നടനും ടിവി അവതാരകനുമായ ശേഖർ സുമൻ തന്റെ ജീവിതത്തെപ്പറ്റി നടത്തിയ തുറന്നുപറച്ചിൽ വലിയ ചർച്ചയാവുകയാണ്. 11 വയസ്സുള്ള മകൻ ആയുഷിനെ നഷ്ടപ്പെട്ട കാലത്തെപ്പറ്റിയാണ് അദ്ദേഹം ഓർത്തെടുത്തത്. എൻഡോമയോകാർഡിയൽ ഫൈബ്രോസിസ് (EMF) എന്ന അപൂർവ്വവും ഭേദമാക്കാനാവാത്തതുമായ ഹൃദ്രോഗത്തെത്തുടർന്ന് 1995-ലാണ് ആയുഷ് മരിക്കുന്നത്.

മകന്റെ രോഗമറിയുമ്പോൾ ജോലി കണ്ടെത്താൻ താൻ വിഷമിച്ചിരുന്നുവെന്ന് 'ദി ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു. മകൻ ഗുരുതരാവസ്ഥയിലായപ്പോൾ കുടുംബത്തെ സംരക്ഷിക്കുന്നതിനായി ടെലിവിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. ജയാ ബച്ചൻ നിർമ്മിച്ച 'ദേഖ് ഭായ് ദേഖ്' എന്ന ടിവി ഷോയിൽ അഭിനയിച്ചു. മകന്റെ ആരോഗ്യസ്ഥിതിയറിയാൻ ഷൂട്ടിനിടയിലും താൻ ഫോൺ കയ്യിൽ കരുതിയിരുന്നുവെന്നും അദ്ദേഹം ഓർത്തു.

“മരിക്കും മുമ്പ് അവൻ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലാൻ തുടങ്ങി. അവന് 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇതെങ്ങനെ സാധിച്ചുവെന്ന് എനിക്കറിയില്ല. ഒരു സുവർണ്ണ വെളിച്ചം വരുന്നത് അവൻ കണ്ടുവെന്നും എന്റെ കൈ പിടിച്ച്, 'അച്ഛാ, എനിക്ക് പോകേണ്ട. ദയവായി എന്നെ രക്ഷിക്കൂ' എന്ന് പറഞ്ഞു. ശേഷം ചില സംസ്കൃത ശ്ലോകങ്ങൾ ചൊല്ലാൻ തുടങ്ങി, അത് ഞങ്ങളെ പരിഭ്രാന്തരാക്കി. ആ സമയത്ത് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഡ്രൈവറടക്കമുള്ള ഓരോരുത്തരെയും അവൻ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. അവനൊരു മാലാഖയെപ്പോലെയായിരുന്നു, ഭംഗിയുള്ള കുട്ടിയായിരുന്നു. അങ്ങനെയൊരു ദുരന്തം ഞങ്ങൾക്ക് എങ്ങനെ സംഭവിച്ചു എന്നിപ്പോഴും മനസ്സിലാകുന്നില്ല. എങ്കിലും അതായിരിക്കാം വിധി. മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയൊരു ദുരന്തമില്ല."

തന്റെ ഭാര്യ അൽക്ക സുമൻ മകനെ പോകാൻ അനുവദിക്കണമെന്ന് ഡോക്ടറോട് അപേക്ഷിക്കുന്ന അവസ്ഥയിലേക്ക് അവന്റെ ആരോഗ്യം വഷളായിരുന്നുവെന്ന് ശേഖർ അനുസ്മരിച്ചു. “അവന്റെ നില വളരെ വഷളായപ്പോൾ, ഒരു ഘട്ടത്തിൽ എന്റെ ഭാര്യ ഡോക്ടറോട് അവനെ പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു. നീയെന്താണ് പറയുന്നതെന്ന് ഞാനവളോട് ചോദിച്ചു. അവസാന നിമിഷം വരെ നമ്മൾ പോരാടുമെന്നും. എന്നാൽ അവൾ പറഞ്ഞു, 'ഇത് അവസാനമാണ്. അവനെ പോകാൻ അനുവദിക്കൂ; അവൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.' മകന്റെ മരണത്തിനായി അപേക്ഷിച്ച ആ അമ്മ ശരിയായിരുന്നു, അവൻ അത്രയധികം കഷ്ടപ്പെടുന്നത് കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

മകന്റെ മരണശേഷം പണത്തോടും പ്രശസ്തിയോടും ഉള്ള താല്പര്യം നഷ്ടപ്പെട്ടതായി ശേഖർ സമ്മതിച്ചു. എങ്കിലും കുടുംബത്തിലെ മറ്റുള്ളവരെ പോറ്റാനായി ജോലി തുടർന്നു. 2026 മെയ് 15-ന് സംപ്രേഷണം ആരംഭിച്ച 'ശേഖർ ടൊണൈറ്റ്' എന്ന ഡിജിറ്റൽ ടോക്ക് ഷോയുടെ അവതാരകനാണ് ശേഖർ സുമൻ. ഏകദേശം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ലേറ്റ് നൈറ്റ് ടോക്ക് ഷോയിലേക്കും പൊളിറ്റിക്കൽ സറ്റയറിലേക്കുമുള്ള തിരിച്ചുവരവായിരുന്നു ഈ ഷോ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi