വൈകുന്നേരം അഞ്ചുമണികഴിഞ്ഞിരിക്കുന്നു. അബൂ റഖ്റഖ് നദിയുടെ ഓളപ്പരപ്പില്‍ സൂര്യന്‍ ഇളംകുപ്പായമിട്ട് മുങ്ങിക്കുളിക്കുന്നത് കാണാം. ചൂട് വിട്ടുമാറിയിട്ടില്ലെങ്കിലും സജീവമാണ് വഴിയോരത്തെ കമ്പോളങ്ങള്‍. മൊറോക്കോയുടെ തലസ്ഥാന നഗരമായ റബാത്തില്‍ പതിവില്‍ക്കവിഞ്ഞ തിരക്കുണ്ട് ഇന്ന്. പ്രശസ്തമായ ഹസ്സാന്‍ ടവര്‍ പള്ളിയില്‍, രാജാവ് മുഹമ്മദ് ആറാമന്‍ പങ്കെടുക്കുന്ന മൗലീദ് സദസ്സ് നടക്കുന്നു എന്നതാണ് വിശേഷം. ട്രാഫിക് മറികടന്ന് മുന്നോട്ടെടുക്കുക പ്രയാസമാണെന്ന് കണ്ടപ്പാള്‍ ഡ്രൈവര്‍ ഓരം ചേര്‍ന്നൊതുക്കിനിര്‍ത്തി. വഴിനിറയെ പോലീസുകാരും പട്ടാളക്കാരും.
ട്രാം സ്റ്റേഷന്‍ മുറിച്ചുകടന്നാല്‍ നവംബര്‍ 16 ചത്വരത്തിലെത്താം. ഫ്രഞ്ച് കോളനിയായിരുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായകമായൊരു ഓര്‍മ്മയാണ് ഈ ചത്വരം. സ്വതന്ത്ര രാജ്യമെന്ന മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരില്‍ മഡഗാസ്‌കറിലേക്ക് നാടുകടത്തപ്പെട്ട മുന്‍രാജാവ് മുഹമ്മദ് അഞ്ചാമന്‍ തിരിച്ചെത്തിയ ദിവസമാണ് നവംബര്‍ 16. പച്ചപുതച്ച വഴിയോരം നിറഞ്ഞുകൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങളാണ് രാജാവിനെ കാണാന്‍ ഹസ്സാന്‍ ടവര്‍ പരിസരത്തെത്തിയിരിക്കുന്നത്. മൊറോക്കോയുടെ ചുവന്ന പതാകയുള്ള മേല്‍വസ്ത്രമണിഞ്ഞിട്ടുണ്ട് പലരും.
രാജാവ് വന്നിറങ്ങുന്ന പ്രവേശനകവാടത്തിന് അകത്തേക്ക് വേഗത്തില്‍ നടക്കുമ്പോഴും ചുറ്റുമുള്ള പ്രകൃതിസുന്ദരമായ കാഴ്ചകളില്‍നിന്ന് കണ്ണെടുക്കാനാവുന്നില്ല. വലതുഭാഗത്ത് നൂറ്റാണ്ടുകളുടെ കഥപറഞ്ഞ് 44 മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഹസ്സാന്‍ ടവര്‍. തൊട്ടരികില്‍ മനോഹരമായ ഹസ്സാന്‍ ഗാര്‍ഡന്‍. താഴെ ഇടതുഭാഗത്ത് അബൂറഖ്റഖ് നദിയില്‍ നീലവെള്ളം ഓളംവെട്ടുന്നു. ബോട്ടുകളും യാനങ്ങളും നിര്‍ത്തിയിട്ടിരിക്കുന്ന ആ നീലപ്പരപ്പ് കാണാന്‍തന്നെ എന്തു ചന്തം. വൈവിധ്യമാര്‍ന്ന പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞെത്തിയ മ്യൂസിക് ട്രൂപ്പുകള്‍, ബാന്‍ഡ് സംഘങ്ങളുടെ കാതടപ്പിക്കുന്ന സംഗീതം. പുല്‍മേട്ടില്‍ കളിച്ചുതിമിര്‍ക്കുന്ന കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ ചിരി. സംഗീതാത്മകമായ ഹസ്സാന്‍ ടവര്‍ പരിസരം.
രാജാവിനെ കാണാന്‍ നില്‍ക്കണോ അതോ സലയിലെ മെഴുകുത്സവം (candles of convoy) അഥവാ മൗകിബുശ്ശുമുഅ് കാണാന്‍ പോകണോ; മനസ്സിലപ്പോള്‍ സംശയത്തിന്റെ പെരുമ്പറ മുഴങ്ങുകയായിരുന്നു. സമയം അഞ്ചരയോടടുത്തിട്ടുണ്ട്. ആലോചിക്കാന്‍ സമയമില്ല. തിരക്കിനിടയില്‍ രാജാവിനെ കാണുക പ്രയാസകരമാണെന്ന് മനസ്സ് പറഞ്ഞപ്പോള്‍ മറുത്തൊന്നും ആലോചിക്കാതെ കൂട്ടുകാരോട് യാത്രപറഞ്ഞ് സലയിലേക്ക് വെച്ചുപിടിച്ചു. റബാത്തിന്റെ തെല്ലറ്റമായ അബൂറഖ്റഖ് നദിയുടെ മറുകരയിലെ നഗരമാണ് സല. ട്രാം സ്റ്റേഷനില്‍നിന്ന് അഞ്ചുമിനിറ്റിനുള്ളില്‍ ട്രാമുണ്ട്. പക്ഷേ, ആ അഞ്ചുമിനിറ്റിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം. സലയിലെത്തുമ്പോഴേക്കും ഉത്സവം കഴിയുമോ എന്ന ആശങ്കയായിരുന്നു മനസ്സുനിറയെ.
നദിക്കു മീതെ ട്രാം ഇഴഞ്ഞുനീങ്ങുമ്പോള്‍ താഴെ സ്പീഡ് ബോട്ടുകളിലും യാനങ്ങളിലും കയാക്കുകളിലും സഞ്ചരിക്കുന്നവരെ വികാരാധീനനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. രണ്ട് പെരുന്നാളുകളെപ്പോലെ ഉത്സവകാലം തന്നെയാണ് ഇവിടെ റബീഉല്‍ അവ്വല്‍ മാസവും. മുസ്ലിം കലണ്ടര്‍പ്രകാരം തിരുനബിയെന്ന വസന്തം പൂത്തുവിടര്‍ന്ന മാസമാണ് റബീഉല്‍ അവ്വല്‍. പ്രവാചകാപദാനങ്ങള്‍ കോര്‍ത്തിണക്കിയ ഇമാം ജസൂലി, ഖാളി ഇയാള്, അബ്ദുസ്സലാം മശീശ്, അഹ്‌മദ് തീജാനി തുടങ്ങിയ ആത്മീയഗുരുവര്യരുടെ പ്രവൃത്തിമണ്ഡലമായിരുന്നു ഒരു കാലത്ത് മൊറോക്കോ.
റബീഉല്‍ അവ്വല്‍ മാസം പിറന്നാല്‍ സൂഫീസാവിയകളും പള്ളികളും മതവിദ്യാലയങ്ങളും മാത്രമല്ല കൊട്ടാരംവരെ പ്രവാചകപ്രകീര്‍ത്തന കാവ്യങ്ങള്‍കൊണ്ട് മുഖരിതമാകും. പലതിലും രാജാവ് നേരിട്ട് സംബന്ധിക്കും. ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വന്നതില്‍പ്പിന്നെ മനസ്സില്‍ ഏറെ താലോലിച്ചുകൊണ്ടുനടന്ന സ്വപ്‌നമായിരുന്നു ഈ മെഴുകുത്സവം. ഏഴ് നൂറ്റാണ്ടുകളുടെ പാരമ്പര്യവും അനുപമമായ പൈതൃകവും വര്‍ണാഭമായ ചരിത്രവും പേറുന്ന രാജ്യത്തെ വ്യത്യസ്തമായൊരു നബിദിനാഘോഷ പരിപാടിയാണിത്. രണ്ട് സ്റ്റേഷന്‍കഴിഞ്ഞ് സലയിലെ ബാബുല്‍ മരീസയിലെത്തി. മുന്‍പൊരിക്കല്‍ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇന്ന് നഗരത്തിന് കൂടുതല്‍ പുതുമയും പ്രൗഢിയുമുണ്ട്. ഭീമാകാരമായ ബാബുല്‍ മരീസയുടെ കോട്ടവാതിലും അതിലെ കണ്ണഞ്ചിപ്പിക്കുന്ന നിര്‍മാണചാരുതയും മാടിവിളിക്കുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് ഘോഷയാത്രയില്‍ എത്തിപ്പെടുക എന്നു മാത്രമാണിപ്പോള്‍ ചിന്ത.
കളിമണ്‍ചൂളകള്‍കൊണ്ട് കെട്ടിപ്പടുത്ത ഓള്‍ഡ് സലാ നഗരത്തിലേക്ക് കയറാതെ അതിനോരംചേര്‍ന്ന് പുതുതായി നിര്‍മിച്ച റോഡിലേക്ക് നടന്നു. സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരനായ മെയ്ലൂദ് കാണിച്ചുതന്ന ഗൂഗിള്‍മാപ്പ് മാത്രമാണ് കൈയിലുള്ളത്. പ്രായം അന്‍പത് പിന്നിട്ട പാവം മനുഷ്യനാണദ്ദേഹം. സലയിലെ നബിദിനാഘോഷ പരിപാടികളെക്കുറിച്ചന്വേഷിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. കൂടെ മെയ്ലൂദ് എന്ന തന്റെ പേരിന്റെ അര്‍ഥമറിയുമോ എന്ന കൗതുകം കലര്‍ന്ന മറുചോദ്യവും. ഇല്ലെന്ന് തലയാട്ടിക്കാണിച്ചപ്പോള്‍ അയാളൊരു ജീവിതകഥ പറഞ്ഞുതുടങ്ങി.
''ഞാന്‍ പിറന്നതൊരു മൗകിബുശ്ശുമൂഅ് മീലാദാഘോഷ ദിവസത്തിലായിരുന്നു. ആ അനുഗ്രഹത്തിന്റെ ഓര്‍മ്മപുതുക്കാനാണ് മാതാപിതാക്കള്‍ എനിക്കാ പേരിട്ടത്. നബിദിനാഘോഷം എന്നര്‍ഥംവരുന്ന അറബി പദം മീലാദിന്റെ പ്രാദേശിക വകഭേദമാണ് മെയ്ലൂദ്.'' സലാ നിവാസിയായ അദ്ദേഹത്തെ വിശ്വസിച്ചാണ് ഞാനൊറ്റയ്ക്ക് ഈ സാഹസത്തിന് മുതിര്‍ന്നിരിക്കുന്നതും ഒരുകിലോമീറ്ററോളം കാല്‍നടയായി വന്നിരിക്കുന്നതും. റബീഉല്‍ അവ്വല്‍ മാസം പതിനൊന്നിന് വൈകുന്നേരം അസര്‍ നമസ്‌കാരം കഴിഞ്ഞാണ് പരിപാടിയാരംഭിക്കുക. മൊറോക്കോയുടെതന്നെ നാടോടിപൈതൃകം ഒന്നിച്ചുകാണാവുന്ന അപൂര്‍വ ഉത്സവമാണ് മൗകിബുശ്ശുമുഅ്. അഷ്ടദിക്കുകളില്‍നിന്ന് ആയിരങ്ങളൊഴുകിയെത്തും. അസര്‍ ബാങ്ക് വിളിക്കുന്നതിന് മുന്‍പുതന്നെ സൂചികുത്താന്‍ ഇടയില്ലാത്തവിധം തിരക്കുണ്ടാകും. അതുകൊണ്ട് നാലുമണിക്കെങ്കിലും ഘോഷയാത്ര വന്നെത്തി പ്രദക്ഷിണം ചെയ്യുന്ന മാര്‍സ് രക്തസാക്ഷി ചത്വരത്തിലെത്തി സ്ഥലംപിടിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു.
സമയമിപ്പോള്‍ അഞ്ചരയായിരിക്കുന്നു. വഴിയില്‍ക്കണ്ട ട്രാഫിക് പോലീസുകാരനോട് ചോദിക്കേണ്ട താമസം അയാള്‍ വഴികാണിച്ചുതന്നു. അങ്ങോട്ടുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിട്ടുണ്ട്. റോഡിലൂടെ നൂറുമീറ്റര്‍ നടന്നപ്പോഴേക്കും ആള്‍ക്കൂട്ടങ്ങളുടെ ആരവം കേട്ടുതുടങ്ങി. രക്തസാക്ഷിചത്വരത്തിലെ ഔദ്യോഗിക സ്വീകരണവും കഴിഞ്ഞ് ഘോഷയാത്ര മുന്നോട്ട് നീങ്ങിയിരിക്കുന്നു. എങ്കിലും ചത്വരത്തില്‍ കൂടിയ സ്ത്രീകളും കുട്ടികളും വൃദ്ധരും അവിടെത്തന്നെ കുശലം പറഞ്ഞിരിക്കുന്നുണ്ട്. കൂട്ടത്തിലൊരാളോട് ഘോഷയാത്ര പോയ വഴിചോദിച്ചു. അബ്ദുല്ലാഹി ബിന്‍ ഹസ്സൂന്റെ ശവകുടീരം ലക്ഷ്യമാക്കി നടന്നു. മൂന്ന് മിനിറ്റ് നടന്നപ്പോള്‍തന്നെ ഘോഷയാത്രയുടെ പിന്നിലെത്തി. സ്ത്രീകളും കുട്ടികളുമാണ് റാലിയിലധികവും. സന്തോഷവും ആനന്ദവും തിരതല്ലുന്ന ആ ഘോഷയാത്രയില്‍ ആര്‍പ്പുവിളികളും സംഗീതശീലുകളും ഉയര്‍ന്നുകേള്‍ക്കാം. എല്ലാം കൃത്യമായി കാണാന്‍ തെരുവിന്റെ ഇരുവശത്തുമുള്ള വീടുകളിലെ ടെറസില്‍നിന്നും മട്ടുപ്പാവിലെ കിളിവാതിലിലൂടെയും റോഡരികിലെ മതില്‍പ്പുറത്തും കയറി ആകാശചിത്രം ഒപ്പിയെടുക്കുന്നവര്‍. പ്രവാചക പ്രകീര്‍ത്തനങ്ങളുടെ പ്രാദേശിക ശീലുകള്‍ കൂട്ടായി ചൊല്ലുമ്പോള്‍ രൂപപ്പെടുന്ന ശബ്ദവിസ്മയം. ഗനാവോ മ്യൂസിക് ബാന്‍ഡുകളുടെ പ്രകമ്പനം അന്തരീക്ഷത്തില്‍ മാറ്റൊലികൊള്ളുന്നുണ്ട്.
ബാന്‍ഡ് താളങ്ങള്‍ക്കൊത്ത് നൃത്തച്ചുവടുവയ്ക്കുന്ന യുവതികളും യുവാക്കളും. സംഗീതശീലുകള്‍ക്ക് നിറം പകരാന്‍ കൈകൊട്ടിപ്പാടുന്ന സ്ത്രീകളും വൃദ്ധരും. ബഹളമയവും സംഗീതാത്മകവുമായി നീങ്ങുന്ന ആ ജനസഞ്ചയത്തില്‍ ഒരു കണ്ണിയായി ലയിച്ചുതീരുന്നതിന്റെ അനുഭൂതി അവര്‍ണനീയമാണ്. മൊറോക്കന്‍ പാരമ്പര്യവസ്ത്രമായ ജില്‍ബാബും ജബദുറുമാണ് പുരുഷന്‍മാരുടെ വേഷം. ജല്ലാബയും കഫ്താനും മാത്രമല്ല, യൂറോപ്യന്‍ വസ്ത്രങ്ങളും സ്ത്രീകള്‍ ധരിക്കുന്നുണ്ട്. മതപ്രതിബദ്ധതയോ പ്രായ-ലിംഗ വ്യത്യാസമോ ഘോഷയാത്രയില്‍ പരിഗണനാവിഷയമേയല്ല.
വിവിധ മ്യൂസിക് ട്രൂപ്പുകളെല്ലാം ചേരുമ്പോള്‍ നൂറ്റാണ്ടുകളുടെ ശബ്ദവീചികള്‍ സലയെന്ന അറ്റ്ലാന്റിക് കടലോരനഗരത്തില്‍ അലയടിക്കും. കിട്ടിയ വിടവുകളിലൂടെ കിലോമീറ്ററോളം നീളുന്ന ഘോഷയാത്രയുടെ മുന്നിലെത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ഓരോ നൂറുമീറ്ററിലും വര്‍ണസുന്ദരമായ വസ്ത്രങ്ങള്‍ ധരിച്ച് ട്രൂപ്പുകള്‍ കുഴല്‍നാദവും ബാന്‍ഡ് മേളവും ദഫ് താളവും മുഴക്കി അനുവാചകരെ ആനന്ദക്കൊടുമുടിയിലെത്തിക്കുന്നു. ഇടതൂര്‍ന്നുനില്‍ക്കുന്ന വഴിയിലൂടെ മുന്നോട്ടുനടക്കുംതോറും കാലുകുത്താനിടമില്ലാത്തവിധം ജനനിബിഡമായിരിക്കുന്നു. തിരുജന്മപ്പുലരിയുടെ തലേന്നാള്‍ അക്ഷരാര്‍ഥത്തില്‍ ആനന്ദമുഖരിതമാക്കുകയാണ് നഗരവും ഇവിടത്തെ മനുഷ്യരും. അന്‍പത് കിലോവരെ ഭാരംവരുന്ന നിറപ്പകിട്ടാര്‍ന്ന കൂറ്റന്‍ മെഴുകുരൂപങ്ങള്‍ തലയിലേറ്റിയുള്ള ജാഥയാണ് ഘോഷയാത്രയിലെ പ്രധാന ആകര്‍ഷണം. 12 മെഴുകുരൂപങ്ങളാണ് ഘോഷയാത്രയിലുണ്ടാവുക.
തിരുനബി ജനിച്ച റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ സൂചനയാണത്. സലയിലെ പാരമ്പര്യകുടുംബങ്ങളായ മരീസി, ബിനന്‍ ഹസ്സീനി, അല്‍മീര്‍, ബിന്‍ ശഖ്റാന്‍, ബിന്‍ കബീര്‍ തുടങ്ങിയവരാണ് ഈ മെഴുകുരൂപങ്ങള്‍ നയനമനോഹരമായ തൊങ്ങലുകളും അലങ്കാരങ്ങളും കൊത്തുപണികളും ചെയ്ത് ഘോഷയാത്രയ്‌ക്കെത്തിക്കുന്നത്. മൊറോക്കന്‍ സംഗീതത്തിന്റെ അകമ്പടിയോടെ മനോഹരമായ ഈ മെഴുകുരൂപകങ്ങള്‍ നഗരത്തിന്റെ ആത്മീയകാവലാളെന്ന് കരുതപ്പെടുന്ന അബ്ദുല്ലാഹി ബിന്‍ ഹസ്സൂനിന്റെ ശവകുടീരത്തിലാണ് സമര്‍പ്പിക്കുക. ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികള്‍ തങ്ങള്‍ എഴുത്തുപഠിച്ച ലൗഹും (പലക) പിടിച്ച് നടക്കുന്ന കാഴ്ചയാണ് ഏറെ മനോഹരം.
സാങ്കേതികവിദ്യയും നൂതനവിദ്യാഭ്യാസരീതികളും ലഭ്യമാണെങ്കിലും പാരമ്പര്യത്തിന്റെ കണ്ണിമുറിയാതെ അവരിപ്പോഴും ഖുര്‍ആന്‍മനഃപാഠമാക്കുന്നത് അധ്യാപകരില്‍നിന്ന് കേട്ടെഴുതിയാണ്. ഘോഷയാത്രയ്ക്ക് പകിട്ടേകാന്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും പുത്തനുടുപ്പുകളണിഞ്ഞ് വരുന്നത് മനോഹരമായ കാഴ്ചയാണ്. അറബി കാലിഗ്രഫി തുന്നിപ്പിടിപ്പിച്ച വര്‍ണക്കൊടിക്കൂറകളും നാടോടിനൃത്തങ്ങളും പ്രവാചകപ്രകീര്‍ത്തനങ്ങളും ഹസ്സൂനിയ്യ മഖ്ബറയില്‍ ചെന്നവസാനിക്കുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കടല്‍ക്കരയിലൂടെ തിരികെ റബാത്തിലേക്കു നടക്കുമ്പോള്‍ മനസ്സില്‍ ഭക്തിയുടെ, ആത്മീയോത്സവത്തിന്റെ ആനന്ദലഹരിയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Witness the breathtaking Mawqib ash-Shuma`a, Salé`s candlelight procession celebrating the Prophet`s birthday in Morocco. Giant candles, music, and vibrant culture!
Published: 13 Jul 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented