
ഒരു പത്തു പതിനാലു വയസ്സുള്ളപ്പോൾ മുതൽ ഒരു കാര്യം തീരുമാനിച്ചതാണ്- ഇനി കേരളത്തിന് പുറത്തുള്ള കോളേജിൽ മാത്രമേ പോയി പഠിക്കൂ! നമ്മുടെ നാട്ടിൽ കോളേജുകൾ ഇല്ലാഞ്ഞിട്ടല്ല. ഒറ്റയ്ക്ക് നാടുകൾ കാണണം! വീട്ടിൽ നിന്നാൽ അതൊന്നും നടക്കില്ല! ഒരു സ്ഥലത്ത് പോകണമെങ്കിൽ അച്ഛൻ കൊണ്ടുവിടും, വിളിച്ചോണ്ട് വരും. നാട്ടിലേതെങ്കിലും കോളേജിൽ പഠിച്ചാൽ ഈ സമ്പ്രദായത്തിന് കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാനുള്ള സാധ്യതയില്ല. അങ്ങനെ സ്‌നേഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം. സത്യം തന്നെ. പക്ഷെ, ഈ വിശാലമായ ലോകം ഇങ്ങനെ എനിക്കായി ഒരുങ്ങിനിൽക്കുമ്പോൾ കാണാതിരിക്കുന്നതെങ്ങനെ? ഒരു രാത്രി ഞാൻ അങ്ങ് പ്രഖ്യാപിച്ചു, 'അച്ഛാ! എനിക്ക് പുറത്തുപോയി പഠിക്കണം.'
'നീ അതിന് എട്ടാം ക്ലാസ്സ് അല്ലെ ആയിട്ടുള്ളൂ...'
'ഞാൻ പുറത്തുള്ള കോളേജിലെ ചേരൂ.'
'പുറത്തെന്ന് പറയുമ്പോൾ?'
'ഡൽഹി.'
'അച്ഛന് നിന്നെ ഇടയ്ക്കിടക്ക് കാണണ്ടെടാ കണ്ണാ! എന്റെ മോൾക്ക് പുറത്തുപോയി പഠിക്കണമെങ്കിൽ അച്ഛൻ ഒരു തടസ്സവും നിൽക്കില്ല. പക്ഷെ ഒരു രാത്രി വണ്ടി കേറിയാൽ പിറ്റേന്ന് രാവിലെ എത്താൻ പറ്റുന്ന സ്ഥലമാണേൽ അച്ഛന് സന്തോഷാകും.'
ആ 'കണ്ണാ' വിളിയിൽ ഞാൻ ഐസ് മിട്ടായി പോലെ അലിഞ്ഞില്ലാതായി. ഡൽഹി വേണ്ട! ഞാൻ ഉറപ്പിച്ചു. പിന്നെ എവിടെ പോകും? അതായി ചിന്ത. പിന്നീടുള്ള കുറേ ദിവസം എട്ടാം ക്ലാസുകാരി ഗൗരി കോളേജ് തപ്പിപ്പിടിക്കുന്ന തിരക്കിലായിരുന്നു! ആ അന്വേഷണം ചെന്നവസാനിച്ചത് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ആണ്, ചെന്നൈ എന്ന നഗരത്തിലാണ്. കോളേജ് കൊള്ളാം! പക്ഷെ കോളേജിനപ്പുറം എന്റെ മനസ്സുടക്കിയത് ചെന്നൈയിലാണ്! നാടോടിക്കാറ്റ് കണ്ട കാലം മുതൽക്കേ മനസ്സിൽ കയറിയ നഗരം! ആലപ്പുഴയിൽനിന്ന് ഒരു പതിമൂന്നോ പതിന്നാലോ മണിക്കൂർ കൊണ്ടെത്താം! എല്ലാംകൊണ്ടും സെറ്റ്! ഞാൻ ഉടനെതന്നെ അച്ഛനോട് പ്രഖ്യാപിച്ചു! 'അച്ഛാ! എനിക്ക് ചെന്നൈയിൽ പഠിച്ചാൽ മതി.'
'ഇനിയും സമയമുണ്ടല്ലോ. നമുക്ക് തീരുമാനിക്കാം' അച്ഛന്റെ ആ മറുപടി എനിക്കത്ര പിടിച്ചില്ല. എങ്കിലും ഞാനൊന്നും പറഞ്ഞില്ല. കുറച്ചുനാൾ കഴിയുമ്പോൾ ഈ പൂതിയൊക്കെ മാറുമെന്നായിരിക്കും പാവം കരുതിയത്! പക്ഷെ ഞാൻ മറന്നില്ല! പ്ലസ്ടൂ കഴിയാറായപ്പോഴേക്കും ഞാൻ പറഞ്ഞു, 'അച്ഛാ! നമുക്ക് ആപ്ലിക്കേഷൻ അയക്കണ്ടേ?'
'ഉറപ്പാണോടാ?'
'ഉറപ്പാണ്.'
സാമാന്യം നല്ല മാർക്ക് ഉള്ളതുകൊണ്ട് അഡ്മിഷന് പ്രത്യേകിച്ച് ബുദ്ധിമുട്ടുമുണ്ടായില്ല.
കോളേജിലേക്ക് പോകുന്നതിനു തലേന്നുരാത്രി എനിക്കിന്നും നല്ല ഓർമ്മയാണ്. നെഞ്ചിങ്ങനെ പടപടാന്ന് മിടിച്ചുകൊണ്ടേയിരുന്നു! വീട്ടിൽ നിന്ന് അതുവരെ ഒരു രാത്രി പോലും മാറിനിന്നിട്ടില്ല! വയസ്സ് പതിനേഴ് കഴിഞ്ഞെങ്കിലും അച്ഛന്റേം അമ്മേടേം കൂടെയാണ് കിടക്കാറ്! ഒറ്റയ്‌ക്കൊരു ബസ് പോയിട്ട് ഓട്ടോയിൽ പോലും കയറി ശീലമില്ല! മണ്ടത്തരമാണോ ദൈവമേ? തൊട്ടപ്പുറത്തു നോക്കിയപ്പോൾ അച്ഛനും ഉറങ്ങിയിട്ടില്ല.
'അച്ഛാ! ഉറങ്ങിയില്ലേ?'
'ഇല്ലെടാ! നീയെന്താ ഉറങ്ങാഞ്ഞേ?'
'എനിക്കെന്തോ ഒരു പേടി.'
'നീയൊരു വാക്കു പറഞ്ഞാൽ മതി! നമുക്ക് തിരിച്ച് പോകാം.'
'തിരിച്ച് പോയാൽ പിന്നെ ഈ പേടി ഒരിക്കലും മാറില്ല അച്ഛാ! ഞാനും ഈ ലോകം അറിയണ്ടേ.'
'മ്ം... സത്യമാണ്! എന്റെ മോള് പോയി വാ! എന്തുണ്ടേലും അച്ഛനും അമ്മയും കൂടെത്തന്നെ കാണും! ഒരു ഫോൺ വിളിയുടെ കാര്യമേയുള്ളൂ. കിടന്നുറങ്ങിക്കോ.'
പിറ്റേന്ന് രാവിലെ കോളേജിലെത്തി. മുന്നൂറോളം ഏക്കർ കാടിന്റെ ഒത്തനടുക്കാണ് അതിമനോഹരമായ കോളേജ് ക്യാമ്പസ്! ആദ്യത്തെ ആറുമാസം കൂട്ടുകാരുടെ ചിറകിനു കീഴിൽനിന്ന് ഞാൻ മാറിയതേയില്ല. ഒറ്റയ്ക്ക് ക്യാമ്പസ്സിലൂടെയുള്ളൊരു നടത്തം മാറ്റിനിർത്തിയാൽ കാര്യമായ കറക്കമൊന്നുമില്ല. മര്യാദയ്ക്ക് റോഡ് മുറിച്ച് കടക്കാൻ പോലും പഠിച്ചില്ല! ഒരു ദിവസം ക്യാമ്പസ്സിന്റെ മെയിൻ ഗേറ്റ് വരെ പോകേണ്ടി വന്നു! കൂടെ പഠിക്കുന്ന രുഗ്മിണി അന്നു വന്നിട്ടില്ല. ക്ലാസ്സിന് ശേഷം നോട്ട്ബുക്ക് വാങ്ങാൻ അവൾ വന്നതാണ്. നോട്ടും വാങ്ങി അവൾ പോയപ്പോൾ തൊട്ടെതിരെ ഒരു ബസ് നിൽക്കുന്നു! കൂട്ടിവായിച്ചു, കാഞ്ചീപുരം! എന്താണ് ആ നിമിഷം സംഭവിച്ചത് എന്നറിയില്ല ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു!
'അണ്ണാ! വണ്ടി എടുത്തിടാതെ! ദോ നാനും വറേൻ!'
'സരി വാ മാ!'
ഞാൻ എങ്ങനെയൊക്കെയോ തിരക്കേറിയ റോഡ് മുറിച്ച് കടന്നു! ബസ്സിൽ കയറി ഒരു സൈഡ് സീറ്റും പിടിച്ചു! കണ്ടക്ടർ വിസിലടിച്ചതും വണ്ടിയെടുത്തു! ആ ഒരു നിമിഷം! എന്റെ ദൈവമേ! ആ നിമിഷം! ഞാൻ മരണംവരെ മറക്കില്ല! ആ വിൻഡോ സീറ്റിലെ കാഴ്ചകളും അവയെനിക്കുണ്ടാക്കിയ അനുഭൂതിയും ഇത്ര വർഷങ്ങൾക്കിപ്പുറവും ഒന്നു കണ്ണടച്ചാൽ എനിക്കറിയാം! ഇപ്പോഴത്തെ കുട്ടികൾ പറയുന്ന 'Main character energy' ഇല്ലേ, അത് എന്താണെന്ന് ആദ്യമായി അനുഭവിച്ച ദിവസം! ഏതോ സിനിമയിലെ നായികയെപ്പോലെ ഞാൻ ആ സീറ്റിൽ നിവർന്നിരുന്നു! എന്റെ ചുറ്റോടുചുറ്റും വേറേയും സ്ത്രീകളുണ്ട്! ഇവർക്കൊക്കെ ഇങ്ങനെ തോന്നുന്നുണ്ടാകുമോ? ആവോ! കേൾക്കുമ്പോൾ പലർക്കും നിസ്സാരമായി തോന്നാം! പക്ഷെ ആദ്യമായി മറ്റൊരാളോട് ചോദിക്കാതെ എടുത്തൊരു തീരുമാനം, അതെത്ര ചെറുതാണേലും വലുതാണേലും അപ്പോൾ കിട്ടുന്നൊരു സുഖം! അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല! എന്റെ അടുത്തിരുന്ന അക്ക തല നിറയെ കനകാംബരം ചൂടിയിരുന്നു! അവരുടെ കുപ്പിവളകളിട്ട കൈ എന്റെ നേരെ ഒരു തുണ്ട് കടലമിട്ടായി നീട്ടി! സ്‌നേഹപൂർവ്വം ഞാൻ അത് വാങ്ങി. പക്ഷെ അന്നവരുടെ പേര് പോലും ഞാൻ ചോദിച്ചില്ല. നന്ദി മാത്രം പറഞ്ഞു! ഇന്നും ഞാൻ ഇടയ്ക്ക് അവരെക്കുറിച്ച് ആലോചിക്കാറുണ്ട്! മഞ്ഞളിന്റെ നേരിയ മഞ്ഞക്കറയുള്ള ആ മുഖം എനിക്കിന്നും നല്ല ഓർമ്മയാണ്! നെറ്റിയുടെ ഒത്ത നടുക്കായി കണ്ട വലിയ വട്ടപ്പൊട്ടും ഞാൻ മറന്നില്ല! പക്ഷെ പേര് മാത്രം ഞാൻ ചോദിച്ചില്ല.
രണ്ടു രണ്ടര മണിക്കൂർ കൊണ്ട് കാഞ്ചീപുരത്തെത്തി. ഏകദേശം നാലു മണി. ബസ് സ്റ്റാൻഡിൽ നിന്ന് ഒരു ഷെയർ ഓട്ടോ കയറി വരദ രാജ പെരുമാൾ കോവിലിലെത്തി. കാഞ്ചീപുരം ഇഡ്ഡലി ഈ അമ്പലത്തിന്റെ സവിശേഷതയാണ്. ഒരിക്കൽ ടിവിയിൽ കണ്ടത് ഓർക്കുന്നു. ഗജേന്ദ്രമോക്ഷം നടന്നത് ഇവിടെയാണെന്നാണ് വിശ്വാസം. സരസ്വതി ദേവിയുടെ ശാപത്താൽ ആനയായി മാറിയ ദേവേന്ദ്രന് വിഷ്ണുഭഗവാൻ മോക്ഷം നൽകിയത് ഇവിടെ വെച്ചാണ്. ഈ സംഭവത്തിന് സാക്ഷിയായി ഒരു സ്വർണപ്പല്ലിയും വെള്ളിപ്പല്ലിയും ഉണ്ടായിരുന്നു എന്നാണ് ഐതീഹ്യം. ഇവരെ തൊട്ടു കഴിഞ്ഞാൽ ദോഷങ്ങളെല്ലാം ഒഴിയുമെന്ന് പറയപ്പെടുന്നു. അമ്പലത്തിൽ കയറി ഒരു ഓട്ടപ്രദക്ഷിണം കഴിഞ്ഞ് പുറത്തിറങ്ങി. പ്രധാനലക്ഷ്യം കാഞ്ചീപുരം ഇഡലിയാണ്. പലരോടും ചോദിച്ചു. ആർക്കും അതേപ്പറ്റി വലിയ പിടിയില്ല. ചിലര് പറയുന്നു രാവിലെ മാത്രമേ കിട്ടൂവെന്ന്. മറ്റു ചിലര് അവിടെ കിട്ടത്തേയില്ലെന്ന്. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഒരാൾ മുന്നിലൂടെ പോയി. തലയ്ക്ക് പിന്നിൽ ഒരു കുടുമിയുണ്ട്. വലിയൊരു കുറിയുണ്ട് നെറ്റിയിൽ. ഒറ്റനോട്ടത്തിൽ തനി അയ്യങ്കാർ സ്വാമി! ഞാൻ മൂപ്പരെ വഴിയിൽ തടഞ്ഞു ചോദിച്ചു,
'സാമി, ഇന്ത കാഞ്ചീപുരം ഇഡ്ഡലി എപ്പൊ കെടയ്ക്കും?'
അങ്ങേര് എന്നെ അടിമുടി ഒരു നോട്ടം.
'ഉന്നോട് അപ്പ അമ്മ എങ്കെ ഇരുക്ക്?'
'നാൻ തനിയാ താൻ വന്തേൻ.'
'എങ്കെ ഇരുന്ത്?'
'ചെന്നൈയിൽ ഇരുന്ത്.'
'ഏത്ക്ക്?'
'കഞ്ചീപുരം ഇഡ്ഡലി സാപ്പിടരുതക്ക്.'
പുള്ളിയൊന്ന് ചിരിച്ചു. ശേഷം പറഞ്ഞു
'സരി! നീ ഇങ്കയെ ഇരു! നാൻ വരേൻ.'
മൂപ്പര് പോയി അൽപനേരം കഴിഞ്ഞ് കൈയ്യിൽ ഒരു പൊതിയുമായി വന്നു. തുറന്ന് നോക്കിയതും അകത്ത് ഇലയിൽ പൊതിഞ്ഞ പുട്ടുകുറ്റി പോലൊരു സാധനം! കഞ്ചീപുരം ഇഡ്ഡലി. സാധാരണ വട്ടത്തിൽ കാണാറുള്ള ഇഡലി അല്ല കഞ്ചീപുരത്തെ ഇഡ്ഡലി! നീളത്തിൽ കുറ്റി പോലെയാണ്! കടുകും ജീരകവും ചേർത്ത് താളിച്ച എണ്ണ ചേർത്താണ് കോവിൽ ഇഡ്ഡലി എന്നുപേരായ കഞ്ചീപുരം ഇഡ്ഡലി തയ്യാറാക്കുന്നത്.
'നീ എങ്കെയാവത് ഒക്കാറുന്ത് സാപ്പിട്, സരിയാ!' മൂപ്പര് വാത്സല്യത്തോടെ പറഞ്ഞിട്ട് നടന്നു.
ഞാൻ ഒരു മണ്ഡപത്തിന്റെ പടിയിലിരുന്ന് ഇഡ്ഡലി ആസ്വദിച്ചു കഴിച്ചു! പ്രസാദമല്ലേ, ചോദിച്ചവർക്കെല്ലാം പങ്കിട്ടുകൊടുത്തു! ടാപ്പിൽ നിന്ന് കൈയും കഴുകി അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. ഏകാമ്പരേശ്വർ കോവിൽ. ഒരിക്കൽ തമാശയായി പാർവതിദേവി ഭഗവാന്റെ കണ്ണുപൊത്തി. ഭഗവാന്റെ കണ്ണു മൂടിയ ആ കുറച്ചു നിമിഷങ്ങൾ കൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ നിലതെറ്റി. തനിക്കു പറ്റിയ തെറ്റ് മനസ്സിലാക്കിയ ദേവി ഒരു മാവിന്റെ കീഴിൽ മണ്ണുകുഴച്ചൊരു ശിവലിംഗമുണ്ടാക്കി തപസ്സു ചെയ്തു. സംപ്രീതനായ ഭഗവാൻ പിന്നീട് ഏകാമ്പരേശ്വരനായി അവിടെ കുടികൊണ്ടു. ഇനി മറ്റൊരു കഥയുണ്ട്. പാർവതി ഭഗവാനെ കല്യാണം കഴിക്കാനായി കഠിനതപസ്സിൽ ഏർപ്പെട്ടു. മണ്ണുകൊണ്ട് നിർമ്മിച്ച പൃഥ്വിലിംഗത്തിനു മുന്നിലായിരുന്നു തപം. ഈ സമയം, വേഗവതി നദി കരകവിഞ്ഞൊഴുകി. വെള്ളത്തിൽ ലിംഗം അലിഞ്ഞു പോകുമോ എന്ന ഭയത്തിൽ കാമാക്ഷി രൂപത്തിൽ ദേവി ലിംഗം ചുറ്റിപിണഞ്ഞു! ആ ആലിംഗനത്തിൽ സംപ്രീതനായ ഭഗവാൻ പാർവതി ദേവിയെ വിവാഹം കഴിച്ചുവെന്നതാണ് കഥ. ദേവിയുടെ തഴുകലിൽ അലിഞ്ഞുപോയവൻ എന്ന അർഥത്തിൽ 'തഴുവകുഴൈന്താർ' എന്നും ഇവിടുത്തെ ഭഗവാനെ വിളിക്കാറുണ്ട്. എനിക്കെന്തുകൊണ്ടോ ഭയങ്കര ഇഷ്ടമാണ് ആ പേര്. ഈ അമ്പലത്തിൽ എത്തുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധ ആദ്യമെത്തുക അവിടുത്തെ കൂറ്റൻ മാവായിരിക്കും! ഈ മാവിനൊരു പ്രത്യേകതയുണ്ട്. നാലു വശത്തും നാലു തരം മാങ്ങകളാണ് കായ്ക്കുക. ഈ നാലു തരം മാവുകൾ സൂചിപ്പിക്കുന്നത് നാലു വേദങ്ങളെയാണ്. എനിക്ക് കാഞ്ചീപുരത്ത് പോകാൻ ഏറ്റവും ഇഷ്ടമുള്ള ക്ഷേത്രം ഈ കോവിലാണ്. ശിവഭഗവാനോട് എല്ലാക്കാലത്തും പ്രത്യേകമായൊരു സ്‌നേഹം ഉള്ളതുകൊണ്ടാകാം.
സന്ധ്യാപൂജ തൊഴുത ശേഷം പുറത്തേക്കിറങ്ങിയപ്പോഴേക്കും മെല്ലെ ഇരുട്ടി തുടങ്ങിയിരുന്നു. ചെറുതായി പേടി ഉള്ളിൽ അരിച്ചു കയറി. പുറത്തൊരു ഓട്ടോ നിർത്തിയിട്ടിരിക്കുന്നു. അകത്തു ഒരാൾക്കിരിക്കാനുള്ള ഇടമുണ്ട്. ഞാൻ കയറാൻ പോയപ്പോൾ ഓട്ടോക്കാരൻ പറഞ്ഞു; 'ഇത് ഷെയർ ഓട്ടോ കെടയാത് അമ്മ. ഫാമിലി! ഫാമിലി!'
'സോറി അണ്ണാ! തെരിയലെ.' അകത്തിരുന്ന അമ്മുമ്മ ചോദിച്ചു, 'ഉനക്ക് എങ്കെ പോണം?'
'ബസ് സ്റ്റാൻഡ്.'
'ആഹാ! അപ്പൊ ഒക്കാര്! നാങ്കളും ബസ് സ്റ്റാൻഡ് താൻ പോറോം.'
ഞാൻ കയറിയിരുന്നു. അങ്ങനെ ബസ് സ്റ്റാൻഡ് എത്തി. ഒരുപാടു നിർബന്ധിച്ചിട്ടും പണം വാങ്ങാൻ അവർ തയ്യാറായില്ല. അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ചെന്നൈ ബസ് വന്നു. അകത്തു കയറി ഇരുന്നതും ബാഗിനുള്ളിൽ ഫോൺ ചിലച്ചുകൊണ്ടേയിരുന്നു. അച്ഛനാണ്.
'എത്രനേരമായി കണ്ണാ വിളിക്കുന്നു! നീ എവിടെയാ?'
'ബസിൽ ആണെടാ.'
'എങ്ങോട്ട്?'
'ഞാനൊന്ന് കഞ്ചീപുരം വരെ വന്നു. ഇപ്പൊ തിരിച്ചു പോകുന്നു.'
'കൂട്ടുകാർ ആരേലും ഉണ്ടോ?'
'ഇല്ല, ഒറ്റയ്ക്കാണ്. '
മറുതലയ്ക്കൽ നിന്ന് നല്ല ഒന്നാന്തരം വഴക്കാണ് ഞാൻ പ്രതീക്ഷിച്ചത്. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചിരിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു. 'എങ്ങനെയുണ്ടായിരുന്നു കണ്ണാ? അച്ഛൻ പണ്ട് വന്നതാ.'
തിരിച്ചു ചെന്നൈയിൽ എത്തുന്ന വരെയും ഞാൻ അച്ഛനോട് വിശേഷം പറഞ്ഞോണ്ടിരുന്നു. മറ്റാർക്കും മനസ്സിലായില്ലെങ്കിലും എന്നെ അച്ഛന് മനസ്സിലാകും. അതെനിക്കുറപ്പായിരുന്നു! കാലിൽ ആദിത്യൻ ഉള്ള മനുഷ്യൻ എന്നാണ് അമ്മ അച്ഛനെ വിളിച്ചിരുന്നത് തന്നെ. അച്ഛന് ഒരിടത്തുതന്നെ ഒരുപാടു നേരം നിൽക്കുന്നത് മടുപ്പാണ്. വിവാഹത്തിനും ജോലിയ്ക്കും മുൻപ് നല്ലപോലെ കറങ്ങി നടന്ന മനുഷ്യൻ ആണ് അച്ഛൻ. ആ അച്ഛൻ എന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ മറ്റാര് മനസ്സിലാക്കാൻ?
റൂമിലെത്തി കഴിഞ്ഞപ്പോൾ റൂംമേറ്റ് ഷേബ ചേച്ചി ചോദിച്ചു, 'നീ എവിടെ പോയിരുന്നു?' 'ഞാൻ... അമ്പ മാളിൽ പോയി.'
2010-ാണ് കാലം. കാഞ്ചീപുരം വരെ വെറുതെ കറങ്ങാൻ പോയെന്ന് പറഞ്ഞാൽ ആർക്കും ദഹിക്കണമെന്നില്ല. അതിലും ഭേദം മാളിൽ കറങ്ങാൻ പോയി എന്ന് പറയുന്നതാണ്. ഞാൻ വേഗം കുളിച്ച് കിടന്നു. കണ്ണടച്ചിട്ടും ആ യാത്രയുടെ 'ത്രില്ല്' കാരണം ഉറക്കം വന്നില്ല. പിന്നീടുള്ള മൂന്നു വർഷവും ഞാൻ പലവട്ടം കാഞ്ചീപുരത്ത് പോയി. അച്ഛനെയും അമ്മയെയും കൊണ്ടുപോയി. പലരും ചോദിച്ചിട്ടുണ്ട്, ഒരേ സ്ഥലത്ത് പോകുമ്പോൾ മടുക്കാറില്ലേ എന്ന്. പക്ഷെ, സ്ഥലം ഒന്നാണെങ്കിലും ഓരോ യാത്രയിലും കാണുന്ന മനുഷ്യർ പലതല്ലേ? ചെന്നൈയിലെ കോളേജ് ജീവിതം അത്ര എളുപ്പമല്ലായിരുന്നു. പലപ്പോഴും ഇട്ടെറിഞ്ഞിട്ട് വന്നാലോ എന്നു വരെ തോന്നിയിരുന്നു. പക്ഷെ ആ കോളേജ് കാലമാണ് എന്റെ ജീവിതത്തിൽ എനിക്കേറ്റവും വിലപ്പെട്ട സമ്മാനം നൽകിയത് - സ്വാതന്ത്ര്യം!
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The transformative power of solo travel for personal growth., Cultural and spiritual significance of Kanchipuram temples., Navigating independence as a student in a new city., Overcoming the fear of stepping out of one's comfort zone., The importance of trusting local kindness during solo journeys.
Published: 04 Apr 2026, 02:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented