കുഞ്ഞുനാളിലാണ് ദൂരദേശത്തെവിടെയോ ഉള്ള ആ നാടിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. സുന്ദരിയും ബുദ്ധിമതിയുമായ ഷഹറാസാദിന്റെ കഥപറയുന്ന തടിച്ച പുറംചട്ടയുള്ള 'ആയിരത്തൊന്ന് രാവുകള്‍' വായിച്ച ദിവസങ്ങളില്‍ മനസ്സില്‍ പതിഞ്ഞതാണ് ആ നാട്. ഷഹരിയാര്‍ രാജാവിന്റെയും സമര്‍ഖണ്ഡിലെ ഭരണാധികാരിയായ സഹോദരന്‍ ഷാസമാന്റെയും ജീവിതത്തില്‍നിന്നാണ് 'ആയിരത്തൊന്ന് രാവുകള്‍' എന്ന പേര്‍ഷ്യന്‍-അറബിക് നാടോടിക്കഥയുടെ ആരംഭം. (പക്ഷേ, സമര്‍ഖണ്ഡിന്റെ ചരിത്രത്തിലൊരിടത്തും ഈ ബന്ധം പറയുന്നില്ല). വര്‍ഷങ്ങള്‍ക്ക് ഇപ്പുറം എത്തുകയാണ് നാടോടിക്കഥയുടെ രൂപത്തില്‍ മനസ്സില്‍ ചേക്കേറിയ ആ ദേശത്തേക്ക്, ഉസ്ബെക്കിസ്താനിലെ സമര്‍ഖണ്ഡിലേക്ക്, വായിച്ചറിഞ്ഞ പേര്‍ഷ്യന്‍ ഇതിഹാസത്തിലെ സ്വപ്‌നഭൂമിയിലേക്ക്. 

ദുബായിയില്‍നിന്ന് ബജറ്റ് എയര്‍ലൈനില്‍ മൂന്നരമണിക്കൂര്‍ യാത്ര. ഒരു കുഞ്ഞന്‍ എയര്‍പോര്‍ട്ടാണ് സമര്‍ഖണ്ഡിലെത്. ആളും ആരവവുമില്ല. ഒരു പഴഞ്ചന്‍ ഷെവര്‍ലെ കാറിലാണ് ഹോട്ടലിലേക്ക് പോയത്. സാമാന്യം ഭംഗിയും വൃത്തിയുമുള്ളതായിരുന്നു ഹോട്ടല്‍. ജാലകത്തിലൂടെ സമര്‍ഖണ്ഡിന്റെ നഗരക്കാഴ്ചകളിലേക്ക് കണ്ണുപായിച്ചു. ദൂരെ ടര്‍ക്കിഷ് ബ്ലൂ നിറങ്ങളില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മിനാരങ്ങള്‍. എത്ര നോക്കിനിന്നാലും കണ്ണെടുക്കാന്‍ കഴിയാത്ത സുന്ദരനിര്‍മിതി. പ്രശസ്തമായ 'റെഗിസ്താന്‍ ചത്വര'ത്തിന്റെ മിനാരങ്ങളായിരുന്നു അത്. സഞ്ചാരികള്‍ അധികമെത്താത്ത സീസണിലായിരുന്നു ഈ നഗരത്തില്‍ എത്തിയത്. അതുകൊണ്ട് സമര്‍ഖണ്ഡ് എന്ന സ്വപ്‌നദേശത്തെ ആവോളം ആസ്വദിക്കാന്‍ സാധിച്ചു. 

placeholder
Shutterstock images

സംസ്‌കാരങ്ങളുടെ പിറവികൊള്ളലിനും മതങ്ങളുടെ കൂടിക്കലരലിനും അധിനിവേശ ശക്തികളുടെ ബലാബലങ്ങള്‍ക്കും നൂറ്റാണ്ടുകളോളം സാക്ഷ്യം വഹിച്ചിട്ടുണ്ട് സമര്‍ഖണ്ഡ്. പുരാതനകാലത്ത് 'മാരകണ്ഡ' എന്നപേരില്‍ അറിയപ്പെട്ട സമര്‍ഖണ്ഡ് മധ്യേഷ്യയില്‍ ജനവാസം തുടങ്ങിയതില്‍വെച്ച് ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ്. ബി.സി 329-ലാണ് അലക്സാണ്ടര്‍ സമര്‍ഖണ്ഡ് കീഴടക്കിയത്. 1220-ല്‍ ചെങ്കിസ് ഖാന്‍ സമര്‍ഖണ്ഡിനെ പിടിച്ചെടുക്കുംവരെ പലനൂറ്റാണ്ടുകളിലായി തുര്‍ക്കികളും പേര്‍ഷ്യയിലെ സമനിഡുകളും നഗരം ഭരിച്ചു. ബൗദ്ധ, ക്രൈസ്തവ, ഇസ്ലാം, ഹൈന്ദവ മതങ്ങള്‍ക്കെല്ലാം വേരോട്ടമുണ്ടായിരുന്ന ഭൂമികയായിരുന്നു ഇത്. നൂറ്റാണ്ടുകളോളം ഏഷ്യയെയും യൂറോപ്പിനെയും മധ്യേഷ്യയെയും ബന്ധിപ്പിച്ച വ്യാപാരപാതയായിരുന്ന സില്‍ക്ക് റൂട്ടിലെ പ്രധാന ഇടത്താവളം സമര്‍ഖണ്ഡ് ആയിരുന്നു. അതുകൊണ്ടാകണം യുനെസ്‌കോ ഈ മഹാനഗരത്തെ ലോകസംസ്‌കാരങ്ങളുടെ സമ്മേളനസ്ഥലമെന്ന് വിശേഷിപ്പിച്ചത്. 

മധ്യേഷ്യ കീഴടക്കി സാമ്രാജ്യം കെട്ടിപ്പടുത്ത തിമൂര്‍ ചക്രവര്‍ത്തി 1370-ല്‍ തന്റെ സാമ്രാജ്യതലസ്ഥാനമായി സമര്‍ഖണ്ഡിനെ മാറ്റി. ശത്രുക്കളോട് കാണിച്ച ക്രൂരതയ്ക്ക് സമാനതകളില്ലെങ്കിലും ശില്പികളോടും കരകൗശലപ്പണിക്കാരോടും ഉദാരസമീപനമായിരുന്നു അദ്ദേഹത്തിന്റെത്. സമര്‍ഖണ്ഡിനെ സുന്ദരമാക്കുന്നതില്‍ തിമൂര്‍ എക്കാലവും ശ്രദ്ധപതിപ്പിച്ചു. ഇറാനും തുര്‍ക്കിയും ഇറാഖും കീഴടക്കി ദില്ലിവരെ തിമൂര്‍ കടന്നെത്തി. ഇതിനിടെ ചൈനയുടെയും റഷ്യയുടെയും ചില പ്രവിശ്യകളും തിമൂറിന്റെ കാല്‍ക്കീഴിലമര്‍ന്നു. സമര്‍ഖണ്ഡില്‍ ഇന്ന് കാണുന്ന നിര്‍മിതികളെല്ലാം തിമൂറിന് അവകാശപ്പെട്ടതാണ്. മരിക്കുമ്പോള്‍ 27 രാജ്യങ്ങളുടെ അധിപനായിരുന്നു തിമൂര്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ പുത്രനായ ഉലൂഗ് ബെയ്ഗിന്റെ ഭരണകാലത്താണ് സമര്‍ഖണ്ഡ് ഇസ്ലാമിക പഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമായി മാറുന്നത്. ശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും ജ്യോതിശ്ശാസ്ത്രത്തിലുമെല്ലാം വിദഗ്ധനായിരുന്നു അദ്ദേഹം.

പുറത്ത് തണുപ്പേറിയിരുന്നു, കൂടെ വിശപ്പും. കുറച്ചുദൂരം നടന്നാല്‍ നല്ലൊരു ഹോട്ടലുണ്ടെന്ന് അറിഞ്ഞു. ഉസ്ബെക്കുകളുടെ ഭക്ഷണം കൂടുതലും ആട്ടിറച്ചിയും മാട്ടിറച്ചിയുമാണ്. കോഴിയും മീനുമൊക്കെ അപൂര്‍വ്വം മാത്രം. ഹോട്ടലുകളില്‍ ഇറച്ചി കോര്‍മ്പലില്‍ കുത്തിവെച്ചിട്ടുണ്ടാകും. ഇഷ്ടമുള്ളത് ഓര്‍ഡര്‍ ചെയ്താല്‍ അപ്പോള്‍തന്നെ ഗ്രില്‍ ചെയ്തുതരും. ഭക്ഷണശേഷം സമര്‍ഖണ്ഡിന്റെ പൈതൃകം പേറുന്ന റെഗിസ്താന്‍ ചത്വരത്തിലേക്ക് നടന്നു. 

ടര്‍ക്കിഷ് നീലനിറത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മിനാരങ്ങളും വലുപ്പമേറിയ കൊത്തുപണികളാല്‍ അലങ്കരിച്ച മദ്രസകളും നിറഞ്ഞ ഈ ചത്വരം സമര്‍ഖണ്ഡിന്റെ അഭിമാനമാണ്. ഉസ്ബെക്കിസ്താനിലെ മദ്രസകളില്‍ ചരിത്രം, ജ്യോതിശ്ശാസ്ത്രം, തര്‍ക്കശാസ്ത്രം, വൈദ്യം, ഗണിതം എന്നീ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. ഓരോ മദ്രസയുടെ അകത്തും വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും താമസത്തിനുമുള്ള മുറികള്‍ ഒരുക്കിയിരുന്നു. ആറുനൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇവിടെയെത്തുന്ന സഞ്ചാരികളെ മോഹിപ്പിച്ചുകൊണ്ട് റെഗിസ്താന്‍ സ്‌ക്വയര്‍ തലയുയര്‍ത്തിനി ല്‍ക്കുന്നു. നഗരത്തിന്റെ വടക്കുകിഴക്കുഭാഗത്തായാണ് ഉസ്ബെക്കികളുടെ പാവനമായ ഷാഹി സിന്ദാ സ്ഥിതിചെയ്യുന്നത്. പുണ്യാത്മാക്കളുടെയും രാജകുടുംബാംഗങ്ങളുടെയും ശവക്കല്ലറകളാണ് ഇവിടെയുള്ളത്. 

placeholder
Shutterstock images

ധാരാളം സന്ദര്‍ശകര്‍ രാവിലെതന്നെ എത്തിയിട്ടുണ്ട്. ഉസ്ബെക് വനിതകളാണ് കൂടുതലും. ഷാഹി സിന്ദാ അവര്‍ക്കൊരു തീര്‍ഥാടനകേന്ദ്രംപോലെയാണ്. ഷാഹി സിന്ദായുടെ പ്രൗഢഗംഭീരമായ വാതില്‍ കടന്ന് പടികള്‍ കയറിച്ചെന്നാല്‍ കല്ലുപതിച്ച നടപ്പാതയുടെ ഇരുവശത്തുമായി നീലനിറത്തില്‍ നിരനിരയായുള്ള ശവകുടീരങ്ങള്‍ കാണാം. ഒന്നിലധികംപേരുടെ കല്ലറകള്‍ ഉള്‍പ്പെടുന്ന ഓരോ സ്മാരകമണ്ഡപവും ശില്പകലയുടെ വൈദഗ്ധ്യം വിളിച്ചോതുന്നു. ടര്‍ക്കിഷ് നീലനിറമാണ് നിര്‍മിതികളുടെ മാറ്റുകൂട്ടാനായി കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. പതിനൊന്ന് സ്മാരകമണ്ഡപങ്ങളാണ് ഇവിടെയുള്ളത്.

പിന്നീട് പോയത് പ്രശസ്തമായ ഉലൂഗ് ബെയ്ഗ് ഒബ്സര്‍വേറ്ററിയിലേക്കാണ്. ചക്രവര്‍ത്തിയായിരുന്ന ഉലൂഗ് ബെയ്ഗ് സമര്‍ഥനായ ജ്യോതിശ്ശാസ്ത്രജ്ഞന്‍കൂടിയായിരുന്നു. ഒരുവര്‍ഷമെന്നത് 365 ദിവസം 6 മണിക്കൂര്‍ 10 മിനിറ്റ് 8 സെക്കന്‍ഡ് എന്നിങ്ങനെയാണെന്ന് ഉലൂഗ് ബെയ്ഗ് കണ്ടെത്തിയത്രേ! കവാടത്തിനരികില്‍ അദ്ദേഹത്തിന്റെ പടുകൂറ്റന്‍ പ്രതിമയുണ്ട്. പുരാതന ഏഷ്യയിലെ വാനനിരീക്ഷണത്തെക്കുറിച്ച് വിശാലമായി പറയുന്ന മ്യൂസിയം ഇതിനോടുചേര്‍ന്ന് കാണാം. രാവിലെ പതിനൊന്നിനായിരുന്നു ട്രെയിന്‍. വൃത്തിയുള്ള സ്റ്റേഷന്‍. ഒന്നരമണിക്കൂര്‍കൊണ്ട് ബുഖാറയിലെത്തി. ബുഖാറയിലെ ഓള്‍ഡ് സിറ്റിയിലാണ് ഞങ്ങളുടെ ഹോട്ടല്‍. 

ചെങ്കല്‍ ഇഷ്ടികകൊണ്ട് നിര്‍മിച്ച കെട്ടിടങ്ങളാണ് ഇവിടെ അധികവും. സുന്ദരമായ നഗരമാണ് ബുഖാറ. ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് ഉസ്‌ബെക്കിസ്താന്‍ ഒരു പറുദീസയാണ്. ആറാംനൂറ്റാണ്ടുമുതല്‍ ബുഖാറയുടെ ചരിത്രം ആരംഭിക്കുന്നു. എത്രയോ ഭൂപ്രദേശങ്ങളിലെ എണ്ണമറ്റ ഭാഷകള്‍ ഈ തെരുവുകളില്‍ അലയടിച്ചിട്ടുണ്ടാവും. കച്ചവടക്കാര്‍ക്കൊപ്പം അവരുടെ സംസ്‌കാരവും മതവും ഇവിടേക്ക് കൈമാറിയെത്തി. സില്‍ക്ക് റൂട്ടില്‍ സമര്‍ഖണ്ഡിനെപ്പോലെ പ്രധാന ഇടനാഴിയായിരുന്നു ബുഖാറയും. ബുദ്ധമതം ലോകമെമ്പാടും പ്രചരിക്കാന്‍ കാരണം സില്‍ക്ക് റൂട്ടാണ് എന്നാണ് കരുതപ്പെടുന്നത്. ബുഖാറ എന്ന പേരുപോലും ബുദ്ധമതത്തിലെ 'വിഹാര' എന്ന വാക്കില്‍നിന്ന് വന്നതാണത്രെ!

ഓള്‍ഡ് സിറ്റിയില്‍ ഉടനീളം കരിങ്കല്ലും ചെങ്കല്ലുംവിരിച്ച നടപ്പാതകളാണ് കാണാനാവുക. പഴമയുടെ മണംപേറാത്ത ഒരു കെട്ടിടം പോലും ഇവിടെയില്ല. പിന്നീട് ഞങ്ങള്‍ പോയത് ചോര്‍മിനാര്‍ മദ്രസ കാണാനാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ധനികനായ തുര്‍ക്കി വ്യാപാരി നിര്‍മിച്ചതാണിത്. ചാര്‍മിനാറില്‍നിന്ന് പ്രചോദനംകൊണ്ട് നിര്‍മിച്ചതാണെന്ന് പറയപ്പെടുന്നു. നീല സെറാമിക് ടൈലുകളാല്‍ മൂടപ്പെട്ട വലിയ താഴികക്കുടങ്ങളുള്ള മിനാരങ്ങള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കും. ബുഖാറയില്‍ എത്തിയിട്ട് ഷോപ്പിങ് ഒന്നും നടത്തിയില്ലല്ലോയെന്ന സങ്കടം മാറ്റാനായി ലയബി ഹോസിലേ ക്കാണ് പിന്നീട് പോയത്. 

placeholder
Shutterstock images

കുളങ്ങളാല്‍ ചുറ്റപ്പെട്ട് സുവനീര്‍ കച്ചവടക്കാരാല്‍ നിറഞ്ഞ മദ്രസകളും കല്ലുപതിച്ച നടപ്പാതകളും റസ്റ്ററന്റുകളും ചായ മഖാനികളും ചേര്‍ന്ന സുന്ദരമായ സമുച്ചയമാണ് ലയബി ഹോസ്. വലുതും ചെറുതുമായ ധാരാളം മദ്രസകള്‍ ഇവിടെയുമുണ്ട്. ഹോജ കഥകളിലൂടെ പ്രസിദ്ധനായ ഹോജ നാസറുദ്ധീന്റെ കഴുതപ്പുറത്തേന്തിയ പിച്ചള പ്രതിമ ഇവിടെയുണ്ടെന്നത് അതിശയിപ്പിച്ചു. ലാളിത്യവും കുസൃതിയും ബുദ്ധിശക്തിയും ഒത്തുചേര്‍ന്ന ഹോജ, എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണല്ലോ. സഞ്ചാരികളെല്ലാം ഈ പ്രതിമയ്ക്ക് മുന്നിലെത്തി സെല്‍ഫിയെടുക്കാനും മറക്കാറില്ല. ഉസ്‌ബെക്കുകളുടെ കൈത്തുന്നലുകള്‍കൊണ്ട് നിറപ്പകിട്ടാര്‍ന്ന തൊപ്പി പ്രത്യേക ഭംഗിയുള്ളതാണ്. ഇവിടെത്തന്നെയുണ്ടാക്കിയ സില്‍ക്ക് സ്‌കാര്‍ഫുകളും ചിത്രപ്പണിചെയ്ത ഉടുപ്പുകളും വിലപേശി വാങ്ങാന്‍ സാധിക്കും. കച്ചവടക്കാരായി അധികവും സ്ത്രീകളാണ്. ഇവിടത്തെ ആള്‍ക്കാരില്‍ക്കണ്ട പ്രത്യേകത മിക്കവര്‍ക്കും ഒന്നിലധികം സ്വര്‍ണപ്പല്ലുണ്ടെന്നതാണ്. മധ്യവയസ്സ് കടന്ന മിക്കവരും പുത്തന്‍ തലമുറയില്‍പ്പെട്ട ചിലരും സ്വര്‍ണപ്പല്ലിന്റെ അവകാശികളാണ്. സമൂഹത്തിലെ ഉയര്‍ന്ന നില സൂചിപ്പിക്കാനാണ് ഇത്തരത്തില്‍ സ്വര്‍ണപ്പല്ല് വെക്കുന്നതത്രെ! 

പിറ്റേന്ന് പ്രഭാതഭക്ഷണത്തിന് ശേഷം സമീപത്തുള്ള ആര്‍ക്ക് ഓഫ് ബുഖാറ എന്ന പ്രശസ്തമായ കോട്ട കാണാന്‍ പോയി. ബുഖാറയിലെ വന്മതില്‍ തന്നെയാണ് കോട്ട. ബി.സി 500 കാലഘട്ടത്തിലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. അക്കാലത്ത് ഇവിടെ ജനവാസമുണ്ടായിരുന്നതിന് തെളിവുകള്‍ ഉണ്ട്. കളിമണ്‍കട്ടയില്‍ പണിത നാല് ഹെക്ടര്‍ വിസ്തീര്‍ണമുള്ള 20 മീറ്റര്‍ ഉയരമുള്ള ഒരു നെടുങ്കന്‍ കോട്ടയാണിത്. കോട്ടയുടെ താഴെ പഴയ ജനവാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. സമര്‍ഖണ്ഡിന്റെ സ്ഥാപകനായ അഫ്രൊസായിബിന്റെ മരുമകനായ സിയാവുഷാണ് ഈ കോട്ട പണിതതെന്നാണ് ഐതിഹ്യം. പല ഐതിഹ്യങ്ങളിലും നാടോടിക്കഥകളിലും സ്ഥിരസാന്നിധ്യമാണ് ഇരുവരും. 

placeholder
Shutterstock images

ഈ കോട്ടയുമായി ബന്ധപ്പെട്ട് മറ്റൊരു കഥകൂടിയുണ്ട്. സിയാവുഷിന് തന്റെ മകളെ വിവാഹം ചെയ്തുനല്‍കുന്നതിന് അഫ്രൊസായിബ് ഒരു നിബന്ധന മുന്നോട്ടുവെച്ചു. ഒരു കാളത്തോല്‍ കൊടുത്തിട്ട് അതിനുള്ളില്‍ ഒരു കൊട്ടാരം പണിയണമെന്നായിരുന്നു അത്. ബുദ്ധിമാനായ സിയാവുഷ് കാളത്തോല്‍ നേര്‍ത്ത നാരുകളാക്കി മുറിച്ചുമാറ്റി അറ്റം കൂട്ടിക്കെട്ടി അതിരുണ്ടാക്കി അതിനകത്തൊരു കൊട്ടാരം പണിതു. കാളത്തോല്‍ അതിരിട്ട ഇടമാണ് കോട്ടയായി മാറിയതെന്നാണ് കഥ. ടിക്കറ്റെടുത്തു അകത്തെത്തുമ്പോള്‍ കാണുന്നത് ഒരു വലിയ ഇടനാഴിയും നടുത്തളവുമാണ്. അതിനോട് ചേര്‍ന്ന് മ്യൂസിയങ്ങളുണ്ട്. സിംഹാസനമുറി, കിരീടധാരണം നടന്നിരുന്ന രാജസഭ, പള്ളി, അന്തഃപുരം തുടങ്ങിയവ കാണാം. കൈയെഴുത്തു പ്രതികളുടെ മ്യൂസിയം വളരെ പ്രശസ്തമാണ്. പണ്ടുകാലത്തുതന്നെ അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരം ഇവിടെയുണ്ടായിരുന്നു. 

ഇന്ത്യന്‍ ജനതയെ ഏറെ സ്നേഹിക്കുന്നവരാണ് ഉസ്ബെക്കുകള്‍. തിമൂറിന്റെ പൗത്രനായിരുന്ന മുഗള്‍ രാജവംശ സ്ഥാപകന്‍ ബാബര്‍ വഴി 1991-ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് സ്വതന്ത്രമായ ഉസ്ബെക്കിസ്താന്‍ കമ്യൂണിസത്തെ പുറന്തള്ളിയെങ്കിലും ഇസ്ലാമിക പാത തിരഞ്ഞെടുത്തില്ല. പകരം തിമൂറിനെ ഒരു ദേശീയ ബിംബമായി ഉയര്‍ത്തിക്കാണിച്ചു. തിമൂറിയന്‍ കാലഘട്ടത്തെ മഹത്വവത്കരിച്ചും സ്മാരകങ്ങള്‍ പുനരുദ്ധരിച്ചും പുതിയ ഭരണകൂടം മുന്നോട്ട് പോയതോടെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായി ഉസ്ബെക്ക് മാറി. വീണ്ടും വീണ്ടും ഒരുനാട് നമ്മളെ മാടിവിളിക്കുന്നുണ്ടെങ്കില്‍ ആ നാടിന്റെ ഭംഗി മാത്രമല്ല, നാട്ടുകാരുടെ പെരുമാറ്റംകൂടി ഒരുകാരണമാണ്. സഞ്ചാരികള്‍ ഇന്ത്യക്കാരാണെങ്കില്‍ പ്രത്യേക സ്‌നേഹത്തോടെ അവര്‍ വരവേല്‍ക്കും. സ്വര്‍ണപ്പല്ലുള്ള ഉസ്ബെക് ജനതയുടെ മനസ്സും സ്വര്‍ണമാണെന്ന് ബോധ്യമാകും.