ചെറുപ്പംമുതൽ അഭിനയമെന്ന സ്വപ്നം മനസ്സിൽ കൊണ്ടുനടന്ന ആളാണ് താനെന്ന് ആലിയ ഭട്ട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ സ്വപ്നത്തിന്റെ മറ്റൊരു പ്രതിഫലനം മകൾ റാഹയിലാണെന്ന് പറയുകയാണ് ആലിയ. പാട്ടും നൃത്തവും കായിക വിനോദങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന റാഹ ‘വേദിയിൽ തിളങ്ങാൻ വേണ്ടി വിധിക്കപ്പെട്ട കുട്ടിയാണ്’ എന്നാണ് ആലിയ അഭിമാനത്തോടെ പങ്കുവെച്ചത്.
ന്യൂഡൽഹിയിൽ നടന്ന അമൃത് രത്‌ന 2026 സമ്മേളനത്തിൽ പങ്കെടുത്തപ്പോഴായിരുന്നു ആലിയയുടെ ഈ തുറന്നുപറച്ചിൽ. കുട്ടിക്കാലത്ത് കണ്ണാടിക്ക് മുന്നിൽ മണിക്കൂറുകളോളം അഭിനയിച്ച് സമയം ചെലവഴിച്ചിരുന്നു. സിനിമയിൽ എത്തുന്നതിന് ഏറെ മുമ്പേതന്നെ അഭിനയം തന്റെ ജീവിതലക്ഷ്യമായിരുന്നുവെന്നും താരം പറഞ്ഞു.
ആലിയയുടെ ബാല്യകാല സ്വപ്നങ്ങളെക്കുറിച്ചുള്ള വാക്കുകൾക്കൊടുവിൽ അവതാരകൻ, മകൾ റാഹയും കലാപരമായ താൽപര്യങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചു. അതിന് ചിരിയോടെയായിരുന്നു ആലിയയുടെ മറുപടി.
Also Read
“അവളും ജന്മനാ ഒരു പെർഫോമറാണെന്ന് തോന്നിപ്പോകും, സ്റ്റേജിനുവേണ്ടി പിറന്നവൾ എന്നു പറയാം. ഇപ്പോൾ സ്‌പോർട്‌സിനോടും വലിയ താൽപര്യമുണ്ട്. അതുപോലെ തന്നെ അവൾ നല്ല 'ഫിൽമി' കുട്ടിയാണ്. പാട്ടുകൾ ശ്രദ്ധയോടെ കേൾക്കും. നൃത്തം ചെയ്യാൻ വളരെയിഷ്ടമാണ്. പുതിയ സ്റ്റെപ്പുകൾ വളരെ വേഗം പഠിച്ചെടുക്കും,” ആലിയ പറഞ്ഞു.
റാഹ വളരുന്ന പ്രായത്തിലാണെന്നും കല, നൃത്തം, കായികരംഗം തുടങ്ങി പല മേഖലകളും കൗതുകത്തോടെ പരീക്ഷിച്ചുനോക്കുകയാണെന്നും ആലിയ കൂട്ടിച്ചേർത്തു. “അവൾക്ക് സ്വന്തമായൊരു ചിന്താശൈലിയുണ്ട്. ഒരു ലീഡറുടെ സ്വഭാവവും അവളിൽ കാണാം,” എന്നും താരം പറഞ്ഞു.
ഏറെനാളത്തെ പ്രണയത്തിനുശേഷം 2022 ഏപ്രിലിലായിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. അതേ വർഷം നവംബറിലാണ് ഇരുവർക്കും മകൾ റാഹ ജനിച്ചത്. 2023-ലെ ക്രിസ്മസ് ദിനത്തിലായിരുന്നു റാഹയെ ആദ്യമായി പൊതുവേദിയിൽ ആരാധകർക്ക് പരിചയപ്പെടുത്തിയത്.
ആലിയയുടെ ഏറ്റവും പുതിയ ചിത്രം ‘ആൽഫ’ റിലീസിനൊരുങ്ങുകയാണ്. ശിവ് റാവയിൽ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലറിൽ ബോബി ഡിയോൾ വില്ലനായി എത്തുന്നു. ശർവരി, അനിൽ കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ ഹൃത്വിക് റോഷന്റെ അതിഥി വേഷവും സൂചിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആന്റ് വാർ എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്. രൺബീർ കപൂറും വിക്കി കൗശലുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: alia-bhatt-raha-amrit-ratna-2026-insights
Published: 18 Jun 2026, 11:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented