‘റെഡ് ഫ്‌ളാഗിനെ പിന്തുടരുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ എപ്പോഴും കരുതിയിരുന്നത്... എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയെത്തി.’ നടി നസ്രിയ നസീം ഫഹദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഒരു വിഭാഗം പ്രചരിപ്പിച്ചപ്പോൾ, മറ്റുചിലർ ടൊവിനോ തോമസിനൊപ്പം നസ്രിയ അഭിനയിക്കുന്ന 'എൽ ക്ലാസിക്കോ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിരിക്കാം ഈ പോസ്റ്റെന്നും വിലയിരുത്തി. പോസ്റ്റിന്റെ യഥാർഥ അർഥം എന്താണെന്ന് നസ്രിയ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

To advertise here,

എന്നാൽ ഈ ഒരു പോസ്റ്റ് വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവന്നത് മറ്റൊരു പ്രധാന വിഷയത്തെയാണ്, 'റെഡ് ഫ്‌ളാഗ്‌' എന്ന ആശയത്തെയും 'ബ്രെഡ്ക്രമ്പിങ്' എന്ന ഡേറ്റിങ് ട്രെൻഡിനെയും. ഒരു ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ ചില പെരുമാറ്റങ്ങൾ നമ്മളെ ആശയക്കുഴപ്പത്തിലാക്കുകയോ, നിരന്തരം കാത്തിരിപ്പിലാക്കുകയോ, അനിശ്ചിതത്വത്തിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു റെഡ് ഫ്‌ളാഗ്‌, അതായത് മുന്നറിയിപ്പ് സൂചനയായിരിക്കാം. അത്തരത്തിലുള്ള പ്രധാന റെഡ് ഫ്‌ളാഗുകളിൽ ഒന്നാണ് ബ്രെഡ്ക്രമ്പിങ്. ആത്മാർഥതയില്ലാതെ, ചെറിയ കാര്യങ്ങളിൽപോലും ഇടയ്ക്കിടെ ശ്രദ്ധയും സ്‌നേഹസൂചനകളും നൽകി ഒരാളെ ബന്ധത്തിൽ പിടിച്ചുനിർത്തുന്ന രീതിയാണിത്. ഇത്തരം ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞാൽ അനാവശ്യമായ മാനസികസമ്മർദവും നിരാശയും വിഷാദവും ഒഴിവാക്കി കൂടുതൽ ആരോഗ്യകരമായ ബന്ധങ്ങളിലേക്ക് മുന്നേറാൻ കഴിയും.

റെഡ് ഫ്‌ളാഗും ബ്രെഡ്ക്രമ്പിങ്ങും തമ്മിൽ...

ഒരു ബന്ധം ആരോഗ്യകരമല്ലെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെയാണ് റെഡ് ഫ്‌ളാഗ് എന്ന് പറയുന്നത്. കള്ളം പറയുക, ബഹുമാനക്കുറവ് കാണിക്കുക, അമിത നിയന്ത്രണം ചെലുത്തുക, സ്ഥിരതയില്ലാത്ത പെരുമാറ്റം, ബ്രെഡ്ക്രമ്പിങ് തുടങ്ങിയവ റെഡ് ഫ്‌ളാഗുകളുടെ ഉദാഹരണങ്ങളാണ്.

ഒരു വ്യക്തിക്ക് ബന്ധത്തിൽ യഥാർഥ താൽപര്യമോ പ്രതിബദ്ധതയോ ഇല്ലെങ്കിലും, ഇടയ്ക്കിടെ മെസേജുകളിലൂടെയോ പ്രശംസകളിലൂടെയോ ചെറിയ ശ്രദ്ധ നൽകി നിങ്ങളെ ബന്ധത്തിൽ തുടരാൻ പ്രേരിപ്പിക്കുന്ന രീതിയാണ് ബ്രെഡ്ക്രമ്പിങ്. ഇത് ഒരു പ്രധാന റെഡ് ഫ്‌ളാഗ് ആയി കണക്കാക്കപ്പെടുന്നു.

ബ്രെഡ്ക്രമ്പിങ് എന്ന റെഡ് ഫ്‌ളാഗിന്റെ ലക്ഷണങ്ങൾ

  • പങ്കാളിക്ക് സൗകര്യമുള്ളപ്പോൾ മാത്രം ബന്ധപ്പെടും. ദിവസങ്ങളോളം ഒരു വിവരവുമില്ല. പിന്നീട് പെട്ടെന്ന് ഒരു മെസേജ്. ബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമല്ല, നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുള്ള ചെറിയ ശ്രമം മാത്രമാണിത്.
  • കാണാമെന്ന് പറയും, പക്ഷേ ഒരിക്കലും പ്ലാൻ നടക്കില്ല. 'ഉടൻ കാണാം', 'ഒരു ദിവസം പുറത്തുപോകാം' എന്നൊക്കെ പറയുമെങ്കിലും അതിന് യാതൊരു തുടർനടപടിയും ഉണ്ടാകില്ല.
  • സംഭാഷണം ഒരിക്കലും ആഴത്തിലാകില്ല. തമാശയും ഫ്‌ളർട്ടിങ്ങും ഉണ്ടാകും. പക്ഷേ വികാരങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ സംസാരിക്കാൻ അവർ തയ്യാറാകില്ല.
  • മിക്‌സ്ഡ് സിഗ്‌നലുകൾ നൽകും. ഒരു ദിവസം അമിത സ്‌നേഹം. അടുത്ത ദിവസം പൂർണ നിശബ്ദത. ഈ ആശയക്കുഴപ്പമാണ് ബ്രെഡ്ക്രമ്പിങ്ങിന്റെ പ്രധാന ആയുധം.
  • പ്രതീക്ഷ നൽകും, പക്ഷേ ഉറപ്പൊന്നും നൽകില്ല. നിങ്ങളെ വിലമതിക്കുന്നുവെന്ന് തോന്നിപ്പിക്കും. എന്നാൽ ബന്ധത്തിന് പേരിടാനോ ഭാവിയെക്കുറിച്ച് സംസാരിക്കാനോ അവർ തയ്യാറാകില്ല.
  • എല്ലാ ശ്രമവും നിങ്ങളുടെ ഭാഗത്തുനിന്നായിരിക്കും. മെസേജ് അയക്കുന്നതും, വിളിക്കുന്നതും, കാണാൻ പ്ലാൻ ചെയ്യുന്നതും കൂടുതലും നിങ്ങളായിരിക്കും. അവരുടെ ശ്രമം ഏറ്റവും കുറഞ്ഞതായിരിക്കും.
  • സന്തോഷത്തേക്കാൾ കൂടുതൽ മാനസിക ക്ഷീണം അനുഭവപ്പെടും. ഈ ബന്ധം നിങ്ങളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഉത്കണ്ഠയും കാത്തിരിപ്പും നിരാശയും നൽകുന്നുണ്ടെങ്കിൽ അത് ഒരു വലിയ റെഡ് ഫ്‌ളാഗാണ്.

എങ്ങനെ പ്രതികരിക്കാം?

  • വാക്കുകളല്ല, പ്രവൃത്തികളാണ് വിലയിരുത്തേണ്ടത്.
  • നിങ്ങളുടെ പ്രതീക്ഷകൾ തുറന്ന് പറയുക.
  • സ്ഥിരമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ബന്ധങ്ങളിൽ നിന്ന് അകലം പാലിക്കാൻ മടിക്കരുത്.
  • നിങ്ങളെ ബഹുമാനിക്കുകയും സമയം കണ്ടെത്തുകയും ചെയ്യുന്ന ആളെയാണ് തിരഞ്ഞെടുക്കേണ്ടത്.

പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം, എല്ലാ ബ്രെഡ്ക്രമ്പിങ്ങും ഒരു റെഡ് ഫ്‌ളാഗാണ്. എന്നാൽ എല്ലാ റെഡ് ഫ്‌ളാഗുകളും ബ്രെഡ്ക്രമ്പിങ് ആവണമെന്നില്ല. ഒരു ബന്ധത്തിൽ സ്ഥിരതയും വ്യക്തതയും പരസ്പര ബഹുമാനവുമാണ് യഥാർഥ സ്‌നേഹത്തിന്റെ അടയാളങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi