ഇന്ന് ജൂലൈ 2, ലോക മസ്തിഷ്‌ക ദിനമാണ്. Brain Health Access for all എന്നതാണ് ഈ വർഷത്തെ പ്രമേയമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച നിലവാരമുള്ള മസ്തിഷ്‌കാരോഗ്യം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നമ്മുടെ ശരീരത്തിലെ ഏറ്റവും തിരക്കേറിയ അവയവം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് നമ്മുടെ മസ്തിഷ്‌കമാണ്. എല്ലാ ശരീര അവയവങ്ങളുടേയും പ്രവർത്തനം മസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അവയ്ക്ക് പ്രവർത്തിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതും, നിയന്ത്രിച്ച് നിർത്തുന്നതുമെല്ലാം മസ്തിഷ്‌കമാണ്. ഹൃദയത്തിന്റെ മിടിപ്പും, ശ്വസനവും, ചിന്തകളും, ഓർമ്മകളും വിചാര വികാരങ്ങളും, ശരീര ചലനങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്.
Also Read
എന്നാൽ മറ്റ് അവയവങ്ങളെ അപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും പ്രശ്നം വന്നാൽ ലക്ഷണം നൽകി ശ്രദ്ധ ആകർഷിക്കാനുള്ള കഴിവ് വളരെ കുറഞ്ഞ രീതിയിൽ മാത്രമാണ് മസ്തിഷ്‌കം പ്രകടിപ്പിക്കുന്നത്. പലപ്പോഴും ഇത് നിശ്ശബ്ദവുമായിരിക്കും. ഈ സാഹചര്യത്തിൽ സൂചനകൾ തിരിച്ചറിയാൻ വൈകിയാൽ സംഭവിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതുമായിരിക്കും. ലോക മസ്തിഷ്‌ക ദിനത്തിൽ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട, മസ്തിഷ്‌കവുമായി ബന്ധപ്പെട്ട അനാരോഗ്യത്തെ സൂചിപ്പിക്കുന്ന പത്ത് മുന്നറിയിപ്പുകളിതാ.
1. പെട്ടെന്നുള്ള ബലക്കുറവോ മുഖം കോടിപ്പോവുകയോ ചെയ്യുക
ഒരു കൈ പെട്ടെന്ന് ഉയർത്താൻ സാധിക്കാതെ വരിക, ഒരു കാൽ വലിച്ച് നടക്കേണ്ടി വരിക, മുഖത്തിന്റെ ഒരു വശം കോടിപ്പോവുക തുടങ്ങിയവ ചിലപ്പോൾ സ്ട്രോക്കിന്റെ ആദ്യത്തെ സൂചനകളാകാൻ സാധ്യതയുണ്ട്. കുറച്ച് കഴിഞ്ഞാൽ ശരിയായിക്കൊള്ളും എന്ന് പറഞ്ഞ് കാത്തിരിക്കരുത്. ഓർമ്മിക്കുക, നഷ്ടപ്പെടുന്ന ഓരോ മിനിറ്റിലും ലക്ഷക്കണക്കിന് മസ്തിഷ്‌ക കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
2. സംസാരത്തിൽ പെട്ടെന്നുള്ള മാറ്റം
വാക്കുകളിൽ അവ്യക്തത അനുഭവപ്പെടുക, മറ്റുള്ളവർ പറയുന്നത് മനസ്സിലാകാതിരിക്കുക, സംസാരിക്കുമ്പോൾ വാക്കുകൾ കുഴയുക എന്നിവയും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. ഉടൻ തന്നെ ചികിത്സ തേടിയാൽ പൂർണ്ണമായും ഭേദമാകാനുള്ള സാധ്യതയുണ്ട്.
3. ആദ്യമായി അനുഭവപ്പെടുന്ന അതിശക്തമായ തലവേദന
‘ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള തലവേദന’ എന്ന തോന്നലുണ്ടാവുകയാണെങ്കിൽ ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ച് ഇടിമിന്നൽ പോലെ ആരംഭിക്കുന്ന തലവേദന, തലവേദനയ്ക്കൊപ്പം ഛർദ്ദി, കാഴ്ച മങ്ങൽ, ബോധക്ഷയം എന്നിവയുണ്ടെങ്കിലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.
4. ഇടയ്ക്കിടെ ആവർത്തിക്കുന്ന ശക്തമായ തലവേദന
തലവേദന പൊതുവെ സാധാരണം എന്ന് കരുതി അവഗണിക്കുന്നതാണ് പതിവ്. മൈഗ്രെയിൻ, രക്തസമ്മർദ്ദം, മറ്റ് നാഡി രോഗങ്ങൾ എന്നിവയുടെ ലക്ഷണമായും തലവേദന പ്രത്യക്ഷപ്പെടാം. മാസത്തിൽ പലതവണ തലവേദന വരികയും അത് ജോലി, പഠനം, ദൈനംദിന ജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ ഉടൻ തന്നെ ന്യൂറോളജിസ്റ്റിനെ കാണണം.
5. പെട്ടെന്നുണ്ടാകുന്ന ഓർമ്മക്കുറവ്
മറ്റൊരാളുടെ പേര് മറന്നുപോകുന്നത് പൊതുവെ സ്വാഭാവികമാണ്. എന്നാൽ സ്വന്തം പേര്, വീട്ടിലുള്ളവരുടെ പേര്, വീട്ടിലേക്കുള്ള വഴി തുടങ്ങിയവ മറക്കുകയും, ചോദിച്ച ചോദ്യം തന്നെ വീണ്ടും ആവർത്തിക്കുകയും, പരിചിതമായ ആളുകളെപോലും തിരിച്ചറിയാൻ സാധിക്കാതെ വരികയും ചെയ്താൽ ശ്രദ്ധിക്കണം. ഡിമൻഷ്യ പോലുള്ള രോഗങ്ങളുടെ ലക്ഷണമായേക്കാം. അതിനാൽ പ്രായക്കൂടുതലിന്റെ ലക്ഷണം എന്ന് മാത്രം കരുതി ഈ അവസ്ഥയെ തള്ളിക്കളയരുത്.
6. പെട്ടെന്നുള്ള കാഴ്ച മങ്ങൽ
ഒരു കണ്ണിലെ കാഴ്ച മങ്ങുക, ഇരട്ടക്കാഴ്ച അനുഭവപ്പെടുക, കാഴ്ചയുടെ ഒരു ഭാഗം നഷ്ടപ്പെടുക തുടങ്ങിയവ മസ്തിഷ്‌കവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ മുന്നറിയിപ്പാകാം. കാഴ്ചയുടെ പ്രശ്നം മാത്രമായി കരുതി അവഗണിക്കരുത്, ന്യൂറോളജിക്കൽ പരിശോധനയും നിർവ്വഹിക്കണം.
7. ശരീരം വിറയ്ക്കുകയോ അപസ്മാരം പ്രത്യക്ഷപ്പെടുകയോ ചെയ്താൽ
ആദ്യമായി അപസ്മാരം പ്രത്യക്ഷപ്പെടുമ്പോൾ ഒരിക്കലും അത് അവഗണിക്കരുത്. അത് വെറും അപസ്മാരം മാത്രമായിരിക്കണമെന്നില്ല. ചിലപ്പോൾ സ്ട്രോക്ക്, അണുബാധ, മെറ്റബോളിക് പ്രശ്നങ്ങൾ, ബ്രെയിൻ ട്യൂമർ തുടങ്ങിയവയുടെ ലക്ഷണങ്ങളുമാകാം.
8. നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക
നേരെ നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നടക്കുമ്പോൾ ഇടറി വീഴുക, തലകറക്കം അനുഭവപ്പെടുക, ചിലപ്പോൾ ശരീരത്തിന്റെ തന്നെ നിയന്ത്രണം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്. ഇത് ചിലപ്പോൾ ബാലൻസ് നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗത്തിന്റെ പ്രവർത്തന തകരാറിന്റെ സൂചനയായിരിക്കാം.
9. കൈകളിലോ കാലുകളിലോ മരവിപ്പ്
അല്പസമയം ഒരേ ഇരിപ്പിൽ ഇരുന്നാൽ കൈകാലുകൾ മരവിക്കുന്നത് സാധാരണയാണ്. എന്നാൽ പെട്ടെന്ന് ശരീരത്തിന്റെ ഒരു ഭാഗം മരവിക്കുക, സ്ഥിരമായി മരവിപ്പോ തരിപ്പോ ഇഴയുന്ന അനുഭവമോ ഉണ്ടാവുക തുടങ്ങിയവ ന്യൂറോളജിക്കൽ രോഗങ്ങളുടെ ലക്ഷണമായിരിക്കാം.
10. സ്വഭാവത്തിലും വ്യക്തിത്വത്തിലുമുള്ള മാറ്റം
പെട്ടെന്ന് അമിതമായ ദേഷ്യം അനുഭവപ്പെടുക, ആശയക്കുഴപ്പമുണ്ടാവുക, വ്യക്തിത്വത്തിൽ അസാധാരണമായ മാറ്റം, തീരുമാനമെടുക്കാനുള്ള കഴിവ് കുറയുക തുടങ്ങിയവ ചിലപ്പോൾ ബ്രെയിൻ രോഗങ്ങളുടെ തുടക്കമായിരിക്കാം. ഇത്തരം മാറ്റങ്ങൾ എപ്പോഴും നമുക്ക് സ്വയം തിരിച്ചറിയാൻ സാധിച്ചു എന്ന് വരില്ല, മറ്റുള്ളവരിലോ സ്വയമോ ഈ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
സ്ട്രോക്ക് തിരിച്ചറിയാൻ FAST ഓർമ്മിക്കുക
F-Face : മുഖം ഒരു വശത്തേക്ക് കോടുന്നുണ്ടോ?
A-Arm : കൈ ഉയർത്താൻ കഴിയുന്നില്ലേ?
S-Speech : സംസാരത്തിൽ കുഴപ്പമുണ്ടോ?
T-Time: ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക.
മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
-
രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക
- ദിവസവും വ്യായാമം ചെയ്യുക
- സമീകൃതാഹാരം കഴിക്കുക
- പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക
- മതിയായ ഉറക്കം ഉറപ്പ് വരുത്തുക
- മാനസികസമ്മർദ്ദം കുറയ്ക്കുക
- തലയ്ക്ക് പരിക്കേൽക്കുന്നത് തടയാൻ ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ഉപയോഗിക്കുക.
മസ്തിഷ്‌ക രോഗങ്ങൾ ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്നവയാണ്. അതിനെ പ്രതിരോധിക്കാൻ സമയബന്ധിതമായ പരിശോധന, കൃത്യമായ ചികിത്സ, ആവശ്യമായ പുനരധിവാസ സംവിധാനങ്ങൾ, ഫലപ്രദമായ ആരോഗ്യബോധവത്കരണം എന്നിവ വ്യാപകമാക്കേണ്ടതുണ്ട്. ഇതിനായി ഈ വർഷത്തെ മസ്തിഷ്‌കദിനം നമുക്ക് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം.
(കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ആശ വലിയവീട്ടിൽ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. കാർത്തിക് ഹരിശങ്കർ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് ഡോ. വിദ്യ എന്നിവർ സംയുക്തമായി എഴുതിയ മസ്തിഷ്‌കദിന ലേഖനം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: 10-warning-signs-brain-health-2026
Published: 22 Jul 2026, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented