് രൂപ ശമ്പളം. മക്കൾ രണ്ടും തീരെ ചെറുതാണ്. അവരെ ഭർത്താവിന്റെ അമ്മയെ ഏല്പിച്ചിട്ടാണ് പോക്ക്.

പഴയൊരു പോലീസ് ഉദ്യോഗസ്ഥന്റെതായിരുന്നു ആ ബേക്കറി. എന്തോ പ്രശ്നം സംഭവിച്ച് അദ്ദേഹത്തിന് വലിയ കടബാധ്യത ഉണ്ടായി. ബേക്കറി പൂട്ടേണ്ട അവസ്ഥ വന്നപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: രമ വീട്ടിലിരുന്ന് പലഹാരം ഉണ്ടാക്ക്, ഞാൻ അത് കൊണ്ടുനടന്ന് വിറ്റോളാമെന്ന്.

അങ്ങനെ അദ്ദേഹം പറഞ്ഞത് പ്രകാരം ഇരുപത് കിലോ കുഴലപ്പം ഉണ്ടാക്കിവച്ചു. പക്ഷേ, അതെടുക്കാൻ അദ്ദഹം വന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്ത വിവരം ഞാനറിയുന്നത് രണ്ടുദിവസം കഴിഞ്ഞാണ്. ഉണ്ടാക്കിവെച്ച കുഴലപ്പം എന്ത് ചെയ്യും. ഒടുവിൽ നെയ്യാറ്റിൻകരയിലും ഉദിയൻകുളങ്ങരയിലുമൊക്കെയുള്ള കടകളിൽ കൊണ്ടുപോയി വിറ്റു.'' അതോടെ രമാകുമാരിക്ക് പലഹാരക്കച്ചവടം തുടങ്ങാം എന്ന ആത്മവിശ്വാസം വന്നു. അങ്ങനെയാണ് 'ശിവാലയം പുലരി കുടുംബശ്രീ' യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്.

നല്ല തുടക്കങ്ങൾ

കുടുംബശ്രീയിൽ നിന്ന് രണ്ടായിരം രൂപ വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. ''അസുഖക്കാരിയും ബാധ്യതകളുള്ളവളുമായ എനിക്ക് ആര് പണം കടംതരാനാണ്. തുടക്കകാലത്ത് വളരെ ബുദ്ധിമുട്ടി. ഈ പ്രയാസങ്ങൾ മനസ്സിലാക്കി വീടിനടുത്ത് വിമലഹൃദയ കോൺവെന്റിലെ മദർ എന്റെ മൂത്ത മകളെ ഫീസൊന്നും വാങ്ങാതെ അവരുടെ സ്‌കൂളിൽ ചേർത്തു. ഇളയമകൾ അവിടെ ചേർന്നതിൽപ്പിന്നെയാണ് അവർ ഫീസ് വാങ്ങിത്തുടങ്ങിയത്.

അന്നൊക്കെ അർദ്ധരാത്രി വരെ പണി കാണും. 20 ജോലിക്കാരുണ്ടായിരുന്നു. അതിനൊത്ത പണിയും. നിരന്തരം അധ്വാനിച്ചുകൊണ്ടിരുന്നു. നല്ല കച്ചവടം കിട്ടിത്തുടങ്ങി. ഒരുപാട് കടകളിൽ നിന്ന് ഓർഡർ കിട്ടി. അച്ചപ്പം, മുറുക്ക്, മടക്ക്, ഉണ്ണിയപ്പം, പക്കാവട, മിക്സ്ചർ... ഓട്ടോയിലാണ് സാധനം കൊണ്ടുപോവുക. ഓട്ടോക്കാരന് വേറേ ജോലി കിട്ടിയപ്പോൾ ഞങ്ങളൊരു ഒമ്നിവാൻ വാങ്ങി ഡ്രൈവറെ വച്ചു. പക്ഷേ, പലഹാരവണ്ടിയിലെ ഡ്രൈവർമാർക്ക് നല്ല ക്ഷമവേണം. കടകളിൽ ചെന്ന് കാത്തുനിന്നാലേ പലപ്പോഴും പണം കിട്ടൂ. ഭർത്താവ് ഡ്രൈവിങ് പഠിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആരെയും ആശ്രയിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. അങ്ങനെ അമ്പത്തിരണ്ടാം വയസ്സിൽ ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചു. ഒരു വിജയദശമി ദിനത്തിൽ ഡ്രൈവിങ് സ്‌കൂളിലെ അംബാസഡർ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഞാൻ കയറിയിരുന്നു. പലഹാരവണ്ടിയിൽ ഡ്രൈവർക്കൊപ്പം പോകുമ്പോൾ ഗിയർ മാറ്റുന്നതും സ്റ്റിയറിങ് തിരിക്കുന്നതുമൊക്കെ ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ടാവാം ഡ്രൈവിങ് സ്‌കൂളിലെ സാറിന് ഞാൻ നേരത്തെ ഡ്രൈവിങ് പഠിച്ചിട്ടുണ്ടെന്ന് തോന്നിയത്.

എന്തായാലും പെട്ടെന്ന് ലൈസൻസ് കിട്ടി. എന്റെ മുടി ചെറുപ്പത്തിലേ നരച്ചതാണ്. വണ്ടിയോടിച്ച് പോകുമ്പോൾ ആളുകൾ ശ്രദ്ധിക്കും. അതുകൊണ്ട് അക്കാലത്ത് ഞാൻ മുടി ഡൈ ചെയ്തു. കടകളിൽ സാധനം കൊണ്ടുപോകാനും പലഹാരങ്ങൾ ഉണ്ടാക്കാൻ വേണ്ട എണ്ണയും സാധനങ്ങളും വാങ്ങാനും ആർസിസിയിൽ ചെക്കപ്പിന് പോകാനുമെല്ലാം ഞാൻ തന്നെയായിരുന്നു ഡ്രൈവർ.''

നൂലാമാലകളുടെ കുരുക്കിൽ

''ഇല്ലായ്മയിൽ പെട്ട് നട്ടംതിരിഞ്ഞ നേരത്ത് കഞ്ഞികുടിക്കാൻ വകയുണ്ടോ എന്ന അന്വേഷണം എവിടെനിന്നും ഉണ്ടായില്ല. പക്ഷേ, ഇങ്ങനെയൊരു സംരംഭം തുടങ്ങിയപ്പോൾ ഒരുപാട് നൂലാമാലകളുടെ കുരുക്കറിഞ്ഞു.

അന്നന്ന് പലഹാരം വിറ്റുകിട്ടുന്ന പൈസയ്ക്ക് വേണം എണ്ണയും വിറകും മാവുമൊക്കെ വാങ്ങാൻ. ഒരു ദിവസം പലഹാരം കൊടുത്ത് എണ്ണയും വാങ്ങിവരുമ്പോൾ ഒരു പോലീസുകാരൻ തടഞ്ഞുനിർത്തി. ഈ വണ്ടിയിൽ സാധനങ്ങൾ കൊണ്ടുപോകാൻ പറ്റില്ല 500 രൂപ ഫൈൻ അടയ്ക്കണമെന്ന് പറഞ്ഞു. എന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അതു പറഞ്ഞിട്ട് വിശ്വസിക്കുന്നുമില്ല. ഒടുവിൽ 2000 രൂപ ഫൈൻ അടയ്ക്കാനുള്ള നോട്ടീസ് വീട്ടിലേക്ക് വന്നു.

അഞ്ചുസെന്റിൽ നിയമം പൂർണമായും അനുസരിച്ചാണ് സംരംഭം പ്രവർത്തിക്കുന്നത്. ഷെഡ്ഡിന് കരവും അടയ്ക്കുന്നുണ്ട്. നിയമത്തെ അനുസരിച്ചേ ജീവിച്ചിട്ടുള്ളൂ. മായമോ നുണയോ ഇല്ല. മറ്റൊരിക്കൽ വണ്ടി ചെക്ക്പോസ്റ്റിൽ പിടിച്ചിട്ടു. പറഞ്ഞ എല്ലാ രേഖകളും കൊടുത്തിട്ടും വണ്ടി വിട്ടുതന്നില്ല. അത് നിറച്ചും പലഹാരങ്ങളാണ്. അവിടെ പിടിച്ചിട്ടാൽ അതൊക്കെയും പാഴായിപ്പോകും. ഞാൻ ജോലിക്കാരായ നാലഞ്ച് സ്ത്രീകളെയും കൂട്ടിച്ചെന്നു. അവരവരുടെ സാധനങ്ങൾ എടുക്കെന്ന് പറഞ്ഞു. വണ്ടി അവിടെ കിടന്നോട്ടെ എന്നായി. നിയമം ആവശ്യപ്പെടുന്ന പക്ഷം പണം അടയ്ക്കാൻ തയ്യാറാണ്. അല്ലാതെ ഒരുരൂപപോലും ഞാനെവിടെയും പാഴാക്കില്ല.''

സാധിച്ച സ്വപ്നങ്ങൾ

അധ്വാനിച്ച് സ്വരുക്കൂട്ടിയ പണംകൊണ്ട് ഒരുപാട് സ്വപ്നങ്ങൾ രമാ കുമാരി സാധ്യമാക്കി. വീടിന് മുകളിൽ ഒരു നിലകൂടി പണിതു. ഒരു പിക്കപ്പ് വണ്ടികൂടി വാങ്ങി. രണ്ട് മക്കളെയും പഠിപ്പിച്ചു. അവരുടെ കല്യാണം നടത്തി.

''ഞാൻ വലിയ വിശ്വാസിയാണ്. പതിവായി ഗുരുവായൂരിൽ പോകും. പണ്ട് ബേക്കറി പൂട്ടിയ സമയത്ത് ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം പോയി. നടയ്ക്ക് മുന്നിൽ ചെന്നുനിന്ന് ഞാൻ പറഞ്ഞു കൃഷ്ണാ ഒരു കുചേല വന്നിട്ടുണ്ടെന്ന്. അതും പറഞ്ഞ് കണ്ണടച്ച് കൃഷ്ണാ എന്ന് വിളിച്ചു. കണ്ണ് തുറക്കുമ്പോൾ എല്ലാരും എന്നെ നോക്കുന്നു. നിയന്ത്രണം വിട്ടാണ് ഭഗവാനെ വിളിച്ചതെന്ന് തോന്നുന്നു. അന്ന് ഭഗവാനെന്റെ വിളികേട്ടു.

ഇത്രകാലം ഏറെക്കുറെ ഒറ്റയ്ക്കാണ് തുഴഞ്ഞത്. അതിന് സാധിച്ചത് ഭഗവാന്റെ കരുണകൊണ്ടാണെന്ന് വിശ്വസിക്കുന്നു. ഭർത്താവ് ഹൃദ്രോഗിയായിരുന്നു. എന്നെക്കൊണ്ടാകുംപോലെ ചികിത്സ നടത്തി. നാലരവർഷം മുമ്പ് മരിച്ചു.'' മക്കളായ ശിവശ്രീയും ശ്രീലക്ഷ്മിയും മരുമക്കളായ ബാലമുരളിയും പ്രവീണും പേരക്കുട്ടികളും അടങ്ങുന്നതാണ് രമാകുമാരി അമ്മയുടെ കുടുംബം. മക്കൾ അവരവരുടെ വീടുകളിൽ. അമരവിളയിലെ 'ശിവാലയ'ത്തിൽ അധ്വാനത്തിന്റെ രസംനുകർന്ന് ഈ അമ്മയും.

തൃപ്തയാണ് ഞാൻ

''ബാധ്യതകൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ചെറിയ ബാധ്യതയൊന്നുമല്ല. കഴിഞ്ഞ ജന്മം ഞാനേതൊക്കെയോ ബാങ്കുകാരെ പറ്റിച്ചിട്ടുണ്ടാകും അതുകൊണ്ടാവും ഇത്രയേറെ പലിശ ബാങ്കുകളിലിങ്ങനെ അടച്ചുതീർക്കേണ്ടിവരുന്നതെന്ന് ഞാൻ പറയാറുണ്ട്. വീട് ഈടുവച്ച് മുപ്പത് ലക്ഷത്തിനുമേൽ കടമുണ്ട്.

ഈ പ്രദേശത്തെ കടകളിലൊക്കെ ഞങ്ങളായിരുന്നു പലഹാരങ്ങൾ വിതരണം ചെയ്തിരുന്നത്. പിന്നെപ്പിന്നെ പുതിയ വിതരണക്കാര് വന്നു. അതിന്റേതായ ഇടിവ് ഉണ്ടായി. കച്ചവടമല്ലേ കയറ്റിറക്കങ്ങൾ ഉണ്ടാവും. ആരെയും കുറ്റപ്പെടുത്താനില്ല. അഞ്ച് ജോലിക്കാരെ ഒപ്പംനിർത്തി ഞാനിത് മുന്നോട്ട് കൊണ്ടുപോകുന്നു. വരുമാനം ഇല്ലെന്നല്ല, വരുമാനത്തിനും മുകളിലാണ് ബാധ്യതകൾ. അതാണ് പ്രശ്നം. കടംതീർത്ത് വീട് മക്കൾക്ക് കൊടുക്കണമെന്നുണ്ട്. അതിന് പരിശ്രമിക്കും. എന്നാലും സന്തോഷവതിയാണ്. കാൻസർ വന്ന് ജീവിതം ഇനി ബാക്കിയില്ലെന്ന് ഉറപ്പിച്ചതാണൊരിക്കൽ. പിന്നെയും ഇരുപത്തഞ്ച് വർഷം ജീവിച്ചില്ലേ. അടുത്ത് ആശുപത്രിയിൽ ചെന്നപ്പോൾ കഴുത്തിലൊരു തടിപ്പ് കണ്ടു. അത് വലുതാകുന്നുണ്ട്. ശകലം തകരാറുണ്ടെന്നാണ് മനസ് പറയുന്നത്. എന്തായാലും എനിക്ക് ദുഃഖമില്ല.''

സങ്കടത്തിന്റെ സ്പർശമില്ലാത്ത നിറഞ്ഞ ചിരിയോടെ രമാകുമാരി അടുപ്പിന്റെ തീച്ചൂടിനരികിലേക്ക് നീങ്ങി. കഷ്ടതകളിൽ നിന്ന് ജീവിതത്തെയെന്നപോലെ പലഹാരങ്ങളോരാന്നായി അവർ കോരിയെടുത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi