മുംബൈയിലെ സെയിന്റ് സേവ്യേർസ് കോളേജിൽ വെച്ചാണ് ബോളിവുഡ് നടൻ അർഷാദ് വാർസി മരിയ ഗോരെട്ടിയെ ആദ്യം കാണുന്നത്. മരിയ പങ്കെടുത്ത ഒരു നൃത്തമത്സരത്തിൽ വിധികർത്താവായി എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് മരിയ അർഷാദിന്റെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയതോടെ ഇരുവരും സൗഹൃദത്തിലായി. പതിയെ അർഷാദിന് മരിയയോട് പ്രണയം തോന്നി. തുറന്നു പറഞ്ഞപ്പോഴെല്ലാം മരിയ അർഷാദിനെ നിരസിച്ചുകൊണ്ടിരുന്നു. പല തവണ നിരസിച്ചശേഷം അവസാനം മരിയ അർഷാദിനെ വിവാഹംചെയ്യാൻ സമ്മതമറിയിക്കുകയും ചെയ്തു. 1996-ൽ രണ്ടുപേരും വിവാഹിതരായി. സെക്ക് വാർസി, സെൻ വാർസി എന്നിങ്ങനെ മകനും മകളുമുണ്ട്.

To advertise here,

തന്റെ ഭാര്യയുടെ കാത്തലിക് മാതാപിതാക്കൾക്ക് ആദ്യം വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്ന് പറയുകയാണ് അർഷാദ് ഇപ്പോൾ. തുടക്കത്തിലെ സാഹചര്യം പരിഭ്രാന്തി നിറഞ്ഞതായിരുന്നു. അവർക്ക് തന്നെക്കുറിച്ചുണ്ടായിരുന്ന സംശയങ്ങളെല്ലാം പിന്നീട് സ്വീകാര്യതയായി മാറിയെന്നും നടൻ പറയുന്നു.

"അവർക്ക് അല്പം ഭയമുണ്ടായിരുന്നു. കാത്തലിക് പെൺകുട്ടി, മുസ്ലിം ചെറുക്കൻ.. അവർ രണ്ടാളും വളരെയേറെ മാന്യതയുള്ളവരാണ്. യേശുക്രിസ്തുവിനപ്പുറം അവരുടെ ജീവിതത്തിൽ മറ്റൊന്നുമില്ല. മരിയ ജോലിയുള്ള മറ്റൊരു കാത്തലിക് ചെറുക്കനെ വിവാഹം ചെയ്യുമെന്നാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ അവളാകട്ടെ, ജോലിയില്ലാത്ത ഒരു മുസ്ലിം ചെറുക്കനെ കണ്ടെത്തി."-ലല്ലൻടോപ്പിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഇപ്പോൾ മരിയയുടെ മാതാപിതാക്കൾ തന്നോടൊപ്പം ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. "ഹൃദയത്തിൽ, ഞാൻ നല്ല മനുഷ്യനാണെന്ന് അവർക്കറിയാമായിരുന്നു. മകളെ നന്നായി നോക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ടായിരുന്നു. എന്നാൽ പതിയെ അവർക്ക് മനസ്സിലായി, എന്നെക്കാൾ മികച്ച മറ്റാരുമില്ലെന്ന്. ഇപ്പോഴവർ വളരെ സന്തോഷത്തിലാണ്, അവരെന്റെ കൂടെയാണ് താമസിക്കുന്നത്. ആത്മാഭിമാനം കാരണം സ്വന്തം വീട്ടിൽ കഴിയാനാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷെ പലവിധ ബുദ്ധിമുട്ടുകൾക്കിടയിലും ഞങ്ങൾ അവരെ ഇവിടെ കൊണ്ടുവന്നു."-അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi