ലഡാക്കൻ യാത്രയിൽ അപ്രതീക്ഷിത ആക്രമണം, 'ചാങ്പ'കളുടെ ജീവിതം പകർത്തുന്ന എഴുത്ത്

ഞൊടിയിടയിലാണത് സംഭവിച്ചത്. നിന്നിടത്തുനിന്നും ഒരു കൈ ദൂരത്തിൽ കല്ലു വന്നുപതിച്ചു. അപ്രതീക്ഷിതമായ ആക്രമണമായിരുന്നത്. ഉന്നം പിഴച്ചെങ്കിലും കല്ലേറ്റതിനേക്കാൾ ആഘാതത്തിലായിരുന്നു ഞാൻ. യാക്കുകളിൽ അവശേഷിച്ചിരുന്നവ അപ്പോഴും റോഡിൽ നിന്നും മലഞ്ചെരുവിലേക്ക് കയറിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. മുൻപേ കയറിപ്പോയ യാക്കുകളുടെ വലിയ കൂട്ടം മാത്രം മലയിലൂടെ ചിതറി നീങ്ങുകയായിരുന്നു. മരവിപ്പിനിടയിലും വീണ്ടും കല്ലുകൾ എന്നെ ലക്ഷ്യമാക്കി വായുവിലൂടെ ഊളിയിട്ട് വരുന്നുണ്ടായിരുന്നു. നിലംപതിപ്പിക്കാൻ ശേഷിയുള്ള വലിയ പാറക്കഷണങ്ങളാണവ. വന്യമായ ഊക്കോടെ അയാൾ മലമുകളിൽ നിന്നും എറിയുന്നു.
ലേയിലെ ഹോം സ്റ്റേയിൽനിന്ന് പുലർച്ചെ നാലരയ്‌ക്കെങ്കിലും പുറപ്പെട്ടിട്ടുണ്ടായിരിക്കണം. ലേയിൽനിന്ന് പരമാവധി ദൂരം ഓടിച്ചെത്തുകയെന്ന ഉദ്ദേശ്യത്തിലാണ് മരവിപ്പിക്കുന്ന തണുപ്പിലും അതിരാവിലെ എഴുന്നേറ്റത്. അവശേഷിക്കുന്ന മടക്കയാത്രയേക്കുറിച്ചുള്ള ആശങ്കകളാൽ കലുഷിതമാണ് മനസ്സ്. മലയിടിച്ചിൽ മൂലം ലേ-മണാലി റോഡിൽ ഗതാഗതം കഴിഞ്ഞദിവസങ്ങളിൽ പൂർണമായും സ്തംഭിച്ചിരുന്നു. ചണ്ഡീഗഡിലേക്ക് തിരിച്ചെത്താൻ പരമാവധി മൂന്നു ദിവസമേ കൈയിലുള്ളു. പരീക്ഷണങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് കഴിഞ്ഞദിവസങ്ങൾ കടന്നുപോയത്. വീഴ്ചയിൽ നിന്നുണ്ടായ പരിക്കുകളിൽനിന്ന് വേദനയിപ്പോഴും പൊടിയുന്നുണ്ട്. ഉറങ്ങിക്കിടക്കുന്ന ലേ നഗരത്തിന്റെ തെരുവുകളിലൂടെ മെല്ലെ നീങ്ങി. ശീതക്കാറ്റ് ജാക്കറ്റും സ്വെറ്ററും തുളച്ച് വിറങ്ങലിപ്പിക്കുന്നു. ഏതാനും കിലോമീറ്ററുകൾ താണ്ടിയപ്പോൾ ഷേ കൊട്ടാരത്തിന്റെ സമീപത്തെത്തി. നൂറ്റാണ്ടുകളോളം ലഡാക്കിനെ അടക്കിഭരിച്ചിരുന്ന രാജവംശത്തിന്റെ ആസ്ഥാനം. ഷെ ഗോമ്പയിലെ ചെമ്പിൽ തീർത്ത ശാക്യമുനിയുടെ ഭീമാകാരമായ പ്രതിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തവണ അതു സാധ്യമാവില്ലെന്നുറപ്പായി.
Also Read
സിന്ധുനദി തോളുരുമ്മി കൂടെയുണ്ട്. ഇന്ത്യയുടെ ആത്മാവിനോട് ആഴത്തിൽ ചേർന്നുനിൽക്കുന്ന നദി. ലേയിൽ നിന്നും ഷെ വരെ അൽപം കുണ്ടും കുഴിയുമൊക്കെ അനുഭവപ്പെട്ടു. പിന്നീടങ്ങോട്ട് നല്ല റോഡായതിനാൽ വേഗത്തിൽ സഞ്ചരിക്കാനായി. ഏകാന്തമായി വിഹരിക്കുന്ന ബുദ്ധസ്തൂപകൾ ഇടയ്ക്കിടെ തെളിഞ്ഞുകണ്ടു. ലഡാക്കിന്റെ വിജനതകളിലേക്ക് നോട്ടം പായിക്കുന്ന ബുദ്ധന്റെ കണ്ണുകളാണിതൊക്കെയും. പച്ചപ്പിന്റെ അംശമില്ലാതെ വരണ്ടു കിടക്കുന്ന മലനിരകളായിരുന്നു ഏറെ നേരവും. റോഡു മുഴുവൻ നിറഞ്ഞൊഴുകുന്ന ആട്ടിൻ കൂട്ടങ്ങളേയും തെളിച്ചുകൊണ്ട് നീങ്ങുന്ന ഇടയന്മാർ ഇടയ്ക്കിടെ പ്രത്യക്ഷമായി. ഇവിടെ നിന്ന് അൽപം ഉള്ളിലേക്ക് പോയാൽ വിശാലമായ ചാങ്താങ് പീഠഭൂമിയാണ്. പ്രശസ്തമായ പാങ്‌ഗോംങ്, സൊമൊറിറി, സോകർ തടാകങ്ങളുള്ളയിടം. ചാങ്പായെന്ന നാടോടികളായ ലഡാക്കി ആട്ടിടയന്മാരുടെ നാട്. നൂറുകണക്കിന് പഷ്മിനാ ആടുകളെ മേച്ചുകൊണ്ട് മാസങ്ങളോളം പർവതങ്ങളുടെ വന്യതയിൽ ജീവിതം നയിക്കുന്നവരാണവർ.
അവിചാരിതമെന്നോണം എങ്ങും പച്ചപ്പും പൂക്കളും നിറഞ്ഞൊരു ഗ്രാമത്തിലേക്കെത്തിച്ചേർന്നു. വരണ്ട പർവതത്തലപ്പുകളുടെ താഴെ നീർച്ചാലൊഴുകുന്ന ഏകാന്ത ഗ്രാമം. അവിടുള്ള ഗസ്റ്റ് ഹൗസിലെ ചായക്കടയ്ക്കു മുന്നിൽ വണ്ടി നിർത്തി. ലാറ്റോയെന്ന കൊച്ചു ലഡാക്കൻ ഗ്രാമമാണിത്. കണ്ണുകൾ നന്നേ ഇറുകിയിരിക്കുന്ന സാങ്ങോയെന്ന ലഡാക്കിയായിരുന്നു കടയിലുണ്ടായിരുന്നത്. ചിരിക്കുമ്പോൾ അയാളുടെ കണ്ണുകൾ മുഴുവനായും അടയും. സാങ്ങോയോട് താങ്കളും ഒരു ചാങ്പായാണോയെന്ന് ചോദിച്ചപ്പോൾ ഒരിക്കലുമല്ലാ അവർ പർവതമുകളിൽനിന്ന് താഴേക്കിറങ്ങാറില്ലായെന്നായിരുന്നു മറുപടി. നൂറുകണക്കിന് ആടുമാടുകളുമായി താഴ്വരകളിലൂടെ പ്രയാണം ചെയ്യുന്നവരാണ് ചാങ്പാകൾ. കഠിനമായ ശൈത്യത്തോടും ദുഷ്‌കരമായ മലനിരകളോടും പൊരുതി ജീവിക്കുന്ന നാടോടികൾ. പരിഷ്‌കാരമെന്ന് പറഞ്ഞുവെച്ച പലതും ഇവർക്കിടയിൽ കണ്ടെന്നു വരില്ല. ഫ്രാറ്റേർനൽ പോളിയാൻഡ്രി അഥവാ സഹോദരങ്ങളെല്ലാവർക്കും കൂടി ഒരു ഭാര്യ മാത്രമെന്ന രീതിയും പലപ്പോഴും അനുവർത്തിക്കുന്നവർ.
അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച്
ലാറ്റോ ഗ്രാമത്തോട് വിട പറഞ്ഞു. വീണ്ടും വരണ്ട മലകൾ. വിജനമായി കിടക്കുന്ന ലഡാക്കൻ ഭൂമിക. കൂടെയുണ്ടായിരുന്ന ഗുരുദേവിന്റെ ബൈക്ക് മുന്നോട്ടേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു മലഞ്ചെരുവിലെ തിരിവ് കടന്നപ്പോൾ വഴി നിറഞ്ഞ് യാക്കുകളുടെ കൂട്ടം. മുൻപോട്ടേക്ക് വളഞ്ഞു കൂർത്ത കൊമ്പും ശരീരം മുഴുവൻ നീണ്ട രോമങ്ങളുമായി നിൽക്കുന്ന യാക്കിന്റെ രൂപം ഭയപ്പെടുത്തുന്നതാണ്. കറുപ്പ് അല്ലെങ്കിൽ തവിട്ട് നിറങ്ങളിൽ ബലിഷ്ഠമായ ശരീരമുള്ള അവ ആക്രമിക്കാൻ നിൽക്കുന്നതുപോലെ തോന്നും. പക്ഷേ, നിരുപദ്രവകാരികളാണ്. അതിശൈത്യമുള്ള ലഡാക്കിൽ തദ്ദേശവാസികളുടെ നിലനിൽപ്പിന് യാക്കുകൾ അത്യന്താപേക്ഷിതമാണ്. സാധനങ്ങൾ ചുമക്കാനും നിലമുഴുതാനും ഇവയെ വേണം. നീണ്ടുകിടക്കുന്ന കട്ടി രോമം കൊണ്ട് കമ്പിളിയും ചരടുകളും ഉണ്ടാക്കും. യാക്കിന്റെ പാലും മാംസവും ഉപയോഗപ്പെടുത്താം. മരങ്ങളില്ലാത്ത ലഡാക്കൻ ഭൂമികയിൽ യാക്കിന്റെ ചാണകം ഇന്ധനമായി ഉപയോഗിക്കാം.
യാക്കുകളുടെ കൂട്ടം കടന്നുപോകുന്നതിനായി വണ്ടി റോഡിൽ തന്നെ നിർത്തി. ഏതാനും ചാങ്പാകൾ ഉറക്കെ ചൂളമടിച്ചു കൊണ്ട് യാക്കുകളെ നിയന്ത്രിക്കുന്നു. എത്രമാത്രം പരുക്കൻ ജീവിതമാണവർ നയിക്കുന്നതെന്ന്. മുഖവും കൈകളുമെല്ലാം മണ്ണുപുരണ്ടും കരുവാളിച്ചുമിരിക്കുന്നു. ചീകിയൊതുക്കാത്ത ചകിരിനാരുപോലെ അലക്ഷ്യമായി നീണ്ടുകിടക്കുന്ന മുടിയിഴകൾ. വികാരരഹിതമായ ആ മുഖങ്ങളിലേക്കു നോക്കിയാൽ ആർക്കും സംഭ്രമം ജനിപ്പിച്ചേക്കാം.
യാക്കുകളുടെ കുറച്ചു ചിത്രങ്ങളെടുത്താലോയെന്നായി ചിന്ത. ചിത്രങ്ങൾ പകർത്തിക്കൊണ്ടുള്ള എന്റെ വരവിൽ അസ്വസ്ഥരായെന്നവണ്ണം യാക്കുകൾ കുതറിയോടാൻ തുടങ്ങി. വിദൂരത്തു നിന്നും ചാങ്പാ ഉറക്കെ ഒച്ചയുണ്ടാക്കുന്നതു കേട്ടു. യാക്കുകളെ നിയന്ത്രിക്കുന്നതായിരിക്കാം. ഞാൻ അടുത്തേക്കെത്തിയപ്പോൾ അവ പേടിച്ചരണ്ട് ദൂരത്തേക്ക് ഓടാൻ തുടങ്ങി. ചാങ്പായുടെ അലർച്ച മുഴങ്ങുന്നത് കേട്ടു. ഏതാനും നിമിഷങ്ങൾക്കകം ഞാൻ നിന്നിരുന്നതിന് തൊട്ടടുത്തായി ഒരു കല്ല് വന്ന് വീണു. സാമാന്യം വലിയൊരു കല്ല്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാകാതെ യാക്കുകൾ കയറിക്കൊണ്ടിരുന്ന മലയിലേക്ക് നോക്കി. ആ കാഴ്ചയെന്നെ ഞെട്ടിത്തരിപ്പിച്ചു. ചാങ്പാ അലറി വിളിച്ചുകൊണ്ട് എന്നെ ലക്ഷ്യമാക്കി അടുത്ത കല്ലെറിയുകയാണ്. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഒരു കല്ലു കൂടി വന്നു പതിച്ചു. അല്പനേരത്തേക്ക് ഒന്നും ചെയ്യാനാകാതെ ഞാൻ ഉറഞ്ഞുപോയി. ഉടൻ ഇവിടെനിന്ന് രക്ഷപ്പെട്ടേ മതിയാകൂ. അല്പമകലെ റോഡിന്റെ മറുവശത്താണ് ബുള്ളറ്റ് കിടക്കുന്നത്. അപകടം കൂടാതെ അവിടേക്കെത്തണം. അടുത്ത കല്ലിനായി അയാൾ മലമുകളിൽ പരതുന്നുണ്ടാകാം. കാലിന്റെ വേദനയെ മറന്ന് വണ്ടിക്കരികിലേക്ക് അതിവേഗത്തിലോടി. നിമിഷങ്ങൾക്കൊണ്ട് വണ്ടിയിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു. കല്ലുകൾ പുറകെ പാഞ്ഞുവന്നുകൊണ്ടിരുന്നു.
അല്പദൂരം പിന്നിട്ടപ്പോഴാണ് ശ്വാസം നേരെ വീണത്. വന്യമായ ദേശങ്ങളിലൂടെയുള്ള യാത്രയിൽ ഒരിക്കലും അനുവർത്തിക്കാൻ പാടില്ലാത്തതാണ് ചെയ്തത്. പർവതഭൂഭാഗങ്ങളിൽ സർവസ്വതന്ത്രരായി ജീവിക്കുന്ന ജീവജാലങ്ങളുടെ സൈ്വരവിഹാരത്തിലേക്ക് കടക്കുകയാണ് പലപ്പോഴും സഞ്ചാരികൾ ചെയ്യുന്നത്. തങ്ങളുടെ സ്വാസ്ഥ്യത്തിലേക്ക് കടന്നുകയറുകയും ഉപജീവനത്തിനായി പരിപാലിക്കുന്ന മൃഗങ്ങളെ ഫോട്ടോകളെടുത്ത് പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്തപ്പോൾ പ്രകൃതിയിൽ നിന്നും സ്വായത്തമാക്കിയ അതിജീവനത്തിന്റെ പരുക്കൻ തന്ത്രം അവർ പ്രയോഗിച്ചതാകണം.
സുഹൃത്തുക്കൾ വഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഇനി താങ്‌ലാങ് ലാ എന്ന അയ്യായിരത്തി മുന്നൂറു മീറ്ററിലധികം ഉയരത്തിലുള്ള ചുരത്തിലേക്കാണ് എത്തിച്ചേരുന്നത്. ലേ-മണാലി പാതയിലെ ഏറ്റവും ഉയരത്തിലുള്ള പാത. ചുരത്തിന്റെ പാതി വഴി എത്തിയപ്പോൾ തന്നെ മഞ്ഞുവീണ ചെരുവുകൾ എമ്പാടും ദൃശ്യമായി. റോഡിനിരുവശത്തും വെളുവെളുത്ത വെണ്ണക്കട്ടി പോലെ മഞ്ഞു പാളികൾ. താങ്‌ലാങ് ലായുടെ ഒത്തമുകളിൽ എത്തിച്ചേർന്നപ്പോൾ ശീതക്കാറ്റിനൊപ്പം ചാറ്റൽ മഴയും തുടങ്ങിയിരുന്നു. ഒരു പടുകൂറ്റൻ മഞ്ഞുപർവതത്തിന്റെ ഉച്ചിയിൽ നിന്നുമുള്ള കാഴ്ചകളുടെ നിറവ്. ഓരോ അടി നടക്കുമ്പോഴും കിതപ്പേറുന്നത് അറിയുന്നുണ്ട്. പാസുകളിൽ പതിനഞ്ചു മിനിറ്റുകളിൽ കൂടുതൽ വണ്ടിയിൽ നിന്നുമിറങ്ങി ചിലവഴിക്കരുതെന്ന മുന്നറിയിപ്പുകൾ ഓർമവന്നു. വായുവിൽ ഓക്‌സിജന്റെ ലഭ്യത കുറവായതു കൊണ്ട് തന്നെ മൗണ്ടേയ്ൻ സിക്ക്‌നസ് വരാനുള്ള സാധ്യത കൂടുതലാണ്. തണുപ്പേറ്റ് കോച്ചിപ്പിടിക്കുന്ന കൈകളെ കുടഞ്ഞുകൊണ്ട് ബൈക്കിനരികിലേക്ക് നീങ്ങി.
ഇനി ചുരത്തിൽ നിന്നുമുള്ള കൊടിയ ഇറക്കമാണ്. അകലങ്ങളിലേക്ക് പരന്നുകിടക്കുന്ന മഞ്ഞുമലകളെ സാക്ഷിയാക്കി ചുരമിറങ്ങി. കുറച്ചു സമയത്തെ വിശ്രമവും ചായയും അല്പം ഊർജ്യം തിരികെ തന്നു. വൈകാതെ മോർ സമതലത്തിൽ എത്തിച്ചേർന്നു. ഭൂമിയിലെ വിസ്മയങ്ങളിലൊന്നാണ് അതെന്ന് നിസ്സംശയം പറയാം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്ററിനടുത്ത് ഉയരത്തിൽ പർവതശിരസ്സിൽ കണ്ണെത്താ ദൂരത്തിൽ ഒരു പരപ്പ്. നാൽപ്പതു കിലോമീറ്ററോളം വിസ്തൃതിയിലാണിത് കിടക്കുന്നത്. നേർരേഖയായി കിടക്കുന്ന ഈ നിരപ്പിലൂടെയുള്ള പ്രയാണം റൈഡേഴ്‌സിന്റെ സ്വപ്നമാണ്. തളർച്ചയുടെ പരകോടിയിലും മോറിലൂടെയുള്ള യാത്ര അദ്ഭുതകരമായ വിധം ആസ്വാദ്യമായിരുന്നു. കിയാങ്ങെന്ന ലഡാക്കൻ കാട്ടുകഴുതകൾ കാണപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് മോർ സമതലമെങ്കിലും വിശദമായൊരു നിരീക്ഷണം നടത്താനുള്ള ഊർജ്യം അവശേഷിച്ചിരുന്നില്ല. മോർ സമതലവും കടന്ന് പാങ്ങിലെത്തിയപ്പോൾ വഴിയോര ധാബയിൽ വീണ്ടുമൊരു ചായക്കും വിശ്രമത്തിനുമായി കയറി. ഏകാന്തമായ മരുഭൂവിലൂടെ മണിക്കൂറുകളോളം നീളുന്ന യാത്രക്കിടെ ഇങ്ങനെ അപൂർവ്വമായി കിട്ടുന്ന താത്കാലിക ധാബകൾ മരുപ്പച്ചകൾ തന്നെയാണ്. പാങ്ങിൽ നിന്നും യാത്ര നീണ്ടപ്പോൾ വീണ്ടും അദ്ഭുതപ്രകൃതി അനാവൃതമായി. ലഡാക്കിലെ കാട്ടാടുകളായ ബാരൽസിനെപ്പോലെ തോന്നിക്കുന്ന ഏതാനും മൃഗങ്ങളെ അകലങ്ങളിൽ കണ്ടു. ലാച്ചുങ്‌ലാങ് ലാ പാസിലേക്കുള്ള യാത്ര അത്ര ബുദ്ധിമുട്ടേറിയതായിരുന്നില്ല. ഇതും അയ്യായിരം മീറ്ററിനു മുകളിൽ ഉയരമുള്ള ചുരം തന്നെയാണ്. ഇവിടെ നിന്നും ഏറെ ദൂരം താണ്ടാതെ അടുത്ത ചുരമായ നാക്കീ ലായിലെത്തി.
ഗാട്ടാ ലൂപ്‌സിലെ ആത്മാവ്
നാക്കീ ലാപാസ് പിന്നിട്ടാൽ ഗാട്ടാ ലൂപ്‌സ് ഇറക്കം ആരംഭിക്കും. കുത്തനെ കിടക്കുന്ന ഇരുപത്തിയൊന്ന് ഹെയർപിന്നുകൾ. പത്തൊമ്പതാം ഹെയർ പിന്നിറങ്ങുമ്പോൾ ഒരു ചെറു നിർമിതിയുടെ മുന്നിൽ നൂറുകണക്കിന് മിനറൽ വാട്ടർ കുപ്പികളും സിഗററ്റ് പാക്കറ്റുകളും കിടക്കുന്നതു കാണാം. ഗാട്ടാ ലൂപ്‌സിൽ പ്രതൃക്ഷപ്പെടാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ആത്മാവിനുള്ള കാണിക്കയാണിത്. വർഷങ്ങൾക്ക് മുൻപ് ഒരു ട്രെക്ക്, പത്തൊമ്പതാം വളവിൽ വെച്ച് കേടായി. ശീതകാലം ആരംഭിച്ചതിനാൽ വാഹനങ്ങൾ ആ വഴിക്ക് കടന്നുപോയിരുന്നില്ല. ക്ലീനറെ അവിടെ നിർത്തി ഡ്രൈവർ നാൽപ്പതു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് സഹായം തേടി പോയി. കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതിനാൽ ഡ്രൈവർക്കും ഗ്രാമവാസികൾക്കും ഏതാനും ദിവസത്തേക്ക് ട്രെക്കിനരികിലേക്ക് എത്തിച്ചേരാൻ സാധ്യമായില്ല. തിരികെയെത്തിയപ്പോൾ അവർ കണ്ട കാഴച ഹൃദയഭേദകമായിരുന്നു. തണുപ്പും വിശപ്പും മൂലം അയാൾ മരിച്ചിരുന്നു. ചുരത്തിൽ തന്നെ അവർ അയാൾക്ക് അന്ത്യവിശ്രമമൊരുക്കി. പിന്നീട് ആ ഹെയർ പിന്നുകൾ താണ്ടുന്നതിനിടയ്ക്ക് സിഗററ്റും വെള്ളവും ചോദിച്ച് ഒരാൾ പ്രത്യക്ഷപ്പെടാറുണ്ടെന്ന പ്രചാരണം തദ്ദേശവാസികൾക്കിടയിലും വണ്ടിക്കാർക്കിടയിലും പരക്കാൻ തുടങ്ങി. ഇരുപത്തിയൊന്ന് ഹെയർ പിന്നുകളിലൂടെ അലഞ്ഞു തിരിയുന്ന ആത്മാവിനെ ഒരു മന്ദിരുണ്ടാക്കി പിടിച്ചു നിർത്താനുള്ള ശ്രമത്തിന്റെ ബാക്കിപത്രമാണ് ചെറുകുന്നോളം കൂടിക്കിടക്കുന്ന വെള്ളക്കുപ്പികളും സിഗററ്റ് പായ്ക്കറ്റുകളും.
ചുരം ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും സൂര്യൻ മെല്ലെ താഴാൻ തുടങ്ങിയിരുന്നു. ഞങ്ങൾ വണ്ടികൾ നിർത്തി ഇറങ്ങി. അല്പനേരത്തെ വിശ്രമം ഊർജ്യത്തിന്റെ ഏതാനും കണികകൾ ദാനമായി തന്നിരിക്കുന്നു. ഇനി എത്രയും പെട്ടെന്ന് വിശ്രമിക്കാനുള്ള സ്ഥലത്ത് എത്തേണ്ടിയിരിക്കുന്നു. പാതി ബോധത്തിൽ ബുള്ളറ്റിൽ താങ്ങിയിരുന്ന് യാത്ര തുടർന്നു. ഭാഗ്യത്തിന് സർച്ചുവിലെത്തും വരെ നല്ല റോഡായിരുന്നു. സർച്ചുവിലെ ഒരു ടെന്റിനു മുൻപിലുള്ള കസേരയിൽ ക്ഷീണത്തിന്റെ ഭാരവുമായി ഞാൻ ഇരിപ്പുറപ്പിച്ചു. ആകാശം ചുംബിച്ചു നിൽക്കുന്ന കൂറ്റൻ പർവതശിരസുകൾക്കു താഴെയുള്ള വിശാലമായൊരു സമതലമാണ് സർച്ചു. ലഡാക്കിന്റേയും ഹിമാചൽപ്രദേശിന്റേയും അതിർത്തി. ഇവിടുന്നങ്ങോട്ട് ഹിമാചൽപ്രദേശാണ്. അകലെ പർവത ചെരുവുകളിലെ മഞ്ഞുപാളികൾ അസ്തമയ സൂര്യന്റെ രശ്മികളേറ്റ് സ്വർണവർണമായിരിക്കുന്നു. ഗുരുദേവും പ്രതീഷും തിരിച്ചെത്തി. ടെന്റുകൾ മാത്രമേ ലഭ്യമുള്ളുവെന്നുറപ്പിച്ചു കൊണ്ടാണ് അവർ വന്നത്. വേറൊരു വിവരവും കൂടി അവർ കൊണ്ടുവന്നു. കഴിഞ്ഞദിവസം പെയ്ത മഴയിൽ സെർച്ചുവിന്റെ അതിർത്തിയിലെ റോഡ് ഒലിച്ചുപോയിരിക്കുന്നു. നീണ്ട ദൂരം കല്ലിൻ കൂട്ടമാണ്. അതിലൂടെ ബുള്ളറ്റ് കയറ്റുവാൻ നന്നേ ബുദ്ധിമുട്ടേണ്ടി വരും. താമസമേതുമില്ലാതെ ഒരു ഗുളികയും കഴിച്ച് ഭക്ഷണം പോലും കഴിക്കാതെ ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Personal account of a challenging motorcycle expedition through Ladakh in 2026., Cultural insights into the life and traditions of the nomadic Changpa tribe., The historical legend of the Gata Loops ghost and the ritual offerings., Practical advice on navigating high-altitude passes like Tanglang La., Survival and safety tips for high-altitude mountain travel.
Published: 21 Apr 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented