
വാസന്തി
''അയ്യോ, പെണ്ണുങ്ങള് ഒറ്റയ്ക്കൊന്നും ഇത്രദൂരം പോകാന്‍പാടില്ല...'' തളര്‍ത്താന്‍ നോക്കിയ വാക്കാണ് തളിപ്പറമ്പ് തൃച്ചമ്പരത്തെ തയ്യല്‍ക്കാരിയായ വാസന്തിയെ ഒറ്റയ്ക്ക് എവറസ്റ്റിന്റെ ഉയരങ്ങള്‍ കയറാന്‍ പ്രേരിപ്പിച്ചത്. അന്‍പത്തിയൊന്‍പതാം വയസ്സില്‍ ഒറ്റയ്ക്ക് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. സെറ്റ്‌സാരിയുടുത്ത് ഇന്ത്യന്‍ പതാകയും കൈയിലേന്തി അവര്‍ തന്നെ തളര്‍ത്താന്‍ നോക്കിയവരോട് ഉച്ചത്തില്‍ പറഞ്ഞു, പെണ്ണിന് പറ്റാത്തതായി ഒന്നുമില്ലെന്ന്. മൂന്ന് ദശാബ്ദത്തിലേറെയായി തയ്യല്‍ജോലിയിലൂടെ ഉപജീവനം നടത്തുന്ന വാസന്തി ഒറ്റയ്ക്ക് യാത്രതുടങ്ങിയത് രണ്ടുവര്‍ഷം മുന്‍പാണ്. ലോകത്തെവിടെയും ഒറ്റയ്ക്കുപോയിവരാനുള്ള ആത്മവിശ്വാസം ഇന്ന് അവര്‍ക്കുണ്ട്.
''ലോകത്തെ ഏറ്റവും വലിയ കൊടുമുടി ഏതാണ്?'' ''മൗണ്ട് എവറസ്റ്റ്...''ക്ലാസ്‌റൂമില്‍ എല്ലാവരെയുംപോലെ കുഞ്ഞുവാസന്തിയും ഹിമവാന്റെ അത്യുന്നതിയായ ആ കൊടുമുടിയെക്കുറിച്ച് കേട്ടിരുന്നു. എന്നാല്‍, ഒരിക്കല്‍ ആ മഞ്ഞുമലകളിലേക്ക് താന്‍ നടന്നെത്തുമെന്ന് അന്ന് അവര്‍ വിചാരിച്ചിരുന്നില്ല.
''കുട്ടിക്കാലംതൊട്ടേ യാത്രകള്‍ ഇഷ്ടമാണ്. എന്നാല്‍, അന്നത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അത് സാധിക്കുമായിരുന്നില്ല. വിവാഹശേഷം കുടുംബം, മക്കള്‍, അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍. അതില്‍നിന്നെല്ലാം അല്പം സ്വതന്ത്രയായപ്പോഴാണ് ഒറ്റയ്ക്കുള്ള ആദ്യ യാത്ര. തായ്ലാന്‍ഡിലേക്ക്. 2024 മേയിലായിരുന്നു അത്. എല്ലാ കാര്യങ്ങളും നല്ലരീതിയില്‍ പഠിച്ചശേഷം കൃത്യമായി പ്ലാന്‍ചെയ്ത് നടത്തിയ ആ യാത്ര എനിക്ക് ആത്മവിശ്വാസം നല്‍കി. യുട്യൂബിലെ ട്രാവല്‍ വ്‌ളോഗുകളിലൂടെ ഓരോ പുതിയ സ്ഥലങ്ങളെയുംകുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയാണ് രീതി. അത്തരം വ്‌ളോഗുകളിലൂടെയാണ് എവറസ്റ്റ് ബേസ് ക്യാമ്പ് യാത്രയെക്കുറിച്ച് അറിയുന്നത്. മഞ്ഞുപാതകളിലൂടെയുള്ള ആ ട്രക്കിങ് യാത്ര എന്നെ ഏറെ ആകര്‍ഷിച്ചു. അടുത്ത യാത്ര അങ്ങോട്ടായാലോ എന്നൊരാശയം അങ്ങനെയാണ് മനസ്സില്‍ ഉദിക്കുന്നത്.
നേപ്പാളിലേക്ക് പോകേണ്ടതും അവിടെനിന്ന് ചെയ്യേണ്ട കാര്യങ്ങളും തുടങ്ങി ഓരോന്നായി പഠിച്ചെടുത്തു. യുട്യൂബും ഗൂഗിളും തന്നെയാണ് ആ കാര്യങ്ങളില്‍ ഗുരു. അതിനുശേഷമാണ് മക്കളോട് എവറസ്റ്റ് യാത്രയെക്കുറിച്ച് പറയുന്നത്. അമ്മയ്ക്ക് ശാരീരികപ്രശ്‌നങ്ങളൊന്നുമില്ലാതെ യാത്രചെയ്യാന്‍ സാധിക്കുമെങ്കില്‍ എവിടെവേണമെങ്കിലും പോകൂ എന്നാണ് അവര്‍ പറഞ്ഞത്.
തായ്ലാന്‍ഡിലേക്ക് ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ പലരും തളര്‍ത്താന്‍ നോക്കിയിരുന്നു. അപ്പോഴും മക്കളാണ് പിന്തുണച്ചത്. എവറസ്റ്റിലേക്കുള്ള യാത്രയ്ക്കായി കുറേക്കാലം മാനസികമായും ശാരീരികമായും സാമ്പത്തിവുമായ തയ്യാറെടുപ്പുകള്‍ നടത്തി. ചെലവുകളെക്കുറിച്ച് കൃത്യമായി പഠിച്ച് ബജറ്റ് തയ്യാറാക്കി. ശേഷം പണം സമ്പാദിക്കാന്‍ ആരംഭിച്ചു. ഏറ്റവും ദുഷ്‌കരമായ യാത്രയ്ക്കാണ് പോകുന്നതെന്നും ഏതു പ്രതിസന്ധിയെയും നേരിടേണ്ടിവരുമെന്നും മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടിരുന്നു. ദിവസങ്ങളോളം നീളുന്ന ട്രക്കിങ്ങിനുശേഷം മാത്രമേ ബേസ് ക്യാമ്പില്‍ എത്താന്‍പറ്റൂ. അത്രയും മണിക്കൂറുകള്‍ ചെങ്കുത്തായ കയറ്റംനിറഞ്ഞ മഞ്ഞുപാതകള്‍ താണ്ടി നടക്കണമെങ്കില്‍ ഊര്‍ജം ആവശ്യമാണ്. അതിനായി എല്ലാ ദിവസവും മൂന്നുനാല് മണിക്കൂര്‍ ട്രക്കിങ് ഷൂ ധരിച്ച് നടന്ന് പരിശീലിച്ചു.''
എല്ലാ സ്വപ്‌നങ്ങളും എല്ലാവര്‍ക്കും മനസ്സിലാവണമെന്നില്ല. അക്കാരണത്താല്‍ പലരും പിന്തിരിപ്പിച്ചുവെന്നും വരാം. അത്തരം അനുഭവങ്ങള്‍ വാസന്തിക്കുമുണ്ട്.
''യാത്രയെക്കുറിച്ച് അയല്‍വാസികളോടും ചില സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. എന്നാല്‍, പലര്‍ക്കും എന്താണ് എവറസ്റ്റ് ബേസ് ക്യാമ്പെന്ന് അറിയില്ലായിരുന്നു. 'എന്തിനാ എവറസ്റ്റിലേക്കൊക്കെ പോകുന്നത്, കുറെ മഞ്ഞ് അല്ലാതെ എന്താണ് അവിടെ കാണാനുള്ളത്. വേറെ പണിയൊന്നുമില്ലേ...' എന്നാണ് പലരും ചോദിച്ചത്. ഇത്രയും റിസ്‌ക്കെടുത്തുള്ള ഒരാഗ്രഹം വേണോ എന്നും ചോദിച്ചവരുണ്ട്. അവരൊക്കെയും അറിവില്ലായ്മമൂലവും എന്നോടുള്ള സ്‌നേഹംകൊണ്ടും പറയുന്നതാണ്. ബെംഗളൂരുവില്‍ നിന്നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് വിമാനം കയറിയത്. അവിടെ രണ്ടുദിവസം താമസിച്ച് ട്രക്കിങ്ങിന് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്തു. അവിടെനിന്ന് ലുക്ലയിലേക്ക് വിമാനം ബുക്ക് ചെയ്തു. കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയപ്പോള്‍ കാലാവസ്ഥ മോശമായതിനാല്‍ വിമാനം റദ്ദാക്കപ്പെട്ടു. അതേ വിമാനത്തിന് ലുക്ലയിലേക്ക് പോകേണ്ടിയിരുന്ന ജര്‍മന്‍ ദമ്പതിമാര്‍ അവിടെയുണ്ടായിരുന്നു. അവര്‍ റോഡ്മാര്‍ഗം തങ്ങള്‍ക്കൊപ്പം വരുന്നോ എന്ന് ചോദിച്ചു. രണ്ടുദിവസത്തെ റോഡ് യാത്രയുണ്ട്.
തിരിച്ചുവരുമ്പോള്‍ റോഡ് മാര്‍ഗം വരാനായിരുന്നു ഞാന്‍ പദ്ധതിയിട്ടത്. കാരണം, അത്രയും സുന്ദരമായ പാതയാണ്. വിമാനത്തിന്റെ കാര്യം ഉറപ്പില്ലാത്തതിനാല്‍ ഞാന്‍ അവരുടെ ഓഫര്‍ സ്വീകരിച്ചു. ജര്‍മന്‍ ദമ്പതിമാര്‍ക്കൊപ്പം റോഡുമാര്‍ഗം കാര്‍ടാക്‌സിയില്‍ സെല്ലേരി, സുര്‍ക്കെ വഴി ലുക്ലയിലേക്ക് പോയി. പോര്‍ട്ടറെ അടക്കമുള്ള സൗകര്യങ്ങള്‍ ജര്‍മന്‍ ദമ്പതിമാരാണ് റെഡിയാക്കിത്തന്നത്. ലുക്ലയിലെത്തി പിറ്റേദിവസം ട്രക്കിങ് ആരംഭിച്ചു. അത്യാവേശത്തോടെയാണ് നടന്നുതുടങ്ങിയത്. ഓരോ ദിവസവും ഏഴുമുതല്‍ ഒന്‍പത് മണിക്കൂര്‍വരെ നടക്കും. എട്ടാം ദിവസമാണ് അവസാന ഡെസ്റ്റിനേഷനായ ഗൊരഖ് ഷേപ്പില്‍ എത്തുന്നത്. അവിടെനിന്ന് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ബേസ് ക്യാമ്പിലേക്ക് നടന്നുതുടങ്ങണം. ആരോഗ്യമുള്ള മനുഷ്യര്‍ക്ക് രണ്ടുമണിക്കൂര്‍കൊണ്ട് അവിടെനിന്ന് ബേസ് ക്യാമ്പിലേക്ക് നടന്നെത്താം. എന്നാല്‍, ഞാന്‍ നാലുമണിക്കൂര്‍ എടുത്തു.
ഏറെ ദുര്‍ഘടമായ പാത, മൈനസ് 16 ആണ് പകല്‍ അവിടത്തെ താപനില. രാത്രി മൈനസ് 24 ആകും. ബേസ് ക്യാമ്പിലേക്ക് നടന്ന് പകുതിയെത്തിയപ്പോള്‍ അല്പം ക്ഷീണിതയായി. ഇനി നടന്നെത്താന്‍ നിങ്ങളെക്കൊണ്ട് സാധിക്കില്ലെന്നും മടങ്ങിപ്പോകാം എന്നും പോര്‍ട്ടര്‍ ഉപദേശിച്ചു. ഒരിക്കലും തിരിച്ചുനടക്കില്ലെന്നും എന്തു സംഭവിച്ചാലും ബേസ് ക്യാമ്പില്‍ എത്തുമെന്നും ഞാന്‍ പറഞ്ഞതോടെ അയാള്‍ സമ്മതിച്ചു.
അങ്ങനെ അവിടെയെത്തി കേരളസാരിയില്‍ ഫോട്ടോയും പകര്‍ത്തി. ബേസ് ക്യാമ്പിലെത്തുകയാണെങ്കില്‍ കേരളസാരി ഉടുക്കണം എന്ന് ആദ്യമേ തീരുമാനിച്ചതാണ്. അത് നടപ്പാക്കി. ക്ഷീണിതയായതിനാല്‍ തിരികെ ലുക്ലയിലേക്ക് ഹെലികോപ്റ്ററിലാണ് മടങ്ങിയത്. അതും ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ഒന്നരലക്ഷം രൂപയായിരുന്നു വാടക, വേറൊരാള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ പകുതി പൈസയേ കൊടുക്കേണ്ടി വന്നുള്ളൂ.
തയ്യല്‍ജോലിയിലൂടെ സമ്പാദിച്ച പണംകൊണ്ടാണ് യാത്രയ്ക്കുള്ള ഭൂരിഭാഗം ചെലവുകളും എടുത്തത്. സ്വര്‍ണം പണയംവെച്ച് കുറച്ച് പണം സംഘടിപ്പിച്ചു. വസ്ത്രങ്ങള്‍ വാങ്ങാനും ഹോട്ടല്‍ ബുക്കിങ് അടക്കമുള്ള കാര്യങ്ങള്‍ക്കും മക്കളും സഹായിച്ചു. അങ്ങനെയൊക്കെയാണ് എന്റെ സ്വപ്‌നയാത്രകളിലൊന്ന് പൂര്‍ത്തിയാക്കിയത്. പണയംവെച്ച സ്വര്‍ണമെല്ലാം ഇനി ജോലിചെയ്ത് തിരികെ എടുക്കണം. ശേഷം അടുത്ത യാത്ര പോകണം.''
ഒറ്റയ്ക്ക് യാത്ര തുടങ്ങാനുള്ള കാരണംതന്നെ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്രപോകരുത് എന്ന് ചിലര്‍ വാസന്തിയോട് പറഞ്ഞതുകൊണ്ടാണ്.
''തായ്ലാന്‍ഡില്‍ ആദ്യം പാക്കേജ് ടൂറില്‍ പോകാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ട്രാവല്‍ ഏജന്‍സിക്കാര്‍ വലിയ ബജറ്റ് പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് തീരുമാനിച്ചു. പകരം പരിചയക്കാരായ കുറച്ച് സ്ത്രീകളെ കൂട്ടി സംഘമായി പോയാലോ എന്നാലോചിച്ചു. യാത്രചെയ്യാന്‍ താത്പര്യമുള്ള ചിലരെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത് 'അയ്യോ, പെണ്ണുങ്ങള് അങ്ങനെ ഒറ്റയ്‌ക്കൊന്നും ഇത്ര ദൂരം പോകാന്‍ പാടില്ല' എന്നാണ്. അത് കേട്ടതോടെ എനിക്ക് വാശിയായി. സ്ത്രീ ഒറ്റയ്ക്ക് പോയാല്‍ എന്താ പ്രശ്‌നം എന്നായി ചിന്ത. അങ്ങനെ ഒറ്റയ്ക്ക് തായ്ലാന്‍ഡില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
16-ാം വയസ്സില്‍ തയ്യല്‍ജോലി പഠിച്ചയാളാണ് ഞാന്‍. 37 വര്‍ഷമായി ഈ ജോലിയാണ് എന്റെ ജീവിതം. ചൈനയിലെ വന്മതില്‍ കാണണം എന്നത് ഏറെക്കാലമായുള്ള ആഗ്രഹമാണ്. അതാണ് അടുത്ത ലക്ഷ്യം. ഒരിക്കലും യാത്ര പോകാന്‍ പറ്റിയില്ലല്ലോ എന്ന് ചിന്തിക്കരുത്. പോകണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ ധൈര്യപൂര്‍വം പുറപ്പെടുക. ഈ ലോകം നിങ്ങളുടെ കൂടെ ഉണ്ടാകും, അതാണ് എന്റെ അനുഭവം.''
വാസന്തിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ മൂന്നുവര്‍ഷം മുന്‍പാണ് മരിച്ചത്. മൂത്ത മകന്‍ സി.എല്‍. വിനീത് മൈസൂരുവില്‍ ജോലിചെയ്യുകയാണ്. ഇളയവന്‍ വിവേക് സിനിമാറ്റോഗ്രാഫറാണ്.
Published: 10 Jun 2025, 10:53 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented