
മഴയ്‌ക്കൊപ്പം കുടയെന്നപോലെയാണ് മാന്നാറും മത്തായിയും. ഉര്‍വശി തിയേറ്റേഴ്‌സിന്റെ പ്രിയങ്കരനായ മത്തായിച്ചേട്ടന്റെ പേരിനൊപ്പം ഇടം നേടിയ മാന്നാര്‍. ഓട്ടുപാത്രങ്ങളുടെ മാന്നാര്‍. കോട്ടയത്ത് എത്ര മത്തായി എന്ന ചോദ്യം കഥയിലൂടെ വച്ചു നീട്ടിയ ജോണ്‍ എബ്രഹാമിനെയും സാക്ഷാല്‍ മത്തായിച്ചേട്ടനെയും മനസ്സിലോര്‍ത്ത് വച്ചുപിടിച്ചു മാന്നാറിലേക്ക്... ലക്ഷ്യം മത്തായിമാരാണ്. മാന്നാറിലെ മത്തായിമാരുടെ എണ്ണമെടുക്കാതെ മടക്കമില്ല. ആഞ്ഞു നടന്നു.
കണ്ണുകള്‍ ഒരു ബോര്‍ഡില്‍ ഉടക്കി. 'ഉര്‍വശി'. വെളുത്ത ബാക്ക്ഗ്രൗണ്ടില്‍ ഇളംറോസ് നിറമുള്ള അക്ഷരങ്ങള്‍. എവിടെനിന്നോ ഒരു ബെല്ലടി ശബ്ദം. കുഴിച്ചു തുടങ്ങിയപ്പോഴേ കിണറ്റില്‍ വെള്ളം കണ്ട അനുഭൂതി. ''ഉര്‍വശി തിയേറ്റേഴ്‌സ് അഭിമാന പുരസ്‌കരം കാഴ്ചവെക്കുന്നു വെളിച്ചം ദുഖമാണുണുണ്ണീ തമസ്സല്ലോ സുഖപ്രദം...'' കെട്ടിടത്തിനുള്ളിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ മാന്നാര്‍ മത്തായിയുടെ ശബ്ദം കാതിലിങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു. കൗണ്ടറിലിരുന്ന ചേച്ചി എഴുന്നേറ്റു വന്നു. ''എന്തോ വേണം...''
തലയില്‍ തട്ടിയ മുത്തുമാലകളും റിബണുകളും വകഞ്ഞു മാറ്റി മുന്നോട്ടാഞ്ഞു. ''അതുപിന്നെ... മത്തായിച്ചേട്ടന്‍... നാടകം...'' അല്ലേലും ഈ അമിതാവേശം അലമ്പാണെന്ന തിരിച്ചറിവോടെ പറയാനുള്ളത് പാതിവിഴുങ്ങി അവരെ തുറിച്ചു നോക്കി. ''ലൂക്കായും മത്തായിയുമൊന്നും ഇവിടില്ല. മാല, വള, സ്ലൈഡ്, അലുക്ക്കമ്മല്, കൊലുസ്, മോതിരം, നെറ്റിച്ചുട്ടി... പിന്നെ വല്ല മേക്കപ്പ് സെറ്റും വേണമെങ്കില്‍ അതും തരാം. ഇത് വല്ലതും മതിയോ.'' കണ്ണുതിരുമ്മി ബോര്‍ഡിലേക്ക് ഒന്നുകൂടി നോക്കി. ഇല്ല തെറ്റിയിട്ടില്ല. ഉര്‍വശി. ഉര്‍വശീന്നു തന്നെയാ. പക്ഷേ, തിയേറ്റേഴ്‌സ് അല്ല. ഉര്‍വശി ലേഡീസ് സെന്റര്‍. അതായത് ഫാന്‍സി സ്റ്റോര്‍. ''മാന്നാര്‍ മത്തായി സിനിമ ഇറങ്ങും മുമ്പേ ഇവിടെയുള്ള കടയാ ഇത്.'' ചേച്ചി കടയുടെ ചരിത്രം വിശദമായിത്തന്നെ പറഞ്ഞുതന്നു.
അസ്ഥാനത്തെ ആവേശത്തിന്റെ ചമ്മലില്‍ അധികമൊന്നും തട്ടിവിട്ട് കുളമാക്കാതെ പുറത്തുകടന്നു. വെളിയിലൊരു പാലത്തിന്റെ ഓരത്ത് പൊന്നപ്പന്‍ ചേട്ടന്‍ കാത്തുനില്‍പ്പുണ്ട്. മാന്നാറിലെ മത്തായിമാരെ തേടിയുള്ള യാത്രയില്‍ കൂട്ടുവരാന്‍ നാട്ടുകാരനായ ഒരു പരിചയക്കാരന്‍ ഏര്‍പ്പാടാക്കിയതാണ് പൊന്നപ്പന്‍ ചേട്ടനെ.

പൊന്നപ്പനല്ല തങ്കപ്പന്‍
പൊന്നപ്പന്‍ ചേട്ടന്‍ അംബാസഡറിന്റെ ഇടതുഡോറ് തുറന്നു. ഐറ്റത്തിന് പഴക്കം കുറച്ചേറും. എങ്കിലും എന്‍ജിന് ചെറുപ്പം. പൊന്നപ്പന്‍ ചേട്ടന്‍ ആക്‌സിലറേറ്ററില്‍ ഒരു ചവിട്ട്. മുന്നിലെ വരിയിലെ നാലഞ്ച് പല്ലുകള്‍ക്ക് വിലാപകാവ്യം രചിക്കാന്‍ മനസ് തയ്യാറെടുത്തെങ്കിലും മത്തായിമാരുടെ കൃപകൊണ്ട് നഷ്ടം സംഭവിച്ചില്ല.
''അല്ല ചേട്ടാ എങ്ങോട്ടാ നമ്മളാദ്യം...'' ചോദിക്കാതിരിക്കുന്നതെങ്ങനെ. ''മത്തായിച്ചേട്ടനെ കാണാന്‍.'' പൊന്നപ്പന്‍ ചേട്ടന്‍ പ്രൊഫഷണലായി. ''നമ്മള്‍ ഇന്നു കാണാന്‍ പോകുന്ന മത്തായിമാരുടെ കൂട്ടത്തില്‍ സീനിയര്‍ പുള്ളിയാ.'' വെള്ളംതുളുമ്പിക്കിടന്ന പുഞ്ചയും പാടവും കടന്ന് അംബാസഡര്‍ ബ്രേക്കിട്ടു. സിനിമയിലെ ഗര്‍വാസീസ് ആശാന്റെ വീടാണ് പെട്ടെന്ന് ഓര്‍മയില്‍ വന്നത്.
മുന്നിലെ വാഴക്കൂട്ടത്തിനിടയില്‍ ഒരനക്കം. ''അതേ, ഇത് മത്തായിച്ചേട്ടന്റെ വീടാണോ?'' പൊന്നപ്പന്‍ ചേട്ടന്‍ തല പുറത്തേക്കിട്ടു. അനങ്ങിയത് ആളല്ല വാഴയാ എന്ന് തിരുത്താന്‍ ശ്രമിച്ചപ്പോള്‍ മാരകമായിരുന്നു മറുപടിയുടെ പ്രഹരം. ''വാഴയാണെങ്കിലെന്താ വാതുറന്നു പറഞ്ഞുകൂടേ... മനുഷ്യനല്ലേ ചോദിക്കുന്നത്...''
അപരിചിതമായ ഇടത്ത് അപരിചിതരെ കാണാന്‍ ചെല്ലുമ്പോള്‍ ഒന്നു രണ്ട് ചുമ മസ്റ്റാണ് എന്ന നാട്ടുനടപ്പോര്‍ത്ത് മുരടനക്കി... സംഗതി ഏറ്റു. മുന്‍വാതില്‍ തുറന്നു. ആളിതുതന്നെ പൊന്നപ്പന്‍ ചേട്ടന്‍ ഉറപ്പിച്ചു. ''ഉര്‍വശി തീയേറ്റേഴ്‌സ്... മത്തായിച്ചേട്ടന്‍.'' ജപജപ... മസ്തിഷ്‌കം കാര്യങ്ങളെ നല്ല കപ്പപ്പുഴുക്കിന്റെ പരുവത്തിലങ്ങ് കുഴച്ചു മറിച്ചു. ''ഛെ, കണ്‍ഫൂഷനായല്ലോ... നിങ്ങളാരാ...'' മത്തായിച്ചേട്ടനും പരുങ്ങലിലായി. അതു പിന്നെ ഞങ്ങള് മാന്നാറില്‍ എത്ര മത്തായിമാരുണ്ടെന്ന് തപ്പി ഇറങ്ങിയതാ... കാര്യം കേട്ടപ്പോള്‍ മത്തായിച്ചേട്ടന്‍ ഹാപ്പി. ''നിങ്ങളുദ്ദേശിക്കും പോലെ നാടകമൊന്നുമല്ല എന്റെ ഏരിയ. എന്നാലും തീര്‍ത്തും ബന്ധമില്ലെന്നും കരുതണ്ട. യൂട്യൂബിലൊന്ന് അടിച്ചേ 'അഡാര്‍ ഫാമിലീ'ന്ന്.''
മുന്നില്‍ നില്‍ക്കുന്ന മത്തായിയുടെ ആജ്ഞ ശിരസാവഹിച്ച് യുട്യൂബ് തുറന്നു. നാലര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനല്‍. ആ വ്‌ളോഗിലെ പ്രധാന താരമാണ് പയറുമണിപോലെ മുന്നില്‍. എണ്‍പത്തി മൂന്ന് വയസ്സുണ്ട് എം. പി. മത്തായി എന്ന ഈ വല്യപ്പച്ചന്. പശുക്കറവയായിരുന്നു ജോലി. ''ഞാനും എന്റെ ഭാര്യയും മകനും മരുമകളും പിന്നെ കൊച്ചുമക്കളുമാണ് വ്‌ളോഗില്‍ കൂടെ ഉള്ളത്. മക്കക്ക് വ്‌ളോഗുണ്ടോ?''
മത്തായിച്ചേട്ടന്റെ ചോദ്യത്തിനു മുന്നില്‍ കൈമലര്‍ത്തി ഇരുന്നപ്പോള്‍ പൊന്നപ്പന്‍ചേട്ടന്‍ കയറി ഇടപെട്ടു. ''മത്തായിച്ചേട്ടാ കാറിലോട്ട് കേറ്. ബാക്കിക്കഥ ബാക്കിയുള്ളവരെ തപ്പിയിട്ടാകാം.'' കൗണ്ടറൊന്നും പറയാതെ മുഞ്ഞിനാട്ടു മത്തായി എന്ന എം. പി മത്തായി അംബാസഡറിലേക്ക് കയറി. 'പൂര്‍ണേന്ദു മുഖിയോടമ്പലത്തില്‍ വെച്ചു പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു...' സ്റ്റീരിയോ പാടി. മത്തായിച്ചേട്ടന്‍ പാട്ടിലാണ്ടു.
പുറപ്പെട്ടൂ... പുറപ്പെട്ടൂ
പാട്ടിന്റെ ഒച്ച കുറച്ച് പൊന്നപ്പന്‍ ചേട്ടന്‍ അംബാസഡര്‍ ഒരു ഓരത്ത് ഒതുക്കി. തുറന്നു കിടന്ന വിന്‍ഡോയിലൂടെ മൂന്നാല് കമ്യൂണിസ്റ്റ് പച്ച എത്തി നോക്കി. ''പുറപ്പെട്ടൂ പുറപ്പെട്ടൂ. അരമണിക്കൂര്‍ മുന്നേ പുറപ്പെട്ടു.'' പൊന്നപ്പന്‍ ചേട്ടന്റെ ഒച്ച ഉയര്‍ന്നു. വണ്ടി വളവും തിരിവും കടന്ന് മുന്നോട്ടു കുതിച്ചപ്പോള്‍ അറിയാതെ ചോദിച്ചുപോയി... 'എന്നാ വഴിയാ ഇത്... വളഞ്ഞു പുളഞ്ഞ് ഒരുമാതിരി മരണക്കിണറു പോലെ.''
അസ്ഥാനത്ത് പുറപ്പെടുവിച്ച നെഗറ്റിവിറ്റി പൊന്നപ്പന്‍ ചേട്ടന് അത്ര പിടിച്ചില്ലെന്ന് അപ്പോള്‍ത്തന്നെ മനസ്സിലായി. ''വളയ്ക്കാനും തിരിക്കാനുമൊക്കെ പറ്റുന്ന ഒരു സാധനമാണ് ഇത്...'' പൊന്നപ്പന്‍ ചേട്ടന്‍ സ്റ്റിയറിങ്ങിനു മേല്‍ പ്രതിഷേധത്തിന്റെ പ്രഹരം പതിപ്പിച്ചു.
ആലുമ്മൂട് ജങ്ഷനിലെ വീഡിയോ സ്‌കാന്‍ എഡിറ്റിങ് ലാബിനു മുന്നിലാണ് പിന്നെ വണ്ടി ചെന്നുനിന്നത്. അവിടെ നിന്ന് ഒരാള്‍ പുറത്തിറങ്ങി വന്ന് വണ്ടിയിലേക്ക് കയറി. ''ഞാനാണ് മാന്നാര്‍ മത്തായി'', പുള്ളി പരിചയപ്പെടുത്തി. ബുധനൂരുകാരന്‍ ഗീവര്‍ഗീസിനെ മത്തായി ആക്കി മാറ്റിയത് മാന്നാറാണ്.
''വീഡിയോ സ്‌കാനിലേക്ക് ഇരുപത്തഞ്ചു കൊല്ലം മുന്നേ കാലെടുത്ത വെക്കുമ്പോള്‍ ഞാന്‍ ഗീവര്‍ഗീസാണ്. മാമോദീസ മുക്കിയപ്പോ പള്ളിയില്‍ മത്തായി എന്നൊരു പേരുകൂടി ഇട്ടിരുന്നു. കല്യാണം, പിറന്നാള്, ആനിവേഴ്‌സറി, ഫ്യൂണറല്‍, അങ്ങനെ ഒട്ടുമിക്ക പരിപാടികളും ഞങ്ങളെടുക്കും. ഇപ്പോള്‍ ലൈവ് സ്ട്രീമിങ്ങാണ് മെയിന്‍. പണ്ടൊക്കെ കാസറ്റാണല്ലോ. അങ്ങനൊരിക്കല്‍ ഞാനെടുത്ത ഒരു കല്യാണ വീഡിയോ വി. സി. ആറില്‍ ഇട്ടു കാണുമ്പോ ഒടുക്കം ദേണ്ടേ ഒരു എഴുത്ത്. 'കാമറ മാന്നാര്‍ മത്തായി' എന്ന്. എന്റെ മുതലാളിയും ഗുരുവുമായ അനന്തന്‍ ആശാന്‍ ഒപ്പിച്ച പണിയാണ്. അതില്‍ പിന്നെ ഞാന്‍ ഗീവര്‍ഗീസല്ല മാന്നാര്‍ മത്തായിയാണ്.
എല്‍ദോയ്ക്കു പിന്നാലേ
അംബാസഡറില്‍ മത്തായിക്കഥകള്‍ പൊടിപൊടിക്കുമ്പോള്‍ പിന്നിലൊരു ഹോണടി. പാഞ്ഞു വരുന്നുണ്ട് ഒരു സൈലോ. സിനിമയില്‍ എല്‍ദോയ്ക്കു പിന്നാലേ ഗോപാലകൃഷ്ണനും സംഘവും പാഞ്ഞതുപോലെ. പൊന്നപ്പന്‍ ചേട്ടന്‍ വണ്ടിയൊതുക്കി. ''ഇത് അവരാണെന്നേ.''
പിന്നിലെ വണ്ടി ഒരു ഇടവഴിയിലേക്ക് കയറ്റിയിട്ട് രണ്ട് മത്തായിമാര്‍ ഇറങ്ങി വന്നു. രണ്ടുപേരും ഒരേ കുടുംബക്കാര്‍. കടവില്‍ വടക്കേതില്‍ മത്തായി ബേബിയും കെ. എം. മത്തായിയും. പേരിനെപ്പറ്റി പറയുന്നതിനിടെ കെ. എം. മത്തായി പഴയ സ്‌കൂള്‍ കാലത്തിലേക്ക് കടന്നു. ''പഠിച്ചതങ്ങ് ശബരിമലയിലാണ്. സ്‌കൂളില്‍ കൂട്ടുകാര് മാന്നാര്‍ മത്തായീന്നു വിളിച്ച് കളിയാക്കും. പത്താംക്ലാസ് എത്തിയപ്പോ പേരുമാറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. ഞങ്ങടെ കൂടുംബത്തില്‍ ഞാനും എന്റെ ഈ ചേട്ടച്ചാരും ഉള്‍പ്പെടെ ആറേഴ് മത്തായിമാരുണ്ട്. എന്റെ അപ്പന്‍ അനിയന്‍ മത്തായി. അപ്പാപ്പന്‍ മത്തായി ബേബി.'' അപ്പാപ്പന്റെ പേരുള്ള ചേട്ടച്ചാരും ആ കണക്ക് ശരിവച്ചു. ചേട്ടന്‍ മത്തായിക്ക് ഓട്ടുപാത്ര വില്പനശാലയിലാണ് ജോലി. വണ്ടിക്കുള്ളിലേക്ക് നല്ല മൊരിഞ്ഞ ബ്രഡ്ഡിന്റെയും വെണ്ണ പുതച്ച കേക്കിന്റെയും മണം ഇരമ്പിയെത്തി.
വണ്ടി... തീവണ്ടി
'ടോപ് ഇന്‍ ടേസ്റ്റ് ബേക്കറി.' മാന്നാര്‍ പട്ടണത്തില്‍ മുപ്പതു വര്‍ഷം മുമ്പ് ഇടംപിടിച്ചതാണ്. പുത്തന്‍ പുരയ്ക്കല്‍ മത്തായി മകന്‍ മത്തായി എന്ന പി. എം. മത്തായി ആണ് കടയുടെ ഉടമ. പി. എം. മത്തായിയുടെ പരിചയക്കാരാണ് കാറിലിരിക്കുന്ന മത്തായിമാരെല്ലാവരും. ബേക്കറിക്കു പിന്നിലെ ബോര്‍മയില്‍ നിന്ന് നല്ല ഗീ കേക്കിന്റെ മണം. മയപ്പെട്ട കേക്കു കഷണങ്ങളിലോരോന്ന് എല്ലാവര്‍ക്കും മുന്നിലെത്തി.
ആ നേരത്ത് പൊന്നപ്പന്‍ ചേട്ടന്‍ അംബാസഡറിന്റെ ബോണറ്റ് തുറന്നു. ബോര്‍മയെ വെല്ലുന്ന പുക അതില്‍ നിന്നുയര്‍ന്നു. ബേക്കറിയിലെ തിരക്കുകള്‍ മാറ്റിവച്ച് പി. എം. മത്തായിയും ഒപ്പം പോന്നു. ''ബോണറ്റടച്ച് വണ്ടിയില്‍ കയറെടേ.'' കൂട്ടത്തില്‍ മൂത്ത മത്തായി പൊന്നപ്പന്‍ ചേട്ടനെ നോക്കി ആംഗ്യം കാട്ടി.
ഒടുവില്‍ കണ്ട മത്തായിക്ക് കെ. എസ്. ഇ ബിയിലായിരുന്നു ജോലി. ''കെ. എസ്. ഇ. ബിയിലെ ഒരേയൊരു മാന്നാര്‍ മത്തായി ഒരുപക്ഷേ ഞാനായിരിക്കും.'' പുള്ളിക്കാരന്‍ പറയുന്നതിനിടെ കൂട്ടത്തിലൊരു മത്തായി മൊബൈല്‍ നീട്ടി. ആറുമത്തായിമാരും ഒന്നിച്ചുള്ള ഒരു സെല്‍ഫി. ''ഇതെവന്മാര് എപ്പം എടുത്തു.'' അഡാര്‍ ഫാമിലിയിലെ അടിപൊളി മത്തായി കുലുങ്ങിച്ചിരിച്ചു.
ഇത്രയൊക്കെ ആയ സ്ഥിതിക്ക് മത്തായി എന്ന പേരിന്റെ പൊരുളറിഞ്ഞാല്‍ കൊള്ളാമെന്നൊരു പൂതി. 'അതങ്ങ് പരുമലപ്പള്ളിയില്‍ ചെന്ന് പറഞ്ഞാല്‍ മതി'യെന്ന സിനിമയിലെ മാന്നാര്‍ മത്തായിയുടെ ഡയലോഗ് സ്മരണയിലെത്തി. ''വണ്ടി വിട് പൊന്നപ്പന്‍ ചേട്ടാ പരുമലയ്ക്ക്.''
മാന്നാറിനും പരുമലയ്ക്കുമിടയില്‍ ഒരു പാലത്തിന്റെ അകലമേ ഉള്ളെങ്കിലും ജില്ല രണ്ടാണ്. മാന്നാര്‍ ആലപ്പുഴയിലും പരുമല പത്തനംതിട്ടയിലും. പള്ളിക്കു മുന്നില്‍ വണ്ടി നിന്നു. പള്ളിമുറ്റത്ത് ഒരു വൈദികന്‍. പേര് കേട്ടതും ഒന്ന് അമ്പരന്നു. മത്തായിക്കുട്ടി. പട്ടാഴിക്കാരനാണ്. ആ പുരോഹിതനോട് മത്തായി എന്ന പേരിനെപ്പറ്റി ചിലതു ചോദിച്ചു. ''പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരുവനാണ് മത്തായി ശ്ലീഹാ. എബ്രായ ഭാഷയില്‍ മത്തായി എന്നാല്‍ ദൈവത്തിന്റെ ദാനം എന്നര്‍ഥം.'' അച്ചന്റെ വിവരണവും കേട്ട് കര്‍ത്താവിനെ ഒന്ന് വണങ്ങി പള്ളിയില്‍ നിന്നിറങ്ങി.
ഇതെവന്മാര് എപ്പം എടുത്തു
അവസാന ലാപ്പില്‍ പൊന്നപ്പന്‍ ചേട്ടന്‍ മാന്നാറ് മൊത്തം ഒന്ന് ഓടിച്ചു കാണിച്ചു തന്നു. തന്മടിക്കുളവും തൃക്കുരുട്ടിക്ഷേത്രവും മുത്താരമ്മന്‍ കോവിലുകളും കുറെയേറെ പള്ളികളും. അച്ചന്‍കോവിലാറും പമ്പാനദിയും അതിന്റെ കൈവഴിയായ കുടമ്പേരൂര്‍ ആറും കുറെയേറെ ആലകളും കടന്നുപോയി.

അപ്പര്‍കുട്ടനാടിന്റെ പച്ചപ്പ് തൂകിപ്പരന്ന വഴികള്‍. കുരുട്ടുശ്ശേരി പുഞ്ചയും മാറകം പുഞ്ചയും അലിന്‍ഡിന്റെ കൂറ്റന്‍ വളപ്പും കടന്ന് തിരികെ മാന്നാര്‍ പട്ടണത്തിലേക്ക്. ഒത്തൊരിടത്ത് വണ്ടി നിര്‍ത്തി. മത്തായിമാര്‍ ഓരോരുത്തരായി ഇറങ്ങി. അതിനിടെ ആകാശം ക്ലാവുപിടിച്ച ഓട്ടുപാത്രം പോലെ ഇരുണ്ടു. മത്തായിക്കഥകള്‍ കേട്ടിട്ടും കേട്ടിട്ടും തീരുന്നില്ല.
ആ ഓളത്തിനിടയിലേക്ക് പൊന്നപ്പന്‍ ചേട്ടന്‍ കയറിയങ്ങിടപെട്ടു. ''നിന്ന് കഥാപ്രസംഗം നടത്താതെ ഇങ്ങോട്ട് കയറ്.'' ന്യൂനമര്‍ദമോ ചക്രവാതച്ചുഴിയോ എന്ന് അറിയാന്‍ മേലാത്ത പാകത്തിന് കാറ്റ് വീശിത്തുടങ്ങി. ''മഴ കുറ്റീം പറിച്ചു വരുന്നേനു മുന്നേ വീടുപറ്റാന്‍ നോക്ക്.'' പൊന്നപ്പന്‍ ചേട്ടന്‍ മാനത്തേക്ക് നോക്കി. മത്തായിമാര്‍ക്ക് യാത്ര പറഞ്ഞ് പൊന്നപ്പന്‍ ചേട്ടന്റെ അംബാസഡര്‍ പായുമ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു മാന്നാറിലെ മൊത്തം മത്തായിമാരുടെയും എണ്ണം എടുക്കുന്നതിനേക്കാള്‍ എളുപ്പം മഴത്തുള്ളികള്‍ എണ്ണുകയാണെന്ന്.
Content Highlights: travel through mannar in search of mathayi
Published: 11 Jun 2023, 10:20 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented