ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. സാങ്കേതിക വിദ്യയിലും സാമൂഹിക ഘടനയിലും വന്ന മാറ്റങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. ഇഷ്ടമുള്ളിടത്ത് എപ്പോള്‍ വേണമെങ്കിലും പോകാമെന്നതും മറ്റൊരാളുടെ സമയത്തിനും താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി കാത്തു നില്‍ക്കേണ്ട എന്നതുമാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ സൗകര്യം.

To advertise here,

ബുക്കിങ് ഡോഡ്‌കോമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടായ 'ഹൗ ഇന്ത്യാ ട്രാവല്‍സ് 2025' അനുസരിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും കൂടുതലും സ്ത്രീകളാണ്. 

കുടുംബത്തോടൊപ്പമുള്ള യാത്രകളിലും എല്ലാ തയ്യാറെടുപ്പുകളും ബുക്കിങ്ങുകളും സ്ത്രീകളാണ് കൂടുതല്‍ ചെയ്യുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പത്തില്‍ നാല് സ്ത്രീകളും മുമ്പത്തേതിനേക്കാള്‍ യാത്രാ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നു. 33 ശതമാനം പേര്‍ കുടുംബത്തിനോ ഗ്രൂപ്പുകള്‍ക്കോ വേണ്ടിയുള്ള യാത്രകളിൽ ബുക്കിങ്ങുകള്‍ നടത്താൻ മുന്‍കൈയെടുക്കുന്നു എന്നാണ് റിപ്പോർട്ട്.

26 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീ യാത്രികർ, വളരെ ശ്രദ്ധയോടെ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നു. ട്രാവൽ ഏജന്‍സികളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും, വനിതാ സഞ്ചാരികളെക്കുറിച്ചുളള മുൻധാരണകളെ പുനര്‍നിര്‍വചിക്കുകയാണ് ഈ കണക്കുകൾ.

സ്ത്രീ സഞ്ചാരികള്‍ എന്താണ് തേടുന്നത്?
സര്‍വേയുടെ അടിസ്ഥാനത്തില്‍, സ്ത്രീ സൗഹൃദവും സാംസ്‌കാരിക പ്രാധാന്യമുളള ചുറ്റുപാടുകള്‍കളാണ് ഇവര്‍ തേടുന്നത്. നിത്യജീവിത്തിന്റെ വിരസതയില്‍ നിന്നു മാറി, മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്ന ഇടങ്ങളും അതില്‍ പ്രധാനമാണ്. വിശ്വസ്തമായ സ്ഥലങ്ങള്‍, കാന്‍സലേഷന്‍ പോളിസികള്‍, ബുക്കിങ് ചെയ്യാനുളള ആപ്പ് സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് സ്ത്രീ യാത്രികര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

യാത്രകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നത് സാമൂഹിക മാറ്റത്തെ സൂചിപ്പിക്കുന്നു. വിനോദത്തിനോ മാനസിക ഉല്ലാസത്തിനോ ആഘോഷങ്ങള്‍ക്കോ വേണ്ടിയുളള യാത്രകളാകാമിത്. അത് മറ്റുളള സ്ത്രീകള്‍ക്കും പ്രചോദനമാണ്. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളും ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്.

ഗോവയില്‍ പാര്‍ട്ടികള്‍ക്ക് പങ്കെടുക്കുന്നത് മുതൽ വാരാണസിയില്‍ ആത്മീയ യാത്രകൾ ഉൾപ്പെടെ ചെയ്യാൻ  ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അവിവാഹിതയായിരിക്കണം എന്നില്ല. വിവാഹിതരായവര്‍ക്കും കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാം. ഒറ്റയ്ക്കുള്ള യാത്രകള്‍ വ്യക്തികളെ അവരുടെ ഇഷ്ടങ്ങള്‍, ഇഷ്ടക്കേടുകള്‍, ലക്ഷ്യങ്ങള്‍, എന്നിങ്ങനെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇത് വ്യക്തിഗത വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

ഒറ്റയ്ക്കുള്ള യാത്രകള്‍ സ്വയം പരിചരണത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് കുട്ടികളുള്ള സ്ത്രീകള്‍ക്ക്. സ്വന്തം മാനസികാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കള്‍ കുടുംബം കാര്യങ്ങൾ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ കഴിവുള്ളവരായിരിക്കുമെന്ന് പഠനങ്ങളും പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi