പതിറ്റാണ്ടുകളായുള്ള പുകവലി ഉപേക്ഷിക്കുക എന്നത് ഏതൊരാൾക്കും കഠിനമായ വെല്ലുവിളിയാണ്. എന്നാൽ 35 വർഷത്തെ തന്റെ പുകവലി ശീലം വെറും ഒരാഴ്ച കൊണ്ട് എങ്ങനെ അവസാനിപ്പിച്ചു എന്നതിനെക്കുറിച്ച് നടൻ അർഷാദ് വർസി അടുത്തിടെ വെളിപ്പെടുത്തി. തന്റെ ഉപബോധമനസ്സിനെ (Subconscious mind) പാകപ്പെടുത്തിയെടുക്കുന്നതിലൂടെയും (Rewiring), ചിന്താഗതിയിൽ മാറ്റം വരുത്തിയുമാണ് താൻ ഈ ലഹരിയെ മറികടന്നതെന്ന് താരം പറഞ്ഞു.

To advertise here,

പിങ്ക് വില്ലയ്ക്ക് (Pinkvilla) നൽകിയ അഭിമുഖത്തിൽ അർഷാദ് പറഞ്ഞത് ഇങ്ങനെ: "ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ച് എങ്ങനെ പുകവലി നിർത്താൻ കഴിയും എന്ന് ആരും ചോദിച്ചേക്കാം. കഴിഞ്ഞ 35 വർഷമായി ഞാൻ പുകവലിക്കുന്ന ആളാണ്. ഇത് ഉപേക്ഷിക്കാൻ ഒരിക്കലും സാധിക്കില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇത് ഉപേക്ഷിക്കാൻ ഞാൻ അത്രയധികം ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി. ദൈവത്തെ സാക്ഷിയാക്കി ഞാൻ പറയുന്നു, യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വെറും ഒരാഴ്ച കൊണ്ട് ഞാൻ പുകവലി നിർത്തി," അദ്ദേഹം പറഞ്ഞു.

ഉപബോധമനസ്സിനെ പുനഃക്രമീകരിക്കാൻ സഹായിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് അദ്ദേഹം പുകവലി നിർത്തിയത്. ആപ്പിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "ഇതൊരു ഓർമ്മപ്പെടുത്തൽ പോലെയാണ്. ചായ കുടിച്ചു കഴിഞ്ഞാൽ ഉടനെ പുകവലിക്കണം എന്ന ചിന്തയെ അത് മാറ്റിയെടുക്കുന്നു. ഏഴാം ദിവസം ഇത് നിങ്ങളുടെ അവസാനത്തെ സിഗരറ്റ് ആയിരിക്കുമെന്ന് ആപ്പ് പറയും. എന്റെ പക്കൽ ഒരു പാക്കറ്റ് സിഗരറ്റ് ഉണ്ടായിരുന്നു. ഇത് ഫലിക്കില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പായിരുന്നു. എങ്കിലും ആ അവസാന സിഗരറ്റ് വലിച്ച് ഞാൻ ആ പാക്കറ്റ് വലിച്ചെറിഞ്ഞു. അതിനുശേഷം ഞാൻ അത് തൊട്ടിട്ടില്ല. രണ്ട് ദിവസത്തിന് ശേഷം എന്റെ വീട്ടിൽ ഒരു പാർട്ടിയുണ്ടായിരുന്നു, എല്ലാവരും പുകവലിക്കുന്നുണ്ടായിരുന്നു, പക്ഷേ എനിക്ക് യാതൊരു അസ്വസ്ഥതയും തോന്നിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് സബ്കോൺഷ്യസ് റിവയറിംഗ്
നമ്മുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞുപോയ ശീലങ്ങളെയും വിശ്വാസങ്ങളെയും ആവർത്തനം (Repetition), വിഷ്വലൈസേഷൻ (Visualization) എന്നിവയിലൂടെ മാറ്റിയെടുക്കുന്ന പ്രക്രിയയാണിത് (Subconscious Rewiring). തലച്ചോറിലെ ന്യൂറൽ പാതകളെ പുതിയ രീതിയിൽ ക്രമീകരിക്കുന്നതിലൂടെ നെഗറ്റീവ് ശീലങ്ങൾക്ക് പകരം പോസിറ്റീവ് ശീലങ്ങൾ വളർത്തിയെടുക്കാൻ ഇത് സഹായിക്കുന്നു. മെഡിറ്റേഷൻ (Meditation), അഫിർമേഷൻസ് (Affirmations) തുടങ്ങിയവ ഇതിനായി ഉപയോഗിക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്ന പ്രതികരണങ്ങൾക്ക് (Automatic reactions) പകരം ബോധപൂർവ്വമായ നല്ല തീരുമാനങ്ങളിലേക്ക് മനസ്സിനെ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi