
ബിഷപ്പ് തന്റെ കൈയിലിരിക്കുന്ന വെള്ളി മെഴുകുതിരിക്കാലുകള്‍ ഴാങ് വാല്‍ ഴാങ്ങിന്റെ കൈയിലേക്ക് കൊടുത്ത് പറഞ്ഞു:''ഇതാ നിങ്ങളുടെ മെഴുകുതിരിക്കാലുകള്‍, അവയെടുക്കൂ''. ഴാങ് വാല്‍ ഴാങ് നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. ബിഷപ്പ് വീണ്ടും പറഞ്ഞു: ''നിങ്ങള്‍ സമാധാനത്തോടെ പോവുക. സുഹൃത്തേ, ഇനി നിങ്ങള്‍ ഇങ്ങോട്ട് വരുമ്പോള്‍ പൂന്തോട്ടത്തിലൂടെ കടന്നുപോരണമെന്നില്ല. തെരുവിലേക്കുള്ള മുന്‍വാതിലിലൂടെ എപ്പോഴും വരികയും പോവുകയും ചെയ്യാം''.
- പാവങ്ങള്‍
വിക്ടര്‍ ഹ്യൂഗോ എഴുത്തുപുസ്തകം പതിയെ മടക്കി. പേന മേശപ്പുറത്തേക്ക് തിരികേവെച്ചു. തെല്ലുവിഷാദത്തോടെ എഴുന്നേറ്റ് മുന്നിലെ ജനാലയിലൂടെ തീരങ്ങള്‍ക്കപ്പുറത്തെ തന്റെ ജന്മനാടായ ഫ്രാന്‍സിനെ നോക്കിനിന്നു. ലോകസാഹിത്യത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ 'ലെ മിസ്റാബിലെ' (പാവങ്ങള്‍) ആ മുറിയില്‍ ജനിക്കുകയായിരുന്നു. മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന ഴാങ് വാല്‍ ഴാങ് എന്ന കഥാപാത്രം ഇന്നും വായനക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

സെന്‍ട്രല്‍ ലണ്ടന്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഒരു ചെറുവിമാനത്തില്‍ സുഹൃത്ത് എബ്രഹാം സ്റ്റെഫാനോസുമൊത്ത് ഗേണ്‍സിയിലേക്ക് പറക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് വിക്ടര്‍ ഹ്യൂഗോയും അദ്ദേഹം 'പാവങ്ങള്‍' എഴുതാനായെത്തിയ ആ ദ്വീപുമായിരുന്നു. ഗേണ്‍സി, സ്റ്റെഫാനോസിന്റെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നായിരുന്നു. മുടങ്ങാത്ത ഒരു സാധനപോലെ അദ്ദേഹം അവിടെ പോകാറുണ്ട്. വിമാനം ഗേണ്‍സിയെ തൊടാനായി താഴ്ന്ന് പറക്കുമ്പോള്‍, മേഘങ്ങള്‍ക്കിടയിലൂടെ ഇംഗ്ലീഷ് ചാനല്‍ തെളിഞ്ഞുവന്നു. നീലക്കടലിലൂടെ നിരനിരയായി നീങ്ങുന്ന ചരക്കുകപ്പലുകളും ഫെറികളും. പച്ചത്തുരുത്തുകള്‍പോലെ ചാനല്‍ ഐലന്‍ഡ്സ്. കാഴ്ചയുടെ അദ്ഭുതദ്വീപിലേക്ക് അടുക്കുകയായി. മനസ്സില്‍ കോറിയിട്ട വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ കാഴ്ചയുടെ മായാപ്രപഞ്ചമാണ് ഗേണ്‍സി. ഫ്രാന്‍സിനോട് വളരെ അടുത്തും ബ്രിട്ടീഷ് ക്രൗണിന്റെ കീഴിലും. എന്നാല്‍, ഏറക്കുറെ സ്വതന്ത്രാധികാരം ഉള്ളതുമായ ദ്വീപ്. ഗേണ്‍സികൂടാതെ ജേഴ്സി, സാര്‍ക്ക്, ഹേം, ആല്‍ഡര്‍നി എന്നീ ദ്വീപുകള്‍ കൂടിച്ചേരുന്നതാണ് ചാനല്‍ ഐലന്‍ഡ്സ്. ഗേണ്‍സിക്ക് സ്വന്തമായി കറന്‍സി ഉണ്ട്; ഗേണ്‍സി പൗണ്ട്.
ഗേണ്‍സി ദ്വീപിന്റെ മായികമായ ഭൂപ്രകൃതി ആരെയും ആകര്‍ഷിക്കുന്നതാണ്. ചുറ്റും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നീലക്കടല്‍. പച്ചപ്പരവതാനി വിരിച്ച കുന്നുകളും താഴ്വാരങ്ങളും. തഴുകി കടന്നുപോകുന്ന ഇളംകാറ്റ്. എയര്‍പോട്ടില്‍നിന്ന് ഞങ്ങള്‍ നേരേപോയത് സെന്റ്പീറ്റര്‍ തുറമുഖത്തേക്കായിരുന്നു. ഗേണ്‍സിയുടെ മുഖമാണ് സെന്റ് പീറ്റര്‍ പോര്‍ട്ട്. തുറമുഖത്തിനോടുചേര്‍ന്നുള്ള തീരത്ത് നിറയെ ബോട്ടുകളും ഫെറികളും നിരന്നുകിടക്കുന്ന സുന്ദരമായ കാഴ്ചകാണാം. മനംമടുപ്പിക്കുന്ന മഞ്ഞുകാലത്തിനുശേഷമുള്ള വേനല്‍ക്കാലം ഗേണ്‍സിയിലെ ഉത്സവകാലമാണ്. അവിസ്മരണീയമാണ് ഇവിടത്തെ സായാഹ്നം. വേനല്‍ക്കാലമായതിനാല്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതലാണ്. ദൂരെ നീലക്കടലില്‍ പതഞ്ഞ് ഉയരുന്ന തിരമാലകള്‍. എങ്ങും കാന്‍വാസില്‍ വരച്ചിട്ടതുപോലെയുള്ള ഫ്രെയിമുകള്‍. അടിത്തട്ടുവരെ കാണാവുന്ന തെളിനീരുള്ള ഹാര്‍ബര്‍, നിരന്നുകിടക്കുന്ന ബോട്ടുകള്‍. ചിലതെല്ലാം യാത്രകള്‍ക്ക് തയ്യാറെടുക്കുന്നു. ഹാര്‍ബറിന്റെ എതിര്‍വശത്തുള്ള പഴക്കംചെന്ന റസ്റ്ററന്റിന്റെ രണ്ടാംനിലയിലെ ചില്ലുഗ്ലാസിലൂടെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ ആസ്വദിച്ചു. സമയം പോകുന്നതറിയുന്നതേയില്ല. ഇംഗ്ലീഷ് വിഭവങ്ങളില്‍ പ്രസിദ്ധമായ ഫിഷ് ആന്‍ഡ് ചിപ്സ് ഓര്‍ഡര്‍ ചെയ്തു. ഒലിവെണ്ണയില്‍ വേവിച്ചെടുത്ത സാല്‍മണ്‍ മത്സ്യത്തിന്റെ കൊതിയൂറുന്ന ഗന്ധം മൂക്കിലേക്ക് ഇരച്ചുകയറി.

ചുറ്റുമിരിക്കുന്നവര്‍ കാഴ്ചകള്‍ക്കൊപ്പം ബിയറിന്റെയും വൈനിന്റെയും ലഹരി നുകരുകയാണ്. എല്ലാവരുടെയും മുഖത്ത് സന്തോഷവും പുഞ്ചിരിയും മാത്രം. ഗേണ്‍സിയിലെ വഴികളെല്ലാം പൈതൃക കാഴ്ചകളാല്‍ സമ്പന്നമാണ്. മനോഹരമായി ശിലകള്‍ പാകിയ ഇടനാഴികള്‍. ഇരുവശവും തലയുയര്‍ത്തിനില്‍ക്കുന്ന നിര്‍മിതികള്‍. വിക്ടോറിയന്‍- ഇംഗ്ലീഷ്-ഫ്രഞ്ച് വാസ്തുശൈലികളുടെ സമന്വയമാണിവ. സെന്റ് പീറ്റര്‍ തുറമുഖത്തിന് സമീപത്താണ് ബുക്ക് ചെയ്തിരുന്ന താമസസ്ഥലം. അതിനാല്‍ ഓരോദിവസവും യാത്രകഴിഞ്ഞ് താമസസ്ഥലത്തേക്കെത്താന്‍ ഞങ്ങള്‍ക്ക് ആയാസപ്പെടേണ്ടിവന്നില്ല.
ഗേണ്‍സിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായിരുന്ന വിക്ടര്‍ ഹ്യൂഗോയുടെ വീട്. ഗേണ്‍സിയില്‍ ഇറങ്ങിയശേഷം ഞങ്ങളുടെ ആദ്യലക്ഷ്യവും ഇതായിരുന്നു. രാഷ്ട്രീയകാരണങ്ങളെ തുടര്‍ന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ അട്ടിമറിയില്‍ ഫ്രാന്‍സില്‍നിന്ന് നാടുകടത്തപ്പെട്ട വിക്ടര്‍ ഹ്യൂഗോ 1855-ലാണ് ഈ ദ്വീപില്‍ എത്തിച്ചേരുന്നത്. പിന്നീടുള്ള 15 വര്‍ഷം അദ്ദേഹം ചെലവഴിച്ചത് ഹൗട്ടെ വില്ലെ എന്ന ഈ വീട്ടിലാണ്. ഹ്യൂഗോയുടെ എഴുത്തുകള്‍പോലെ സര്‍ഗാത്മകത നിറഞ്ഞുനില്‍ക്കുന്ന ഒരു കലാസൃഷ്ടിയാണ് അദ്ദേഹത്തിന്റെ വീട്.
സെന്റ്പീറ്റര്‍ ഫോര്‍ട്ടില്‍ ഫ്രാന്‍സിന് അഭിമുഖമായി പല നിലകളുള്ള ഈ സൗധം തലയുയര്‍ത്തിനില്‍ക്കുന്നു. ലെ മിസ്റാബിലെ, ടോയിലേഴ്സ് ഓഫ് ദി സീ, ദി ലെജന്‍ഡ് ഓഫ് ദി എയ്ജസ് തുടങ്ങിയ മഹത്തായ കൃതികള്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത് ഇവിടെവെച്ചാണ്. ഒരു നാടകകൃത്ത് എന്ന നിലയില്‍ സ്റ്റേജ് സജ്ജീകരണങ്ങളില്‍ താത്പര്യമുള്ള അദ്ദേഹം റൊമാന്റിക് ശൈലിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വേനല്‍ക്കാലത്തെ പകല്‍ദിവസത്തില്‍ മൂന്നാംനിലയിലെ മേല്‍ക്കൂരയില്‍ പതിക്കുന്ന സൂര്യരശ്മി ഒരു കണ്ണാടിയില്‍ പ്രതിഫലിച്ച് നിലത്ത് പ്രകാശവലയം തീര്‍ക്കുന്നത് അദ്ഭുതകരമായ കാഴ്ചയാണ്. വീടിന്റെ ഭിത്തികളിലെ പ്രധാന അലങ്കാരങ്ങള്‍ 'ടേപ്പസ്ട്രി''എന്ന് വിളിക്കുന്ന പരവതാനികളാണ്. ഭിത്തികള്‍ തടിയിലുള്ള കൊത്തുപണികളും വിവിധ ഭാഷകളിലുള്ള എഴുത്തുകളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഡൈനിങ് റൂമിലെ ഭിത്തിയില്‍ ഹ്യൂഗോയുടെ അടയാളമായ 'ഒ' പതിച്ചിരിക്കുന്നു. ചുവന്ന ചായംപൂശിയ ഡ്രോയിങ് റൂം ഒരു റൊമാന്റിക് കൃതിയുടെ അന്തരീക്ഷം ഉണര്‍ത്തുന്നു. അവിടംമുഴുവന്‍ അലങ്കാരങ്ങളും ഫര്‍ണിച്ചറുകളും ചുവന്ന തീമിലാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടാംനിലയിലാണ് ഹ്യൂഗോ തന്റെ ലൈബ്രറി ഒരുക്കിയിട്ടുള്ളത്. തന്റെ പ്രവാസകാലത്തെ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരംതന്നെ ഇവിടെയുണ്ട്. മൂന്നാംനിലയിലാണ് വിക്ടര്‍ ഹ്യൂഗോയുടെ എഴുത്തുമുറി. അവിടെ ജനാലയില്‍നിന്ന് നോക്കിയാല്‍ നേര്‍ത്ത വരപോലെ ഫ്രാന്‍സിന്റെ തീരം കാണാം. കടലിന് അഭിമുഖമായുള്ള ഈ മുറിയിലിരുന്ന് അദ്ദേഹം ലോകപ്രസിദ്ധമായ പല ക്ലാസിക്കുകള്‍ക്കും ജന്മം നല്‍കി. നാലാംനിലയിലെ അദ്ദേഹത്തിന്റെ കിടപ്പുമുറി ഒരു കപ്പല്‍ കാബിനിനോട് സാദൃശ്യമുള്ളതാണ്. മടക്കിവെച്ച കിടക്കയും ഒരു കസേരയും എഴുത്തുമേശയുംമാത്രമേ ഈ മുറിയിലുള്ളൂ.

കണ്ണഞ്ചിപ്പിക്കുന്ന വിസ്മയലോകമാണ് ഓരോ നിലയിലും സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കൊത്തുപണികള്‍ നിറഞ്ഞ തൂണുകളും വര്‍ണച്ചിത്രങ്ങള്‍ നിറഞ്ഞ പരവതാനികളും തൂക്കുവിളക്കുകളും ചാരുതയാര്‍ന്ന ഫര്‍ണിച്ചറുകളും. എല്ലാം പഴയ പ്രൗഢിയോടെ സംരക്ഷിച്ചിരിക്കുന്നു. പടികള്‍ തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു, 'വിക്ടര്‍ ഹ്യൂഗോയുടെ ആത്മാവുള്ള വീട്'. ഗേണ്‍സിയില്‍ എത്തിയതിന്റെ രണ്ടാംദിവസം പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ ഞങ്ങള്‍ ക്ലിഫ്വാക്കിന് ഇറങ്ങി. തെളിനീര്‍ ഊറിവരുന്ന അരുവികളും പച്ചപ്പുനിറഞ്ഞ താഴ്വാരങ്ങളും ഒരുവശത്ത്. ശില്പം കൊത്തിവെച്ചതുപോലെയുള്ള പാറക്കൂട്ടങ്ങളും നീലക്കടലും മറുവശത്ത്. ഇത് ക്ലിഫ് വാക്കിനെ ഹൃദയഹാരിയാക്കുന്നു.
ചെറുവഞ്ചികളില്‍ കടലിലൂടെ തുഴഞ്ഞ് നീങ്ങുന്ന സഞ്ചാരികള്‍. കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയില്‍ നിറഞ്ഞുകിടക്കുന്ന കടലിന് പച്ചകലര്‍ന്ന നീലനിറമായിരുന്നു. ക്ലിഫ് വാക്കിന്റെ ഒരു ലാപ്പ് പൂര്‍ത്തിയാക്കുമ്പോഴേക്കും കണ്ണുംമനസ്സും കടലിന്റെ നീലിമയിലും പ്രകൃതിയുടെ പച്ചപ്പിലും ഉടക്കിനില്‍ക്കും. ജര്‍മന്‍ അധിനിവേശത്തിന്റെ ഇരുണ്ടചരിത്രം ഇന്നും ഗേണ്‍സിയിലെ ജനങ്ങള്‍ക്ക് പേടിപ്പിക്കുന്ന ഓര്‍മ്മയാണ്. അതിന്റെ അവശേഷിപ്പുകളില്‍ ഒന്നാണ് ജര്‍മന്‍ വെടിമരുന്ന് ശാലയും ഭൂഗര്‍ഭ ആശുപത്രിയും. ജര്‍മന്‍ കടന്നുകയറ്റത്തിന്റെ ഘടനാപരമായ ഓര്‍മ്മപ്പെടുത്തലാണ് അത്. 75,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. കവാടംഒഴികെ മറ്റെല്ലാം ഭൂമിക്ക് അടിയിലാണ്. യന്ത്രവത്കൃത മെഷീന്‍ഗണ്ണുകളും മറ്റ് വെടിക്കോപ്പുകളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് സൈനിക ആശുപത്രിയായി പരിവര്‍ത്തനംചെയ്തു. 500-ലധികം ആളുകളെ പരിചരിക്കാനുള്ള സൗകര്യം ഇതിനുള്ളിലുണ്ട്. ഓപ്പറേഷന്‍ തിയേറ്ററും മോര്‍ച്ചറിയും സിനിമാശാലയുംവരെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പാതിവഴിയില്‍ നിര്‍മാണംനിലച്ച തുരങ്കങ്ങളും ഉള്ളില്‍ക്കാണാം. അന്തരീക്ഷത്തിലെ ഈര്‍പ്പവും ഭൂമിക്കടിയിലേക്ക് ഊര്‍ന്നെത്തുന്ന ജലവും ആരോഗ്യം വീണ്ടെടുക്കുന്നതിന് തടസ്സമായതോടെ ഈ ആശുപത്രി ഉപേക്ഷിക്കുകയായിരുന്നു. ഇന്നിതൊരു ഘോരയുദ്ധത്തിന്റെ അടയാളംപേറുന്ന മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 'ഗേണ്‍സി ഈവനിങ് പ്രസ്' എന്ന പത്രത്തില്‍, ഇന്ത്യയില്‍ ബ്രിട്ടീഷ് അടിമത്തം അവസാനിപ്പിച്ചതിനെക്കുറിച്ചുള്ള വാര്‍ത്ത മുന്‍പേജില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഗേണ്‍സി അതിന്റെ പ്രകൃതിയില്‍ ജീവിക്കുന്നു. ഒരിക്കലും മടുപ്പിക്കില്ല, വീണ്ടുംവീണ്ടും മടക്കിവിളിച്ചുകൊണ്ടേയിരിക്കും. വര്‍ണനകള്‍ക്ക് അതീതമായ അനുഭൂതിനല്‍കുന്ന കാഴ്ചകളാണ് ഈ ദ്വീപിലേത്. ഇംഗ്ലണ്ടിലെ പോര്‍ട്ട്സ്മൗത്ത് ലക്ഷ്യമാക്കി ഞങ്ങളുടെ ഫെറി മടക്കയാത്ര ആരംഭിക്കുമ്പോള്‍ ഗേണ്‍സി ഒരു കൊച്ചുതുരുത്തുപോലെ കാണാമായിരുന്നു. ഈ മണ്ണിനോട് വിടപറയുമ്പോഴേക്കും നമുക്ക് ഗേണ്‍സിയോട് അടങ്ങാത്ത പ്രണയം തുടങ്ങിക്കഴിയും; ഒരു പ്രണയിനിയോടെന്നപോലെ.
Content Highlights: Guernsey island and the memories of Victor Hugho
Published: 27 Oct 2024, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented