
ഉരുപുണ്യകാവ് ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം
ആര്‍ത്തിരമ്പുന്ന അറബിക്കടലിന്റെ തീരത്ത്, ക്ഷുഭിത സാഗരത്തിന് ശാന്തിമന്ത്രമോതുന്ന ക്ഷേത്രം. അലയടിക്കുന്ന തിരമാലകള്‍ക്ക് സാക്ഷിയായി കൊയിലാണ്ടി മൂടാടിയിലെ ഉരുപുണ്യകാവ് ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം. അവിടെ കരയും കടലും കാക്കുന്ന സാക്ഷാല്‍ ജലദുര്‍ഗ്ഗ. കടലിന് അഭിമുഖമായി നിലകൊളളുന്ന ശ്രീകോവില്‍. 'ഓം' അക്ഷര രൂപത്തിലുള്ള കടല്‍ത്തീരത്തോട് ചേര്‍ന്ന് പാറപ്പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിതൃതര്‍പ്പണത്തിന് ഏറെ പ്രസിദ്ധമാണ് ഇവിടം.
കേരളത്തിന്റെ നാനാ ഭാഗത്തു നിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് ബലികര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ എത്തുന്നത്. ഒരു മനുഷ്യജന്മത്തിന്റെ ശേഷിപ്പുകള്‍ ഈ കടല്‍ക്കരയിലൊഴുക്കി ബലിതര്‍പ്പണം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ആത്മാവിനു നിത്യശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. സദാസമയവും കാറ്റു വന്നു തഴുകുന്ന ക്ഷേത്രാങ്കണം, അവിടെ മനോഹരമായ ചെമ്പകമരവും അതിനരികിലായി കല്‍വിളക്കും. കരയ്ക്ക് കാവലായ ദേവിയുടെ തിരുസന്നിധിയിലേക്ക്.
കടലിനും കരയ്ക്കും കാവലായി
പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. കടലാക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായി ജലദുര്‍ഗ്ഗയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൃഷ്ണ ശിലയില്‍ കൊത്തിയ ദേവീ വിഗ്രഹമുളള ഈ ക്ഷേത്രം ഉരുപുണ്യകാവ്, ഒരു പുണ്യകാവ്, ഗുരുപുണ്യകാവ് എന്നീപേരുകളില്‍ അറിയപ്പെടുന്നു. ക്ഷേത്രത്തില്‍ 2008-ല്‍ പുനഃപ്രതിഷ്ഠ നടത്തി. അയ്യപ്പനും ഗണപതിയുമാണ് ഇവിടത്തെ ഉപദേവതകള്‍. ശ്രീകോവിലില്‍ വലതു ഭാഗത്ത് ഗണപതിയുടെ പ്രതിഷ്ഠ കാണാം. ശാസ്താവിന് പ്രത്യേകമായി ഒരു കോവിലുണ്ട്.
സദാസമയവും കടലിരമ്പി നില്‍ക്കുന്ന ഇവിടം എത്ര വലിയ കടല്‍ക്ഷോഭത്തെയും ഇക്കാലമത്രയും അതിജീവിച്ചിട്ടുണ്ട്. എത്ര ശക്തമായ തിരയടിച്ചാലും ക്ഷേത്രപ്പടി വരെ മാത്രമെ എത്താറുളളു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കേരളതീരത്തെ വിഴുങ്ങിയ സുനാമി പോലും ക്ഷേത്രം അതിജീവിച്ചു. കടല്‍ത്തീരമായതുകൊണ്ട് സദാ സമയവും എത്ര ശക്തമായി കാറ്റു വീശിയാലും ശ്രീകോവിലിലെ വിളക്കുകള്‍ അണയാറില്ലത്രേ.
ശേഷക്രിയകള്‍
ഒരു മനുഷ്യായുസ്സിന്റെ ശേഷിപ്പുകള്‍ ഒരുപിടി ചാരമായി സമുദ്രസ്നാനത്തിനെത്തുന്നത് ഇവിടെയാണ്. ഒരു ആയുഷ്‌കാലം കൊണ്ട് മനുഷ്യര്‍ ചെയ്ത പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് മോക്ഷം തേടിയെത്തുന്ന തിരുസന്നിധി. തിരുനെല്ലി ക്ഷേത്രം പോലെ പിത്യതര്‍പ്പണത്തിന് പ്രസിദ്ധമാണ് ഇവിടം. അടിയന്തിരത്തിന് ബലിയിടാനും അസ്ഥിനിമജ്ജനം ചെയ്യാനും ദിവസവും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. എളള്, അരി, ദര്‍ഭപുല്ല്,ചെറൂള,ചന്ദനം തുടങ്ങിയ ബലിസാധനങ്ങളുമായി കടല്‍ത്തീരത്തെത്തി പരികര്‍മിയുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടത്താം.
ബലി കടലിലൊഴുക്കി പ്രാര്‍ത്ഥിച്ചു മടങ്ങാം. കര്‍ക്കിടക വാവിനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിതര്‍പ്പണത്തിനായി എത്തുന്നത്. അമ്പലമുറ്റത്തുനിന്ന് കടലിലേക്കുളള പടിക്കെട്ടുകളില്‍ സദാ തിരമാലകള്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. അവിടെ നിന്നു നോക്കിയാല്‍ ശക്തമായ മഴയിലും കാറ്റിലും കടലിലേക്കിറങ്ങിക്കിടക്കുന്ന പാറക്കൂട്ടങ്ങളിലിരുന്ന്, ബലികര്‍മ്മങ്ങള്‍ നടത്തി പ്രിയപ്പെട്ടവരുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നവരെ കാണാം. അവിടെ കടലില്‍നിന്നും സുരക്ഷിതമായ അകലത്തില്‍ ഇരുമ്പുവേലി കെട്ടി, കടലിലേക്കിറങ്ങരുത് എന്ന മുന്നറിയിപ്പ് ബോര്‍ഡുകളും വെച്ചിട്ടുണ്ട്. ബലിതര്‍പ്പണം കഴിഞ്ഞ് കുളിച്ച് ശുദ്ധിയായി ക്ഷേത്ര ദര്‍ശനം നടത്താം.
പുണ്യതീര്‍ത്ഥങ്ങള്‍
'പഞ്ചതീര്‍ത്ഥങ്ങള്‍' എന്നറിയപ്പെടുന്ന അഞ്ചു തീര്‍ത്ഥക്കുളങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. കൊടും വേനലിലും വറ്റാത്ത തീര്‍ത്ഥക്കുളങ്ങള്‍. ക്ഷേത്രത്തിനകത്തുളള തീര്‍തഥക്കുളത്തിലെ വെളളമാണ് പൂജാദി കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്നത്. പഞ്ചകോടി തീര്‍ത്ഥം ഒഴുകിയെത്തുന്നവയാണ് ഈ തീര്‍ത്ഥങ്ങള്‍ എന്നാണ് വിശ്വാസം. വാവട്ടം കുറഞ്ഞ ചെറിയ ജലസ്സ്രോതസ്സുകളാണിവ. പാറമുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ഒരടികുഴിച്ചാല്‍ നീരുറവകള്‍ കാണുന്നതു ഈ ക്ഷേത്രത്തിന്റെ അത്ഭുതപ്രതിഭാസമാണ്.
കടലിനോട് ചേര്‍ന്നു കിടക്കുന്നുവെങ്കിലും വെളളത്തിന് അല്പം പോലും ഉപ്പുരസമില്ല എന്നതാണ് കൗതുകം. ശ്രീകോവിലിനടുത്തുകൂടെ മുകളിലേക്ക് കയറിയാല്‍ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന ആഴക്കടലും അകലെയായി തിക്കോടി ലൈറ്റ് ഹൗസും കാണാം. ശ്രീകോവിലിന് സമാന്തരമായി കടലില്‍ ശിവലിംഗം ഉണ്ടെന്നും വിശ്വാസമുണ്ട്. അതിനാല്‍ ക്ഷേത്രത്തില്‍ ജലധാരയും നടത്താറുണ്ട്. ക്ഷേത്രത്തിനു പിന്നിലായി പാറയില്‍ കൊത്തിയെടുത്ത പടവുകളുളള ക്ഷേത്രക്കുളവും കാണാം.
അനുഷ്ഠാനങ്ങള്‍
ക്ഷേത്രത്തിന്റെ സൗമ്യതയും ലാളിത്യവും അവിടുത്തെ ആഘോഷങ്ങളിലും കാണാം. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയാണ് പ്രധാന ആഘോഷം. പൂജാകര്‍മ്മങ്ങള്‍ക്കു പുറമെ നാമജപവും മറ്റു കലാപരിപാടികളുമുണ്ടാകാറുണ്ട്. എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് നടക്കുന്ന പ്രതിഷ്ഠാ ദിനവും നവരാത്രിയുമാണ് മറ്റ് ആഘോഷങ്ങള്‍. ഈ ദിവസങ്ങളില്‍ അന്നദാനവും ഉണ്ടാകാറുണ്ട്. ദിവസ പൂജ, തിലഹോമം, സായൂജ്യ പൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍. രാവിലെ 05.30 മുതല്‍ 11 വരെയും, വൈകുന്നേരം 05.30 മുതല്‍ ഏഴ് മണിവരെയുമാണ് ക്ഷേത്രത്തിന്റെ സമയം. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം.
How to Reach
കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ കൊയിലാണ്ടിയില്‍ നിന്നും നാലര കിലോമീറ്റര്‍ അകലെ മൂടാടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയ പാതയില്‍ നിന്നും ക്ഷേത്ര കവാടം കാണാം. അവിടെ നിന്ന് 750 മീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. കര്‍ക്കിടകമഴ തകര്‍ത്തു പെയ്യുമ്പോഴും പ്രിയപ്പെട്ടവരുടെ മോക്ഷ പ്രാപ്തിക്കായി ജലദുര്‍ഗ്ഗയുടെ സന്നിധിയില്‍ അഭയം തേടുകയാണ് മനുഷ്യര്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Visit Urupunyakkavu Sri Durgadevi Temple in Koyilandi, Moodadi, a sacred site on the Arabian Sea coast known for Pitru Tharpanam, seeking salvation and protection from the Jaladurga.
Published: 09 Oct 2025, 12:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented