കണ്ണിനെക്കുറിച്ച് എത്രയധികം പാട്ടുകളുണ്ടല്ലേ? നമ്മുടെ കണ്ണുകള്‍ നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. പക്ഷേ, ഈ കാലത്ത് കണ്ണിന്റെ ആരോഗ്യത്തിനായി, അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനത്തിന് കോട്ടം തട്ടാതിരിക്കാന്‍, നമ്മള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നിത്യേനയുള്ള മൊബൈല്‍-ലാപ്ടോപ്പ് ഉപയോഗം കാരണം, സ്‌ക്രീന്‍ ടൈം കൂടുതലായ ഒരു സമൂഹമാണ് നമുക്കുള്ളത്. മണിക്കൂറുകള്‍ നീണ്ട ഇത്തരം ഉപയോഗം കണ്ണിന്റെ ഒപ്റ്റിക് നെര്‍വിനെ വേഗത്തില്‍ ബാധിക്കാം. ഇപ്പോള്‍ സ്‌ക്രീന്‍ പ്രൊട്ടക്റ്റഡ് സ്‌പെക്‌സ് (കണ്ണടകള്‍) ഒരുപാടുണ്ടെങ്കില്‍പോലും, കണ്ണിന് ബുദ്ധിമുട്ടുകള്‍ കൂടി വരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കണ്ണിനെക്കുറിച്ച് ഒരു കാര്യം
ചുറ്റുമുള്ള പ്രകാശം സ്വീകരിച്ച് തലച്ചോറിലേക്ക് അയച്ച് ഒരു ദൃശ്യരൂപമാക്കി മാറ്റുക എന്നതാണ് കണ്ണിന്റെ ധര്‍മ്മം. ഈ പ്രവര്‍ത്തനത്തിന് രണ്ട് നിര്‍ണായകഘടകങ്ങള്‍ ആവശ്യമാണ്: ചിത്രം കണ്ണിന്റെ ആന്തരിക പാളിയായ റെറ്റിനയില്‍ കൃത്യമായി കേന്ദ്രീകരിക്കുകയും ഈ വിവരങ്ങള്‍ ഇലക്ട്രോകെമിക്കല്‍ പ്രേരണകളായി രൂപാന്തരപ്പെട്ട് തലച്ചോറിലേക്ക് എത്തുകയും വേണം. നിങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ ഒരു സിനിമപോലെ ഇങ്ങനെ ഒരു കൂട്ടം പ്രവര്‍ത്തനങ്ങളാണ്.
കണ്ണിന്റെ ആരോഗ്യത്തിന് ആയുര്‍വേദം
നേത്രരോഗങ്ങള്‍ വരാതെ തടയുന്ന പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് ആയുര്‍വേദം പ്രാധാന്യം കല്‍പ്പിക്കുന്നത്. തെറ്റായ ആഹാരങ്ങള്‍ ശരീരത്തിന് ഹാനികരമാകുന്നതുപോലെ നേത്രാരോഗ്യത്തെയും നശിപ്പിക്കും. ആയുര്‍വേദ ചികിത്സാശാസ്ത്രത്തില്‍ നേത്രചികിത്സയെ ശാലാക്യ (E.N.T) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കണ്ണിന്റെ ഓരോ ഭാഗത്തുമുള്ള രോഗങ്ങളെ വിശദമായി മനസ്സിലാക്കി ശാസ്ത്രീയമായി ചികിത്സിക്കുന്നു.
കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍, ടി.വി, മൊബൈല്‍ ഫോണ്‍, ഉറക്കമിളച്ചുള്ള ജോലികള്‍, നൈറ്റ് ഡ്യൂട്ടി, അസമയത്തുള്ള ഉറക്കം, കുട്ടികളിലെ വ്യായാമക്കുറവ്, ഉഴുന്ന്, തൈര്, എണ്ണയില്‍ പൊരിച്ച ആഹാരം, മത്സ്യം, പഴകിയതും ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ആഹാരം, വിരുദ്ധാഹാരങ്ങള്‍, മസാലകള്‍ ചേര്‍ന്നതും ഉള്‍പ്പുഴുക്കുണ്ടാക്കുന്നതുമായ ആഹാരങ്ങളും, പൊടി, പുക, പ്രമേഹം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളും നേത്രരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആയുര്‍വേദം മുന്നറിയിപ്പ് നല്‍കുന്നു.
ഭക്ഷണക്രമം
* പച്ച ഇലക്കറികളില്‍ ചീര, കാലെ, റോമൈന്‍ ലെറ്റൂസ്, കോളാര്‍ഡ്‌സ് എന്നിവ ഉള്‍പ്പെടുന്നു.
* ബ്രോക്കോളി, ബ്രസ്സല്‍സ് മുളകള്‍.
* സാല്‍മണ്‍, ട്യൂണ, മത്തി, മറ്റ് എണ്ണമയമുള്ള മത്സ്യങ്ങള്‍.
* മധുരക്കിഴങ്ങ്, കാരറ്റ്, ചുവന്നമുളക് എന്നിവ വര്‍ണ്ണാഭമായ പച്ചക്കറികളില്‍ ഉള്‍പ്പെടുന്നു.
* മാംസേതര പ്രോട്ടീന്റെ ഉറവിടങ്ങളില്‍ മുട്ട, ബദാം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
* ഓറഞ്ച്, നെക്ടറൈന്‍, മുന്തിരിപ്പഴം, കിവി തുടങ്ങിയ സിട്രസ് പഴങ്ങള്‍.
നേത്രശുചിത്വം എങ്ങനെ പാലിക്കാം
* നിങ്ങളുടെ കൈകള്‍ കഴുകുക: നമ്മള്‍ ഇടയ്ക്കിടെ മുഖത്ത് സ്പര്‍ശിക്കുന്നതുകൊണ്ട്, കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് നമ്മുടെ കണ്ണുകളില്‍നിന്ന് രോഗാണുക്കളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു.
* സ്വന്തം ടവല്‍ ഉപയോഗിക്കുക: ടവ്വലുകള്‍, ഐ മാസ്‌കുകള്‍, തലയിണ കവറുകള്‍ എന്നിവ പങ്കിടുന്നത് നിങ്ങളുടെ കണ്ണുകളിലേക്ക് അഴുക്കും ബാക്ടീരിയയും കൊണ്ടുവരും.
* ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് നീക്കം ചെയ്യുക: മേക്കപ്പ് ഇട്ട് ഉറങ്ങുന്നത് നിങ്ങളുടെ കണ്ണുകള്‍ക്ക് ദോഷം ചെയ്‌തേക്കാം; ഒരു റിമൂവര്‍ ഉപയോഗിക്കുക, കാലാവധി കഴിഞ്ഞ മേക്കപ്പ് ഒഴിവാക്കുക.
ആയുര്‍വേദ നേത്ര ചികിത്സകള്‍
* നേത്ര തര്‍പ്പണം: നേത്ര തര്‍പ്പണം, അക്ഷി തര്‍പ്പണം അല്ലെങ്കില്‍ നേത്ര ബസ്തി എന്നും അറിയപ്പെടുന്നു. ഇത് കണ്ണുകളെ പുനരുജ്ജീവിപ്പിക്കാനും പോഷിപ്പിക്കാനും രൂപകല്‍പ്പന ചെയ്ത ഒരു ക്ലാസിക്കല്‍ ആയുര്‍വേദ ചികിത്സയാണ്. തര്‍പ്പണം എന്ന പദത്തിന്റെ അര്‍ത്ഥം ''പോഷകാഹാരം'' അല്ലെങ്കില്‍ ''തൃപ്തി'' എന്നാണ്. ഈ സാഹചര്യത്തില്‍, ഔഷധ നെയ്യ് അല്ലെങ്കില്‍ ഔഷധ എണ്ണകള്‍ ഉപയോഗിച്ച് നേത്രകലകളുടെ ആഴത്തിലുള്ള പോഷണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
* നേത്ര പ്രക്ഷാളണം: ഇതൊരു ആയുര്‍വേദ ചികിത്സാരീതിയാണ്. കണ്ണില്‍ പൊടിയോ, ചീളോ വീണാല്‍, അല്ലെങ്കില്‍ വേനല്‍ക്കാലത്ത് കണ്ണിന് കുളിര്‍മ കിട്ടാനായി ത്രിഫല കഷായത്തില്‍ കണ്ണുകള്‍ കഴുകി നേത്രദൃഷ്ടി മെച്ചപ്പെടുത്താനും പ്രക്ഷാളണം ചെയ്യാറുണ്ട്.
വീട്ടുമുറ്റത്തെ നേത്ര ഔഷധങ്ങള്‍
* മൂന്ന് അല്ലെങ്കില്‍ നാല് നന്ത്യാര്‍വട്ടപ്പൂക്കള്‍ ശുദ്ധജലത്തിലിട്ട് രാത്രി മുഴുവന്‍ വെക്കുക. പിറ്റേന്ന് പൂവ് മാറ്റിയശേഷം ഈ വെള്ളംകൊണ്ട് കണ്ണ് കഴുകുക. നേത്രരോഗങ്ങള്‍ തടയാനും കണ്ണിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും ഇത് സാധിക്കും.
* വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവയിലേതെങ്കിലും മുറിച്ച് കണ്ണിന് മീതെ വെച്ച് പതിനഞ്ച് മിനിറ്റ് നേരം കിടക്കുക. കണ്ണിന് കുളിര്‍മ ലഭിക്കും.
* കാരറ്റും ഉരുളക്കിഴങ്ങും സമം അരച്ച് കുഴമ്പുരൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടങ്ങളുടെ സൗന്ദര്യം വര്‍ധിക്കും.
* പാണലിന്റെ ഇളംകുരുന്ന് തിരുമ്മി കുളിക്കുന്ന വെള്ളത്തിലിടുക. നേത്രരോഗങ്ങള്‍ക്ക് ഇത് ഉത്തമമാണ്.
* കാരറ്റ് നീര് തേന്‍ ചേര്‍ത്ത് പതിവായി കണ്ണിനടിയില്‍ പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയുക.
* കണ്ണിന് താഴെയായി പ്രത്യക്ഷപ്പെടുന്ന സഞ്ചിപോലുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുക. വീക്കം മാറുവാനും കണ്ണുകളുടെ ക്ഷീണമകറ്റാനും ഇത് പ്രയോജനപ്പെടും.
* ദിവസവും കരിക്കിന്‍ വെള്ളംകൊണ്ട് കണ്ണു കഴുകുക.
* തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിന് മീതെ വെക്കുക. കണ്ണിന് കുളിര്‍മ ലഭിക്കും.
* എന്നും രാവിലെ ശുദ്ധമായ പനിനീരോ, തുളസിനീരോ ഓരോ തുള്ളി വീതം കണ്ണിലിറ്റിക്കുന്നത് കാഴ്ചയ്ക്ക് നല്ലതാണ്.
* രണ്ട് ടീസ്പൂണ്‍ മുരിങ്ങയില നീര് അല്ലെങ്കില്‍ ഉലുവ പതിവായി കഴിക്കുക.
* കിടക്കാന്‍ നേരം ത്രിഫലപ്പൊടി തേനും നെയ്യും ചേര്‍ത്ത് കഴിക്കുക.
* ഇളനീര്‍ കുഴമ്പ് പുരട്ടിയാല്‍ കണ്ണിലെ മാലിന്യങ്ങള്‍ നീങ്ങി കണ്ണ് ശുദ്ധമാകും.
* പാദങ്ങളിലെ ചില നാഡികള്‍ കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കുളിക്കുന്നതിനു മുമ്പായി കാലിനടിയില്‍ എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാലുകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക. പാദങ്ങള്‍ക്ക് ആഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കുക.
* നിത്യവും കണ്ണെഴുതുക. നേത്രത്തില്‍ അടിഞ്ഞുകൂടി ക്രമേണ നേത്രരോഗത്തിന് കാരണമായേക്കാവുന്ന അഴുക്കുകളെ ഫലപ്രദമായി പുറത്തുകളഞ്ഞ് കണ്ണ് ശുദ്ധമാക്കുന്നു.
* അണുതൈലം ഓരോ തുള്ളി വീതം ദിവസവും മൂക്കിലൊഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Protect your vision with Ayurveda. Learn about eye health tips, treatments like Netra Tarpanam, home remedies, and diet for optimal eye care.
Published: 06 Sept 2025, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented