പയ്യന്നൂരില്‍നിന്ന് പുറപ്പെട്ട ബസ്സിനെ വടക്കന്‍ കേരളത്തിലെ ആ പ്രത്യേക പാതിരാക്കാറ്റ് വന്ന് പൊതിഞ്ഞു. ഓണക്കുന്നില്‍ ബസ്സിറങ്ങിയപ്പോള്‍ വര്‍ണ്ണവെളിച്ചത്തില്‍ കുളിച്ചുനിന്ന കരിവെള്ളൂര്‍ മഹാശിവക്ഷേത്ര പാതയാണ് മുന്നില്‍ത്തെളിഞ്ഞത്. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിലൊന്ന്. 'കരിവള്ളോന്റെ (ശിവന്‍) നാട്' എന്ന അര്‍ഥത്തില്‍നിന്നാണ് 'കരിവെള്ളൂര്‍' എന്ന പേര് രൂപപ്പെട്ടതെന്നാണ് ഐതിഹ്യം. പത്താമുദയത്തിന് (തുലാം പത്ത്) ഉത്തരകേരളത്തിലെ തെയ്യക്കാവുകളില്‍ ചിലമ്പുണരുമ്പോള്‍ത്തന്നെയാണ് ശിവക്ഷേത്രത്തിലെ കൂത്തുത്സവത്തിന് മിഴാവുണരുന്നതും.
കേരളത്തിലെ അപൂര്‍വം ശിവക്ഷേത്രങ്ങളില്‍മാത്രം കെട്ടിയാടുന്ന മത്തവിലാസം കൂത്ത് ഈ ഉത്സവദിനങ്ങളിലാണ് അരങ്ങിലെത്തുക. തുലാമാസസന്ധ്യക്ക് അന്ന് മഴയുടെ കിലുക്കമുണ്ടായിരുന്നില്ല. ആകാശംമുട്ടെ നില്‍ക്കുന്ന ആല്‍ത്തറയാണ് ക്ഷേത്രത്തിലേക്ക് സ്വാഗതംചെയ്തത്. അരയാലിലകളുടെ അടക്കംപറച്ചിലുകള്‍ക്ക് കാതോര്‍ത്തു. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്താണ് ആല്‍ത്തറ. തൊട്ടരികിലായി അയ്യപ്പഭജനമഠവും സ്റ്റേജും. ഉത്സവസന്ധ്യയെ താളമയമാക്കാനെന്നവണ്ണം സ്റ്റേജില്‍ സംഗീതക്കച്ചേരി നടക്കുന്നുണ്ട്. കൂത്ത് തുടങ്ങാന്‍ രാത്രി എട്ടരയാകും. പടിപ്പുര കടന്ന് ഉള്ളിലേക്ക് കയറി.
ഒറ്റനോട്ടത്തില്‍ ക്ഷേത്രത്തിന്റെ പഴമയും വലുപ്പവും മുന്നില്‍ തെളിഞ്ഞു. തലയുയര്‍ത്തിനില്‍ക്കുന്ന പ്രധാന ശ്രീകോവില്‍ പ്രദക്ഷിണവഴിയില്‍നിന്നുതന്നെ കാണാം. വിശാലമായ ചുറ്റമ്പലത്തിലൂടെയുള്ള പ്രദക്ഷിണം മനസ്സിനെ കുളിര്‍പ്പിച്ചു. നാലമ്പലത്തിന് പുറത്തെ പ്രദക്ഷിണവഴിയില്‍ ശ്രീകൃഷ്ണനും ശ്രീഭൂതനാഥനും ദര്‍ശനമേകി. ക്ഷേത്രത്തിന്റെ ഇടതുവശത്താണ് കുളം. പ്രദക്ഷിണം പൂര്‍ത്തിയാക്കിയാല്‍ നാലമ്പലത്തിനുള്ളിലേക്ക് കടക്കാം. നാലമ്പലപ്പടിപ്പുരയിലാണ് കൂത്തമ്പലം. കൂത്തിന്റെ പ്രധാനവാദ്യമായ മിഴാവ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. നാലമ്പലം കടന്ന് ഉള്ളിലെത്തുമ്പോള്‍ വിശ്വനാഥനായ പരമശിവന്റെ പ്രതിഷ്ഠയുള്ള ശ്രീകോവില്‍. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ മൂര്‍ത്തിയാണത്രെ. ഭക്തന്റെ മനംനിറയ്ക്കുന്ന ചൈതന്യം. വലതുവശത്ത് വിഘ്‌നേശ്വരനും ശാസ്താവും.
ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി കൂത്തമ്പലത്തിലിരിക്കുമ്പോഴാണ് മാണി നീലകണ്ഠച്ചാക്യാര്‍ വന്നത്. ക്ഷേത്രഭാരവാഹികളിലൊരാള്‍ പരിചയപ്പെടുത്തി. ഏറെക്കാലമായി ക്ഷേത്രത്തിലെ കൂത്തിന് ജീവന്‍ നല്‍കുന്നത് ഇദ്ദേഹമാണ്. മത്തവിലാസം കൂത്തിന്റെ ഐതിഹ്യവും ചിട്ടകളും ചോദിച്ചപ്പോള്‍ ചാക്യാര്‍ താമസസ്ഥലത്തേക്ക് സ്വാഗതമോതി. ക്ഷേത്രമതില്‍ക്കെട്ടിനരികിലുള്ള കെട്ടിടത്തിലാണ് ചാക്യാര്‍ താമസിക്കുന്നത്. കൂത്ത് അവതരിപ്പിക്കുന്നത് ചാക്യാരാണ്. പാടാനും വാദ്യമുണര്‍ത്താനുമായി നങ്ങ്യാര്‍, നമ്പ്യാര്‍, മാരാര്‍ എന്നിവരുമുണ്ടാകും.
''ഞങ്ങളുടെ കുടുംബത്തിനാണ് ഇവിടെ കൂത്തവതരിപ്പിക്കാനുള്ള ജന്മാവകാശം. പ്രശസ്ത കൂത്തുകലാകാരനായിരുന്ന മാണി മാധവച്ചാക്യാരാണ് ഇവിടെ ഏറെക്കാലം കൂത്തവതരിപ്പിച്ചിരുന്നത്. അദ്ദേഹത്തിനുശേഷമാണ് മരുമകനായ ഞാനെത്തിയത്. അറുപതുവര്‍ഷത്തോളമായി ഇവിടെയുണ്ട്. കരിവെള്ളൂര്‍, കൊട്ടിയൂര്‍, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് പരമ്പരാഗതമായി നൂറ്റാണ്ടുകളായി മത്തവിലാസം കൂത്ത് നടത്തുന്നത്. കോഴിക്കോട്ടും മലപ്പുറത്തും മറ്റ് ചില ക്ഷേത്രങ്ങളിലും ഇപ്പോള്‍ മത്തവിലാസം കൂത്ത് നടത്തുന്നുണ്ട്. മറ്റ് കൂത്തുകളെയപേക്ഷിച്ച് ഏറെ പണച്ചെലവും ചടങ്ങുകളും ആവശ്യമായ കൂത്താണിത്. ഭാവാഭിനയത്തിനാണ് പ്രാധാന്യം. മൂന്നുദിവസംകൊണ്ടാണ് മത്തവിലാസം കൂത്തിന്റെ അവതരണം
പൂര്‍ത്തിയാകുക. ആദ്യദിവസം പുറപ്പാട്, രണ്ടാംദിവസം നിര്‍വഹണം, മൂന്നാംദിവസം കപാലി എന്നിങ്ങനെയാണ് ചടങ്ങുകള്‍,'' മാണി നീലകണ്ഠച്ചാക്യാര്‍ പറഞ്ഞു.

പകല്‍സമയങ്ങളില്‍ വിരുത്തിക്കൂത്തും ക്ഷേത്രത്തില്‍ നടത്താറുണ്ട്. ചെറിയ ചെലവില്‍ നടത്താന്‍പറ്റുന്ന വഴിപാടാണ് 'വിരുത്തിക്കൂത്ത്'. വര്‍ഷം പതിനായിരത്തിലധികം വിരുത്തിക്കൂത്ത് ക്ഷേത്രത്തില്‍ നടത്താറുണ്ട്. മത്തവിലാസം കൂത്തിന്റെ ഐതിഹ്യം ചാക്യാര്‍ പറഞ്ഞുതുടങ്ങി:
''കപാലിയുടെ നൃത്തം കാണുന്നയാള്‍ക്ക് ആഗ്രഹിക്കുന്നതെന്തും സാധിക്കുമെന്നാണ് വിശ്വാസം. അബദ്ധത്തില്‍ വന്നുചേര്‍ന്ന ബ്രഹ്മഹത്യാപാപം തീര്‍ക്കാനായി സത്യസോമനെന്ന ബ്രാഹ്മണന്‍ പരമ ശിവനെ തപസ്സുചെയ്തു. ഭഗവാന്റെ നിര്‍ദേശാനുസരണം കപാലിവേഷത്തില്‍ നൃത്തംചെയ്യാന്‍ തുടങ്ങി. കപാലിയുടെ ആ നൃത്തമാണ് മത്തവിലാസം കൂത്ത്. കാഞ്ചീപുരത്തെ പല്ലവരാജാവായ മഹേന്ദ്രപല്ലവവിക്രമന്‍ ഏഴാംനൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനമാണ് കൂത്തിന്റെ അടിസ്ഥാനം. ഹാസ്യരസപ്രധാനമായ ഗദ്യനാടകവിഭാഗമാണ് പ്രഹസനം. കാപാലികര്‍, പാശുപതര്‍, ബൗദ്ധന്മാര്‍ എന്നീ മതക്കാര്‍ക്ക് വന്നുചേര്‍ന്ന മൂല്യശോഷണവും ധാര്‍മികച്യുതിയും ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്നതാണിത്. കേരളത്തിലെത്തിയ ഈ നാടകത്തെ ചാക്യാന്മാര്‍ ശിവന്റെ മത്തവിലാസനര്‍ത്തനമാക്കി മാറ്റിയെന്നും പറയപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ ശൈവമതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്തവിലാസം കൂത്ത് കേരളത്തിലെത്തിയതെന്നും വിശ്വാസമുണ്ട്. തുലാം പത്തുമുതല്‍ വൃശ്ചികസംക്രമത്തലേന്നുവരെയാണ് കരിവെള്ളൂര്‍ ശിവക്ഷേത്രത്തില്‍ മത്തവിലാസം കൂത്ത് നടത്തുന്നത്.''
ചമയങ്ങളും അലങ്കാരങ്ങളും ദൈര്‍ഘ്യമേറിയ അവതരണവുമാണ് മത്തവിലാസം കൂത്തിനെ വ്യത്യസ്തമാക്കുന്നത്. ''മൂന്നുദിവസമാണ് കൂത്ത്. ആദ്യദിനം പുറപ്പാടാണ്. രണ്ടാംദിവസത്തിലെ നിര്‍വഹണഘട്ടത്തില്‍ കുമാരസംഭവത്തിലെ മുപ്പത്താറ് ശ്ലോകമാണ് അവതരിപ്പിക്കുക. താരകാസുരനെ നിഗ്രഹിച്ച ഭദ്രകാളിയെ തൃപ്തിപ്പെടുത്താന്‍ നൃത്തംചെയ്ത ശിവനെ അവതരിപ്പിച്ചശേഷം ഇതേപോലുള്ള നൃത്തം കാണാന്‍ നാളെ വീണ്ടും വരുകയെന്ന് പറഞ്ഞാണ് ഈ ഘട്ടം അവസാനിപ്പിക്കുന്നത്.
മൂന്നാംദിനം ഭസ്മാലങ്കാരവിഭൂഷിതനായി കുഴഞ്ഞ ചുവടുകളോടെയാണ് കപാലിവേഷം അരങ്ങിലെത്തുക. മിഴാവിന്റെ മധ്യമകാല ത്രിപുടതാളത്തിന്റെ പതിഞ്ഞ ശബ്ദം അകമ്പടിയേകും. ഇടതുകൈയില്‍ കപാലവും വലതുകൈയില്‍ ത്രിശൂലവും പുറത്ത് പൊക്കുണ്ടവും (മദ്യം സൂക്ഷിക്കുന്ന പാത്രം) മഞ്ഞപ്പൊടികൊണ്ട് ഗംഗാദേവിയുടെ രൂപം വരച്ചുണ്ടാക്കിയ തുണിക്കിരീടവും ധരിച്ചാണ് കപാലിയവതരണം.
ചായില്യം കല്ലിലരച്ച്, മുഖം മിനുക്കി, കീഴ്ത്താടിതൊട്ട് ചെക്കിപ്പൂമാലയണിയും. സന്താനലബ്ധിക്കായാണ് കൂത്ത് നേര്‍ച്ച. ആ നേര്‍ച്ചയ്ക്ക് ഫലമുണ്ടാകുന്നതുകൊണ്ടാണ് പത്തുവര്‍ഷത്തേക്കുള്ള മത്തവിലാസം കൂത്ത് ഇപ്പോഴേ ബുക്കിങ്ങായിരിക്കുന്നത്. ഇരുപതുവയസ്സിലാണ് ഞാന്‍ മത്തവിലാസം കൂത്ത് അവതരിപ്പിച്ചുതുടങ്ങിയത്. ഇപ്പോള്‍ എണ്‍പതുവയസ്സായി. സംഗീതനാടക അക്കാദമി പുരസ്‌കാരം, ക്ഷേത്രകലാ അക്കാദമി പുരസ്‌കാരം എന്നിവയെല്ലാം ഈ കലാരൂപം എന്നിലേക്കെത്തിച്ചു.''
ചാക്യാരുടെ സംസാരം നീളവേ ക്ഷേത്രത്തിനുള്ളില്‍ മണി മുഴങ്ങി. ഒരുങ്ങാനുള്ള സമയമായെന്നും ഇനി കൂത്തമ്പലത്തില്‍ കാണാമെന്നും പറഞ്ഞ് അദ്ദേഹം പോയി. ഞങ്ങള്‍ ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു. കൂത്തിനാവശ്യമായ ശൂലം ക്ഷേത്രനടയില്‍ കൊണ്ടുവന്ന് പൂജിക്കുകയാണ്. കപാലി കൈയിലേന്തുന്ന ത്രിശൂലം ഓരോ ദിവസവും പാലമരത്തില്‍ തീര്‍ത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രം ജന്മാശാരിയില്‍നിന്ന് ഓരോ ദിവസവും പ്രത്യേക ചടങ്ങുകളോടെ കഴകക്കാരന്‍ ത്രിശൂലം സ്വീകരിക്കും.
മത്തവിലാസം പ്രാര്‍ഥനയായി കഴിപ്പിക്കുന്ന ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത് ഈ ത്രിശൂലമാണ്. ത്രിശൂലം ഏറ്റുവാങ്ങല്‍ ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ തായമ്പകയാരംഭിച്ചു. ക്ഷേത്രപൂജകൂടി കഴിഞ്ഞശേഷമാണ് കൂത്താരംഭിക്കുക. ആളുകള്‍ കൂത്തമ്പലത്തിനുള്ളിലേക്ക് കയറിത്തുടങ്ങി. ഇരുപതോ മുപ്പതോ പേര്‍ക്ക് നിലത്തിരുന്ന് കൂത്തുകാണാനുള്ള സൗകര്യമുണ്ട്. ഒരു കൂത്ത് പൂര്‍ത്തിയാകുന്ന ദിനമാണിന്ന്. അതിനാല്‍, അരങ്ങില്‍ കപാലിവേഷമാണെത്തുക.
കൂത്തമ്പലത്തിന് ഇടതുവശത്തെ അണിയറയില്‍ കുളികഴിഞ്ഞെത്തിയ ചാക്യാര്‍ ഒരുക്കം തുടങ്ങി. ചെറുകണ്ണാടി നോക്കി ചായില്യംകൊണ്ട് മുഖംമിനുക്കി, കണ്ണെഴുതി. ഉടയാടകളോരോന്നായി അണിഞ്ഞു. ചെക്കിപ്പൂക്കള്‍ മാലകളാക്കി കീഴ്ത്താടിതൊട്ട് താഴോട്ടണിഞ്ഞു. നങ്ങ്യാരും നമ്പ്യാരും മാരാരും അരങ്ങിലേക്ക് നടന്നു. കലാമണ്ഡലം ഗോപിനാഥന്‍ മിഴാവും ഷിജുമാരാര്‍ തിമിലയും. രാധാ നങ്ങ്യാരാണ് പാട്ടുപാടുന്നത്.

കൂത്തമ്പലവേദി വാഴക്കുല, തേങ്ങ, അടയ്ക്ക, കുരുത്തോല എന്നിവയെല്ലാംകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആട്ടവിളക്കിലും തൂക്കുവിളക്കുകളിലും തിരികള്‍ തെളിഞ്ഞു. പുറപ്പാടിന് മുന്നോടിയായി ചുവപ്പുതിരശ്ശീല വേദിയില്‍ നീട്ടിപ്പിടിച്ചു. നങ്ങ്യാരുടെ പാട്ടിന്റെ താളത്തിനൊത്ത് മിഴാവും തിമിലയും ശംഖും മുഴങ്ങി. തിരശ്ശീലയ്ക്ക് പുറകിലായി വേഷധാരിയായ ചാക്യാരുടെ നിഴല്‍ തെളിഞ്ഞു.
''ഭസ്മാലങ്കാരഗൗര
ശശികുസുമ
ജടശൂലകൗപീനധാരി
നൃത്തരംഭ.''
ഭസ്മാലങ്കാരത്തോടുകൂടിയ ജടശൂലകൗപീനധാരിയുടെ നൃത്തമിതാ ആരംഭിക്കാന്‍പോകുന്നു, നങ്ങ്യാരുടെ ശ്ലോകമുയര്‍ന്നു. മിഴാവ്, പതിഞ്ഞ ത്രിപുടതാളത്തില്‍ മുഴങ്ങി. കപാലിവേഷത്തില്‍ കൂത്ത് ആരംഭിച്ചു. കണ്ണിമവെട്ടാതെ ഓരോരുത്തരും അസുലഭകാഴ്ച ആവോളം നുകര്‍ന്നു. ഒരു കാലഘട്ടത്തെ സമ്പന്നമാക്കിയ കേരളത്തിലെ ക്ഷേത്രകലകളിലെ അപൂര്‍വതകളിലൊന്ന് ഒരു പൂവിരിയുമ്പോലെ, ആ കൂത്തമ്പലത്തില്‍ അതിവേഗം പടര്‍ന്നുപന്തലിച്ചു. കൂത്തമ്പലത്തിനുള്ളിലേക്ക് അന്നേരം തുലാമാസരാത്രിയില്‍ ആകാശത്ത് തെളിഞ്ഞുനിന്ന നക്ഷത്രങ്ങളെത്തിനോക്കി. ഭൂമിയിലെ ഒരു നക്ഷത്രംപോലെ, ആ കൂത്തമ്പലം പ്രകാശിച്ചുനിന്നു. ഒരുമണിക്കൂറിലധികം നീലകണ്ഠച്ചാക്യാര്‍ തന്റെ കലാവൈഭവം കൂത്തമ്പലത്തില്‍ പ്രകാശിപ്പിച്ചു. മെല്ലെ തിരശ്ശീല താണു, ചമയങ്ങളഴിഞ്ഞു, ക്ഷേത്രനടയടഞ്ഞു, വര്‍ണവെളിച്ചങ്ങള്‍ നിറഞ്ഞ ആ വഴി കടന്ന് ഞാന്‍ മടക്കയാത്ര തുടങ്ങി.
Content Highlights: through karivellur mahadeva temple
Published: 26 Jan 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented