ശരീരത്തിന് അസുഖം വന്നാൽ ചികിത്സ തേടും. എന്നാൽ മനസ്സിന് ക്ഷീണമോ വിഷാദമോ തോന്നിയാലോ, ഇന്നും പലരും അത് മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. 'എല്ലാം ശരിയാകും' എന്ന വാക്കുകൾക്കപ്പുറം, പ്രൊഫഷണൽ സഹായം തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹം തുറന്ന് സംസാരിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്. ഈ മാറ്റത്തിന് വഴിയൊരുക്കിയവരിൽ പ്രമുഖരാണ് ചില ബോളിവുഡ് നടിമാർ. സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയിരുന്ന അപഹാസ്യവും തെറ്റിദ്ധാരണകളും പൊളിച്ചെഴുതിയത് അവരാണ്…
ദീപിക പദുകോൺ: വിഷാദരോഗത്തെ മറച്ചുവെച്ചില്ല
ഇന്ത്യയിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ദിശ നൽകിയ താരമാണ് ദീപിക പദുക്കോൺ. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് താൻ വിഷാദരോഗത്തിലൂടെ കടന്നുപോയതായി ദീപിക വെളിപ്പെടുത്തിയത്. 'മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ആശ്വാസം ലഭിച്ചത്. മൗനം പാലിക്കുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കും,' എന്നായിരുന്നു ദീപികയുടെ വാക്കുകൾ. സ്വന്തം അനുഭവം തുറന്നുപറയുക മാത്രമല്ല, പിന്നീട് 'ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ' ആരംഭിച്ചുകൊണ്ട് മാനസികാരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളിലും ദീപിക സജീവമായി.
ആലിയ ഭട്ട്: തെറാപ്പി ജീവിതത്തിന്റെ ഭാഗം
തെറാപ്പി എന്നത് പ്രതിസന്ധിയിലായവർക്ക് മാത്രമുള്ളതല്ലെന്ന് വ്യക്തമാക്കിയ നടിയാണ് ആലിയ ഭട്ട്. ആഴ്ചയിൽ ഒരിക്കൽ തെറാപ്പിക്ക് പോകാറുണ്ടെന്നും അത് മനസ്സിനെ ശാന്തമാക്കാനും ചിന്തകൾക്ക് വ്യക്തത നൽകാനും സഹായിക്കുന്നുവെന്നും ആലിയ പറയുന്നു. സ്വയം വളരാനും വികാരങ്ങളെ മനസ്സിലാക്കാനുമുള്ള ആരോഗ്യകരമായ ഒരു ശീലമായി തെറാപ്പിയെ കാണേണ്ടതാണെന്ന സന്ദേശമാണ് ആലിയ പങ്കുവെച്ചത്.

അനുഷ്ക ശർമ: ഇത് ലജ്ജിക്കേണ്ട കാര്യമല്ല
ഉത്കണ്ഠയുമായി (Anxiety) ജീവിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് വാർത്തകളിൽ ഇടം നേടിയ മറ്റൊരു നടിയാണ് അനുഷ്‌ക ശർമ. “എനിക്ക് ഉത്കണ്ഠയുണ്ട്. അതിന് ഞാൻ ചികിത്സയും മരുന്നും സ്വീകരിക്കുന്നു. ഇത് ലജ്ജിക്കേണ്ട കാര്യമല്ല. മറ്റേതൊരു ആരോഗ്യപ്രശ്‌നം പോലെ തന്നെയുള്ള ഒരു ജൈവപ്രശ്‌നമാണിത്,” എന്നായിരുന്നു അനുഷ്‌കയുടെ തുറന്നുപറച്ചിൽ. മാനസികാരോഗ്യ ചികിത്സയെയും മരുന്നിനെയും കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകൾ തിരുത്താൻ ഈ വാക്കുകൾക്ക് വലിയ സ്വാധീനമുണ്ടായി.
Also Read
അനന്യ പാണ്ഡെ: വികാരങ്ങൾ തുറന്നുപറയാൻ പഠിപ്പിച്ച തെറാപ്പി
യുവതലമുറയുടെ പ്രതിനിധിയായ അനന്യ പാണ്ഡെയും മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്താണ് താൻ തെറാപ്പിയുടെ സഹായം തേടിയതെന്ന് അനന്യ പറയുന്നു. കാരണമറിയാതെ വിഷാദം അനുഭവിച്ചിരുന്ന ഘട്ടത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്. സഹായം തേടുന്നത് ദൗർബല്യമല്ലെന്നും, സ്വന്തം മനസ്സിനെ മനസ്സിലാക്കാനുള്ള ആദ്യ ചുവടുവയ്പ്പാണെന്നും അനന്യയുടെ അനുഭവം ഓർമിപ്പിക്കുന്നു.
ഇല്യാന ഡിക്രൂസ്: വിഷമങ്ങൾ പുതിയൊരു കാഴ്ചപ്പാട് നൽകി
വിഷാദരോഗവും ആത്മവിശ്വാസക്കുറവും ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് പല അഭിമുഖങ്ങളിലും ഇല്യാന ഡിക്രൂസ് തുറന്നു പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിൽ താൻ ആളുകളെ അകറ്റിനിർത്തിയിരുന്നുവെന്നും, എന്നാൽ ആ അനുഭവങ്ങൾ പിന്നീട് തന്നെ കൂടുതൽ ശക്തയാക്കിയെന്നും ഇല്യാന പറയുന്നു. സുഖം പ്രാപിക്കുന്നത് ഒരു ദിവസത്തെ കാര്യമല്ലെന്നും, സ്വയം തിരിച്ചറിയുന്ന ഒരു യാത്രയാണെന്നും ഇല്യാനയുടെ ജീവിതാനുഭവം വ്യക്തമാക്കുന്നു.
തുറന്നുപറച്ചിലുകൾ പ്രധാനമാണ്
മാനസികാരോഗ്യ പ്രശ്‌നങ്ങൾ എല്ലാവരെയും ബാധിക്കാം. സമ്മർദം, ഉത്കണ്ഠ, വിഷാദം, ബേൺഔട്ട്, വൈകാരിക തളർച്ച എന്നിവയൊക്കെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ആർക്കും സംഭവിക്കാം. എന്നാൽ ഇന്നും പലരും വിമർശനവും തെറ്റിദ്ധാരണയും ഭയന്ന് സഹായം തേടാൻ മടിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് സിനിമാതാരങ്ങളുടെ തുറന്നുപറച്ചിലുകൾക്ക് പ്രസക്തിയേറുന്നത്. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ സ്വന്തം അനുഭവങ്ങൾ മറച്ചുവയ്ക്കാതെ പങ്കുവെക്കുമ്പോൾ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ കൂടുതൽ സ്വാഭാവികമാകുന്നു. തെറാപ്പി, കൗൺസിലിങ്, മരുന്ന് എന്നിവയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറാനും അത് സഹായിക്കുന്നു.
ദീപിക പദുകോൺ, അനുഷ്‌ക ശർമ, ആലിയ ഭട്ട്, അനന്യ പാണ്ഡെ, ഇല്യാന ഡിക്രൂസ് എന്നിവരുടെ അനുഭവങ്ങൾ ഒരേ കാര്യം തന്നെയാണ് ഓർമിപ്പിക്കുന്നത്. മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: bollywood-stars-mental-health-awareness
Published: 22 Jun 2026, 04:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented