
പണ്ടുപണ്ട്... യു.ജി.സി. ഫെല്ലോഷിപ്പും ഓൺലൈൻ അധ്യാപനവും തുടങ്ങുന്നതിനു മുൻപുള്ളൊരു കാലം. ആകെയുള്ള വരുമാനം കേരള യൂണിവേഴ്‌സിറ്റി ഗവേഷണവിദ്യാർഥികൾക്ക് കൊടുക്കുന്ന പ്രതിമാസ ഫെല്ലോഷിപ്പ് പതിനോരായിരം രൂപയാണ്. അതും വല്ലപ്പോഴും, മൂന്നുനാല് മാസം കൂടുമ്പോൾ ഒരുമിച്ചു വരും. അങ്ങനെ വരുമ്പോഴൊക്കെ ബാഗും പാക്ക് ചെയ്ത് എങ്ങോട്ടെങ്കിലും ഇറങ്ങും. കാശെല്ലാം വടിച്ചു തീരുന്നവരെ യാത്രകൾ. പിന്നെ അടുത്ത കാശ് വരുന്നവരെ വീട്ടിൽ. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ അക്കൗണ്ടിൽ എലി പെറ്റുകിടന്ന, യാത്രപോകാനാവാതെ ചടച്ചിരിക്കുന്ന സമയം. പെട്ടെന്നാണ് എന്റെ മറ്റൊരു ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ഓർമ്മ വന്നത്. യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തരബിരുദം ചെയ്യുന്ന കാലത്തുള്ള ബാങ്ക് അക്കൗണ്ട്. അത് ഉപയോഗിച്ചിട്ട് കാലങ്ങളായി. ബാലൻസും അറിയില്ല. ഇനിയെങ്ങാനും ലഡ്ഡു കിട്ടിയാലോ! പ്രതീക്ഷ വെറുതെ ആയില്ല! നാലായിരത്തി എഴുന്നൂറോളം രൂപ! സന്തോഷം കൊണ്ട് കരഞ്ഞു ഞാൻ! എനിക്ക് അറിഞ്ഞൂടാ, ആ അക്കൗണ്ടിൽ അത്രയും പണം എങ്ങനെ വന്നുവെന്ന്. സ്റ്റേറ്റ്‌മെന്റ് എടുക്കാൻ മെനക്കെട്ടതുമില്ല. മിനിമം ബാലൻസ് പോലും ബാക്കിവെക്കാതെ പണം തൂത്തെടുത്തു. ഇനി എവിടെ പോകും? നാലായിരം രൂപയ്ക്ക് നേപ്പാൾവരെ പോകാൻ കഴിവുള്ളവരുണ്ട്. പക്ഷെ ഞാൻ ആ ഗണത്തിൽപെട്ട യാത്രികയല്ല. ഒരു മിഡ് ബജറ്റ് യാത്രിക എന്നാണ് ഞാൻ സ്വയം വിശേഷിപ്പിക്കുക. ഈ കാശിന് എവിടെ പോകുമെന്ന് കുത്തിയിരുന്ന് ചിന്തിച്ചപ്പോൾ മനസ്സു പറഞ്ഞ ഉത്തരം ഊട്ടിയാണ്! കുട്ടിക്കാലത്ത് അമ്മ കോളേജിൽ നിന്ന് കുട്ടികളെയുംകൊണ്ട് ടൂർ പോകുമ്പോൾ അകമ്പടിയായി പോയി ഒരുപാടുവട്ടം കണ്ട സ്ഥലം. വളർന്നതിനു ശേഷം പല സ്ഥലങ്ങൾ കണ്ടെങ്കിലും ഊട്ടിയിൽ പോയിട്ടില്ല. കുട്ടിക്കാലത്തെ നിറമുള്ള കുറെയധികം ഓർമ്മകൾ സമ്മാനിച്ച സ്ഥലത്തിന് വർഷങ്ങൾക്കിപ്പുറം വന്ന മാറ്റങ്ങൾ അറിയണമെന്ന് തോന്നി. സോസ്റ്റലിൽ ഒരു ബെഡിന് നാന്നൂറ് രൂപ. അഞ്ചു ദിവസം നിന്നാൽ രണ്ടായിരം. ബാക്കി മൂവായിരത്തിൽ പോക്കും വരവും മറ്റു ചെലവുകളും. ഒപ്പിക്കാം എന്ന ആത്മവിശ്വാസത്തോടെ കോയമ്പത്തൂർക്കുള്ള രാത്രിവണ്ടി കയറി.
അതിരാവിലെ കൃത്യം അഞ്ചുമണിക്ക് വണ്ടി കോയമ്പത്തൂർ ബസ് സ്റ്റാൻഡിലെത്തി. ന്യൂ ബസ് സ്റ്റാൻഡിന്റെ വളരെ അടുത്താണ് 'കഴിപ്പിടം' അഥവാ ടോയ്‌ലെറ്റുകൾ. ബസ് കാത്തിരിക്കെ പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയിൽപെട്ടത്. കാശ് വാങ്ങാൻ ടോയ്‌ലെറ്റിന്റെ മുന്നിൽ മേശയും കസേരയുമിട്ട് ഒരാൾ ഇരിപ്പുണ്ട്. ചുറ്റോട് ചുറ്റും പട്ടികൾ സുഖമായി ഉറങ്ങുന്നു. ടോയ്‌ലെറ്റിനോട് ചേർന്ന ഒറ്റമുറിയിലാണ് മൂപ്പരുടെ താമസവും മറ്റും. മുറിയുടെ കർട്ടൻ ഇടക്ക് പറക്കുന്നതിനിടയിലാണ് ഞാൻ ആ കാഴ്ച കണ്ടത്! ആ മനുഷ്യന്റെ മെത്തയിൽ ഒരു നായക്കുട്ടി ഉറങ്ങുകയാണ്. ഇത് കണ്ടതും ഞാൻ കൗതുകത്തോടെ ആ മനുഷ്യനോട് ചോദിച്ചു- 'ഉങ്കൾക്ക് നായ് എന്നാ റൊമ്പ പുടിക്കുമാ?' ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു - 'നായ്ക്കളുക്ക് യെന്ന റൊമ്പ പുടിക്കും.' ആ മനുഷ്യന്റെ പേര് രാജ. തെങ്കാശി സ്വദേശി രാജ അണ്ണൻ വർഷങ്ങളായി കോയമ്പത്തൂരിലാണ്. അണ്ണനും ഭാര്യയ്ക്കും പട്ടികൾ ജീവനാണ്. അവയെ കൊതുക് കടിക്കാതിരിക്കാൻ കൊതുകുതിരി വരെ കത്തിച്ചു വെക്കുമെന്ന് ചെറുചിരിയോടെ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. അപ്പോഴേക്കും ഊട്ടിയിലേക്കുള്ള ബസ് വന്നു. സൈഡ് സീറ്റ് തന്നെ കിട്ടി! ബസ് മുന്നോട്ടെടുത്തു. സമയം ആറു കഴിഞ്ഞിട്ടേയുള്ളൂ. വെളുപ്പാൻകാലത്തെ സുഖമുള്ള നേരിയൊരു തണുപ്പ്. ടിക്കറ്റെടുത്ത് ചെവിയിൽ പതിയെ ഹെഡ്‌സെറ്റ് തിരുകിക്കയറ്റി ഞാൻ എന്റെ ലോകത്തേക്ക് മടങ്ങി. ഹെയർപിൻ വളവുകളിലൂടെ വണ്ടി അനായാസം നീങ്ങി. ഒരു കുഞ്ഞുമയക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോഴേക്കും വണ്ടി കൂനൂരെത്തി. ഊട്ടി എത്താറായി എന്ന പ്രതീതി തോന്നിത്തുടങ്ങുന്നത് കൂനൂർ എത്തുമ്പോഴാണ്. ഊട്ടിയിൽ നിന്നും കൂനൂരിലേക്കാണ് വിശ്വവിഖ്യാതമായ ടോയ് ട്രെയിൻ പുറപ്പെടുന്നത്. വെല്ലിംഗ്ടൺ പൊറോട്ടയും, ദേവദൂതൻ ചിത്രീകരിച്ച ടൈഗർ ഹിൽ സേമിത്തേരിയുമൊക്കെ കൂനൂരിലാണ്. കൂനൂരിൽ നിന്ന് പുറപ്പെട്ട് മുകളിലേക്ക് കയറുമ്പോഴേക്കും ഇരുവശങ്ങളിലായി തേയിലത്തോട്ടങ്ങൾ കണ്ടുതുടങ്ങും. ഇടയ്ക്കിടയ്ക്ക് പൂത്തുതളിർത്തു നിൽക്കുന്ന ഗുൽമോഹർ മരങ്ങളും മൂക്കിലേക്ക് തുളച്ചു കയറുന്ന യൂക്കാലി മരങ്ങളുടെ മണവുമൊക്കെയായി ഊട്ടി എത്തുന്നതിന്റെ ആകാംക്ഷയിലായിരുന്നു പിന്നീടുള്ള യാത്ര. അങ്ങനെ ഒടുവിൽ ഊട്ടി ബസ് സ്റ്റാൻഡിലെത്തി. പുറത്തേക്കിറങ്ങിയതും ഓട്ടോക്കാർ ചുറ്റും കൂടി. സർക്കാർ ഒരു നല്ല കാര്യം ചെയ്തിട്ടുണ്ട്. എല്ലാ ഓട്ടോ സ്റ്റാൻഡിലും മിനിമം ചാർജും പ്രധാന ടൂറിസ്റ്റ് പോയിന്റുകളിലേക്കുള്ള ചാർജുകളും എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് തീവെട്ടിക്കൊള്ളയില്ല. അൻപതു രൂപയ്ക്ക് സോസ്റ്റലിൽ വന്നിറങ്ങി. നാലു കിടക്കകൾ ഉള്ള രണ്ട് ബങ്കർ ബെഡുകൾ. അകത്തേക്ക് കയറിയപ്പോൾ രണ്ട് പെൺകുട്ടികൾ മുകളിലും താഴെയുമായി ഒരു ബങ്കറിൽ കിടക്കുന്നു. താഴത്തെ ബങ്കറിൽ ഉള്ള പെൺകുട്ടി കണ്ണൊക്കെ തിരുമ്മി എന്നെ നോക്കി ചിരിച്ചു. ബാഗെടുത്തു വെച്ചു കഴിഞ്ഞപ്പോൾ അവൾ എന്നോട് ചോദിച്ചു; 'എവിടുന്നാണ്?'
'കേരളം.'
'നിങ്ങളോ?'
'ഞാൻ കോയമ്പത്തൂരാണ്. ഇവൾ പഞ്ചാബി. ഞങ്ങൾ രണ്ട് മാസമായി ഇവിടെത്തന്നെ.' മുകളിലെ ബങ്കറിലുള്ള പെൺകുട്ടിയെ ചൂണ്ടി പറഞ്ഞു.
'രണ്ട് മാസമോ?' എനിക്ക് ആകാംഷ.
'നീലഗിരിയിലെ തോഡ സമുദായത്തെക്കുറിച്ചാണ് ഞങ്ങളുടെ പ്രൊജക്റ്റ്. അതിന് വന്നതാണിവിടെ. ഇനി ഒരു മാസം കൂടി ഇവിടെ കാണും.' അവൾ പറഞ്ഞു.
'ഞാൻ ഒരു നാലു ദിവസത്തേക്കാണ്.'
'ഒറ്റയ്ക്കാണോ?'
'അതേ.'
'സൂപ്പർ! എനിക്കും ഒരുപാട് ആഗ്രഹമാണ് ഒറ്റയ്ക്ക് പോകാൻ. പഠിത്തമൊക്കെ കഴിയട്ടെ. എന്റെ പേര് പ്രൈസി. വാട്ട്സ് യുവർ നെയിം?'
'ഗൗരി.' ഉപചാരങ്ങളൊക്കെ കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ പുറത്തേക്കിറങ്ങി. വലിയ തണുപ്പില്ല. ഒരു ജാക്കറ്റ് മാത്രം ഇട്ടു. പുറത്തുള്ള കെയർടേക്കറിനോട് ചോദിച്ചു; 'ഇവിടെ സ്‌കൂട്ടർ വാടകയ്ക്ക് കിട്ടുമോ?'
'ഇവിടെ ആ പരിപാടി ഇല്ല. യാത്ര പോകാൻ ഓട്ടോ പിടിക്കണം, അല്ലെങ്കിൽ ടാക്‌സി. '
ഞാൻ മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു. അവിടെ ഒരു കാലൈവാണി മെസ്സ് ഉണ്ട്. നല്ല മുട്ടക്കലക്കിയും ചിക്കൻ ചുക്കയുമൊക്കെ കിട്ടും. സത്യത്തിൽ കാലൈവാണിയെക്കുറിച്ചുള്ള ഒരു വീഡിയോയാണ് ഊട്ടിക്ക് പുറപ്പെടാൻ പ്രേരണയായത്. ഒരു ചെറിയ കട. മൂന്നുനാലു ബെഞ്ചുകൾ. താളത്തിൽ ഒരാൾ ദോശ ചുടുന്നുണ്ട്. മറ്റൊരാൾ തകിലടിക്കുന്ന പോലെ പൊറോട്ടയടിക്കുന്നു. ഞാൻ കയറിയിരുന്നു. 'അണ്ണാ! രണ്ട് പൊറോട്ട, ഒരു മുട്ടദോസ, ഒരു ചിക്കൻ ചുക്ക, ഒരു കലക്കി, അപ്പുറം ഒരു കോഫി.'
ഞാൻ തുടക്കത്തിൽ പറഞ്ഞില്ലേ? ലോ ബഡ്ജറ്റ് യാത്ര എന്നെക്കൊണ്ട് പറ്റില്ലെന്ന്. അതിന്റെ പ്രധാനകാരണം ഭക്ഷണമാണ്. ഒരു പുതിയ സ്ഥലത്ത് വന്നിട്ട് അവിടുത്തെ ഭക്ഷണം കഴിക്കാതെ എങ്ങനെ തിരിച്ചുവരും? നിമിഷങ്ങൾക്കകം ഓർഡർ ചെയ്ത ഭക്ഷണം മുന്നിലെത്തി. നല്ല സുഡ സുഡ കലക്കി മൊത്തത്തിൽ കൈയ്യിലെടുത്തു വായിലേക്കിട്ട് ഒരൊറ്റ വിഴുങ്ങൽ! ആഹാ! സ്വർഗം! കലക്കി ലോക്കൽ രീതിയിൽ കഴിക്കുന്നത് കണ്ടിട്ടാണോ എന്നറിയില്ല അവിടെയിരുന്ന ഒരമ്മാവൻ പറഞ്ഞു; 'കലക്കി ഇപ്പടി താൻ സാപ്പിടണം. സ്പൂൺ യൂസ് പണ്ണവേ കൂടാത്!' ഞാനൊന്ന് ചിരിച്ചു. ചായക്കടയിൽ ഞാനൊഴികെ ബാക്കിയുള്ളവരെല്ലാം സ്ഥിരം സന്ദർശകരാണ്. അവരെല്ലാം ഒരു പഞ്ചായത്ത് കൂടി എന്നോടെല്ലാം ചോദിച്ചറിഞ്ഞു. എല്ലാവരേയും ഞാനും പരിചയപ്പെട്ടു. ശേഷം ഞാൻ മെല്ലെ എന്റെ പ്രശ്‌നം പറഞ്ഞു; 'എനിക്കൊരു ടൂ വീലർ വാടകയ്ക്ക് കിട്ടാൻ മാർഗ്ഗമുണ്ടോ?'
'ഇവിടെ ആ പതിവില്ലല്ലോ മോളെ. ഒരു ഓട്ടോ പിടിച്ചാൽ പോരെ? ' കടയുടമ പറഞ്ഞു.
'കൈയ്യിൽ അധികം കാശില്ല. രണ്ട് ദിവസം ടൂ വീലർ എടുത്താൽ അല്പം ദൂരെയുള്ള സ്ഥലങ്ങളൊക്കെ പോയി കാണാമായിരുന്നു.'
'ഞാൻ എന്റെ സ്‌കൂട്ടി തരട്ടെ?' ആ അമ്മാവൻ ചോദിച്ചു.
'വാടക എത്രയാണ്?'
'നീ ഒന്നും തരണ്ട.'
'അയ്യോ! അപ്പൊ അങ്കിളിനോ?'
'വീട്ടിൽ കൊച്ചുമകളുടെ സ്‌കൂട്ടിയുണ്ട്. അവൾ ഇപ്പോൾ വീട്ടിലില്ല. ചെന്നൈയിൽ പഠിക്കുന്നു. ഇത് നീ കൊണ്ടുപൊക്കോ. എന്നെ വീടുവരെ കൊണ്ടുവിട്ടാൽ മതി. ആവശ്യം കഴിഞ്ഞ് വീട്ടിൽ കൊണ്ടുതന്നോളൂ.'
എനിക്കെന്ത് പറയണമെന്ന് പോലുമറിയില്ലായിരുന്നു! ഞാൻ ആരാണെന്നോ എന്താണെന്നോ ഒന്നുമറിയാതെ ഈ മനുഷ്യൻ എങ്ങനെ ഇത്തരത്തിലൊരു സഹായം ചെയ്യാൻ തയ്യാറാകുന്നു?
'പോലീസ് പിടിച്ചാൽ നീ എന്റെ കൊച്ചുമോൾ ആണെന്ന് പറഞ്ഞാൽ മതി. അവധിക്ക് വന്നപ്പോൾ കറങ്ങാൻ ഇറങ്ങിയതാണെന്ന് പറഞ്ഞോളൂ.'
മനസ്സിൽ രണ്ട് ശബ്ദങ്ങൾ പരസ്പരം മല്ലിടുകയാണ്. അങ്ങനെ വെറുതെ ഒരാൾ അയാളുടെ വണ്ടി തന്ന് സഹായിക്കുമോ? വല്ല കൊലയാളിയുമാണോ? ഹേയ്! ആയിരിക്കില്ല! പീഡിപ്പിക്കാനുള്ള ആരോഗ്യമൊന്നും ഈ മനുഷ്യനില്ല. ഇനി എന്റെ ആധാർ വാങ്ങി എന്റെ പേരിൽ ലോൺ എടുക്കാൻ ആണോ? ഹേയ് ആവില്ല! അതോ ഇനി ശരിക്കും അത്ര നല്ലതാണോ ഈ ലോകം?
എന്റെയുള്ളിലെ എന്തോ ഒന്ന് ഈ മനുഷ്യനെ വിശ്വസിക്കാൻ തയ്യാറായി. ഞാൻ പറഞ്ഞു; ''ഒരുപാടു നന്ദിയുണ്ട്. എങ്കിലും വാടക പറയൂ അങ്കിൾ. '
'നീ വണ്ടി തിരിച്ചു തരുമ്പോൾ കിങ് സ്റ്റാറിൽ നിന്ന് എനിക്ക് ഒരു പാക്കറ്റ് വർക്കി വാങ്ങിത്തന്നാൽ മതി.'
'ഏറ്റു! ' ഞാൻ ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു. അദ്ദേഹത്തെ പുറകിലിരുത്തി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. ബോഗൈൻവില്ലപ്പൂക്കൾ ആർത്തുപൂത്തുനിൽക്കുന്ന മനോഹരമായൊരു വീട്. അദ്ദേഹത്തിന്റെ ഭാര്യയെയും പരിചയപ്പെട്ടു ഫോൺ നമ്പരും വാങ്ങി ഞാൻ പുറപ്പെട്ടു.
സ്ഥിരം ടൂറിസ്റ്റ് സ്ഥലങ്ങളായ ബോട്ടാനിക്കൽ ഗാർഡൻ പൈൻ ഫോറെസ്റ്റ് ഒന്നും പോകാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് ആദ്യം പോയത് സെന്റ് സ്റ്റീഫൻസ് ചർച്ച് എന്ന പഴയ പള്ളിയിലേക്കാണ്. 1830-ൽ സ്ഥാപിതമായ ഈ പള്ളിയെക്കുറിച്ചറിയുന്നത് മദ്രാസ് ക്രിസ്ത്യൻ കോളേജിലെ റൂംമേറ്റ് ആയിരുന്ന ഊട്ടിക്കാരി ഡെബ്രയിൽ നിന്നാണ്. അവിടെയൊരു ഗംഭീര ബ്രിട്ടീഷ് സെമിത്തേരി ഉണ്ടെന്നും, ഒരു രാത്രി അവളും അച്ഛനും കൂടെ സ്‌കൂട്ടറിൽ പോകുമ്പോൾ സെമിത്തേരിക്കടുത്തെത്തിയപ്പോൾ സ്‌കൂട്ടർ നിന്നുപോയതും പെട്ടെന്ന് അകാരണമായി രണ്ടുപേരുടെയും മേലാസകലം രോമാഞ്ചം വന്നതുമൊക്കെ അവൾ ഭീതിയോടെയാണ് ഓർത്തെടുത്തത്. അന്നു മുതൽ തലയിൽ കയറിപ്പറ്റിയതാണ് ഈ സെമിത്തേരി. ഐശ്വര്യമായി യാത്ര അവിടുന്ന് തുടങ്ങാമെന്ന് ഉറപ്പിച്ചു. ടൗണിന്റെ ഒത്തനടുക്കാണ് ശാന്ത സുന്ദരമായ പഴയ പള്ളി. അവിടെ ആ സമയം ആരുമില്ലായിരുന്നു. മഞ്ഞപ്പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ഒരുദ്യാനത്തിന് നടുക്കാണ് പള്ളി. അതിന് തൊട്ടു പുറകിൽ സെമിത്തേരി.
മഞ്ഞപ്പൂക്കൾ അങ്ങിങ്ങായി സെമിത്തേരിയിൽ പലയിടത്തും പൂത്തുനിൽക്കുന്നുണ്ട്. താഴെ നിന്ന് മുകളിലേക്ക് പടികളുണ്ട്. പടികളുടെ ഒരു വശത്തും പല രൂപത്തിലും വലിപ്പത്തിലുമുള്ള കല്ലറകൾ. ഏറ്റവും പഴക്കം ചെന്ന കല്ലറകൾ ഏറ്റവും മുകളിലാണ്. ഏറ്റവും മുകളിൽ പൈൻ മരങ്ങളും യുക്കാലിമരങ്ങളും തണൽ തീർത്തിട്ടുണ്ട്. ഞാൻ മെല്ലെ പടികൾ കയറി. ബ്രിട്ടീഷ് കാലത്തെ പല കല്ലറകളിലും അവരുടെ മരണകാരണം എഴുതിവെച്ചിട്ടുണ്ടാകും. ചിലർ വസൂരി വന്ന് മരിച്ചു, ചിലർ യുദ്ധത്തിൽ, മറ്റു ചിലർ വാർധക്യസഹജമായ അസുഖങ്ങളാൽ. കൂട്ടത്തിൽ ഹൃദയം നുറുങ്ങുന്ന വേദന സമ്മാനിച്ച ചില കല്ലറകളുണ്ട്. വിർജിനി ആൻ എന്ന അമ്മയുടെ കല്ലറ. ഫ്രഡറിക്, ഫ്രാങ്ക് എന്ന ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം വിർജിനി ഈ ലോകത്തോട് വിടപറഞ്ഞു. ഫ്രഡറിക്കും ഫ്രാങ്കും പ്രസവാനന്തരം മരണപ്പെട്ടു. അവരുടെ ഭർത്താവ് അന്നനുഭവിച്ച വേദന എന്തായിരിക്കും? മരിച്ചവരേക്കാൾ അവരെയോർത്ത് ശിഷ്ടകാലം ജീവിക്കുന്നവരുടെ അവസ്ഥയാണ് പരിതാപകരം! അവരുടെ ഭർത്താവ് ജൂലിയൻ പിന്നീട് വിവാഹിതനായോ? അവരെ മറന്നോ? ആവോ! അറിയില്ല! ഏറ്റവും മുകളിലെ പടിയിൽ കുറേ നേരം ഞാൻ അങ്ങനെ ഇരുന്നു. കഴുത്തിനു മുന്നിൽ തണുത്തൊരു കാറ്റടിക്കുന്നുണ്ട്. എത്രയെത്ര കഥകളാണ് എന്റെ മുന്നിൽ ഇങ്ങനെ കിടക്കുന്നത്! ഇവരുടെ പിന്തലമുറക്കാർ ഇവരെ വന്നു കാണുന്നുണ്ടാകുമോ? ഇവരുടെ കല്ലറകളുടെ മേൽ ആരെങ്കിലും പൂക്കൾ വെക്കുന്നുണ്ടാകുമോ? അതോ ഇവരെ ഓർക്കുന്നവരെല്ലാം തന്നെ ഈ ഭൂമി വിട്ടുപോയോ? ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അവിടെ നിന്നും ഞാനിറങ്ങി.
(തുടരും...)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Solo travel budget management strategies, Authentic local experiences in Ooty beyond tourist traps, Cultural insights into the Toda community, Historical exploration of St. Stephens Church and British-era cemeteries
Published: 22 Apr 2026, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented