നടൻ വിവേക് ഒബ്‌റോയ് വിവാഹം കഴിച്ചിരിക്കുന്നത് കർണാടകസ്വദേശിനിയായ പ്രിയങ്ക ആൽവയെയാണ്. കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകളാണവർ. 2010-ലായിരുന്നു ഇരുവരുടെയും വിവാഹം. വിഹാൻ വീർ, അമേയ നിർവാണ ഒബ്‌റോയ് എന്നിങ്ങനെ രണ്ടുകുട്ടികളാണ് അവർക്കുള്ളത്.

എന്നാൽ വർഷങ്ങളായി, കാൻസർ ബാധിതരായ നിരവധി കുട്ടികളെ വിവേക് ദത്തെടുക്കുകയും അവരുടെ ചികിത്സയ്ക്ക് മാത്രമല്ല, വിദ്യാഭ്യാസത്തിനും വിവിധ മേഖലകളിലെ പരിശീലനത്തിനും പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ദത്തുപുത്രിയുടെ ഒരു വലിയ വിജയം ആഘോഷിക്കുകയാണ് താരം. ദത്തുപുത്രിയായ സഹാര ഷാ തന്റെ ആദ്യസിനിമയുടെ കരാറിലൊപ്പിട്ടപ്പോൾ സന്തോഷത്തോടെ വിവേകും അവൾക്കൊപ്പമുണ്ടായിരുന്നു.

കാൻസർ ബാധിതയായ സഹാരയ്ക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് വിവേക് അവളെ ദത്തെടുക്കുന്നത്. കാൻസർ ചികിത്സയും രോഗികളുടെ സമഗ്രമായ പരിചരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ 'ക്യാൻസർ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷനിലേക്ക്' അദ്ദേഹം അവളെ കൊണ്ടുപോയി.

ഇപ്പോൾ കാൻസർരോഗത്തിൽനിന്ന് മുക്തി നേടിക്കഴിഞ്ഞു സഹാര. അതിനിടെയാണ് സംഘടന നടത്തുന്ന 'കാൻസർ റോസ് ഡേ'യോടനുബന്ധിച്ചുള്ള ചടങ്ങിൽവെച്ച് തന്റെ വളർത്തച്ഛന്റെ പാത പിന്തുടരാനുള്ള തീരുമാനം സഹാര പ്രഖ്യാപിച്ചത്. അടുത്തവർഷം റിലീസ് ചെയ്യുന്ന ഒരു നേപ്പാളി ചിത്രത്തിലാണ് അവർ ഒപ്പിട്ടത്. അതിനൊപ്പം ഏവിയേഷൻ പരിശീലനം പൂർത്തിയാക്കിയ അവർ ഉടൻ തന്നെ ഒരു കൊമേഴ്സ്യൽ പൈലറ്റാകാനുള്ള പരിശ്രമങ്ങളിലാണ്.

''ഞാൻ എന്റെ ഏവിയേഷൻ പരിശീലനം പൂർത്തിയാക്കി. ദുബായിൽ വെച്ച് നമുക്ക് ഉടൻ കാണാം; ഇനി നമുക്കിടയിൽ അകലം ഉണ്ടാകില്ലെന്ന് ഞാൻ കരുതുന്നു'', പരിപാടിയിൽവെച്ച് വിവേകിനോട് സഹാര പറഞ്ഞു.

'അഭിനയം, നൃത്തം, അല്ലെങ്കിൽ ഞാൻ ആഗ്രഹിച്ച മറ്റെന്തും - ഇക്കാര്യങ്ങളിലെല്ലാം നിങ്ങൾ എപ്പോഴും എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. വലിയ സ്വപ്നങ്ങൾ കാണാനുള്ള ആത്മവിശ്വാസം അതെനിക്ക് നൽകി. വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്; അതുകൊണ്ട് തന്നെ ഇതെല്ലാം അവിശ്വസനീയമായ ഒരു സ്വപ്നം പോലെയാണ്. നിങ്ങൾ കൂടെയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഇതെല്ലാം സാധ്യമായത്'', എന്ന് സഹാര പറഞ്ഞു. പിതാവിന്റെ അഭാവം നികത്തിക്കൊണ്ട് തനിക്കൊപ്പം എപ്പോഴും നിലകൊണ്ട വിവേകിനെ 'ഡാഡ' എന്നാണ് ആ പെൺകുട്ടി അഭിസംബോധന ചെയ്തത്.

''എനിക്ക് എത്രത്തോളം സന്തോഷമുണ്ടെന്ന് വാക്കുകളാൽ വിവരിക്കാനാവില്ല. അഭിമാനം കൊണ്ട് എന്റെ കണ്ണുനിറയുന്നു. കാൻസറിനെതിരെ പോരാടുന്നതിനിടെ, ചുവന്ന കണ്ണുകളുമായും വിളറിയ മുഖവുമായും കീമോതെറാപ്പിക്ക് വിധേയയാകുന്ന രണ്ടര വയസ്സുകാരിയായ ആ കുഞ്ഞിനെ ഞാൻ കണ്ടു. അവളുടെ പോരാട്ടവീര്യം ഞാൻ തിരിച്ചറിഞ്ഞു. അവൾ എന്റെ വിരലിൽ പിടിച്ച രീതി കണ്ടപ്പോൾ തന്നെ, അവൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ദിവസവും ഞാൻ അവൾക്കായി പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇന്ന് അവൾ കാൻസർ മുക്തയാണ്; തന്റെ കഠിനാധ്വാനത്തിന്റെ ഫലം അവൾ അനുഭവിക്കുന്നു. അവളെയോർത്ത് എനിക്ക് വലിയ അഭിമാനമുണ്ട്'', എന്നാണ് വിവേക് പറഞ്ഞത്.

അതിനിടെ തന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ച് കാൻസറുമായി പോരാടുന്ന 50 കുട്ടികളെക്കൂടി ദത്തെടുത്ത് അവരുടെ മുഴുവൻ ചികിത്സാച്ചെലവും വഹിക്കുമെന്ന് വിവേക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi