മദ്യം ഒട്ടും കഴിച്ചിട്ടില്ല, പക്ഷേ തലകറക്കവും തലവേദനയുമുണ്ട്. സംസാരം കുഴഞ്ഞുമറിയുന്നു, വായിൽ നിന്ന് രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും. ലോകത്ത് നൂറിൽ താഴെ ആളുകളിൽ സ്ഥിരീകരിച്ചിട്ടുള്ള ഒരു രോഗാവസ്ഥയാണിത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരം അത് മദ്യമാക്കി മാറ്റുന്ന അപൂർവരോഗമാണിത്.

To advertise here,

ഗട്ട് ഫെർമെന്റേഷൻ സിൻഡ്രോം അഥവാ ഓട്ടോ-ബ്രൂവറി സിൻഡ്രോം (എബിഎസ്) എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ദഹനവ്യവസ്ഥയാണ് സാധാരണ ഭക്ഷണം, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് മദ്യമാക്കി മാറ്റുന്നത്.

എബിഎസ് ഉള്ളവരുടെ കുടലിൽ ചിലതരം യീസ്റ്റുകൾ പെരുകുകയും കാർബോഹൈഡ്രേറ്റിനെ എഥനോൾ (മദ്യം) ആക്കി മാറ്റുകയും ചെയ്യുന്നു. ഈ സൂക്ഷ്മാണുക്കൾ എല്ലാവരുടെയും ദഹനനാളത്തിലുണ്ടെങ്കിലും, എബിഎസ് രോഗികളിൽ ഇവയുടെ അമിതമായ വളർച്ച രക്തത്തിലെ മദ്യത്തിന്റെ അളവ് ഗണ്യമായി വർധിപ്പിക്കും. രോഗികളിൽ തലകറക്കം, ആശയക്കുഴപ്പം, ക്ഷീണം, സംസാരത്തിൽ വ്യക്തതയില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. അതുകൊണ്ട് തന്നെ മദ്യപാനികളെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്. രോഗാവസ്ഥ കാരണം പലർക്കും ജോലിയും ബന്ധങ്ങളും കുട്ടികളുടെ സംരക്ഷണവുമൊന്നും കൃത്യമായി ചെയ്യാനോ മുന്നോട്ടു കൊണ്ടുപോവാനോ സാധിക്കാറില്ല.

1950-കളിൽ ജപ്പാനിലാണ് ആദ്യമായി ഗട്ട് ഫെർമെന്റേഷൻ സിൻഡ്രോം രേഖപ്പെടുത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും ഈജിപ്തിലുമെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. 2019-ൽ അമേരിക്കയിലെ ഒരു ശ്രദ്ധേയമായ കേസ് ഇങ്ങനെയാണ്. നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു വ്യക്തിയെ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു, പിന്നീട് ഡോക്ടർമാർ സ്ഥിരീകരിച്ചത് രക്തത്തിലെ മദ്യത്തിന്റെ അളവ് ശരീരത്തിനുള്ളിൽ നടന്ന ഫെർമെന്റേഷൻ മൂലമാണെന്നാണ്. മാസങ്ങളോളം നീണ്ട നിയമ, വൈദ്യശാസ്ത്ര പോരാട്ടങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് എബിഎസ് രോഗനിർണയം നടത്തി. 

ചികിത്സ

ആന്റിഫംഗൽ മരുന്നുകൾ, പ്രോബയോട്ടിക്കുകൾ, കർശനമായ ഭക്ഷണക്രമങ്ങൾ എന്നിവയാണ് ചികിത്സ. കാർബോഹൈഡ്രേറ്റ് കുറവുള്ള, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമമാണ് രോഗികൾക്ക് നിർദേശിക്കാറ്. മദ്യം, പഞ്ചസാര ധാന്യങ്ങൾ എന്നിവ ഒഴിവാക്കുകയും വേണം. റെഡ്ഡിറ്റ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ എബിഎസ് രോഗികളുടെ കൂട്ടായ്മകളുണ്ട്. പലപ്പോഴും പരിഹസിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നു എന്നതാണ് ഇത്തരം രോഗികൾ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi