ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളും പുരാതന മ്യൂസിയങ്ങളും എന്നും യാത്രപ്രേമികളുടെ ഇഷ്ടയിടങ്ങളാണ്. എന്നാല്‍ എല്ലാ മ്യൂസിയങ്ങളും ചരിത്രത്തിന്റെ സൂക്ഷിപ്പുകളും അസ്ഥികളുടെ കലവറകളുമാണെന്നു കരുതരുത്. വിചിത്രവും അതിശയകരവുമായ ചില മ്യൂസിയങ്ങളുമുണ്ട്. വാച്ചുകള്‍, ഫുട്‌ബോള്‍ എന്നിവതൊട്ട് ന്യൂ‍ഡിൽസിനെയും തലമുടിയെയും പോലും ആഘോഷിക്കുന്ന മ്യൂസിയങ്ങളും നിലവിലുണ്ട്. അത്തരത്തില്‍ ലോകത്തെ ഏറ്റവും വിചിത്രമായ ഏഴ് മ്യൂസിയങ്ങള്‍ പരിചയപ്പെടാം…

ഫിഫ മ്യൂസിയം, സൂറിച്ച്
ഫുട്‌ബോള്‍ പ്രേമികൾക്ക് ആരാധനാലയം എന്നതിലുപരിയാണ് ഫിഫ മ്യൂസിയം. ചരിത്ര സ്മാരകങ്ങള്‍, കഥകള്‍, ഗെയിമുകള്‍ എന്നിവയിലൂടെ പ്രായഭേദമന്യേ ഫുട്‌ബോളിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയുന്നൊരിടം. ആയിരത്തിലധികം വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയത്തില്‍ എല്ലാ ഫിഫ ലോകകപ്പില്‍ നിന്നും ഫിഫ വനിതാ ലോകകപ്പില്‍ നിന്നുമുള്ള ഓര്‍മവസ്തുക്കൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കപ്പ് നൂഡില്‍സ് മ്യൂസിയം, യോകോഹാമ
കപ്പ് ന്യൂഡില്‍സിന്റ ജന്മദേശമായ ജപ്പാനില്‍ അതിനൊരു മ്യൂസിയം തന്നെയുണ്ട്. കപ്പ് നൂഡില്‍സിന്റെ ഉപജ്ഞാതാവായ മൊമോഫുകു ആന്‍ഡോയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും സംഭാവനകളും മ്യൂസിയത്തിൽ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്. ഇന്‍സ്റ്റാളേഷനുകള്‍, ഡിഐവൈ നൂഡില്‍ നിര്‍മാണം എന്നിവയാല്‍ ഈ മ്യൂസിയം സോഷ്യല്‍മീഡിയയിലും ഹിറ്റാണ്. ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇന്‍സ്റ്റന്റ് റാമെന്‍ ഹിസ്റ്ററി ക്യൂബ്. പതിറ്റാണ്ടുകളായുള്ള ഇന്‍സ്റ്റന്റ് നൂഡില്‍സിന്റെ പരിണാമത്തെ വിവരിക്കുന്ന ഒരു പ്രദര്‍ശനമാണത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂപ്പതിനായിരത്തിലധികം പാക്കേജ് ഇന്‍സ്റ്റന്റ് നൂഡില്‍സ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. വൈവിധ്യമാര്‍ന്ന രുചികള്‍, പാക്കേജിങ് ഡിസൈനുകള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സിനെ ആഗോള വിഭവമാക്കി മാറ്റിയ കഥ എന്നിവ ഇതില്‍നിന്നും മനസിലാക്കാനാകും. ഒരിക്കല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് ആസ്വദിച്ച ഏതൊരാള്‍ക്കും ഇതൊരു നൊസ്റ്റാള്‍ജിയ തുളുമ്പുന്ന യാത്രയായിരിക്കും. 

മ്യൂസിയം ഓഫ് ഫ്യൂണറല്‍ കാരിയേജസ്, ബാഴ്സലോണ

വ്യത്യസ്ത സംസ്‌കാരങ്ങള്‍ മരിച്ചവരെ എങ്ങനെ ആദരിക്കുന്നു എന്നതിന്റെ പ്രതീകമാണ് ബാഴ്സലോണയിലെ മ്യൂസിയം ഓഫ് ഫ്യൂണറല്‍ കാരിയേജസ് അഥവാ 'മ്യൂസു ഡി കരോസസ് ഫ്യൂനെബ്രെസ്'. സ്പാനിഷ് ശവസംസ്‌കാര ആചാരങ്ങളുടെ ചരിത്രത്തെ ബഹുമാനിക്കുന്നതിനും ഭാവിതലമുറയ്ക്കായി അവയെ സംരക്ഷിക്കുന്നതിനുംവേണ്ടി 1970-ല്‍ അന്നത്തെ മുനിസിപ്പല്‍ ഫ്യൂണറല്‍ പാര്‍ലര്‍ മാനേജര്‍ ക്രിസ്റ്റോബല്‍ ടോറയാണ് ഈ ശേഖരം ആരംഭിച്ചത്. നൂറ്റാണ്ടുകളായി രാജക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ശവസംസ്‌കാര ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്ന, വെല്‍വെറ്റിൽ പൊതിഞ്ഞ്, സ്വര്‍ണ്ണം പൂശി അലങ്കരിച്ച ശവവണ്ടികളുടെ ശേഖരം ഇവിടെയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് നഗരമതിലുകള്‍ക്ക് പുറത്തുള്ള ആദ്യത്തെ സെമിത്തേരിയായ പോബ്ലെനോ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അങ്ങനെ പില്‍ക്കാലത്ത് ശവശരീരങ്ങള്‍ നഗരത്തില്‍ നിന്ന് ഈ പുതിയ ശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ടി വന്നു. ഇന്ന് യൂറോപ്പിലെ ഇത്തരത്തിലുള്ള ഒരേയൊരു ശേഖരമാണീ മ്യൂസിയം.

മ്യൂസിയം ഓഫ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്പ്, സാഗ്രെബ് 
ക്രൊയേഷ്യയിലെ സാഗ്രെബിലുള്ള മ്യൂസിയമാണിത്. പേരുപോലെ തന്നെ നഷ്ട പ്രണയത്തിനുവേണ്ടി സമർപ്പിച്ച മ്യൂസിയം. കലാകാരന്മാരായ ഒളിങ്ക വിഷ്റ്റിക്കയും ഡ്രാസെന്‍ ഗ്രുബിഷിച്ചും ചേര്‍ന്ന് സ്ഥാപിച്ചു, പരാജയപ്പെട്ട ബന്ധങ്ങൾക്കും അവയുടെ അവശിഷ്ടങ്ങൾക്കുമാണ് ഇവിടെ പ്രാധാന്യം. മുന്‍കാല പ്രണയങ്ങളെ ഓർമിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വസ്തുക്കളുടെ ശേഖരവും ഇവിടെയുണ്ട്. വിവാഹ വസ്ത്രങ്ങളും ടോസ്റ്ററുകളുമടക്കം ഇതിൽപെടും.  

പാടെക് ഫിലിപ്പ് മ്യൂസിയം, ജനീവ
വാച്ച് പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ജനീവയിലെ പാടെക് ഫിലിപ്പ് മ്യൂസിയം. ജനീവ ആസ്ഥാനമായുള്ള വാച്ച് നിര്‍മ്മാണ കമ്പനിയായ  പാടെക് ഫിലിപ്പ് 2001-ല്‍ സ്ഥാപിച്ചതാണിത്. നാല് നിലകളുള്ള കെട്ടിടത്തില്‍ 500 വര്‍ഷം പഴക്കമുള്ള ടൈംപീസുകളുടെ അതിശയിപ്പിക്കുന്ന ശേഖരമാണുള്ളത്. ‘ടെമ്പിള്‍ ഓഫ് വാച്ച് മേക്കിങ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ മ്യൂസിയത്തില്‍ പതിനാറാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ നിര്‍മിച്ച മ്യൂസിക്കല്‍ ഓട്ടോമാറ്റ്, ഇനാമല്‍ മിനിയേച്ചറുകള്‍ എന്നീ ആഡംബര വാച്ചുകളുടെ നിരതന്നെയുണ്ട്. ഹൊറോളജി (സമയത്തെക്കുറിച്ചുള്ള പഠനം)യ്ക്കായി ഒരു ലൈബ്രറിയുമുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് ടൂര്‍ പാക്കേജില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരിടം കൂടിയാണീ മ്യൂസിയം. കൂടാതെ ഇവിടെ വാച്ച് നിര്‍മാണത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു.

ചെസ് ഗാലിപ്പ് ഹെയര്‍ മ്യൂസിയം, തുര്‍ക്കി

പേരുപോലെ തന്നെ വിചിത്രമാണീ മ്യൂസിയം.

തുര്‍ക്കിയിലെ മനോഹരമായ അവനോസ് പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ചെസ് ഗാലിപ്പ് ഹെയര്‍ മ്യൂസിയം സവിശേഷമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മിക്ക മ്യൂസിയങ്ങളിലും പുരാവസ്തുക്കളും പെയിന്റിങ്ങും സൂക്ഷിക്കുമ്പോള്‍ ഇവിടെ മനുഷ്യന്റെ തലമുടിയാണ് സൂക്ഷിക്കുന്നത്. മുപ്പത്തിയെട്ട് വര്‍ഷത്തിലേറെയായി സൂക്ഷിക്കപ്പെടുന്ന മനുഷ്യന്റെ മുടികളുടെ ശേഖരം ഇവിടെ കാണാം. തറ ഒഴികെ മ്യൂസിയത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം മുടികൊണ്ട് മൂടിയിരിക്കുന്നു. അവാനോസ് പട്ടണത്തിലെ ഒരു മണ്‍പാത്രക്കടയ്ക്ക് താഴെയുള്ള ഗുഹയില്‍ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തില്‍ പതിനാറായിരത്തിലധികം സ്ത്രീകളുടെ മുടികളുണ്ട്. അവയിലോരോന്നിലും മുടിയുടെ ഉടമസ്ഥന്റെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

1970-ല്‍ മൺപാത്ര കടയുടമയ്ക്ക് അദ്ദേഹത്തിന്റെ പെൺസുഹൃത്ത് ഓര്‍മയ്ക്കായി തന്റെ മുടി സമ്മാനിച്ചതോടെയാണ് ഈ രീതിക്ക് തുടക്കമാകുന്നത്. പെൺസുഹൃത്ത് മുടിയിഴകൾ ചുവരുകളിൽ പതിപ്പിച്ചുവെക്കുകയായിരുന്നു. പിന്നീട് ഇവിടം സന്ദര്‍ശിച്ച മറ്റുള്ളവരും ഇത് തുടര്‍ന്നു. ഈ മ്യൂസിയം ഇന്നൊരു പ്രാദേശിക ഇതിഹാസമാണ്. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം മ്യൂസിയത്തിലെ ആദ്യ സന്ദർശകന് പത്ത് മുടിയുടെ സാമ്പിളുകള്‍ ശേഖരിക്കാവുന്നതാണ്. ഈ മുടികളുടെ ഉടമകൾക്ക് സൗജന്യമായി കപ്പഡോഷ്യയിലെ അവധിക്കാലം ആഘോഷിക്കാനും മണ്‍പാത്ര നിര്‍മാണം പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

ഗോള്‍ഡ് മ്യൂസിയം, ബൊഗോട്ട, കൊളംബിയ
തെക്കേ അമേരിക്കയിലെ ഏറ്റവും ആകര്‍ഷകമായ മ്യൂസിയങ്ങളിലൊന്നാണ് ഗോള്‍ഡ് മ്യൂസിയം. കൊളംബിയയിലെ പ്രധാന പ്രീ-ഹിസ്പാനിക് സംസ്‌കാരങ്ങളില്‍ നിന്നുള്ള അന്‍പത്തായ്യായിരത്തിലധികം സ്വര്‍ണ കഷ്ണങ്ങളും മറ്റ് വസ്തുക്കളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. ടുമാകോ, നരിനോ, കോക്ക, ചോക്കോ, മലഗാന തുടങ്ങിയ ജനവിഭാഗങ്ങളില്‍ നിന്നുള്ള അസ്ഥി, കല്ല്, സെറാമിക്‌സ്, തുണിത്തരങ്ങള്‍ എന്നിവ കൊണ്ട്  നിര്‍മ്മിച്ച വസ്തുക്കളും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi